Friday, 6 November 2009

എവിടെയോ മനുഷ്യനുണ്ട്‌

എവിടെയോ മനുഷ്യനുണ്ട്‌!
കെഎം മുസ്‌തഫ്‌
മനുഷ്യനെ കണ്ടെത്താനുള്ള അന്വേഷണങ്ങളാണ്‌ ഒരു എഴുത്തുകാരന്റെ ജീവിതത്തെ ചലനാത്മകമാക്കുന്നത്‌. ഭൂമിയിലെവിടെയോ മനുഷ്യനും ജീവിതവുമുണ്ടെന്ന പ്രബലമായ വിചാരവും അത്‌ കണ്ടെത്താനുള്ള തീക്ഷ്‌ണമായ അഭിവാഞ്‌ഛയുമാണ്‌ ഏതൊരു എഴുത്തുകാരന്റെയും ഊര്‍ജം. ഈ ഊര്‍ജം നഷ്‌ടപ്പെട്ടുപോയ നാളുകളിലായിരുന്നു കുറച്ചേറെയായി ഞാന്‍.`എന്തുകൊണ്ട്‌ എഴുതുന്നില്ല' എന്ന്‌ വായനക്കാര്‍ ചോദിച്ചു. `എന്ത്‌ എഴുതും' എന്ന്‌ ഞാന്‍ എന്നോടുതന്നെ ചോദിച്ചു. ഞാന്‍ തിരക്കിലാണെന്ന്‌ സ്വയം വിശ്വസിപ്പിച്ചു. തിരക്കിട്ട്‌ പണിയെടുത്തു. എന്നാല്‍ തിരക്കിനിടയില്‍ തിരിഞ്ഞു നോക്കിയ നിമിഷങ്ങളില്‍ ഞാന്‍ തീര്‍ത്തും നിരാശനായി. തിരക്കുകള്‍ വിലപ്പെട്ട ചിലതെല്ലാം കവര്‍ന്നെടുത്തതല്ലാതെ ജീവിതത്തിന്‌ പുതുതായി ഒന്നും സംഭാവനചെയ്‌തില്ല. ജീവിതം ഇന്നലെത്തേതിന്റെ ആവര്‍ത്തനമാണെങ്കില്‍ നാം ജീവിക്കുന്നില്ല എന്നാണര്‍ത്ഥം. പ്രകൃതിയില്‍ കടന്നുവരുന്ന ഓരോ നിമിഷവും കടന്നുപോയതില്‍നിന്ന്‌ തികച്ചും വിഭിന്നമാണെന്നാണ്‌ സൂക്ഷ്‌മദൃക്കുകള്‍ പറഞ്ഞിട്ടുള്ളത്‌. എന്നാല്‍ എനിക്കുമുമ്പില്‍ കുറച്ചുകാലമായി എല്ലാ ദിവസവും ഒരേപോലെയാണ്‌:ഒരേ റെയില്‍വെസ്റ്റേഷന്‍.ഒരേ ആള്‍ക്കൂട്ടംഒരേ തിക്കിത്തിരക്കുകള്‍ഒരേ ഭാവവും ഒരേ മുഖച്ഛായയുമുള്ള മനുഷ്യര്‍ഒരേ ലക്ഷ്യത്തിലേക്ക്‌ നീങ്ങുന്നവര്‍ഒരേ ഫയലുകള്‍ഒരേ പ്രശ്‌നങ്ങള്‍ഒരേ ഒത്തുതീര്‍പ്പുകള്‍...എന്റെ ലോകം ഒരൊറ്റ കോശത്തില്‍നിന്നു മുറിച്ചെടുത്ത അനേകം ക്ലോണുകള്‍കൊണ്ട്‌ നിറഞ്ഞുകവിയുമ്പോള്‍ ഒരു മനുഷ്യനെത്തേടിയുള്ള എന്റെ യാത്രകളെല്ലാം വഴിയിലവസാനിക്കുകയായിരുന്നു. അതോ ക്ലോണുകള്‍ പെരുകിയ ലോകത്ത്‌ ഞാനും ഒരു ക്ലോണായി മാറുകയായിരുന്നോ?ഒരു മനുഷ്യനു മാത്രമേ മറ്റൊരു മനുഷ്യനെ തിരിച്ചറിയാനാവൂ. ഒരു ക്ലോണിന്‌ അത്‌ അസാധ്യമാണ്‌. ഏറെക്കാലമായിട്ടും ഒരു മനുഷ്യനെ കണ്ടെത്താനാവാത്ത എഴുത്തുകാരന്‌ ക്ലോണുകളില്‍ നിന്നു വിഭിന്നമായി എന്ത്‌ അസ്‌തിത്വമാണുള്ളത്‌?വികാരങ്ങളും വിചാരങ്ങളും ക്ലിപ്‌തമായ ചില ലക്ഷ്യങ്ങളില്‍ കേന്ദ്രീകരിക്കപ്പെട്ട, മുന്‍കൂട്ടി വരച്ചുവച്ച ഒരു വൃത്തത്തിനുള്ളില്‍മാത്രം സദാ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു ക്ലോണായി ഈ എഴുത്തുകാരനും പരിണമിച്ചുകൊണ്ടിരിക്കുകയാണ്‌ എന്ന തിരിച്ചറിവുണ്ടായ ദിവസം ഞാന്‍ എന്റെ എല്ലാ തിരക്കുകളോടും വിടപറഞ്ഞു. ഒരിടത്തേക്കുമല്ലാതെ ഒരു ദിവസം റെയില്‍വേസ്റ്റേഷനിലെത്തി. തെക്കുനിന്നും ഒരു പാസഞ്ചര്‍ വണ്ടി കിതച്ചുവന്നു. ആള്‍ക്കൂട്ടം തേനീച്ചക്കൂട്ടിലെന്നപോലെ ഓരോ കംപാര്‍ട്ട്‌മെന്റിലും നുരച്ചു. ടിക്കറ്റുപോലും എടുക്കാതെ മുന്നില്‍കണ്ട വിടവിലേക്ക്‌ ഞാനും തിരുകിക്കയറി. പൊടുന്നനെ വാരിയെല്ലിലൂടെ ഒരു മിന്നല്‍ കടന്നുപോയി; ഒരു പിടച്ചില്‍. പിന്നെയറിഞ്ഞു, വാരിയുടെ ഏതോ കശേരുവില്‍ ആരോ കൊളുത്തി വലിക്കുന്നതുപോലെ അസഹനീയമായ വേദന. അത്‌ ശരീരത്തിന്റെ ഒരു വശം മുഴുവന്‍ പടര്‍ന്നുകയറി. മരണത്തിന്റെ തൊട്ടുമുമ്പ്‌ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനു പോലും ഒരുതുള്ളി കുടിനീരാണ്‌ വിലയേറിയ വസ്‌തു എന്നതുപോലെ ചന്തിവയ്‌ക്കാന്‍ ഒരിഞ്ചുസ്ഥലം മാത്രമായിരുന്നു എന്റെ അപ്പോഴത്തെ ജീവിതലക്ഷ്യം. അതിനുവേണ്ടി മാത്രമായിരുന്നു ഞാനപ്പോള്‍ ജീവിച്ചിരുന്നത്‌.കംപാര്‍ട്ടുമെന്റില്‍ ഇരിക്കാന്‍പോയിട്ട്‌ ശ്വാസം വിടാനുള്ള സ്ഥലമില്ല. ഓരോരുത്തരും ശ്വസിക്കുന്നത്‌ മറ്റൊരാളുടെ മുഖത്തേക്കാണ്‌. ശരീരമൊന്നനക്കാന്‍പോലും കഴിയാതെ പരസ്‌പരമുരഞ്ഞരഞ്ഞ കംപാര്‍ട്ടുമെന്റിനുള്ളില്‍ ഒരു പുഴുത്ത ആവി വ്യാപിച്ചു. കുഴമ്പ്‌പരുവത്തിലായ ആളുകള്‍ക്കിടയില്‍ ഒരൊറ്റ സീറ്റിന്റെ അരികുപോലും കാണാനുണ്ടായിരുന്നില്ല.അടുത്ത സ്റ്റേഷനില്‍ എങ്ങനെയെങ്കിലും പുറത്തുചാടിയില്ലെങ്കില്‍ ജീവന്‍പോലും അപകടത്തിലായേക്കുമെന്ന ഭീതി എന്റെ നെഞ്ചില്‍ ആളി. വേദന അസ്ഥികളിലൂടെ വളഞ്ഞുപുളഞ്ഞു സഞ്ചരിക്കുമ്പോള്‍ തീവണ്ടിക്ക്‌ ഒട്ടും വേഗതയില്ലെന്നു തോന്നി. ഒച്ചിനെപ്പോലെ കടന്നുപോകുന്ന നിമിഷങ്ങളില്‍ വേദന പെരുത്തു. ഒടുവില്‍ ഇനിയൊരു നിമിഷംപോലും മുന്നോട്ടു പോകാനാവാത്തവിധം അത്‌ കൊടുമുടിയിലെത്തി.പൊടുന്നനെയാണതു സംഭവിച്ചത്‌; നുരയ്‌ക്കുന്ന മനുഷ്യാവയവങ്ങള്‍ക്കിടയില്‍നിന്ന്‌ ഒരു കൈ എന്നെ പിടിച്ചുവലിച്ചു. അതൊരു ശോഷിച്ച കൈയായിരുന്നു. ഞാന്‍ അതിന്റെ ഉടമസ്ഥനെ നോക്കി. ആര്‍ദ്രതയൂറുന്ന രണ്ടുകണ്ണുകള്‍ എന്നെ നോക്കി പുഞ്ചിരിക്കുന്നു. അതൊരു വൃദ്ധനായിരുന്നു.അയാള്‍ എഴുന്നേറ്റ്‌ എന്നെ സീറ്റിലേക്കിരുത്തി. ഒരു ജന്മത്തിന്റെ മുഴുവന്‍ നന്ദിയോടെയും ഞാനയാളെ നോക്കി. അയാള്‍ പുഞ്ചിരിതൂകുക മാത്രം ചെയ്‌തു.വാര്‍ദ്ധക്യത്താല്‍ ശോഷിച്ച ആ ശരീരം തിരക്കില്‍ ആടിയുലയുന്നത്‌ വിഷമത്തോടെ നോക്കിനില്‍ക്കാന്‍ മാത്രമേ എനിക്കു കഴിഞ്ഞുള്ളൂ. ആരും ആരെയും ശ്രദ്ധിക്കാത്ത, കാല്‍വയ്‌ക്കാന്‍ ഒരിഞ്ചുസ്ഥലത്തിനുവേണ്ടി ഓരോരുത്തരും പൊരുതുന്ന ഈ കംപാര്‍ട്ടുമെന്റിനുള്ളില്‍ നിന്ന്‌ ഒരു അത്യാവശ്യക്കാരന്റെ ഉള്ളിലുയരുന്ന നിലവിളി അയാള്‍ എങ്ങനെ കേട്ടുവെന്ന്‌ എനിക്ക്‌ അറിയില്ലായിരുന്നു. എന്റെ ശ്രദ്ധ തെന്നിപ്പോയ ഏതോ നിമിഷത്തില്‍ ഏതോ സ്റ്റേഷനില്‍ അയാള്‍ ഇറങ്ങിയിരിക്കണം. പിന്നെ അയാളെ കണ്ടതേയില്ല.ക്ലോണ്‍ ജീവിതത്തിന്റെ പരിമിതവൃത്തത്തില്‍ നിന്നു പുറത്തുകടക്കാന്‍ മാത്രമല്ല, ഭൂമിയിലെവിടെയൊക്കെയോ മനുഷ്യര്‍ ജീവിക്കുന്നു എന്ന വിചാരം തിരിച്ചുപിടിക്കാനും ഈ ടിക്കറ്റെടുക്കാത്ത യാത്ര എന്നെ സഹായിച്ചു

1 comment:

  1. valare ishtaprttu.ilove you vile ashayangalood nan poornamayum yoojikkunnu. prvasikalude veedanakal masmrikamayi avdarippichadinu abinandanangal!!!!!

    ReplyDelete