Friday 20 August, 2010

ALIENATED FROM HOME

പേരു  വെട്ടിമാറ്റപ്പെട്ടവര്‍

FACE TO FACE:P.T.Kunhu Muhammed and K.M.Musthaf
പ്രവാസത്തിന്റെ വേവും നോവുമാണ് താങ്കള്‍ പലപ്പോഴും സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളുടെ മുഖ്യ വിഷയമായി തെരഞ്ഞെടുത്തിട്ടുള്ളത്. പ്രവാസം ഒരു സര്‍ഗ്ഗാത്മക അനുഭവമായി മാറിയതെങ്ങനെയാണ് ?






ഞാന്‍ ഒരു പ്രവാസിയായിരുന്നു. പ്രവാസജീവിതമാണ് എന്നെ മാറ്റിമറിച്ചത്. ഞാന്‍ ഒരു കളിമണ്ണാണെങ്കില്‍ എന്നെ മൌള്‍ഡ് ചെയ്‌ത അച്ചാണ് പ്രവാസം. പ്രവാസത്തിന്റെ പരുപരുത്ത പാതകള്‍, അതിന്റെ ഭയവിഹ്വലതകള്‍, ഉത്കണ്ഠകള്‍, ഭീകരമായ യാഥാര്‍ത്ഥ്യങ്ങള്‍ ഇവയെല്ലാം ഒരു സംഭരണിയിലെന്നപോലെ എന്നില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇതാണ് പിന്നീട് സിനിമാസംവിധായകനായപ്പോഴും രാഷ്‌ട്രീയക്കാരനായപ്പോഴും മീഡിയാ പ്രവര്‍ത്തകനായപ്പോഴുമെല്ലാം പുറത്തേക്ക് വന്നത്.






എത്രകാലം താങ്കള്‍ പ്രവാസിയായിരുന്നിട്ടുണ്ട്?






പത്തുപന്ത്രണ്ട് വര്‍ഷക്കാലം. എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട കുറേ വര്‍ഷങ്ങള്‍. വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ എനിക്ക് ജീവിതത്തെക്കുറിച്ച് വ്യക്തമായ ആസൂത്രണങ്ങളൊന്നുമില്ലായിരുന്നു. ഇപ്പോഴും ഞാന്‍ ആസൂത്രണങ്ങളില്‍ വിശ്വസിക്കാത്ത ഒരാളാണ്. തൊഴില്‍ കണ്ടെത്തി ഒരു ജീവിതമാരംഭിക്കുക എന്ന സ്വപ്‌നത്തോടെയാണ് ഞാന്‍ അബുദാബിയിലെത്തുന്നത്.






ഏതുതരം ജോലിയാണ് താങ്കള്‍ക്കവിടെ ലഭിച്ചത് ?






എല്ലാതരം ജോലികളും ഞാന്‍ ചെയ്‌തിട്ടുണ്ട്. ഹോട്ടലിലെ റിസപ്‌ഷനിസ്‌റ്റായും കമ്പനിയില്‍ ക്ളാര്‍ക്കായും ട്രാന്‍‌സ്‌പോര്‍ട്ട് കമ്പനിയില്‍ ജീവനക്കാരനായും ഫ്രഞ്ച് കമ്പനിയിലുമൊക്കെ ഞാന്‍ ജോലിനോക്കിയിട്ടുണ്ട്.






എന്താണ് പ്രവാസം താങ്കളിലുണ്ടാക്കിയ മാറ്റം?






എല്ലാതരം ആളുകളുമായി സഹവസിക്കാന്‍ പ്രവാസം എനിക്ക് അവസരം നല്‍കി. വ്യത്യസ്‌ത പശ്ചാത്തലങ്ങളില്‍ നിന്നും ദേശങ്ങളില്‍നിന്നും വരുന്ന മനുഷ്യരാണെങ്കിലും എല്ലാപ്രവാസികള്‍ക്കും ഒരേ മുഖച്ഛായയാണെന്ന് എനിക്ക് തോന്നി. ഒടുവില്‍ അവരില്‍ ഓരോരുത്തരും ഞാന്‍ തന്നെയാണെന്ന ഒരു താദാത്മ്യബോധത്തിലേക്ക് ഞാനെത്തിച്ചേര്‍ന്നു. അതോടെ മനുഷ്യര്‍ തമ്മില്‍ യാതൊരു വിഭജനവുമില്ലെന്ന ഒരുള്‍ക്കാഴ്ച എനിക്കുണ്ടായി. തട്ടുകടയും ഫൈവ്‌സ്‌റ്റാര്‍ ഹോട്ടലും തമ്മില്‍ ഒരു വ്യത്യാസവും കാണാത്ത ഒരാളാണ് ഞാനിന്ന്. എവിടെ കയറാനും മടിയില്ലാത്ത ഒരാള്‍. ഇത് പ്രവാസമുണ്ടാക്കിയ മാറ്റമാണ്.






പിന്നീട് ഗള്‍ഫ് ഉപേക്ഷിക്കുകയായിരുന്നോ?






അതെ, അന്യനാട്ടില്‍ ഒരു സ്വാസ്ഥ്യവും കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. എനിക്ക് അവരുടെ ഭാഷയുമായോ സംസ്‌ക്കാരവുമായോ ഒരു തരത്തിലും അലിഞ്ഞുചേരാന്‍ സാധിക്കുമായിരുന്നില്ല. ഈ മണ്ണും മരങ്ങളും കാറ്റും വെളിച്ചവുമായിരുന്നു എന്റെ മനസ്സുനിറയെ.




എന്തൊക്കെയാണ് ഗള്‍ഫ് നാടുകളില്‍ മലയാളി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍?




ഇന്ത്യക്കാര്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസത്തില്‍ തന്നെ അടിസ്ഥാനപരമായി ചില പ്രശ്നങ്ങളുണ്ടെന്ന് നിരീക്ഷിക്കുന്ന ഒരാളാണ് ഞാന്‍. നമുക്ക് ലഭിക്കുന്ന വിദ്യാഭ്യാസം നമ്മെ ഒരു തരം അടിമത്തത്തിലേക്കാണ് നയിക്കുന്നത്. നമ്മുടെ മണ്ണും സംസ്‌ക്കാരവും ഭാഷയുമെല്ലാം മൂന്നാംകിടയാണെന്നാണ് നാം പഠിപ്പിക്കപ്പെടുന്നത്. ലോകത്തുണ്ടായ ശാസ്‌ത്രീയ ചിന്തകളും കണ്ടുപിടുത്തങ്ങളും പടിഞ്ഞാറിന്റെ സംഭാവനയാണെന്നാണ് പഠിപ്പിച്ചിരിക്കുന്നത്. ലോകസാഹിത്യം വിദേശിയുടേതാണെന്നാണ് വിശ്വസിപ്പിച്ചിരിക്കുന്നത്. ഇങ്ങനെയൊക്കെ പഠിച്ചും വിശ്വസിച്ചും വരുന്ന ഒരാള്‍ താന്‍ മോശക്കാരനാണെന്ന ഒരു തരം കോംപ്ലൿസുമായിട്ടാണ് വിദേശത്ത് തൊഴില്‍ തേടിയെത്തുന്നത്. അവന്‍ സിനിമാക്കാരനോ രാഷ്‌ട്രീയക്കാരനോ പണ്ഡിതനോ ആവട്ടെ അവനില്‍ ഒരു അടിമ ഒളിഞ്ഞു കിടപ്പുണ്ട്. ഈ അടിമയാണ് നമ്മുടെ പൌരന്‍. പ്രവാസം യാതൊരു വിലപേശലുമില്ലാത്ത ജീവിതമാണ്. വിലപേശാത്ത അടിമയെ ഇറുക്കുമതി ചെയ്യുകയാണ് വിദേശികള്‍. നാം മുമ്പ് ഇവിടെ തമിഴ്‌നാട്ടുകാരെ പണിക്ക് കൊണ്ടുവന്നതുപോലെ.






അടിമത്തം രക്തത്തില്‍ അലിഞ്ഞുചേര്‍ന്നവര്‍, അല്ലേ...






അതെ, വിദേശത്ത് ജോലി ചെയ്യുമ്പോള്‍ അവന്റയീ അടിമത്തബോധം കൂടുകയേയുള്ളൂ. എല്ലാതരത്തിലും ആത്മവിശ്വാസം നഷ്ടപ്പെട്ടവനായിരിക്കും അവന്‍.






വിരഹം പ്രവാസിയെ സംബന്ധിച്ചിടത്തോളം എത്രത്തോളം തീക്ഷ്ണമാണ് ?






പ്രവാസി ഒരു യന്ത്രമാണ്. ഓരോ ദിവസവും മുമ്പത്തെ ദിവസത്തിന്റെ ആവര്‍ത്തനം മാത്രം. ഒരു യന്ത്രത്തിന് എങ്ങനെ വിരഹത്തെ അനുഭവിക്കാനാവും? ഒന്നിനും ഒരു ഉറപ്പുമില്ലാത്തവനാണ് പ്രവാസി. ആവശ്യത്തില്‍ കൂടുതല്‍ ഭക്ഷണം കിട്ടുന്നു എന്നതു മാത്രമാണ് അവനുള്ള ഏക ഉറപ്പ്. ആവശ്യത്തില്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നിടത്ത് യാതൊരു ചിന്തയുമുണ്ടാവില്ലെന്നാണ് ചിന്തകര്‍ പറയുന്നത്. ഒരു മുറിയില്‍ ഇരുപതോളം ആളുകള്‍ തിങ്ങിവിങ്ങിത്താമസിക്കുന്നിടത്ത് വിരഹത്തെ തീക്ഷ്ണമായി അറിയാനുള്ള സ്വകാര്യതയെവിടെ?






എന്താണ് പ്രവാസത്തിനെത്തുന്ന സ്‌ത്രീകളുടെ അവസ്ഥ?






പ്രവാസത്തിന്റെ ദുരന്തം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് സ്‌ത്രീകളാണ്. ഒരു സ്‌ത്രീയെ സ്‌ത്രീയാക്കുന്ന എല്ലാഘടകങ്ങളും അവള്‍ക്ക് ബലികഴിക്കേണ്ടിവരുന്നു. ഒരു വയസ്സ് പ്രായമുള്ളപ്പോള്‍ തന്റെ കുഞ്ഞിനെ ഒറ്റക്കിട്ടുപോന്ന് ഒമ്പത് വര്‍ഷമായി പ്രവാസം തുടരുന്ന ഒരു സ്‌ത്രീയെ എനിക്കറിയാം. ഇങ്ങനെ പത്തും പന്ത്രണ്ടും വര്‍ഷങ്ങളായി നാട്ടില്‍ പോകാന്‍ പോലും കഴിയാത്ത അനേകം സ്‌ത്രീകളുണ്ട്.






നാട്ടിലായിരിക്കുമ്പോള്‍ ഒരു ജോലിയും ചെയ്യാത്ത മലയാളികള്‍ വിദേശത്തായിരിക്കുമ്പോള്‍ എന്ത് ജോലിയും ചെയ്യാന്‍ മടിയില്ലാത്തവരാണെന്ന് പറയാറുണ്ട്...






സ്വദേശത്തും വിദേശത്തും ഒരേ കൂലിയാണെങ്കില്‍ കൂടി വിദേശത്തെ ജോലിക്കായിരിക്കും മലയാളി മുന്‍ഗണന കൊടുക്കുക. വിദേശജോലിക്കാരന്റെ സാമൂഹിക പദവി സ്വദേശിയേക്കാള്‍ കൂടുതലാണ് എന്നതാണ് ഇതിനു പിന്നിലെ മനശാസ്‌ത്രം. സ്വദേശത്ത് കൂലിപ്പണി എന്നറിയപ്പെടുന്നതിക്കോള്‍ വിദേശത്ത് തൂപ്പുജോലിയാണെങ്കിലും ഒരു കമ്പനിയുടെ അഡ്രസ്സില്‍ അറിയപ്പെടുന്നത് നാട്ടിലെ വിവാഹക്കമ്പോളത്തിലും മറ്റും ഒരാളുടെ പദവി ഉയര്‍ത്തുന്നു.






പ്രവാസിയായിരുന്നപ്പോള്‍ ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്‌തമായി എന്താണ് താങ്കള്‍ക്കിപ്പോള്‍ അനുഭവിക്കാനാവുന്നത്?






ജീവിതം തന്നെ. ഒന്നും ചെയ്യാതെ ഇവിടെയിങ്ങനെ ഇരിക്കുകയാണെങ്കില്‍ പോലും എവിടെയോ ജീവിതമുണ്ടെന്ന ഒരു തോന്നല്‍. ആ തോന്നലിലാണ് ജീവിതത്തിന്റെ താളം. ഒരു പ്രവാസിക്ക് കിട്ടാതെ പോകുന്നതും അതുതന്നെയാണ്.






പ്രവാസം എന്നൊരു ‘കണ്ടുപിടുത്തം’ ഇല്ലാതിരുന്നെങ്കില്‍ മലയാളിയുടെ അവസ്ഥ എന്താകുമായിരുന്നു?






വളരെ പരിതാപകരമാകുമായിരുന്നു. നാം തമിഴരെപ്പോലെയോ ബീഹാറികളെപ്പോലെയോ ആകുമായിരുന്നു. പ്രത്യേകിച്ചും മുസ്ലിംകളുടെ സാമൂഹികപദവിയില്‍ പ്രവാസം ഒട്ടേറെ മാറ്റമുണ്ടാക്കിയിട്ടുണ്ട്. ഇവിടത്തെ നായര്‍ ക്രൈസ്‌തവ സമുദായങ്ങളോടൊപ്പം ഓടിയെത്താന്‍ പ്രവാസം മുസ്ലിംങ്ങളെ സഹായിച്ചു. പക്ഷേ ഇതെല്ലാം ജീവിതം ഹോമിച്ചാണെന്ന് മാത്രം.






നമ്മുടെ സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നവരാണ് പ്രവാസികള്‍. എന്നിട്ടും റേഷന്‍കാര്‍ഡില്‍ നിന്നും വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്നുമൊക്കെ അവരുടെ പേര് വെട്ടിമാറ്റപ്പെടുന്നു. സ്വദേശത്തും വിദേശത്തും വേരുകള്‍ നഷ്ടപ്പെട്ടവരായി ജീവിക്കാനാണോ പ്രവാസികളുടെ വിധി?






സ്വദേശത്തെ വേരുകള്‍ക്ക് വെള്ളവും വളവും നല്‍കാന്‍ വേണ്ടിയാണ് ഒരു പ്രവാസി പരദേശിയായി അലയുന്നത്. എന്നാല്‍ പ്രവാസികളെ രണ്ടാംകിട പൌരന്മാരായി മാത്രമേ നാം പരിഗണിക്കുന്നുള്ളൂ. മറ്റുള്ളവര്‍ക്ക് വെളിച്ചം നല്‍കാന്‍ ഉരുകിത്തീരുന്ന മെഴുകുതിരികളാണവര്‍. യഥാര്‍ത്ഥത്തില്‍ വോട്ടുചെയ്യാന്‍ ഏറ്റവും അവകാശമുള്ളവര്‍ ഇവരാണ്. അതുകൊണ്ട് നാട്ടിലുള്ള സമയങ്ങളിലെങ്കിലും വോട്ടേഴ്‌സ് ലിസ്റിലും റേഷന്‍കാര്‍ഡിലും പേര് നിലനിര്‍ത്താന്‍ അവര്‍ക്ക് സൌകര്യമൊരുക്കേണ്ടതുണ്ട്.






എം.എല്‍.എ.ആയിരുന്നപ്പോള്‍ പ്രവാസികളുടെ ക്ഷേമത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോ?






സിനിമാ സംവിധായകനും എം.എല്‍.എ.യും ആകും മുമ്പ് ഞാനൊരു പ്രവാസിയായിരുന്നു. പ്രവാസിയുടെ പ്രശ്‌നങ്ങളും പ്രതിസന്ധികളും ഞാന്‍ നേരിട്ടനുഭവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എം.എല്‍.എ.എന്നതിനേക്കാള്‍ തുല്യദുഖം അനുഭവിച്ചിട്ടുള്ള ഒരു വ്യക്തി എന്നനിലയില്‍ പ്രവാസികളുടെ ജീവിതത്തില്‍ ഇടപെടാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും തന്നെ ബോധപൂര്‍വ്വമോ ആസൂത്രിതമോ ആയ പ്രവര്‍ത്തനങ്ങളായിരുന്നില്ല. മുറിവേറ്റ് ചോര പൊടിയുന്ന ഒരു പ്രവാസമനസ്സ് എനിക്കുണ്ടായിരിക്കണം. മറ്റൊരു പ്രവാസിയുടെ സങ്കടം കേള്‍ക്കുമ്പോള്‍, അയാളെ സഹായിക്കുമ്പോള്‍ ഞാന്‍ എന്റെ മുറിവില്‍തന്നെ മരുന്നുപുരുട്ടുകയാണ് ചെയ്യുന്നത്. എന്നില്‍ തന്നെയുള്ള ഒരു പരിഹാരക്രിയ. ഒരു സ്വയം ബോധ്യപ്പെടല്‍.






എന്തോ, ആളുകള്‍ എന്നെത്തേടി വന്നുകൊണ്ടിരിക്കുന്നു. ഞാന്‍ ചെന്നുപെടുന്നിടത്തെല്ലാം എപ്പോഴും ഒരു പ്രവാസിയെ കണ്ടുമുട്ടാറുണ്ട്. സഹായമിരക്കാനല്ല പലരും എന്നോട് സംസാരിക്കുന്നത്. സങ്കടങ്ങള്‍ പങ്കുവെക്കാന്‍ മാത്രമായി പലരും എന്റെ വീട്ടില്‍ വരുന്നു. അവര്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. അവരില്‍ ഒരാളെപ്പോലെ അവരെന്നെക്കാണുന്നു. സത്യത്തില്‍ ഒരു ആത്മ സുഹൃത്തിന്റെയോ മനശ്ശാസ്‌ത്ര കൌണ്‍സിലറുടെയോ റോളാണ് എനിക്കവര്‍ കല്പിച്ചുതരുന്നത്.






ട്രെയിനില്‍ വെച്ചും ഹോട്ടലില്‍ വെച്ചും വഴിയോരത്തുവെച്ചുമെല്ലാം പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം തേടാനും എനിക്ക് അവസരമുണ്ടായിട്ടുണ്ട്. ഒരു ട്രെയിന്‍ യാത്രയ്‌ക്കിടെ കണ്ടുമുട്ടിയ ഒരു അമ്മ, പാസ്‌പോര്‍ട്ട് ലഭിക്കാത്തതുമൂലം കുഞ്ഞുമകളെ കൂടെകൊണ്ടുപോകാന്‍ കഴിയാത്തതിന്റെ സങ്കടം പങ്കുവെക്കുകയുണ്ടായി. ഞാനപ്പോള്‍ തന്നെ ചില അധികാരികളുമായി ബന്ധപ്പെട്ടു. ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ മകള്‍ക്ക് പാസ്‌പോര്‍ട്ട് കിട്ടിയ സന്തോഷത്തില്‍ ആ സ്‌ത്രീ വിളിച്ചു. ഒന്നും പ്രതീക്ഷിച്ചല്ല പറഞ്ഞതെന്നും അവിചാരിതമായി കണ്ടുമുട്ടിയപ്പോള്‍ പറഞ്ഞുപോയതാണെന്നും അവര്‍ പറയുന്നുണ്ടായിരുന്നു.






മറ്റൊരിക്കല്‍ എന്റെ സുഹൃത്തും അഭ്യൂദയകാംക്ഷിയുമായ ഏനിക്കുട്ടിസാഹിബുമൊന്നിച്ച് കോഴിക്കോട്ട് ഒരു പരിപാടിയില്‍ സംബന്ധിച്ച് തിരിച്ചുവരികയായിരുന്നു ഞാന്‍. കോട്ടക്കല്‍ ചങ്കുവെട്ടിയിലെത്തിയപ്പോള്‍ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി. ഭക്ഷണം കഴിക്കുന്നതിനിടയില്‍ എന്നെ കണ്ട് ഒരു ചെറുപ്പക്കാരന്‍ അടുത്തുവന്നു. മുഖം കണ്ടാലറിയാം അയാള്‍ സങ്കടക്കയത്തിലാണെന്ന്. കാര്യം തിരക്കിയപ്പോള്‍ അയാള്‍ തന്റെ കഥ പറഞ്ഞു. രണ്ടുകൊല്ലത്തെ കോണ്‍ട്രാക്റ്റില്‍ ഒരാള്‍ അയാളെ മലേഷ്യയിലേക്ക് കൊണ്ടുപോയതാണ്. എന്നാല്‍ ഒരു കൊല്ലമായപ്പോഴേക്കും ഒരു കാരണവുമില്ലാതെ അവര്‍ അയാളെ പിരിച്ചുവിട്ടു. മാത്രമല്ല ശമ്പളയിനത്തില്‍ നാല്പതിനായിരം രൂപയോളം അയാള്‍ക്കവിടെ നിന്ന് കിട്ടാനുമുണ്ട്. ചെറുപ്പക്കാരന്റെ വിഷമം എനിക്ക് ബോധ്യമായി. മലേഷ്യയില്‍ ഒട്ടേറെ ബന്ധങ്ങളുള്ള ആളായിരുന്നു ഏനിക്കുട്ടിസാഹിബ്. ചെറുപ്പക്കാരന്റെ തൊഴിലുടമയെ അദ്ദേഹത്തിന് നേരിട്ടറിയാമായിരുന്നു. ഉടനെ അദ്ദേഹം മലേഷ്യയിലേക്കു വിളിച്ചു. കാര്യങ്ങള്‍ വിശദമായി അന്വേഷിച്ചപ്പോള്‍ പ്രസ്‌തുത ചെറുപ്പക്കാരന്റെ സ്വഭാവം അത്ര മെച്ചമല്ലാതിരുന്നതുകൊണ്ടാണ് പിരിച്ചുവിട്ടത് എന്ന വിവരമാണ് കിട്ടിയത്. പ്രവാസകാലത്ത് അയാള്‍ ആകെ തകര്‍ന്ന ഒരു മാനസികാവസ്ഥയിലായിരുന്നെന്ന കാര്യം അറിയുന്നത് അപ്പോഴാണ്. അയാളുടെ പിതാവ് ജയിലിലായിരുന്നു. ജ്യേഷ്ഠന്‍ മരണപ്പെട്ടിരുന്നു. നാട്ടിലെ ദുരന്തങ്ങളുടെ ഓര്‍മ്മകള്‍ നെഞ്ചില്‍ തളംകെട്ടിനില്‍ക്കുമ്പോള്‍ അയാള്‍ക്കെങ്ങനെയാണ് മറ്റുള്ളവരോട് ആകര്‍ഷകമായി പെരുമാറാനാവുക.? ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ചിടത്തോളം മുഖം മനസ്സിന്റെ കണ്ണാടി തന്നെയാണ്. പ്രവാസിയാകട്ടെ തന്റെ മനസ്സ് ഒളിപ്പിക്കാന്‍ ശ്രമിക്കുന്തോറും പരാജയപ്പെടുന്നവനാണ്.






ഏതായാലും ചെറുപ്പക്കാരന്റെ അവസ്ഥ ഓണറെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതോടെ അയാളുടെ ശമ്പളവും മറ്റും കിട്ടി. ഇതുപോലെ എനിക്ക് പ്രവാസികളുടെ ജീവിത്തില്‍ ഇടപെടാന്‍ കഴിയുന്നുണ്ടെങ്കില്‍ അതൊരു നിയോഗം പോലെ സംഭവിച്ചുപോകുന്നതാണ്. എന്റെ ജീവിതം പോലെ, എനിക്കതില്‍ യാതൊരു നിയന്ത്രണവുമില്ല.






ഒരു നിയോഗം പോലെ കടന്നുവരുന്ന ഇടപെടലുകള്‍ക്കിടയില്‍ നിസ്സഹായനെന്ന് തോന്നിയ സന്ദര്‍ഭങ്ങളുണ്ടാകുമല്ലോ?






ഉണ്ടായിട്ടുണ്ട്. ആത്മവിമര്‍ശനം നടത്തുന്ന ഒരാളാണുഞാന്‍. മറ്റുള്ളവരുടെ ജീവിതത്തില്‍ ഇടപെടുമ്പോള്‍ എനിക്ക് എന്നെത്തന്നെ ബോധ്യപ്പെടുത്താന്‍ കഴിയാതെ പോകുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാവാറുണ്ട്. എനിക്ക് ചെയ്യാന്‍ കഴിയുമായിരുന്ന പലതും ഞാന്‍ ചെയ്തില്ല എന്നൊരു ഖേദം നെഞ്ചില്‍ വിങ്ങലായി ബാക്കിയാവാറുണ്ട്.






ഒരിക്കല്‍ ഒരാള്‍ മസ്‌ക്കറ്റില്‍ നിന്നു വിളിച്ചു. രക്തം ഛര്‍ദ്ദിച്ച് അവശനിലയിലാണ് അയാള്‍. എങ്ങനെയെങ്കിലും അയാള്‍ക്ക് നാട്ടിലെത്തണം. പക്ഷേ പാസ്‌പോര്‍ട്ടുമില്ല, വിസയുമില്ല. ഞാന്‍ എനിക്കു ബന്ധമുള്ള ചിലരെ വിളിച്ച് അയാളുടെ നമ്പര്‍ കൊടുക്കുകയും അയാള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ കുറച്ചുനാള്‍ കഴിഞ്ഞ് അയാള്‍ മരിച്ചെന്നറിഞ്ഞു. നിസ്സഹായനായ അയാള്‍ക്കുവേണ്ടി അതില്‍ കൂടുതലെന്തോ എനിക്ക് ചെയ്യാനുണ്ടായിരുന്നെന്നും ഞാനതു ചെയ്യാന്‍ ശ്രമിച്ചില്ലെന്നുമുള്ളൊരു കുറ്റബോധം എന്നെ പിന്നീട് വേട്ടയാടിക്കൊണ്ടിരുന്നു.






ജീവിതം ബലികഴിച്ച് പ്രവാസിയുണ്ടാക്കുന്ന പണം കോണ്‍ക്രീറ്റ് വീടു വയ്ക്കാനും പെണ്‍മക്കളെ സ്‌ത്രീധനം കൊടുത്ത് കെട്ടിച്ചയക്കാനും മാത്രമായി ചെലവഴിക്കപ്പെടുന്നു എന്ന കാര്യം കൂടി പരിഗണിക്കുമ്പോള്‍ പ്രവാസിയുടെ ദുരന്തം ഇരട്ടിക്കുകയാണ്. പ്രവാസിയുടെ പണം ഉത്പാദനക്ഷമമായ മേഖലകളില്‍ നിക്ഷേപിക്കാന്‍ സര്‍ക്കാരില്‍നിന്നും സാമൂഹിക സംഘടനകളില്‍ നിന്നുമെല്ലാം ചില ശ്രമങ്ങളുണ്ടാവേണ്ടതല്ലേ?






നോക്കൂ, ലോകത്തിലെ ഏറ്റവും വലിയ വീടുകള്‍ കേരളീയരുടേതാണ്. മറ്റെവിടെയും നമുക്കിത്ര കൂറ്റന്‍ വീടുകള്‍ കാണാനാവില്ല. വീടു വയ്ക്കാനും അതുപരിപാലിക്കാനും മാത്രമായി വീണുകിട്ടിയ ഒരു ജന്മം മുഴുവന്‍ ചെലവഴിക്കുന്ന ഒരു ജനതയെ മറ്റെവിടെ കണ്ടെത്താന്‍ കഴിയും? വളരെ സങ്കീര്‍ണ്ണമാണ് നമ്മുടെ വിവാഹങ്ങളും അനുബന്ധ ചടങ്ങുകളും. പ്രവാസികള്‍ക്ക് തങ്ങളുടെ ജന്മത്തിന്റെ വില എത്രയെന്ന് മനസ്സിലാക്കാന്‍ കഴിയാത്തിടത്തോളം കാലം ഈ അവസ്ഥ തുടരുകയേ ഉള്ളൂ. പ്രവാസികള്‍ക്കുവേണ്ടി സര്‍ക്കാര്‍ തലത്തില്‍ നിന്നോ സാമൂഹിക സംഘടനകളുടെ ഭാഗത്തുനിന്നോ ശരിയായ ആസൂത്രണത്തോടുകൂടിയ പദ്ധതികളൊന്നുംതന്നെ ഉണ്ടായിട്ടില്ല എന്നത് ഖേദകരമാണ്. പ്രവാസികളെ ബോധവത്കരിക്കാനും അവര്‍ക്കുവേണ്ടി പദ്ധതികള്‍ ആവിഷ്ക്കരിക്കാനുമുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ സര്‍ക്കാറിന്റെയും സാമൂഹിക സംഘടനകളുടെയും ഭാഗത്തുനിന്നുണ്ടായെങ്കിലേ ഒരു പ്രവാസി ജീവിതകാലം മുഴുവന്‍ പ്രവാസിയാകുക എന്ന ദുരന്തത്തില്‍ നിന്ന് മോചിതനാവൂ.
















Wednesday 18 August, 2010

SPIRITUAL EXPERIENCE IN ART


കല എന്ന ആത്മീയാനുഭവം

 

Face to Face: P.T.Kunhu Muhammed and K.M.Musthaf

Meditating through Pipe:View from Parappanangadi.Photo:K.M.Musthaf


കരിങ്കല്ലില്‍ താപസന്റെ ഏകാഗ്രതയോടെ ഒരു കന്യകയെ കൊത്തിയെടുക്കുന്ന ശില്‍പിയുടെ ആത്യന്തികമായ ലക്ഷ്യം എന്തായിരിക്കും? താന്‍ കണ്ട സൌന്ദര്യത്തെ ഒരു ശിലയില്‍ അതേപടി പകര്‍ത്തുകയാവുമോ? കുറച്ചുകൂടി വിശാലമായി, പ്രകൃതിയില്‍ തന്റെ കണ്ണുകള്‍ ദര്‍ശിച്ച സൌന്ദര്യത്തെ ഒരു ശിലയിലേക്ക് ആവാഹിക്കുകയാവുമോ? തന്റെ ഉള്ളിലെ സൌന്ദര്യത്തെ ശില്‍പം എന്ന മാധ്യമത്തിലൂടെ പ്രകാശിപ്പിക്കുകയാവുമോ? ഒരു ശില്‍പിയെ ശില്പമെന്ന സൃഷ്ടിയുടെ കൊടുംവേദനയിലേക്ക് തള്ളിവിടുന്ന ആന്തരിക ചോദന ഇവയിലേതുമാകാം എന്നാണ് കലാകാരന്മാരുടെ അനുഭവങ്ങളില്‍നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്. കല സാമൂഹിക ഇടപെടലോ സ്വത്വ നിര്‍മ്മിതിയോ ആത്മപ്രകാശനമോ എന്നത് ‘കലാകാരന്‍’ എന്ന ‘വ്യക്തി’ ക്കനുസരിച്ച് വ്യത്യസ്തമായിരിക്കും. എന്നാല്‍ ഇവയ്ക്കപ്പുറം മറ്റെന്തെങ്കിലും ലക്ഷ്യം കലാകാരന്‍ കലയിലൂടെ അന്വേഷിക്കുന്നുണ്ടോ? പ്രകൃതി, സമൂഹം, വ്യക്തി എന്നിവരില്‍ മാത്രമായി കേന്ദ്രീകരിക്കപ്പെടാത്തതും അതിവിശാലവും അനിര്‍വചനീയവുമായ ഒരു തലത്തിലേക്ക് സൃഷ്ടിവേളയിലെ സര്‍ഗാത്മകവ്യാധിയില്‍ ഒരു കലാകാരന്‍ നടന്നടുക്കുന്നുണ്ടോ? പ്രവാസത്തിന്റെ വെന്തു നീറുന്ന ജീവിതത്തില്‍നിന്ന് ചലച്ചിത്രകലയുടെ വെള്ളിവെളിച്ചത്തിലേക്ക് യാദൃച്ഛികമായി കടന്നുവന്ന പി.ടി.കുഞ്ഞുമുഹമ്മദുമായുള്ള സംഭാഷണം കലയുടെ അഥവാ ജീവിതത്തിന്റെ ആത്മീയാനുഭവത്തിലേക്ക് ഒരു കിളിവാതില്‍ തുറന്നു തന്നു.


ചലച്ചിത്രം എന്ന മാധ്യമത്തിലൂടെ എന്താണ് താങ്കള്‍ അന്വേഷിക്കുന്നത്?


ബോധപൂര്‍വ്വം ഞാന്‍ ഒന്നും അന്വേഷിക്കുന്നില്ല. ചലച്ചിത്രത്തില്‍ മാത്രമല്ല ജീവിതത്തിലും. ഏതെങ്കിലും പ്രത്യേകദര്‍ശനത്തിലോ തത്വസംഹിതയിലോ പാണ്ഡിത്യമോ അടിസ്ഥാന വിവരം പോലുമോ എനിക്കില്ല. ഇത്രയും നേരം എന്നോട് സംസാരിച്ചതില്‍ നിന്ന് എന്റെ അജ്ഞത മുസ്‌തഫിന് ബോധ്യമായിട്ടുണ്ടാകും. ഞാന്‍ ജീവിതം അന്വേഷിക്കുന്നു എന്നതിനേക്കാള്‍ ജീവിതം എന്നെ അന്വേഷിക്കുന്നു എന്നതാവും ശരി. നമുക്ക് അപരിചിതമായ വഴികളിലൂടെ ജീവിതം നമ്മെ കൈപിടിച്ച് കൂട്ടിക്കൊണ്ടുപോകുന്നു. എന്റെ സിനിമകളും ജീവിതം പോലെ, സംഭവിച്ചു പോകുന്നതാണ്.


ജീവിതം യാദൃച്ഛികമായ ഒരു കണ്ടുമുട്ടലായിരുന്നു അല്ലേ?


തീര്‍ച്ചയായും, ജീവിതത്തിലൊരിക്കലും ഞാന്‍ കണക്കുകള്‍ സൂക്ഷിച്ചിട്ടില്ല. കണക്കുകൂട്ടിയുള്ള ജീവിതം യുക്തിഭദ്രമാണെന്ന അഭിപ്രായവും എനിക്കില്ല. പഠിക്കുന്ന കാലത്ത് പ്രവാസിയാകുമെന്ന് ഞാന്‍ നിനച്ചതേയല്ല. എന്നാല്‍ എപ്പോഴോ പൊള്ളുന്ന വേനലിലേക്ക് മരുഭൂമി എന്നെ മാടിവിളിച്ചു. മരുഭൂമി എനിക്ക് മറ്റൊരു ജീവിതം കാണിച്ചുതന്നു. അതെന്നെ ഞാനായി രൂപപ്പെടുത്തുകയായിരുന്നു. പ്രവാസം പിടയ്ക്കുന്ന ഒരു ഓര്‍മ്മയാക്കി ഈ മണ്ണില്‍ തിരിച്ചു കാല്‍വെക്കുമ്പോഴും ഇനി എങ്ങോട്ടു പോകുമെന്ന ചിന്ത എനിക്ക് അശേഷമില്ലായിരുന്നു. നാല്‍പ്പത്തിരണ്ടാം വയസിലാണ് ഒരു സിനിമ ചെയ്യുക എന്ന ആശയം എനിക്കുണ്ടാകുന്നത്. നിനച്ചിരിക്കാത്ത നേരത്തുണ്ടായ ഒരു വെളിപാട് തന്നെയായിരുന്നു അതും. ഒരു ജനപ്രതിനിധിയാവുക എന്നത് എന്റെ വിദൂര സ്വപ്നങ്ങളില്‍പോലും കടന്നുവരാത്ത ഒന്നായിരുന്നു. പിറകെ പാഞ്ഞു നടന്നാല്‍ മാത്രം കിട്ടുന്നതാണ് സ്ഥാനമാനങ്ങളെന്ന വിധി എന്റെ കാര്യത്തില്‍ ശരിയല്ല. എം.എല്‍.എ സ്ഥാനം ഞാനറിയാതെ എന്നെത്തേടി വരികയായിരുന്നു.


പ്രവാസി, ചലച്ചിത്രകാരന്‍, ജനപ്രതിനിധി, മാധ്യമപ്രവര്‍ത്തകന്‍...... ഈ പ്രയാണം എങ്ങോട്ടാണ്?


അറിയില്ല. ജീവിതത്തിലെ സുഖസൌകര്യങ്ങളും സ്ഥാനമാനങ്ങളും പൂര്‍ണ്ണമായും പരിത്യജിക്കാന്‍ കഴിയുംവിധം എന്റെ മനസ്സ് പാകപ്പെട്ടിട്ടില്ല. അതിലിപ്പോഴും സ്വാര്‍ത്ഥതയുടെ അംശങ്ങളുണ്ട്. എങ്കിലും ഭൌതിക വ്യവഹാരങ്ങളുടെ കണ്ണികള്‍ എന്നിലെവിടെയോ, ഒന്നൊന്നായി പൊട്ടിപ്പോകുന്നത് ഞാനറിയുന്നുണ്ട്. എല്ലാം കൂടുതല്‍ വിശാലമായ ഏതോ തലത്തിലേക്കുള്ള വഴികളായി എനിക്ക് തോന്നുന്നു. വഴിയില്‍ തങ്ങാന്‍ എനിക്കാവില്ല. ഒന്നിലും അള്ളിപ്പിടിച്ചിരിക്കാനും.


പ്രവാസം നല്‍കിയ അനുഭവങ്ങളെക്കുറിച്ച് പലകുറി താങ്കള്‍ പറഞ്ഞിട്ടുണ്ട്. എന്താണ് ചലച്ചിത്രം നല്‍കുന്ന അനുഭവം?


ചലച്ചിത്രം ഒരു പരകായ പ്രവേശമാണ്. അവിടെ ചലച്ചിത്രകാരനില്ല. സ്‌ക്രിപ്റ്റ് ചെയ്യുമ്പോഴാണ് എനിക്കീ അനുഭവം ഏറ്റവും നന്നായി ഉണ്ടായിട്ടുള്ളത്. എഴുതാനിരുന്നാല്‍ അവിടെ പിന്നെ പി.ടി.കുഞ്ഞുമുഹമ്മദ് ഇല്ല. ശാരീരികമായും മാനസികമായും. പല ശരീരങ്ങളിലൂടെയും പല മനസ്സുകളിലൂടെയും കൂടുവിട്ട് കൂടുമാറിയുള്ള ജീവിതം. ഒടുവില്‍ പേമാരിക്കും കൊടുങ്കാറ്റിനും ശേഷമുള്ള നിശ്ശബ്ദത പോലെ എല്ലാം ശാന്തം. സ്വസ്ഥം... അതൊരു അനിര്‍വചനീയമായ അനുഭൂതിയാണ്.


ഈയൊരു വിവരണാതീതമായ അനുഭൂതി തന്നെയല്ലേ ഫിലിം മേക്കിംഗിലൂടെ താങ്കള്‍ അന്വേഷിക്കുന്നതും.?


ആയിരിക്കാം. ആരാധനകളും പ്രാര്‍ത്ഥനയും മാത്രമല്ല ധ്യാനം. ഏതൊരു കര്‍മ്മത്തിലും കലയുണ്ട്. ഏതൊരു കലയ്ക്കും ധ്യാനത്തിന്റെ തലത്തിലേക്ക് ഉയരാന്‍ കഴിയും.


കലാകാരന്‍ ജനപ്രതിനിധിയായപ്പോഴുണ്ടായ അനുഭവം എന്തായിരുന്നു.?


രാഷ്‌ട്രീയം അധികാരത്തിന്റെ മാനിഫെസ്‌റ്റേഷന്‍ തന്നെയാണ്. അധികാരമാവട്ടെ ഏതൊരു സാധാരണ മനുഷ്യനെയും ഉന്മത്തനാക്കും. എം.എല്‍.എ. ആയതിന് ശേഷം ആദ്യ കുറച്ചുനാളുകളില്‍ അധികാരത്തിന്റെ ലഹരി എന്നെയും മത്തുപിടിപ്പിച്ചിരുന്നു. എവിടേയും ആള്‍ക്കൂട്ടം എന്നെ പൊതിഞ്ഞു. കസേരകള്‍ എനിക്കു വേണ്ടി ഒഴിയപ്പെട്ടു. ആളുകള്‍ എനിക്കു മുമ്പില്‍ നമ്രശിരസ്‌ക്കരായി നിന്നു. എന്ത് വില കൊടുത്തും ഈ അധികാരം നിലനിര്‍ത്തേണ്ടതാണെന്നും എനിക്ക് തോന്നി. എന്നാല്‍ കൃത്രിമമായ വാക്കുകളിലും അഭിനയങ്ങളിലും എനിക്ക് എന്നെതന്നെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ക്രമേണ ഞാന്‍ തിരിച്ചറിഞ്ഞു. എനിക്ക് എന്നെ വീണ്ടെടുക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ട് ജനപ്രതിനിധിയായിരിക്കുമ്പോള്‍ തന്നെ തികച്ചും സാധാരണക്കാരനായിരിക്കാന്‍ ഞാന്‍ ശ്രമിച്ചു. മുമ്പെന്നത്തേയും പോലെ മറ്റുള്ളവര്‍ക്കിടയില്‍ അവരിലൊരാളായി തുടര്‍ന്നു.


ഇടതുപക്ഷ രാഷ്‌ട്രീയത്തെക്കുറിച്ച്?


ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ഇടതുപക്ഷമല്ലാതെ മറ്റൊരു പ്രതീക്ഷ ബാക്കിയില്ല.


പ്രവാസം ഒരു കലാകാരനിലെ സാധ്യതകളെ പുറത്തുകൊണ്ടുവരാന്‍ സഹായകമാണെന്ന് തോന്നിയിട്ടുണ്ടോ?


പ്രവാസം ഒരു യാത്രയല്ല. യാത്രയില്‍ ഒരു പക്ഷെ നമുക്ക് നമ്മെത്തന്നെ കണ്ടെത്താന്‍ സാധിച്ചെന്നിരിക്കും. പ്രവാസം പക്ഷെ, പലായനമാണ്. നിലനില്‍പ്പിന് വേണ്ടിയുള്ള സമരമാണ് ഒരു പ്രവാസിയുടെ ജീവിതം. ഇതിനിടയില്‍ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാന്‍ സാഹചര്യം അയാളെ അനുവദിക്കില്ല.


അടുത്ത സിനിമ അബ്‌ദുറഹ്‌മാന്‍ സാഹിബിനെക്കുറിച്ചാണെന്ന് കേട്ടിരുന്നു. ഒരു ചരിത്രനായകനെ വിഷയമാക്കാനുള്ള പ്രചോദനം?


ഞാന്‍ ഒരു നല്ല വായനക്കാരനല്ല. എങ്കിലും ഇടയ്‌ക്കൊക്കെ പുസ്‌തകം കയ്യിലെടുക്കാറുണ്ട്. ഒരു ഫിക്ഷന്‍ വായിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം ചരിത്രവും ചിന്തയുമൊക്കെയാണ്. ഇതിനിടയിലെപ്പോഴൊ കടന്നുവന്നതാണ് മുഹമ്മദ് അബ്‌ദുറഹ്‌മാന്‍ സാഹിബ്. ഏറ്റവും കൂടുതല്‍ കവിതക്ക് പാത്രമായ ചരിത്രനായകന്‍ മഹാത്മജിയോ ഭഗത്‌സിംഗോ അല്ല, മുഹമ്മദ് അബ്‌ദുറഹ്‌മാന്‍ ആണ്. അദ്ദേഹം ജീവിതത്തില്‍ ഒരു ദുരന്ത നായകനായിരുന്നു. പ്രൌഢമായ പുലിത്തോലില്‍ കിടന്നുറങ്ങുമ്പോഴും ദാരിദ്യം കാര്‍ന്നു തിന്നുകയായിരുന്നു അദ്ദേഹത്തെ. പലരും നമ്മള്‍ കാണുന്നതുപോലെയല്ല. പുറമെ പൊട്ടിച്ചിരിക്കുമ്പോഴും ഉള്ളില്‍ ആര്‍ത്തിരമ്പുന്ന ഒരു ഹൃദയം കൊണ്ടുനടക്കുന്നവരുണ്ട്.


സിനിമ ഡോക്യു ഫിൿഷനാണോ?


ഫിൿഷന്‍ തന്നെയാണ്. മുഹമ്മദ് അബ്‌ദുറഹ്‌മാന്‍ സാഹിബും അദ്ദേഹത്തിന്റെ ഭാര്യ കുഞ്ഞിബീപാത്തുവും തമ്മിലുണ്ടാകുന്ന ചുരുങ്ങിയ കാലത്തെ പ്രണയത്തിന്റെ വ്യത്യസ്‌ത തലങ്ങളിലൂടെയാണ് ഈ സിനിമയുടെ പ്രയാണം.




The mystic love.Photo:K.M.Musthaf
പ്രണയത്തിന് ഇനിയും സാധ്യതയുണ്ടോ? സിനിമയിലും ജീവിതത്തിലും...


പ്രണയത്തിന് ശരീരത്തിനും മനസിനുമപ്പുറം ആത്മീയമായ ചില തലങ്ങളുണ്ട്. അബ്‌ദുറഹ്‌മാന്‍ സാഹിബും ബീപാത്തുവും തമ്മിലുണ്ടായിരുന്ന പ്രണയം ആഴത്തില്‍ ആത്മീയ ഉറവകളുള്ളതായിരുന്നു. പ്രണയം ഗാഢമാകുമ്പോള്‍ ‘ഞാന്‍’ എന്ന സ്വാര്‍ത്ഥബോധം തുടച്ചുമാറ്റപ്പെടുന്നു. മനുഷ്യന്‍ തെളിഞ്ഞ കണ്ണാടിയായി മാറുന്നു. മനുഷ്യന്റെ അടിസ്ഥാന ഭാവം വൈരാഗ്യമാണെന്ന് ആരാണ് പറഞ്ഞത് ? അല്ലേയല്ല. ഏതൊരു മനുഷ്യനിലും പ്രണയം നിറഞ്ഞു തുളുമ്പുന്ന ഒരു സൂഫിയുണ്ട്. ആരും അതറിയാന്‍ ശ്രമിക്കുന്നില്ലെന്ന് മാത്രം. സ്നേഹത്തിന്റെ തെളിനീരുറവയായിരുന്ന എന്റെ ഉമ്മയാണ് എന്നെയിത് പഠിപ്പിച്ചത്. ഒരു ദിവസത്തില്‍ കൂടുതല്‍ ഒരാളോടും എനിക്ക് ശത്രുതയില്‍ കഴിയാനാവില്ല. ഫൈറ്റ് ചെയ്യുന്നത് പോലും സ്‌ട്രെയ്‌റ്റ് ആയിരിക്കണമെന്നതാണ് എന്റെ മതം...


അഭിനേതാക്കളെ കണ്ടെത്തിയോ?


അഭിനേതാക്കളെ മുന്‍കൂട്ടി നിശ്ചയിച്ചല്ല ഞാന്‍ സിനിമ ചെയ്യുന്നത്. അഭിനേതാക്കള്‍ ഒരു നിയോഗം പോലെ കടന്നുവരുന്നതാണ്. പരദേശിയിലേക്ക് മോഹന്‍ലാല്‍ എന്ന നടന്‍ യാദൃച്ഛികമായി കടന്നുവരികയും ആ സിനിമ ഒരു അനുഭവമാക്കി മാറ്റുകയും ചെയ്‌തു.


പുതിയ മലയാളി ജീവിതത്തിന് പുറത്തായതാണോ മലയാളത്തില്‍ ജീവിതഗന്ധിയായ സിനിമകള്‍ വരാത്തതിന് കാരണം?


ജീവിതം ഇവിടെയെല്ലാമുണ്ട്. ചലച്ചിത്ര മേഖലയിലുള്ള ചില മുന്‍വിധികളാണ് നല്ല സിനിമകള്‍ക്ക് വിഘാതമായി നില്‍ക്കുന്നത്. ആളുകള്‍ ഇതേ കാണൂ എന്ന മുന്‍വിധിയില്‍നിന്നും ചില ചേരുവകള്‍ കൂട്ടിയോജിപ്പിച്ച കൊമേഴ്‌സ്യല്‍ ഫോര്‍മുലയിലുള്ള സിനിമകള്‍ ഉണ്ടാകുന്നു. ഇതേ പോലെ അവാര്‍ഡിന് പരിഗണിക്കപ്പെടേണ്ട സിനിമകള്‍ ഇങ്ങനെയായിരിക്കണമെന്ന മുന്‍വിധിയില്‍ നിന്നും മറ്റു ചില ചേരുവകള്‍ കൂട്ടിത്തുന്നിയ ആര്‍ട്ട് ഫോര്‍മുലയിലുള്ള സിനിമകളും പുറത്തുവരുന്നു. ഇതിനിടയില്‍ മലയാള സിനിമക്ക് ജീവിതത്തിന്റെ മണം നഷ്ടപ്പെടുന്നു.


എന്താണ് കലാകാരന്റെ വിധി?


യഥാര്‍ത്ഥ കലാകാരന്‍ ഒരിക്കലും ജനിക്കുന്നില്ല എന്നാണ് എന്റെ അഭിപ്രായം. സൃഷ്‌ടി ഏത് കാലത്തും അപൂര്‍ണ്ണമാണ്. എന്റെ കല, അത് ഡോക്യുമെന്റ് ചെയ്യപ്പെടുന്നുണ്ടെങ്കില്‍ ചരിത്രത്തിന്റെ ഭാഗമായേക്കാം. എന്നാല്‍ ചരിത്രം വിസ്‌മൃതിയിലാണ്ടു പോകുന്നതോടെ എന്റെ കലയും അപ്രസക്തമാകും. അതുകൊണ്ട് കലാകാരനും മരണമുണ്ട് എന്നാണ് എന്റെ പക്ഷം. പ്രപഞ്ചം ഒരു വിസ്‌മയമാണ്. ആ വിസ്‌മയത്തിന്റെ ഭാഗമായിത്തീരുകയാണ് ഒരു കലാസൃഷ്‌ടിയിലൂടെ കലാകാരന്റെ നിയോഗം.

Friday 13 August, 2010

A PATH TO FINANCIALFREEDOM

സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കൊരു വഴി

"ഇത്‌ എന്റെ കഥയാണ്‌"
രാത്രി വന്നതും നിലാവ്‌ പരന്നതും' എന്ന കുറിപ്പ്‌ വായിച്ച്‌ ഗള്‍ഫില്‍ നിന്ന്‌ വിളിച്ചവരെല്ലാം പറഞ്ഞത്‌ ഇതാണ്‌. ഒരു മനുഷ്യായുസ്സ്‌ മുഴുവനും മരുഭൂമിയില്‍ കഷ്‌ടപ്പെട്ടിട്ടും ജീവിതത്തില്‍ എങ്ങുമെത്താതെപോയ മൂസഹാജിയുടെ ജീവിതം പകര്‍ത്തുമ്പോള്‍ ലക്ഷോപലക്ഷം പ്രവാസികളുടെ കഥയിതാണെന്ന വിചാരം ഒട്ടുമില്ലായിരുന്നു. ആളുകള്‍ വിളിച്ചു തുടങ്ങിയപ്പോഴും ഒരു വിഭാഗത്തെ മുഴവന്‍ പ്രതിനിധീകരിക്കുന്ന ഒരു കഥാപാത്രത്തെയാണ്‌ മൂസഹാജിയിലൂടെ ഞാന്‍ സൃഷ്‌ടിച്ചിരിക്കുന്നതെന്നു ആത്മനിര്‍വൃതി ലേശവും എനിക്കില്ലായിരുന്നു. എന്നാല്‍ അബൂദാബിയില്‍ നിന്ന്‌ അംജദ്‌ വിളിച്ചപ്പോഴാണ്‌ മൂസഹാജി ഒരാളല്ലെന്ന കാര്യം എനിക്ക്‌ ബോധ്യപ്പെട്ടത്‌. തന്റെ ഒരു കഥ ഓരോ വായനക്കാരന്റെയും കഥയായി മാറുമ്പോള്‍ ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം സ്വാഭാവികമായും സന്തോഷമാണ്‌ ഉണ്ടാവുക. എന്നാല്‍ മൂസഹാജി എന്റെ സര്‍ഗാത്മക ജീവിതത്തില്‍ ഒരു പ്രതിസന്ധിയാണ്‌ സൃഷ്‌ടിച്ചത്‌.
`അടുത്ത തവണ നിങ്ങള്‍ എന്തെഴുതും?'
അംജദ്‌ ചോദിച്ചു.`അതെന്താ അങ്ങനെ ചോദിച്ചത്‌?'``ശരാശരി പ്രവാസിക്ക്‌ മൂസഹാജിക്കപ്പുറം ഒരു കഥയുണ്ടാവുമെന്ന്‌ തോന്നുന്നില്ല. ശരിക്കും ആലോചിച്ചാല്‍ ഒരൊറ്റ കഥ മാത്രമുള്ളവനാണ്‌ പ്രവാസി. ആ കഥ ഏറെക്കുറെ നിങ്ങള്‍ എഴുതിക്കഴിഞ്ഞു. അടുത്ത തവണ നിങ്ങള്‍ എന്തെഴുതും?''അംജദിനോട്‌ സംസാരിച്ച്‌ ഫോണ്‍ വച്ചതിന്‌ ശേഷം ഞാന്‍ ചിന്തിച്ചത്‌ മൂസഹാജിയില്‍ നിന്നും വ്യത്യസ്‌തമായി ഒരു പ്രവാസിജീവിതരേഖക്ക്‌ വേണ്ടിയായിരുന്നു. എനിക്ക്‌ പരിചയമുള്ളതും കേട്ടറിഞ്ഞതുമായ ജീവിതങ്ങളിലൂടെ ഞാന്‍ യാത്ര ചെയ്‌തുകൊണ്ടിരുന്നു. ഈ ഭൂമിയില്‍ നേടിയവരും നഷ്‌ടപ്പെട്ടവരും എന്നുമുണ്ടായിട്ടുണ്ട്‌. പ്രവാസികളും ഈ കാര്യത്തില്‍ വ്യത്യസ്‌തരല്ല. എന്നാല്‍ പ്രവാസികളുടെ യാഥാര്‍ത്ഥ്യം മറ്റൊന്നു കൂടിയാണ്‌; നേടിയവരില്‍ തന്നെ നഷ്‌ടപ്പെട്ടവരുമുള്ള ഒരു പ്രത്യേക വിഭാഗമാണ്‌ പ്രവാസികള്‍. അഥവാ പ്രവാസികളുടെ എല്ലാ നേട്ടങ്ങളും ചില വലിയ നഷ്‌ടങ്ങളോട്‌ കൂട്ടി വായിച്ചാലേ പൂര്‍ണമാവുകയുള്ളൂ. ജീവിതമെന്ന ഏറ്റവും വിലപിടിപ്പുള്ള ഒന്നിനെ നഷ്‌ടപ്പെടുത്തി പ്രവാസികളുണ്ടാക്കിയ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ ഒരു നേട്ടമായി എങ്ങനെ എണ്ണാന്‍ പറ്റും?പ്രവാസികളുടെ കഥകള്‍ പല സാഹചര്യങ്ങളില്‍ നിന്നും തുടങ്ങാന്‍ പറ്റും. എന്നാല്‍ ഓരോ കഥയും പാതിയാവുമ്പോഴേക്കും ഒരേ പ്രശ്‌നങ്ങളിലേക്കും പ്രതിസന്ധിയിലേക്കും കടന്നു ചെല്ലുകയും ആര്‍ക്കും പ്രവചിക്കാവുന്ന ഒരു ക്ലൈമാക്‌സില്‍ എരിഞ്ഞൊടുങ്ങുകയും ചെയ്യുന്നു. ഇതാണ്‌ അംജദ്‌ ചോദിച്ചതിന്റെ പൊരുള്‍. അടുത്ത തവണ നിങ്ങളെന്തെഴുതും?പുതുയായി ഒരു കഥയും കടന്നു വരാത്ത വിധം പ്രവാസിയുടെ ലോകത്ത്‌ എന്നെന്നേക്കുമായി വാതിലുകളും ജാലകങ്ങളും കൊട്ടിയടക്കപ്പെട്ടു കഴിഞ്ഞു. ഇനിയാര്‍ക്കും അത്‌ തുറക്കാനാവില്ലേ?പ്രവാസിയും സാമ്പത്തിക സാക്ഷരതയുംഊക്കന്‍ ആണിയടിച്ച്‌ പൂട്ടിയതാണെങ്കിലും ഏത്‌ ജനലും വാതിലും തുറക്കാന്‍ കഴിയുമെന്ന്‌ മനസ്സിലാക്കുന്ന ഒരു ശുഭാപ്‌തി വിശ്വാസിയാണ്‌ ഈയുള്ളവന്‍; നല്ലൊരു ചുറ്റിക വേണമെന്നു മാത്രം. ഒരാള്‍ പ്രവാസിയായി ജനിക്കുന്നതും ജീവിക്കുന്നതും മരിക്കുന്നതും പണം എന്ന ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടിയാണെന്നത്‌ എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്‌. ഇങ്ങ്‌, നമ്മുടെ പാടത്തും പറമ്പിലുമൊക്കെ പണം കായ്‌ക്കുന്ന മരങ്ങളും കതിരുകളുമുണ്ടായിരുന്നെങ്കില്‍ നമ്മുടെ സ്വപ്‌നങ്ങളിലൊരിടത്തും മരുഭൂമിയുണ്ടാകുമായിരുന്നില്ല. പണത്തിനു മറ്റ്‌ ഉപലക്ഷ്യങ്ങളുണ്ടാവാം. ആവശ്യത്തിനുള്ള പണമുണ്ടാക്കുക എന്നത്‌ വളരെ കഠിനമായ പ്രവൃത്തിയാണോ? ആളുകള്‍ക്കനുസരിച്ചും സാഹചര്യങ്ങള്‍ക്കും സമയത്തിനുമനുസരിച്ചും പണമുണ്ടാക്കുന്നതിന്റെ കാഠിന്യത്തില്‍ വ്യത്യാസമുണ്ടായിരിക്കാം. എന്നാല്‍ പണമുണ്ടാക്കുക എന്നത്‌ ഒരു മനുഷ്യായുസ്സ്‌ മുഴുവന്‍ ബലിയര്‍പ്പിക്കേണ്ട കാര്യമേയല്ല എന്നാണ്‌ ഈയുള്ളവന്‍ മനസ്സിലാക്കിയിട്ടുള്ളത്‌. ഒരു ചില്ലിക്കാശുപോലും കൈയിലില്ലാതെ നട്ടം തിരിഞ്ഞിടത്തു നിന്ന്‌ ഇവിടെ എത്തിനില്‍ക്കുമ്പോള്‍ പണത്തിന്റെ ചില രഹസ്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്‌ക്കാന്‍ എനിക്ക്‌ കഴിയും. ഒരു രൂപപോലും കൈയിലില്ലാത്തവന്‌ അയാളുടെ ഉപജീവനപാതയുടെ തുടക്കത്തില്‍ പണമുണ്ടാക്കുക എന്നത്‌ സ്വല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണ്‌. എന്നാല്‍ ഒരു രൂപ കൈയിലുള്ള ഒരാള്‍ക്ക്‌ കൂടുതല്‍ അദ്ധ്വാനിക്കാതെ തന്നെ ആ ഒരു രൂപ ഉപയോഗിച്ച്‌ മാസം അഞ്ച്‌ പൈസയെങ്കിലും ഉണ്ടാക്കാന്‍ കഴിയും. അങ്ങനെ ഒരു വര്‍ഷം കൊണ്ട്‌ കൈയിലുള്ള ഒരു രൂപ 1.60 ആയി മാറുന്നു. ഒരു രൂപയെ ഒരു വര്‍ഷം കൊണ്ട്‌ 1.60 ആക്കി മാറ്റുന്നത്‌ വളരെ ലളിതമായ ഒരു ഫോര്‍മുലയാണ്‌. എന്നാല്‍ സാമ്പത്തിക സാക്ഷരനായ ഒരാള്‍ക്കേ ഈ ഫോര്‍മുല പ്രാവര്‍ത്തികമാക്കാന്‍ കഴിയൂ. ഒരു ശരാശരി പ്രവാസിക്ക്‌ ഇല്ലാതെ പോകുന്നതും അതാണ്‌.

എങ്ങനെയാണ്‌ സാമ്പത്തിക സാക്ഷരത കൈവരിക്കുക? എന്റെ തന്നെ അനുഭവത്തിലൂടെ ഞാനിത്‌ വ്യക്തമാക്കാം. മാസം 1000 രൂപ ശമ്പളം കിട്ടുന്ന ജോലിയില്‍ നിന്നാണ്‌ എന്റെ തുടക്കം. ആയിരം രൂപയില്‍ അഞ്ഞൂറ്‌ രൂപയും ഞാന്‍ എന്നില്‍ തന്നെ നിക്ഷേപിച്ചു. എന്റെ അഭിരുചിക്കിണങ്ങുന്ന കോഴ്‌സുകള്‍ കണ്ടെത്തി പഠിച്ചു. എന്റെ മേഖലയില്‍ ഒരു വിദഗ്‌ധനാകാന്‍ കഴിയുന്ന ഒരുപാട്‌ പുസ്‌തകങ്ങള്‍ പണം കൊടുത്ത്‌ വാങ്ങിച്ചു പഠിച്ചു. കാലാനുഗതമായ വര്‍ദ്ധനവിലൂടെ നാലു വര്‍ഷം കൊണ്ട്‌ 2200 രൂപ ശമ്പളത്തിലെത്തിയിരുന്ന എന്റെ പഴയ ജോലി ഞാന്‍ വിട്ടു. ഏതെങ്കിലും ഒരു തൊഴില്‍ സ്ഥാപനത്തില്‍ നിത്യത്തൊഴില്‍ ചെയ്യേണ്ട അവസ്ഥയില്‍ നിന്ന്‌ നിശ്ചിത സമയത്തേക്ക്‌ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന പ്രൊഫഷണല്‍ എന്ന നിലയിലേക്ക്‌ അപ്പോഴേക്കും ഞാന്‍ വളര്‍ന്നിരുന്നു. അന്ന്‌ എനിക്ക്‌ കിട്ടിയിരുന്ന തുച്ഛമായ ശമ്പളത്തില്‍ നിന്ന്‌ വലിയൊരു ഭാഗം ഞാന്‍ പഠനത്തിനായി നിക്ഷേപിച്ചില്ലായിരുന്നെങ്കില്‍ ഏതെങ്കിലും അണ്‍എയ്‌ഡഡ്‌ സ്‌കൂളിലെ നാലായിരമോ അയ്യായിരമോ ശമ്പളത്തിനു വേണ്ടി പകല്‍ മുഴുവന്‍ വായിട്ടലയ്‌ക്കുകയും എന്നോ കടന്നുവന്നേക്കാവുന്ന ഭാഗ്യത്തെ സ്വപ്‌നത്തില്‍ താലോലിച്ച്‌ ജീവിതം തള്ളിനീക്കുകയും ചെയ്യുന്ന ഗതികിട്ടാത്തവനായി ഇന്നും ഞാന്‍ തുടരുമായിരുന്നു. പഠനം പണം തരാത്ത ആദ്യനാലു വര്‍ഷം നന്നായി ബുദ്ധിമുട്ടിയെങ്കിലും പിന്നീട്‌ എനിക്ക്‌ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. എപ്പോഴും എന്നെത്തേടി ഒരു അസൈന്‍മെന്റ്‌ വരുന്നു. വേണമെങ്കില്‍ സ്വീകരിക്കാം. അല്ലെങ്കില്‍ ഒഴിവാക്കാം. എന്റെ ഒരു ദിവസം എവിടെ എങ്ങനെയായിരിക്കണമെന്ന്‌ തീരുമാനിക്കാനുള്ള സാമ്പത്തിക സ്വാതന്ത്ര്യം ഇന്നെനിക്കുണ്ട്‌.അനുഭവമാണല്ലോ ഏറ്റവും നല്ല വഴികാട്ടി. നിക്ഷേപിക്കുന്ന കാര്യത്തില്‍ ഞാനിന്നും ഒരു കുറവും വരുത്താറില്ല. ഈ ലേഖനം എഴുതിത്തീര്‍ക്കാന്‍ ഏറ്റവും ചുരുങ്ങിയത്‌ എനിക്ക്‌ അഞ്ചുമണിക്കൂറെങ്കിലും വേണം. സാമ്പത്തികമായി നോക്കുമ്പോള്‍ എന്റെ അഞ്ച്‌ മണിക്കൂറിന്‌ ഒരു ലേഖനമെഴുതിയാല്‍ ലഭിക്കുന്ന റോയല്‍റ്റിയെക്കാള്‍ ഇരട്ടിവിലയുണ്ട്‌. അതുകൊണ്ട്‌ മറ്റു പണികള്‍ മാറ്റിവച്ച്‌ ലേഖനമെഴുതാനിരിക്കുക എന്നത്‌ ഒറ്റനോട്ടത്തില്‍ എന്നെ സംബന്ധിച്ചിടത്തോളം ഒരു നഷ്‌ടക്കച്ചവടമാണ്‌. എന്നിട്ടും ഞാനെഴുതുന്നുവെങ്കില്‍ എന്താണതിനു പിന്നിലെ പ്രചോദനം? ആന്തരികമായ ചില കാരണങ്ങള്‍ ഏതൊരു എഴുത്തുകാരനെയും പോലെ എനിക്കും ബാധകമാണ്‌. എന്നാല്‍ സാമ്പത്തികമായ നിക്ഷേപം കൂടി ഞാന്‍ ഈ ലേഖനമെഴുതുമ്പോള്‍ നടത്തുന്നുണ്ട്‌. ഇത്തരത്തിലുള്ള പത്തോ പന്ത്രണ്ടോ ലേഖനങ്ങള്‍ ചേര്‍ത്താല്‍ ഭാവിയില്‍ ഒരു പുസ്‌തകമാക്കാം. അത്‌ ആളുകള്‍ വാങ്ങുന്നിടത്തോളം കാലം അതില്‍ നിന്നും വരുമാനം വന്നു കൊണ്ടിരിക്കും. അതിന്‌ പ്രത്യേകമായി അദ്ധ്വാനിക്കേണ്ടതില്ല. ഒരു എഴുത്തുകാരന്റെ പുസ്‌തകം അയാള്‍ക്കുമാത്രമല്ല, അയാളുടെ പിന്‍ഗാമികള്‍ക്കും വരുമാനം നല്‍കിയേക്കാം. പഠനം എന്റെ ഒരു ആസ്‌തിയാകുന്നു. ഞാനെഴുതുന്ന ലേഖനങ്ങളും എന്റെ ആസ്‌തിയാകുന്നു. ഏത്‌ കാലത്തും നമുക്ക്‌ വരുമാനം തന്നേക്കാവുന്ന ഒന്നിനെയാണ്‌ ആസ്‌തി എന്നു പറയുന്നത്‌. നാം അദ്ധ്വാനിച്ചു കിട്ടുന്ന പണത്തിന്റെ ഒരു ഭാഗം ആസ്‌തികള്‍ ഉണ്ടാക്കാനായി ഉപയോഗിച്ചാല്‍ കുറച്ചുകഴിയുമ്പോള്‍ പണത്തിനുവേണ്ടി അദ്ധ്വാനിക്കേണ്ട അവസ്ഥയില്‍ നിന്ന്‌ നമുക്ക്‌ പുറത്തു കടക്കാന്‍ കഴിയും. പഠനവും ലേഖനമെഴുത്തും എല്ലാവര്‍ക്കും നേടിയെടുക്കാന്‍ പറ്റുന്ന ആസ്‌തികളല്ല. അതേസമയം സ്വര്‍ണ്ണവും ഭൂമിയുമോ? `സ്വര്‍ണ്ണം ഒരു ആസ്‌തിയാണ്‌. ആഭരണ രൂപത്തിലാവരുതെന്ന്‌ മാത്രം. സ്വര്‍ണ്ണത്തെ പരിചരിക്കാന്‍ പ്രത്യേകിച്ച്‌ ചെലവൊന്നുമില്ല. മാത്രമല്ല ഏതു കാലത്ത്‌ വിറ്റാലും വാങ്ങിയതിനെക്കാള്‍ കൂടുതല്‍ കിട്ടുമെന്നും ഉറപ്പാണ്‌. ഭൂമിയാണ്‌ ഏറ്റവും നല്ല ആസ്‌തി. ഭൂമിയില്‍ നിങ്ങള്‍ക്ക്‌ സ്വര്‍ണം വിളയിച്ചെടുക്കാന്‍ കഴിയും. അതു മാത്രമോ, എപ്പോള്‍ വിറ്റാലും മോഹവില തന്നെ കിട്ടുകയും ചെയ്യും.ഒരു യുവാവ്‌ ഗള്‍ഫില്‍ പന്ത്രണ്ട്‌ വര്‍ഷം അദ്ധ്വാനിച്ച്‌ പത്ത്‌ ലക്ഷം രൂപയുണ്ടാക്കി നാട്ടില്‍ വന്ന്‌ പത്ത്‌ ലക്ഷത്തിന്റെ ഒരു കോണ്‍ക്രീറ്റ്‌ വീടുണ്ടാക്കി. എങ്കില്‍ ആ വീട്‌ ആസ്‌തിയാണോ? അല്ലേ അല്ല. വീട്‌ ഒരു ബാധ്യതയാണ്‌. അത്‌ നിങ്ങള്‍ക്ക്‌ ഒരു വരുമാനവും തരില്ല എന്നു മാത്രമല്ല, അതിനെ മെയിന്റയിന്‍ ചെയ്യാന്‍ നിങ്ങളുടെ പോക്കറ്റില്‍ നിന്ന്‌ ചെലവായി കൊണ്ടിരിക്കുകയും ചെയ്യും. ഇനി ഏതെങ്കിലും കാലത്ത്‌ ആ വീട്‌ വിറ്റാല്‍ പോലും നിര്‍മിക്കാന്‍ വേണ്ടി ചെലവഴിച്ച പണം പോലും നിങ്ങള്‍ക്ക്‌ തിരിച്ചു കിട്ടില്ല. വീടു നിന്നിരുന്ന സ്ഥലത്തിനേ വില കണക്കാക്കൂ. കാര്‍ ഒരു ആസ്‌തിയാണോ ബാധ്യതയാണോ? വീടിനേക്കാള്‍ മഹാ ബാധ്യതയാണ്‌ കാര്‍ എന്നതാണ്‌ വസ്‌തുത. ഓടിക്കേണ്ട കാര്യമില്ല, ഷോറൂമില്‍ നിന്നിറക്കിയാല്‍ മതി അത്‌ `സെക്കന്‍സ്‌ ഹാന്റായി' മാറാന്‍. ഒന്നു രണ്ടുവര്‍ഷം കഴിയുമ്പോഴേക്കും പഴയമോഡലായി. വാങ്ങിയ വിലയുടെ നാല്‍പതു ശതമാനം പിന്നെ വിറ്റാല്‍ കിട്ടില്ല. കാര്‍ ഒരു ആഡംബര വസ്‌തുവായിരിക്കുമ്പോള്‍ അതൊരു ബാധ്യതയാണ്‌.ശരാശരി പ്രവാസി ആസ്‌തികള്‍ ഉണ്ടാക്കുന്നതില്‍ വിമുഖനും ബാധ്യതകള്‍ വാങ്ങിക്കൂട്ടുന്നതില്‍ ആര്‍ത്തികാണിക്കുന്നവനുമാണ്‌. ആസ്‌തികള്‍ വളരെ കുറവും ബാധ്യതകള്‍ കൂടുതലുമാകുമ്പോള്‍ ജീവിതകാലം മുഴുവന്‍ പ്രവാസിയായി തുടരേണ്ടി വരുന്നു. നിശ്ചിത ശമ്പളത്തിനു വേണ്ടി അദ്ധ്വാനിക്കേണ്ടി വരുന്നു. ഒരു ലക്ഷത്തിന്‌ മാസം അയ്യായിരം വീട്ടിലെത്തിക്കുന്ന മോഹനവാഗ്‌ദാനങ്ങളില്‍ അദ്ധ്വാനിച്ചുണ്ടാക്കിയതെല്ലാം പുകയായിപ്പോയ ഹതഭാഗ്യരെ യഥേഷ്‌ടം കാണാം. അതേ സമയം അദ്ധ്വാനിക്കുന്നതില്‍ അല്‍പം മിച്ചം വച്ച്‌ സമാനതല്‍പരരെ കണ്ടെത്തി കൂട്ടുബിസ്സിനസ്സും കൂട്ടുകൃഷിയുമൊക്കെ നടത്തി പ്രവാസത്തില്‍ നിന്ന്‌ മോചനം നേടിയ വിവേകമതികളെയും കാണാന്‍ കഴിയും. പണത്തിന്റെ എബിസിഡി അറിയാത്തവരാണ്‌ ആദ്യത്തെ വിഭാഗമെങ്കില്‍ സാമ്പത്തിക സാക്ഷരത കൈവരിച്ചവരാണ്‌ രണ്ടാമത്തെ ന്യൂനപക്ഷം.ആസ്‌തിയും ബാധ്യതയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി ബാധ്യതകള്‍ പരമാവധി കുറച്ച്‌ ആസ്‌തികള്‍ പരമാവധി കൂട്ടി സ്വന്തം വരുമാനത്തെ സ്വയം വാര്‍ത്തെടുക്കാനുള്ള വിവേകവും തന്റേടവുമാണ്‌ സാമ്പത്തിക സാക്ഷരത. പ്രവാസി ഏറ്റവും ആദ്യം കൈവരിക്കേണ്ടതും ഈയൊരു സാക്ഷരതയാണ്‌. മിച്ചം വയ്‌ക്കാവുന്ന ആദ്യത്തെ നൂറുരൂപയുണ്ടാക്കുക എന്നത്‌ എത്ര എളുപ്പമുള്ള കാര്യമല്ല. ഒരുപാട്‌ സമ്മര്‍ദ്ദങ്ങളെ നമുക്ക്‌ നേരിടേണ്ടി വന്നേക്കാം. എന്നാല്‍ ആ നൂറുരൂപയില്‍ നിന്ന്‌ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കൊരു പാത നമുക്ക്‌ വെട്ടിത്തെളിക്കാന്‍ കഴിയും. സാമ്പത്തിക സ്വാതന്ത്ര്യത്തിനു ശേഷം മാത്രമേ പ്രവാസിക്ക്‌ പുതിയ കഥകള്‍ പറയാനുണ്ടാവൂ.

Sunday 1 August, 2010

Say I Love You to Children

 ക്ലാസ് റൂമില്‍  ഐലവ് യു പറയാമോ?

 

        എന്താണ് നിങ്ങളുടെ വിദ്യാര്‍ത്ഥിക്ക് നല്‍കാന്‍ ഏറ്റവും വിലപ്പെട്ടതായി നിങ്ങളുടെ കൈയിലുള്ളത്? അധ്യാപകരോടും അധ്യാപകരാവാന്‍ പോകുന്നവരോടുമുള്ളതാണീ ചോദ്യം. പ്രതീക്ഷയുടെ തിരി കണ്ണില്‍ കത്തിച്ച്, നാളെയിലേക്ക് ഉറ്റുനോക്കുന്ന ഒരു തലമുറയാനു  നിങ്ങള്‍ക്കു മുന്നിലുള്ളത്. അവര്‍ക്ക് നല്‍കാന്‍ അമൂല്യമായ എന്താണ് നിങ്ങള്‍ കരുതിവച്ചിരിക്കുന്നത്?
സ്വയം വിലയിരുത്താന്‍ ഏതൊരു അധ്യാപകനെയും   പ്രേരിപ്പിക്കുന്നതാണീ ചോദ്യം. പക്ഷേ, പലതവണ ആവര്‍ത്തിച്ചിട്ടും ഒരു ഇലയനക്കം പോലുമില്ലാ  മനുഷ്യര്‍ മരത്തവളകളെപ്പോലെ മരവിച്ചിരിക്കുന്നതു കണ്ട് സങ്കടം തോന്നിയിട്ടുണ്ട്. ഒരു മനുഷ്യായുസ്സിലെ വളരെ വിലപ്പെട്ട പത്തുപതിനഞ്ച് വര്‍ഷക്കാലം ഇത്ര നിര്‍വികാരരായ ജീവികളുടെ വായില്‍ നോക്കിയിരിക്കാന്‍ വിധിക്കപ്പെട്ട നമ്മുടെ മക്കളുടെ ഗതികേടിനെക്കുറിച്ചോര്‍ത്ത് സഹതപിച്ചിട്ടുണ്ട്.
ഒരു ചലനവുമില്ലാത്ത ഈ യന്ത്രമനുഷ്യരെ ഒന്ന് പ്രകോപിപ്പിച്ചിട്ടെങ്കിലും വാ തുറപ്പിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്.
വിലപിടിപ്പുളള ഒന്നും കുട്ടികള്‍ക്ക് കൊടുക്കാനായി നിങ്ങളുടെ കൈയിലില്ലെങ്കില്‍ പിന്നെയെന്തിനാണ് നിങ്ങളൊക്കെ വലിയ  അധ്യാപഹയരാണെന്നും പറഞ്ഞ് ശ്വാസംപിടിച്ചു നടക്കുന്നത്? ജീവിതത്തിലെ ഏറ്റവും ക്രിയാത്മകമായ ബാല്യം എന്ന വിസ്മയം കുപ്പത്തൊട്ടിയില്‍ തള്ളാനാണോ കുട്ടികള്‍ നിങ്ങളുടെ മുന്നില്‍ വന്ന് കുത്തിയിരിക്കുന്നത്? സ്വന്തം മനഃസാക്ഷിയോട്  ചോദിക്കൂ. അധ്യാപകരാകാന്‍ നിങ്ങള്‍ക്ക് എന്ത് യോഗ്യതയാണുള്ളത്? നാളത്തെ തലമുറക്ക് കൈമാറാന്‍ മഹത്തായ എന്തെങ്കിലും നിങ്ങളുടെ കൈവശമുണ്ടോ?
വാക്കുകള്‍ക്ക് ശേഷിയുണ്ടെങ്കില്‍ അത് കൊള്ളേണ്ടിടത്ത് കൊള്ളുക തന്നെ ചെയ്യും. വാതുറക്കില്ലെന്ന് ശപഥം ചെയ്തവര്‍ക്കിടയില്‍ ചെറിയ മുറുമുറുപ്പുകളുയരുന്നത് അതിന്റെ തെളിവാണ്. പല മുഖങ്ങളിലും രോഷം ഇരച്ചുകയറി കണ്ണുകള്‍ തുറിച്ചിരിക്കുന്നു. എന്നെ ഭസ്മമാക്കാന്‍ തക്ക ശേഷിയുണ്ട് ചിലരുടെ നോട്ടങ്ങള്‍ക്ക്.
ഞങ്ങളവര്‍ക്ക് അറിവ് നല്‍കുന്നില്ലേ?
കൂട്ടത്തിലൊരാള്‍ വാതുറക്കുക മാത്രമല്ല എന്നെ വിഴുങ്ങാനെന്നോണം ചാടിയെഴുന്നേല്‍ക്കുകകൂടി ചെയ്യുമ്പോള്‍ ഞാന്‍ ഉളളില്‍ ആര്‍ത്തു ചിരിക്കുന്നു. നന്ദി സുഹൃത്തെ. ഇനി എനിക്ക് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പത്തില്‍ വിശദീകരിക്കാം.
ശരിയാണ്. നിങ്ങളവര്‍ക്ക് അറിവ് നല്‍കുന്നുണ്ട്. എന്നാല്‍ ആ അറിവ് എത്രകാലം അവര്‍ ഓര്‍മിച്ചിരിക്കും? ഏറിയാല്‍ പരീക്ഷാഹാളില്‍ നിന്നും പുറത്തിറങ്ങുന്നതു വരെ! അതിനപ്പുറം ആ അറിവു കൊണ്ട് ജീവിതത്തില്‍ അവര്‍ക്കെന്തെങ്കിലും പ്രയോജനമുണ്ടോ? കുട്ടികളുടെ കാര്യം വിടാം. നിങ്ങളാണല്ലോ അറിവ് നല്‍കുന്നവന്‍. നല്‍കപ്പെടുന്നവനേക്കാള്‍ നല്‍കുന്നവന് അതുകൊണ്ട് എന്തെങ്കിലും ഉപകാരമുണ്ടാവേണ്ടതല്ലേ? ഉപകാരമുണ്ടെങ്കിലല്ലേ നല്‍കുന്നതില്‍ അര്‍ത്ഥമുള്ളൂ. അതുകൊണ്ട് സത്യസന്ധമായി പറയൂ, പാഠപുസ്തകത്തില്‍ നിന്നെടുത്ത് നോട്ട്ബുക്കില്‍ കുറിച്ച് കാണാപാഠം പഠിച്ച അറിവുകൊണ്ട് ജീവിതത്തിലെപ്പോഴെങ്കിലും നിങ്ങള്‍ക്ക് പ്രയോജനമുണ്ടായിട്ടുണ്ടോ?
വിഴുങ്ങാന്‍ വന്നവന്‍ വിയര്‍ക്കുന്നത് കാണുന്നു. ജീവിതത്തില്‍ നിങ്ങള്‍ക്ക് പോലും ഉപകാരപ്പെട്ടിട്ടില്ലാത്ത അറിവ് നിങ്ങളുടെ കൈയിലുള്ള ഏറ്റവും വിലപ്പെട്ടതാവുന്നതെങ്ങനെ? 'അറിവിനുവേണ്ടിയുള്ള അറിവ്' നേടാന്‍ മാത്രമായി കുട്ടികള്‍ എന്തിന് പത്ത് പതിനഞ്ച് വര്‍ഷം മെനക്കെടുത്തണം? ലോകത്തിലെ ഏതു നിസ്സാര അറിവും നിമിഷനേരം കൊണ്ട് വിരല്‍തുമ്പില്‍ ലഭ്യമാകുന്ന വിവര വിസ്ഫോടനകാലത്ത് ഇതിന്റെ വല്ല ആവശ്യവുമുണ്ടോ?
അഭിപ്രായം പറഞ്ഞവര്‍ മാത്രമല്ല, കേട്ടുനിന്നവരും സമ്പൂര്‍ണ നിശ്ശബ്ദതയിലാണ്. നിശബ്ദത ഏറെനേരം നീട്ടിക്കൊണ്ടുപോകാതെ മറ്റൊരാള്‍ എഴുന്നേല്‍ക്കുന്നു.
ഞങ്ങളവര്‍ക്ക് നല്ല മാതൃക കാണിച്ചു കൊടുക്കുന്നില്ലേ?
എന്താണ് നിങ്ങളുടെ കൈയിലുള്ള നല്ല മാതൃക? ഫസറ്റ് ബെല്ലടിച്ച് കാല്‍മണിക്കൂര്‍ നേരം ക്ളാസില്‍ പോകാതെ സംസാരിച്ചിരിക്കുന്നതോ? ക്ളാസ്റൂമിലെത്തിയാല്‍ നേരം തികക്കാന്‍ വേണ്ടി വാച്ചില്‍ നോക്കിയിരിക്കുന്നതോ? ഇതിനിടയില്‍ ആര്‍ക്കോ വേണ്ടിയെന്നോണം 'നോട്ടെടുത്തോ എഴുതിക്കോ നാളെ പഠിച്ചുവന്നോ അല്ലെങ്കില്‍ അടുത്ത പരീക്ഷക്ക് വട്ടപ്പൂജ്യം' എന്ന പാറ്റേണലുള്ള സര്‍വതോമു ഖ വികസനം! സ്റാന്‍ഡ്അപ്, സിറ്റ്ഡൌണ്‍ എന്നീ രണ്ടുവാക്കുകള്‍ കൊണ്ട് കോട്ടുവായ ചുളുവില്‍ എങ്ങനെയിടാം എന്നതിനുള്ള പരിശീലനം! ഭീഷണ നോട്ടം, ഉരുട്ടിനോട്ടം, ഒളിഞ്ഞുനോട്ടം, കാകദൃഷ്ടി മുതലായ വിവിധോദ്ദേശ നോട്ടങ്ങളില്‍ നിരന്തര പരിശീലനം! ലേഡിടീച്ചര്‍മാര്‍ തമ്മിലുള്ള കുശുമ്പ്, ഏഷണി, അധ്യാപഹയാര്‍ തമ്മിലുള്ള പാര, വാര്‍ദ്ധക്യകാല വായില്‍നോട്ടം... ഒടുവില്‍ ലാസ്റ് ബെല്‍ അടിക്കുന്നതിന് അഞ്ച് മിനുട്ട് മുമ്പ് തിരക്കി ബസ്സില്‍ കയറിക്കൂടാനുള്ള നെട്ടോട്ടം. എത്ര നല്ല മാതൃകകള്‍! മഹത്തായ മാതൃകകള്‍ സൃഷ്ടിക്കുന്നതിനിടയില്‍ താന്‍ പഠിപ്പിക്കുന്ന കുട്ടികളുടെ പേരുകളെങ്കിലും ഓര്‍ത്തുവയ്ക്കുന്നവര്‍ എത്ര പേരുണ്ട്? എന്റെ അധ്യാപകനാണ് എന്റെ മാതൃക എന്ന് അഭിമാനത്തോടെ പറയുന്ന ഒരാളെങ്കിലും നാളത്തെ തലമുറയിലുണ്ടാകുമെന്നുറപ്പുള്ള ആരാണ് ഇവിടെയുള്ളത്? ഇല്ലെങ്കില്‍ മാതൃകയെക്കുറിച്ച് ഒരക്ഷരം മിണ്ടാന്‍ അധ്യാപകന്നും അര്‍ഹതയില്ല.
വൃഥാവ്യായാമമെന്നതിനപ്പുറത്തേക്ക് കടക്കാത്ത അറിവും ബലൂണ്‍ കണക്കെ വീര്‍പ്പിച്ചുവച്ച നല്ല മാതൃകയുമല്ലാതെ മറ്റൊന്നും നമ്മുടെ  കുട്ടികള്‍ക്ക് നല്‍കാന്‍ നമ്മുടെ കൈയിലില്ലെങ്കില്‍ അധ്യാപകരെന്ന നിലയില്‍ നാം എത്രമാത്രം ദരിദ്രരാണ്! അതോ നമ്മുടെ ഉള്ളിലെ വിലപിടിപ്പുള്ള രത്നങ്ങളെ നാമിനിയും ശരിയായി മനസ്സിലാക്കിയിട്ടില്ലെന്നോ? മനുഷ്യനെന്ന നിലയില്‍ നമുക്ക് മഹത്വം നല്‍കുന്ന ചില അമൂല്യയിനം രത്നങ്ങള്‍ നമുക്കുളളിലെല്ലാമുണ്ട്. സ്വയം അറിഞ്ഞവനുമാത്രമേ അത് മറ്റുള്ളവരിലേക്ക് പകരാനാവൂ. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ഒരാള്‍ക്ക് തന്റെ ഉള്ളിലെ അമൂല്യമായ രത്നങ്ങളെ പുറത്തെടുക്കാന്‍ സാഹചര്യം സൃഷ്ടിക്കലാണ്. അതു കൊണ്ടു തന്നെ സ്വന്തം രത്നങ്ങളെ പ്രകാശിപ്പിക്കാനും വിനിമയം ചെയ്യാനും ശേഷിയുള്ളവര്‍ക്കേ യഥാര്‍ത്ഥ അധ്യാപകരാകാന്‍ കഴിയൂ. സ്വയം പ്രകാശിക്കുന്നവനേ മറ്റൊരാളെ പ്രകാശിപ്പിക്കാനാവൂ.
സ്വയം പ്രകാശിക്കുന്ന അധ്യാപകരെ കണ്ടിട്ടുണ്ടോ?
മലപ്പുറം ജില്ലയിലെ ഒരു ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ വച്ചാണ് ഞാന്‍ മാധവയെ പരിചയപ്പെടുന്നത്. കറുത്ത് ചുള്ളിക്കമ്പ് പോലെ ഉണങ്ങിയ ഒരു യുവാവ്. നരകയാതനകളനുഭവിച്ചവന്റെ കരിഞ്ഞമുഖം. വിഷാദത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയ മുഖത്ത് പൊടുന്നനെയുണ്ടായ മിന്നല്‍പോലെ വെട്ടിത്തിളങ്ങുന്ന ചിരി. ഉടലിന്റെ പുറംകാഴ്ചയില്‍ മനുഷ്യനെ ദര്‍ശിക്കുന്ന ഒരാള്‍ക്ക് മാധവ ഒരു അധ്യാപകനാണെന്നറിയുമ്പോള്‍ ഞെട്ടലുണ്ടാവുക സ്വാഭാവികം. എന്നാല്‍ കവിതയൂറുന്ന അയാളുടെ ഇംഗ്ളീഷിലുള്ള അനര്‍ഗള സംഭാഷണം കേട്ടാല്‍ ഇംഗ്ളീഷ് വശമില്ലാത്തവര്‍പോലും ആ ഹൃദയത്തിന്റെ സൌന്ദര്യം നുകര്‍ന്ന് വിസ്മയപൂര്‍വ്വം കാതോര്‍ത്ത് നിന്നു പോകും.
Words though differ
But for me when they offer 
Things that I desire 
I want to know dear 
The heart your how? 

മനസ്സില്‍ വിരുന്നുവന്ന വരികള്‍ക്ക് സ്വയം ഈണമിട്ട് തെല്ലുറക്കെ പാടി സ്കൂള്‍ മുറ്റത്ത് അയാള്‍ നടന്നുനീങ്ങുമ്പോള്‍ ഇടതും വലതുമായി കുട്ടികലും  ഒപ്പംകൂടും. അടുത്ത് കിട്ടിയാല്‍ അവര്‍ അയാളുടെ കൈകള്‍ പിടുത്തമിടും. ഭൂമിക്കു മുകളിലും ആകാശത്തിനു താഴെയും അതിനപ്പുറവുമുള്ള പലകാര്യങ്ങളും കുട്ടികള്‍ അയാളുമായി പങ്കുവയ്ക്കുന്നത് കാണാം. എല്ലാത്തിനും അയാള്‍ കുട്ടികളുടേതായ ഭാഷയില്‍ മറുപടി പറയും. കാമ്പസ് ഭാഷ ഇംഗ്ളീഷ് ആയിരിക്കണമെന്ന് നിര്‍ബന്ധമുള്ള ആ സ്കൂളില്‍ കുട്ടികള്‍ക്ക് മനസ്സിലാവുന്ന ഇംഗ്ളീഷ് സംസാരിക്കുന്ന ഒരേയൊരു അധ്യാപകന്‍ അയാളായിരുന്നു. കുട്ടികള്‍ കേട്ടു പരിചയമില്ലാത്ത പല പദങ്ങളും അയാളുടെ സംഭാഷണത്തില്‍ കടന്നുവരാറുണ്ട്. എന്നാല്‍ അയാളാവുമ്പോള്‍ ആദ്യം കേള്‍ക്കുന്ന പദമാണെങ്കിലും ഞൊടിയിടകൊണ്ട് കുട്ടികളത് മനസ്സിലാക്കിയെടുക്കും.
ഭാഷക്കതീതമായ മറ്റേതോ മാധ്യമം അവര്‍ക്കിടയില്‍ അദൃശ്യമായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് തീര്‍ച്ച! തുമ്പിയും പൂമ്പാറ്റയും വണ്ണാത്തിക്കിളിയും കടലാസുതോണിയും മുക്കുവനും ഭൂതവുമെല്ലാം അവര്‍ക്കിടയിലെ സംഭാഷണത്തിന് വിഷയമായി. എത്ര സംസാരിച്ചാലും അവര്‍ക്ക് മതിവരില്ല. ഒഴിവുകിട്ടുമ്പോഴെല്ലാം കൌതുകങ്ങളും സംശയങ്ങളുമായി കുട്ടികള്‍ അയാളെത്തേടിവന്നു. തമ്മില്‍ പിരിയുമ്പോള്‍ അയാള്‍ കുട്ടികളെ ആശീര്‍വദിക്കുന്നതില്‍ ഒരു പുതുമയും ദര്‍ശനവുമുണ്ടായിരുന്നു. അത്തരമൊരു ആശീര്‍വാദം ഞാനാദ്യമായാണ് കേള്‍ക്കുന്നത്    
I Love You Friends
അതേ ആവേശത്തോടെ കുട്ടികള്‍ ഒന്നടങ്കം തിരിച്ച് ആശീര്‍വദിക്കുന്നത് കേള്‍ക്കുന്നമാത്രയില്‍ വിദ്യാഭ്യാസത്തില്‍ ഒരു I Love You വിപ്ളവത്തിന്റെ ആവശ്യകത എനിക്ക് ബോധ്യപ്പെട്ടു.
 We Love You too...
അയാള്‍ക്ക് കുട്ടികളെ ആവശ്യമുണ്ടായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. സ്വയം പ്രകാശിക്കാന്‍ അയാള്‍ക്കൊരു മാധ്യമം ആവശ്യമായിരുന്നു. അധ്യാപകനായതിനാല്‍ വിദ്യാര്‍ത്ഥികള്‍ തന്നെ ഏറ്റവും മികച്ച മാധ്യമം. അതുകൊണ്ടുതന്നെ കുട്ടികള്‍ക്ക് അയാളെയും ആവശ്യമുണ്ടായിരുന്നു. അങ്ങനെ അയാളില്‍ നിന്ന് അവരിലേക്ക് മനോഹരമായ ചിലതെല്ലാം വിനിമയം ചെയ്യപ്പെട്ടു. എത്ര പെട്ടെന്നാണ് അയാളുടെ ഭാഷയും ശൈലിയും പ്രയോഗങ്ങളും  ജീവിതമൂല്യങ്ങളുമെല്ലാം കുട്ടികള്‍ തങ്ങളുടെ സ്വന്തമാക്കിയത്.
പോഷും ജാഡയും കൃത്രിമത്വങ്ങളും മാത്രമുള്ള യന്ത്രമനുഷ്യരായ ഇംഗ്ളീഷ്മീഡിയം അധ്യാപകര്‍ക്കിടയില്‍ ഒരു ജൈവ മനുഷ്യനെ കണ്ടെത്തിയ ആഹ്ളാദമായിരുന്നു എനിക്ക് മാധവയെ കണ്ടുമുട്ടിയപ്പോള്‍.
എന്തുകൊണ്ടാണ് നിങ്ങളെത്തേടി എപ്പോഴും കുട്ടികള്‍ വന്നുകൊണ്ടിരിക്കുന്നത്?
ഒരിക്കല്‍ ഞാന്‍ ചോദിച്ചു.
മാധവ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു:
"സര്‍, എന്റെ കൈയില്‍ വിലകൂടിയ ഒരു മയക്കുമരുന്നുണ്ട്. ഞാനവര്‍ക്ക് അത് യഥേഷ്ടം നല്‍കുന്നു. അതുകൊണ്ടാണ് അവരെന്നെ വിട്ടുപോവാത്തത്.
ഞാന്‍ ആകെ പരിഭ്രമിച്ചുപോയി. അപ്പോഴേക്കും മാധവ സൂചിപ്പിച്ചു
അതേ സാര്‍, Love ...the most effective drug in the world
അതുപറയുമ്പോള്‍ അയാളുടെ കണ്ണ് നിറയുന്നത് ഞാനറിയുന്നുണ്ടായിരുന്നു.
ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ നിന്ന് കിട്ടുന്നത് തുച്ഛമായ ശമ്പളമാണെങ്കിലും ഒരു അധ്യാപകനായതില്‍ മാധവ പൂര്‍ണ സംതൃപ്തനായിരുന്നു. പണം അയാളുടെ ജീവിതത്തില്‍ ഒരു അവശ്യഘടകമായിരുന്നില്ല. ഞങ്ങളുടെ പരിചയം ഒരു ആത്മബന്ധമായി വളര്‍ന്ന കാലത്ത് അയാളുടെ ഗ്രാമം സന്ദര്‍ശിക്കാന്‍ എനിക്ക് അവസരമുണ്ടായി. കാസര്‍കോട് ജില്ലയില്‍ കേരളത്തിന്റെയും കര്‍ണാടകയുടെയും അതിര്‍ത്തിയായ കാറഡ്ക്ക എന്ന സ്ഥലത്താണ് അയാളുടെ വീട്. വീടെന്ന് പറഞ്ഞാല്‍ പുറമ്പോക്ക് ഭൂമിയില്‍ മഴചോരുന്ന ഒരു പുല്‍കുടില്‍. ജാതീയമായ പകപോക്കലുകളില്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ട ഒരു കുടുംബം. വാര്‍ദ്ധക്യത്താല്‍ വരണ്ടുപോയ അമ്മ. നാല് സഹോദരന്മാര്‍‍. രണ്ട് സഹോദരിമാര്‍. അടിച്ചമര്‍ത്തപ്പെട്ടവന്റെ ഒടുങ്ങാത്ത വേദനയില്‍ ഒരു സഹോദരന്‍ മനോരോഗിയായി. ഒരുനാള്‍ അയാള്‍ ആത്മഹത്യ ചെയ്തു. മറ്റൊരാള്‍ ഒരു തെരുവ് റൌഡി. മൂന്നാമത്തെയാള്‍ ശിഥിലമാക്കപ്പെട്ട സ്വത്വവുമായി സന്യാസിയാകാന്‍ പോയി. അമ്പലങ്ങളില്‍ ഭജനപാടി നടക്കുകയാണ് അയാള്‍. നാലാമത്തെയാളാകട്ടെ കരാട്ടെയില്‍ ഭ്രാന്ത്കയറി നിരന്തരമായ പരിശീലനത്തിലാണ്. രണ്ട് സഹോദരിമാരെയും വിവാഹം കഴിച്ചയച്ചത് ഏറ്റവും ഇളയവനായ മാധവയാണ്. വീട് പുലരുന്നതും അയാളെ ആശ്രയിച്ചാണ്. ലിപിയില്ലാത്ത തുളുഭാഷയിലെ അനേകം നാടന്‍ ശീലുകളുടെ ശേഖരണമുണ്ട് ദളിതയായ ആ അമ്മയുടെ ഓര്‍മയില്‍. നിരക്ഷരരായ അവര്‍ ഈണത്തില്‍ പാടുമ്പോള്‍ ജനമങ്ങള്‍ക്കപ്പുറം പ്രാക്തനമായ ഒരു ഗൃഹാതുരത്വത്തിലേക്ക് ഞാന്‍ തിരിച്ചുനടന്നു. തുളുവായിരുന്നു അവരുടെ മാതൃഭാഷ. മലയാളവും കന്നടയും അവര്‍ക്ക് നന്നായി അറിയാമായിരുന്നു.  ഭൌതികമായി ദാരിദ്യ്രം ഇളിച്ചുകാട്ടുമ്പോഴും സമ്പന്നമായ ഒരു സംസ്കാരം അവര്‍ക്ക് നെഞ്ചോട് ചേര്‍ക്കാനുണ്ടെന്ന് എനിക്ക് ബോധ്യമായി. എനിക്ക് അന്യമായിപ്പോയതും അതാണ്.
മധ്യവര്‍ഗസ്വര്‍ഗങ്ങളില്‍ അഭിരമിക്കുന്ന ഒരു ശരാശരി മലയാളിയുടെ കാഴ്ചപ്പാടിലൂടെ നോക്കുമ്പോള്‍ മാധവക്ക് പണത്തിന് ആവശ്യമല്ല, അത്യാവശ്യം തന്നെയുണ്ട്. എന്നിട്ടും പണം അയാളുടെ ഫാന്റസികളില്‍ പോലും കടന്നുവന്നില്ല. തേടിനടന്നിരുന്നെങ്കില്‍ തീര്‍ച്ചയായും അയാള്‍ക്കത് കിട്ടുമായിരുന്നു. ഇംഗ്ളീഷില്‍ ബിരുദാനന്തര ബിരുദവും ബിഎഡുമുണ്ടായിരുന്നു അയാള്‍ക്ക്. അതിനപ്പുറം ആരെയും മോഹിപ്പിക്കുന്ന അനര്‍ഗളമായ ഇംഗ്ളീഷ് ഭാഷണ നൈപുണിയും. അതുമാത്രം മതി ചോദിക്കുന്ന ശമ്പളം അയാള്‍ക്ക് കിട്ടാന്‍. എന്നാല്‍ തനിക്ക് കിട്ടുന്ന തുച്ഛമായ ശമ്പളം ചോദിക്കുന്നവര്‍ക്കെല്ലാം അയാള്‍ കടം കൊടുത്തു. തനിക്ക് പണം 
കഴിഞ്ഞ അധ്യയന വര്‍ഷം അത്ഭുതമെന്ന് പറയട്ടെ മാധവക്ക് പി എസ് സി ലഭിച്ചു. ടെസ്റ്റു എഴുതാന്‍ മടിയുസ്ള്ളവനാണയാള്‍. ആരെങ്കിലും നിര്‍ബന്ധിച്ച് എഴുതിപ്പിച്ചതാവും. തൊട്ടടുത്തു തന്നെ അയാള്‍ ജോലിയില്‍ ചേര്‍ന്നു.  സര്‍ക്കാര്‍ നല്‍കുന്ന ഉയര്‍ന്ന ശമ്പളം അയാളെന്തു ചെയ്യുന്നുവെന്നറിയാന്‍ എനിക്ക് കൌതുകമുണ്ടായിരുന്നു. പഴയപോലെ ചോദിക്കുന്നവര്‍ക്കെല്ലാം കടംകൊടുക്കുകയാവുമോ? ജോലിയില്‍ പ്രവേശിച്ച് രണ്ടുമൂന്നു മാസം കഴിഞ്ഞപ്പോള്‍ ഞാനിക്കാര്യം തിരക്കി. മാധവ പറഞ്ഞത് ഇങ്ങനെ:
"മലപ്പുറത്തെ പോലെയല്ല' ഞങ്ങളെ നാട്ടിലെ കുട്ടികള്. ബുക്കും യൂണിഫോമും വാങ്ങാനെന്നല്ല കഞ്ഞികുടിക്കാന്‍ പോലും നിവൃത്തിയില്ലാത്തവര്‍ ഒരുപാടുണ്ട്. എനിക്ക് കിട്ടുന്ന ശമ്പളത്തില്‍ നിന്ന് എന്റെ ആവശ്യം കഴിച്ചുള്ളത് ഞാനവര്‍ക്കു വേണ്ടി ചെലവഴിക്കുന്നു. എനിക്കെന്തിനാ സാറേ ഇത്രയും പണം?
പിന്‍കുറിപ്പ്
ക്ളാസിലെ വിദ്യാര്‍ത്ഥികളോട് ഐലവ്യു പറയാമോ? നിങ്ങളുടെ നെറ്റിചുളിയുന്നത് എനിക്ക് മനസ്സിലാകുന്നു. എന്റെ പക്ഷം ഇതാണ്: പറഞ്ഞാലും പറഞ്ഞില്ലെങ്കിലും കുട്ടികളുടെ മുന്നില്‍ നില്‍ക്കുമ്പോഴെല്ലാം ആ മാന്ത്രികമായ വാചകം നിങ്ങളുടെ മനസ്സിലുണ്ടാവണം. അതിലൂടെ മാത്രമേ ആത്യന്തികമായ ചിലത് നിങ്ങള്‍ക്കവരിലേക്ക് വിനിമയം ചെയ്യാനാവൂ.
love 
you
എല്ലാവരുടെയും ഉള്ളില്‍ വിലപ്പെട്ടതായി അത് യഥേഷ്ടമുണ്ട്. ഭൂമിയില്‍ ജീവനുള്ളിടത്തോളം കാലം അത് ആവശ്യവുമുണ്ട്. എന്തു ചെയ്യാം,
ആഗോളീകരണാനന്തര ലോകത്ത് ഏറ്റവും ക്ഷാമമുള്ളതും അതിനുതന്നെ.