ക്ലാസ് റൂമില്‍ ഐലവ് യു പറയാമോ?
എന്താണ്
നിങ്ങളുടെ വിദ്യാര്‍ത്ഥിക്ക് നല്‍കാന്‍ ഏറ്റവും വിലപ്പെട്ടതായി
നിങ്ങളുടെ കൈയിലുള്ളത്? അധ്യാപകരോടും അധ്യാപകരാവാന്‍ പോകുന്നവരോടുമുള്ളതാണീ
ചോദ്യം. പ്രതീക്ഷയുടെ തിരി കണ്ണില്‍ കത്തിച്ച്, നാളെയിലേക്ക്
ഉറ്റുനോക്കുന്ന ഒരു തലമുറയാനു നിങ്ങള്‍ക്കു മുന്നിലുള്ളത്. അവര്‍ക്ക്
നല്‍കാന്‍ അമൂല്യമായ എന്താണ് നിങ്ങള്‍ കരുതിവച്ചിരിക്കുന്നത്?
സ്വയം
വിലയിരുത്താന്‍ ഏതൊരു അധ്യാപകനെയും പ്രേരിപ്പിക്കുന്നതാണീ ചോദ്യം. പക്ഷേ, പലതവണ
ആവര്‍ത്തിച്ചിട്ടും ഒരു ഇലയനക്കം പോലുമില്ലാ മനുഷ്യര്‍ മരത്തവളകളെപ്പോലെ
മരവിച്ചിരിക്കുന്നതു കണ്ട് സങ്കടം തോന്നിയിട്ടുണ്ട്. ഒരു മനുഷ്യായുസ്സിലെ വളരെ
വിലപ്പെട്ട പത്തുപതിനഞ്ച് വര്‍ഷക്കാലം ഇത്ര നിര്‍വികാരരായ ജീവികളുടെ
വായില്‍ നോക്കിയിരിക്കാന്‍ വിധിക്കപ്പെട്ട നമ്മുടെ മക്കളുടെ
ഗതികേടിനെക്കുറിച്ചോര്‍ത്ത് സഹതപിച്ചിട്ടുണ്ട്.
ഒരു ചലനവുമില്ലാത്ത ഈ യന്ത്രമനുഷ്യരെ ഒന്ന് പ്രകോപിപ്പിച്ചിട്ടെങ്കിലും വാ തുറപ്പിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്.
വിലപിടിപ്പുളള
ഒന്നും കുട്ടികള്‍ക്ക് കൊടുക്കാനായി നിങ്ങളുടെ കൈയിലില്ലെങ്കില്‍
പിന്നെയെന്തിനാണ് നിങ്ങളൊക്കെ വലിയ അധ്യാപഹയരാണെന്നും പറഞ്ഞ്
ശ്വാസംപിടിച്ചു നടക്കുന്നത്? ജീവിതത്തിലെ ഏറ്റവും ക്രിയാത്മകമായ ബാല്യം
എന്ന വിസ്മയം കുപ്പത്തൊട്ടിയില്‍ തള്ളാനാണോ കുട്ടികള്‍ നിങ്ങളുടെ മുന്നില്‍
വന്ന് കുത്തിയിരിക്കുന്നത്? സ്വന്തം മനഃസാക്ഷിയോട് ചോദിക്കൂ.
അധ്യാപകരാകാന്‍ നിങ്ങള്‍ക്ക് എന്ത് യോഗ്യതയാണുള്ളത്? നാളത്തെ തലമുറക്ക്
കൈമാറാന്‍ മഹത്തായ എന്തെങ്കിലും നിങ്ങളുടെ കൈവശമുണ്ടോ?
വാക്കുകള്‍ക്ക്
ശേഷിയുണ്ടെങ്കില്‍ അത് കൊള്ളേണ്ടിടത്ത് കൊള്ളുക തന്നെ ചെയ്യും.
വാതുറക്കില്ലെന്ന് ശപഥം ചെയ്തവര്‍ക്കിടയില്‍ ചെറിയ മുറുമുറുപ്പുകളുയരുന്നത്
അതിന്റെ തെളിവാണ്. പല മുഖങ്ങളിലും രോഷം ഇരച്ചുകയറി കണ്ണുകള്‍
തുറിച്ചിരിക്കുന്നു. എന്നെ ഭസ്മമാക്കാന്‍ തക്ക ശേഷിയുണ്ട് ചിലരുടെ
നോട്ടങ്ങള്‍ക്ക്.
ഞങ്ങളവര്‍ക്ക് അറിവ് നല്‍കുന്നില്ലേ?
കൂട്ടത്തിലൊരാള്‍
വാതുറക്കുക മാത്രമല്ല എന്നെ വിഴുങ്ങാനെന്നോണം ചാടിയെഴുന്നേല്‍ക്കുകകൂടി
ചെയ്യുമ്പോള്‍ ഞാന്‍ ഉളളില്‍ ആര്‍ത്തു ചിരിക്കുന്നു. നന്ദി സുഹൃത്തെ. ഇനി
എനിക്ക് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പത്തില്‍ വിശദീകരിക്കാം.
ശരിയാണ്.
നിങ്ങളവര്‍ക്ക് അറിവ് നല്‍കുന്നുണ്ട്. എന്നാല്‍ ആ അറിവ് എത്രകാലം അവര്‍
ഓര്‍മിച്ചിരിക്കും? ഏറിയാല്‍ പരീക്ഷാഹാളില്‍ നിന്നും പുറത്തിറങ്ങുന്നതു
വരെ! അതിനപ്പുറം ആ അറിവു കൊണ്ട് ജീവിതത്തില്‍ അവര്‍ക്കെന്തെങ്കിലും
പ്രയോജനമുണ്ടോ? കുട്ടികളുടെ കാര്യം വിടാം. നിങ്ങളാണല്ലോ അറിവ്
നല്‍കുന്നവന്‍. നല്‍കപ്പെടുന്നവനേക്കാള്‍ നല്‍കുന്നവന് അതുകൊണ്ട്
എന്തെങ്കിലും ഉപകാരമുണ്ടാവേണ്ടതല്ലേ? ഉപകാരമുണ്ടെങ്കിലല്ലേ നല്‍കുന്നതില്‍
അര്‍ത്ഥമുള്ളൂ. അതുകൊണ്ട് സത്യസന്ധമായി പറയൂ, പാഠപുസ്തകത്തില്‍
നിന്നെടുത്ത് നോട്ട്ബുക്കില്‍ കുറിച്ച് കാണാപാഠം പഠിച്ച അറിവുകൊണ്ട്
ജീവിതത്തിലെപ്പോഴെങ്കിലും നിങ്ങള്‍ക്ക് പ്രയോജനമുണ്ടായിട്ടുണ്ടോ?
വിഴുങ്ങാന്‍
വന്നവന്‍ വിയര്‍ക്കുന്നത് കാണുന്നു. ജീവിതത്തില്‍ നിങ്ങള്‍ക്ക് പോലും
ഉപകാരപ്പെട്ടിട്ടില്ലാത്ത അറിവ് നിങ്ങളുടെ കൈയിലുള്ള ഏറ്റവും
വിലപ്പെട്ടതാവുന്നതെങ്ങനെ? 'അറിവിനുവേണ്ടിയുള്ള അറിവ്' നേടാന്‍ മാത്രമായി
കുട്ടികള്‍ എന്തിന് പത്ത് പതിനഞ്ച് വര്‍ഷം മെനക്കെടുത്തണം? ലോകത്തിലെ ഏതു
നിസ്സാര അറിവും നിമിഷനേരം കൊണ്ട് വിരല്‍തുമ്പില്‍ ലഭ്യമാകുന്ന വിവര
വിസ്ഫോടനകാലത്ത് ഇതിന്റെ വല്ല ആവശ്യവുമുണ്ടോ?
അഭിപ്രായം
പറഞ്ഞവര്‍ മാത്രമല്ല, കേട്ടുനിന്നവരും സമ്പൂര്‍ണ നിശ്ശബ്ദതയിലാണ്. നിശബ്ദത
ഏറെനേരം നീട്ടിക്കൊണ്ടുപോകാതെ മറ്റൊരാള്‍ എഴുന്നേല്‍ക്കുന്നു.
ഞങ്ങളവര്‍ക്ക് നല്ല മാതൃക കാണിച്ചു കൊടുക്കുന്നില്ലേ?
എന്താണ്
നിങ്ങളുടെ കൈയിലുള്ള നല്ല മാതൃക? ഫസറ്റ് ബെല്ലടിച്ച് കാല്‍മണിക്കൂര്‍ നേരം
ക്ളാസില്‍ പോകാതെ സംസാരിച്ചിരിക്കുന്നതോ? ക്ളാസ്റൂമിലെത്തിയാല്‍ നേരം
തികക്കാന്‍ വേണ്ടി വാച്ചില്‍ നോക്കിയിരിക്കുന്നതോ? ഇതിനിടയില്‍ ആര്‍ക്കോ
വേണ്ടിയെന്നോണം 'നോട്ടെടുത്തോ എഴുതിക്കോ നാളെ പഠിച്ചുവന്നോ അല്ലെങ്കില്‍
അടുത്ത പരീക്ഷക്ക് വട്ടപ്പൂജ്യം' എന്ന പാറ്റേണലുള്ള സര്‍വതോമു ഖ
വികസനം! സ്റാന്‍ഡ്അപ്, സിറ്റ്ഡൌണ്‍ എന്നീ രണ്ടുവാക്കുകള്‍ കൊണ്ട്
കോട്ടുവായ ചുളുവില്‍ എങ്ങനെയിടാം എന്നതിനുള്ള പരിശീലനം! ഭീഷണ നോട്ടം,
ഉരുട്ടിനോട്ടം, ഒളിഞ്ഞുനോട്ടം, കാകദൃഷ്ടി മുതലായ വിവിധോദ്ദേശ നോട്ടങ്ങളില്‍
നിരന്തര പരിശീലനം! ലേഡിടീച്ചര്‍മാര്‍ തമ്മിലുള്ള കുശുമ്പ്, ഏഷണി, അധ്യാപഹയ•ാര്‍
തമ്മിലുള്ള പാര, വാര്‍ദ്ധക്യകാല വായില്‍നോട്ടം... ഒടുവില്‍ ലാസ്റ് ബെല്‍
അടിക്കുന്നതിന് അഞ്ച് മിനുട്ട് മുമ്പ് തിരക്കി ബസ്സില്‍ കയറിക്കൂടാനുള്ള
നെട്ടോട്ടം. എത്ര നല്ല മാതൃകകള്‍! മഹത്തായ മാതൃകകള്‍
സൃഷ്ടിക്കുന്നതിനിടയില്‍ താന്‍ പഠിപ്പിക്കുന്ന കുട്ടികളുടെ പേരുകളെങ്കിലും
ഓര്‍ത്തുവയ്ക്കുന്നവര്‍ എത്ര പേരുണ്ട്? എന്റെ അധ്യാപകനാണ് എന്റെ മാതൃക
എന്ന് അഭിമാനത്തോടെ പറയുന്ന ഒരാളെങ്കിലും നാളത്തെ
തലമുറയിലുണ്ടാകുമെന്നുറപ്പുള്ള ആരാണ് ഇവിടെയുള്ളത്? ഇല്ലെങ്കില്‍
മാതൃകയെക്കുറിച്ച് ഒരക്ഷരം മിണ്ടാന്‍ അധ്യാപകന്നും അര്‍ഹതയില്ല.
വൃഥാവ്യായാമമെന്നതിനപ്പുറത്തേക്ക് കടക്കാത്ത അറിവും ബലൂണ്‍ കണക്കെ വീര്‍പ്പിച്ചുവച്ച നല്ല മാതൃകയുമല്ലാതെ മറ്റൊന്നും നമ്മുടെ കുട്ടികള്‍ക്ക്
നല്‍കാന്‍ നമ്മുടെ കൈയിലില്ലെങ്കില്‍ അധ്യാപകരെന്ന നിലയില്‍ നാം
എത്രമാത്രം ദരിദ്രരാണ്! അതോ നമ്മുടെ ഉള്ളിലെ വിലപിടിപ്പുള്ള രത്നങ്ങളെ
നാമിനിയും ശരിയായി മനസ്സിലാക്കിയിട്ടില്ലെന്നോ? മനുഷ്യനെന്ന നിലയില്‍
നമുക്ക് മഹത്വം നല്‍കുന്ന ചില അമൂല്യയിനം രത്നങ്ങള്‍
നമുക്കുളളിലെല്ലാമുണ്ട്. സ്വയം അറിഞ്ഞവനുമാത്രമേ അത് മറ്റുള്ളവരിലേക്ക്
പകരാനാവൂ. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ഒരാള്‍ക്ക് തന്റെ ഉള്ളിലെ അമൂല്യമായ
രത്നങ്ങളെ പുറത്തെടുക്കാന്‍ സാഹചര്യം സൃഷ്ടിക്കലാണ്. അതു കൊണ്ടു തന്നെ
സ്വന്തം രത്നങ്ങളെ പ്രകാശിപ്പിക്കാനും വിനിമയം ചെയ്യാനും ശേഷിയുള്ളവര്‍ക്കേ
യഥാര്‍ത്ഥ അധ്യാപകരാകാന്‍ കഴിയൂ. സ്വയം പ്രകാശിക്കുന്നവനേ മറ്റൊരാളെ
പ്രകാശിപ്പിക്കാനാവൂ.
സ്വയം പ്രകാശിക്കുന്ന അധ്യാപകരെ കണ്ടിട്ടുണ്ടോ?
മലപ്പുറം
ജില്ലയിലെ ഒരു ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ വച്ചാണ് ഞാന്‍ മാധവയെ
പരിചയപ്പെടുന്നത്. കറുത്ത് ചുള്ളിക്കമ്പ് പോലെ ഉണങ്ങിയ ഒരു യുവാവ്.
നരകയാതനകളനുഭവിച്ചവന്റെ കരിഞ്ഞമുഖം. വിഷാദത്തിന്റെ കാര്‍മേഘങ്ങള്‍
ഉരുണ്ടുകൂടിയ മുഖത്ത് പൊടുന്നനെയുണ്ടായ മിന്നല്‍പോലെ വെട്ടിത്തിളങ്ങുന്ന
ചിരി. ഉടലിന്റെ പുറംകാഴ്ചയില്‍ മനുഷ്യനെ ദര്‍ശിക്കുന്ന ഒരാള്‍ക്ക് മാധവ ഒരു
അധ്യാപകനാണെന്നറിയുമ്പോള്‍ ഞെട്ടലുണ്ടാവുക സ്വാഭാവികം. എന്നാല്‍
കവിതയൂറുന്ന അയാളുടെ ഇംഗ്ളീഷിലുള്ള അനര്‍ഗള സംഭാഷണം കേട്ടാല്‍ ഇംഗ്ളീഷ്
വശമില്ലാത്തവര്‍പോലും ആ ഹൃദയത്തിന്റെ സൌന്ദര്യം നുകര്‍ന്ന് വിസ്മയപൂര്‍വ്വം
കാതോര്‍ത്ത് നിന്നു പോകും.
But for me when they offer
Things that I desire
I want to know dear
The heart your how?
മനസ്സില്‍
വിരുന്നുവന്ന വരികള്‍ക്ക് സ്വയം ഈണമിട്ട് തെല്ലുറക്കെ പാടി സ്കൂള്‍
മുറ്റത്ത് അയാള്‍ നടന്നുനീങ്ങുമ്പോള്‍ ഇടതും വലതുമായി കുട്ടികലും ഒപ്പംകൂടും.
അടുത്ത് കിട്ടിയാല്‍ അവര്‍ അയാളുടെ കൈകള്‍ പിടുത്തമിടും. ഭൂമിക്കു മുകളിലും
ആകാശത്തിനു താഴെയും അതിനപ്പുറവുമുള്ള പലകാര്യങ്ങളും കുട്ടികള്‍ അയാളുമായി
പങ്കുവയ്ക്കുന്നത് കാണാം. എല്ലാത്തിനും അയാള്‍ കുട്ടികളുടേതായ ഭാഷയില്‍
മറുപടി പറയും. കാമ്പസ് ഭാഷ ഇംഗ്ളീഷ് ആയിരിക്കണമെന്ന് നിര്‍ബന്ധമുള്ള ആ
സ്കൂളില്‍ കുട്ടികള്‍ക്ക് മനസ്സിലാവുന്ന ഇംഗ്ളീഷ് സംസാരിക്കുന്ന ഒരേയൊരു
അധ്യാപകന്‍ അയാളായിരുന്നു. കുട്ടികള്‍ കേട്ടു പരിചയമില്ലാത്ത പല പദങ്ങളും
അയാളുടെ സംഭാഷണത്തില്‍ കടന്നുവരാറുണ്ട്. എന്നാല്‍ അയാളാവുമ്പോള്‍ ആദ്യം
കേള്‍ക്കുന്ന പദമാണെങ്കിലും ഞൊടിയിടകൊണ്ട് കുട്ടികളത്
മനസ്സിലാക്കിയെടുക്കും.
ഭാഷക്കതീതമായ
മറ്റേതോ മാധ്യമം അവര്‍ക്കിടയില്‍ അദൃശ്യമായി പ്രവര്‍ത്തിച്ചിരുന്നുവെന്ന്
തീര്‍ച്ച! തുമ്പിയും പൂമ്പാറ്റയും വണ്ണാത്തിക്കിളിയും കടലാസുതോണിയും
മുക്കുവനും ഭൂതവുമെല്ലാം അവര്‍ക്കിടയിലെ സംഭാഷണത്തിന് വിഷയമായി. എത്ര
സംസാരിച്ചാലും അവര്‍ക്ക് മതിവരില്ല. ഒഴിവുകിട്ടുമ്പോഴെല്ലാം കൌതുകങ്ങളും
സംശയങ്ങളുമായി കുട്ടികള്‍ അയാളെത്തേടിവന്നു. തമ്മില്‍ പിരിയുമ്പോള്‍ അയാള്‍
കുട്ടികളെ ആശീര്‍വദിക്കുന്നതില്‍ ഒരു പുതുമയും ദര്‍ശനവുമുണ്ടായിരുന്നു.
അത്തരമൊരു ആശീര്‍വാദം ഞാനാദ്യമായാണ് കേള്‍ക്കുന്നത്
I Love You Friends
അതേ
ആവേശത്തോടെ കുട്ടികള്‍ ഒന്നടങ്കം തിരിച്ച് ആശീര്‍വദിക്കുന്നത്
കേള്‍ക്കുന്നമാത്രയില്‍ വിദ്യാഭ്യാസത്തില്‍ ഒരു I Love You വിപ്ളവത്തിന്റെ
ആവശ്യകത എനിക്ക് ബോധ്യപ്പെട്ടു.
We Love You too...
അയാള്‍ക്ക്
കുട്ടികളെ ആവശ്യമുണ്ടായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. സ്വയം
പ്രകാശിക്കാന്‍ അയാള്‍ക്കൊരു മാധ്യമം ആവശ്യമായിരുന്നു. അധ്യാപകനായതിനാല്‍
വിദ്യാര്‍ത്ഥികള്‍ തന്നെ ഏറ്റവും മികച്ച മാധ്യമം. അതുകൊണ്ടുതന്നെ
കുട്ടികള്‍ക്ക് അയാളെയും ആവശ്യമുണ്ടായിരുന്നു. അങ്ങനെ അയാളില്‍ നിന്ന്
അവരിലേക്ക് മനോഹരമായ ചിലതെല്ലാം വിനിമയം ചെയ്യപ്പെട്ടു. എത്ര പെട്ടെന്നാണ്
അയാളുടെ ഭാഷയും ശൈലിയും പ്രയോഗങ്ങളും ജീവിതമൂല്യങ്ങളുമെല്ലാം കുട്ടികള്‍ തങ്ങളുടെ സ്വന്തമാക്കിയത്.
പോഷും
ജാഡയും കൃത്രിമത്വങ്ങളും മാത്രമുള്ള യന്ത്രമനുഷ്യരായ ഇംഗ്ളീഷ്മീഡിയം
അധ്യാപകര്‍ക്കിടയില്‍ ഒരു ജൈവ മനുഷ്യനെ കണ്ടെത്തിയ ആഹ്ളാദമായിരുന്നു
എനിക്ക് മാധവയെ കണ്ടുമുട്ടിയപ്പോള്‍.
എന്തുകൊണ്ടാണ് നിങ്ങളെത്തേടി എപ്പോഴും കുട്ടികള്‍ വന്നുകൊണ്ടിരിക്കുന്നത്?
ഒരിക്കല്‍ ഞാന്‍ ചോദിച്ചു.
മാധവ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു:
"സര്‍, എന്റെ കൈയില്‍ വിലകൂടിയ ഒരു മയക്കുമരുന്നുണ്ട്. ഞാനവര്‍ക്ക് അത് യഥേഷ്ടം നല്‍കുന്നു. അതുകൊണ്ടാണ് അവരെന്നെ വിട്ടുപോവാത്തത്.
ഞാന്‍ ആകെ പരിഭ്രമിച്ചുപോയി. അപ്പോഴേക്കും മാധവ സൂചിപ്പിച്ചു
അതേ സാര്‍, Love ...the most effective drug in the world
അതുപറയുമ്പോള്‍ അയാളുടെ കണ്ണ് നിറയുന്നത് ഞാനറിയുന്നുണ്ടായിരുന്നു.
ഇംഗ്ളീഷ്
മീഡിയം സ്കൂളില്‍ നിന്ന് കിട്ടുന്നത് തുച്ഛമായ ശമ്പളമാണെങ്കിലും ഒരു
അധ്യാപകനായതില്‍ മാധവ പൂര്‍ണ സംതൃപ്തനായിരുന്നു. പണം അയാളുടെ ജീവിതത്തില്‍
ഒരു അവശ്യഘടകമായിരുന്നില്ല. ഞങ്ങളുടെ പരിചയം ഒരു ആത്മബന്ധമായി വളര്‍ന്ന
കാലത്ത് അയാളുടെ ഗ്രാമം സന്ദര്‍ശിക്കാന്‍ എനിക്ക് അവസരമുണ്ടായി. കാസര്‍കോട്
ജില്ലയില്‍ കേരളത്തിന്റെയും കര്‍ണാടകയുടെയും അതിര്‍ത്തിയായ കാറഡ്ക്ക എന്ന
സ്ഥലത്താണ് അയാളുടെ വീട്. വീടെന്ന് പറഞ്ഞാല്‍ പുറമ്പോക്ക് ഭൂമിയില്‍
മഴചോരുന്ന ഒരു പുല്‍കുടില്‍. ജാതീയമായ പകപോക്കലുകളില്‍
പ്രാന്തവല്‍ക്കരിക്കപ്പെട്ട ഒരു കുടുംബം. വാര്‍ദ്ധക്യത്താല്‍ വരണ്ടുപോയ
അമ്മ. നാല് സഹോദരന്മാര്‍.
രണ്ട് സഹോദരിമാര്‍. അടിച്ചമര്‍ത്തപ്പെട്ടവന്റെ ഒടുങ്ങാത്ത വേദനയില്‍ ഒരു
സഹോദരന്‍ മനോരോഗിയായി. ഒരുനാള്‍ അയാള്‍ ആത്മഹത്യ ചെയ്തു. മറ്റൊരാള്‍ ഒരു
തെരുവ് റൌഡി. മൂന്നാമത്തെയാള്‍ ശിഥിലമാക്കപ്പെട്ട സ്വത്വവുമായി
സന്യാസിയാകാന്‍ പോയി. അമ്പലങ്ങളില്‍ ഭജനപാടി നടക്കുകയാണ് അയാള്‍.
നാലാമത്തെയാളാകട്ടെ കരാട്ടെയില്‍ ഭ്രാന്ത്കയറി നിരന്തരമായ പരിശീലനത്തിലാണ്.
രണ്ട് സഹോദരിമാരെയും വിവാഹം കഴിച്ചയച്ചത് ഏറ്റവും ഇളയവനായ മാധവയാണ്. വീട്
പുലരുന്നതും അയാളെ ആശ്രയിച്ചാണ്. ലിപിയില്ലാത്ത തുളുഭാഷയിലെ അനേകം നാടന്‍
ശീലുകളുടെ ശേഖരണമുണ്ട് ദളിതയായ ആ അമ്മയുടെ ഓര്‍മയില്‍. നിരക്ഷരരായ അവര്‍
ഈണത്തില്‍ പാടുമ്പോള്‍ ജനമങ്ങള്‍ക്കപ്പുറം
പ്രാക്തനമായ ഒരു ഗൃഹാതുരത്വത്തിലേക്ക് ഞാന്‍ തിരിച്ചുനടന്നു.
തുളുവായിരുന്നു അവരുടെ മാതൃഭാഷ. മലയാളവും കന്നടയും അവര്‍ക്ക് നന്നായി
അറിയാമായിരുന്നു. ഭൌതികമായി ദാരിദ്യ്രം
ഇളിച്ചുകാട്ടുമ്പോഴും സമ്പന്നമായ ഒരു സംസ്കാരം അവര്‍ക്ക് നെഞ്ചോട്
ചേര്‍ക്കാനുണ്ടെന്ന് എനിക്ക് ബോധ്യമായി. എനിക്ക് അന്യമായിപ്പോയതും അതാണ്.
മധ്യവര്‍ഗസ്വര്‍ഗങ്ങളില്‍
അഭിരമിക്കുന്ന ഒരു ശരാശരി മലയാളിയുടെ കാഴ്ചപ്പാടിലൂടെ നോക്കുമ്പോള്‍
മാധവക്ക് പണത്തിന് ആവശ്യമല്ല, അത്യാവശ്യം തന്നെയുണ്ട്. എന്നിട്ടും പണം
അയാളുടെ ഫാന്റസികളില്‍ പോലും കടന്നുവന്നില്ല. തേടിനടന്നിരുന്നെങ്കില്‍
തീര്‍ച്ചയായും അയാള്‍ക്കത് കിട്ടുമായിരുന്നു. ഇംഗ്ളീഷില്‍ ബിരുദാനന്തര
ബിരുദവും ബിഎഡുമുണ്ടായിരുന്നു അയാള്‍ക്ക്. അതിനപ്പുറം ആരെയും
മോഹിപ്പിക്കുന്ന അനര്‍ഗളമായ ഇംഗ്ളീഷ് ഭാഷണ നൈപുണിയും. അതുമാത്രം മതി
ചോദിക്കുന്ന ശമ്പളം അയാള്‍ക്ക് കിട്ടാന്‍. എന്നാല്‍ തനിക്ക് കിട്ടുന്ന
തുച്ഛമായ ശമ്പളം ചോദിക്കുന്നവര്‍ക്കെല്ലാം അയാള്‍ കടം കൊടുത്തു. തനിക്ക്
പണം
കഴിഞ്ഞ
അധ്യയന വര്‍ഷം അത്ഭുതമെന്ന് പറയട്ടെ മാധവക്ക് പി എസ് സി ലഭിച്ചു. ടെസ്റ്റു എഴുതാന്‍ മടിയുസ്ള്ളവനാണയാള്‍. ആരെങ്കിലും നിര്‍ബന്ധിച്ച്
എഴുതിപ്പിച്ചതാവും. തൊട്ടടുത്തു തന്നെ അയാള്‍ ജോലിയില്‍ ചേര്‍ന്നു. സര്‍ക്കാര്‍
നല്‍കുന്ന ഉയര്‍ന്ന ശമ്പളം അയാളെന്തു ചെയ്യുന്നുവെന്നറിയാന്‍ എനിക്ക്
കൌതുകമുണ്ടായിരുന്നു. പഴയപോലെ ചോദിക്കുന്നവര്‍ക്കെല്ലാം
കടംകൊടുക്കുകയാവുമോ? ജോലിയില്‍ പ്രവേശിച്ച് രണ്ടുമൂന്നു മാസം കഴിഞ്ഞപ്പോള്‍
ഞാനിക്കാര്യം തിരക്കി. മാധവ പറഞ്ഞത് ഇങ്ങനെ:
"മലപ്പുറത്തെ
പോലെയല്ല' ഞങ്ങളെ നാട്ടിലെ കുട്ടികള്. ബുക്കും യൂണിഫോമും വാങ്ങാനെന്നല്ല
കഞ്ഞികുടിക്കാന്‍ പോലും നിവൃത്തിയില്ലാത്തവര്‍ ഒരുപാടുണ്ട്. എനിക്ക്
കിട്ടുന്ന ശമ്പളത്തില്‍ നിന്ന് എന്റെ ആവശ്യം കഴിച്ചുള്ളത് ഞാനവര്‍ക്കു
വേണ്ടി ചെലവഴിക്കുന്നു. എനിക്കെന്തിനാ സാറേ ഇത്രയും പണം?
പിന്‍കുറിപ്പ്
ക്ളാസിലെ
വിദ്യാര്‍ത്ഥികളോട് ഐലവ്യു പറയാമോ? നിങ്ങളുടെ നെറ്റിചുളിയുന്നത് എനിക്ക്
മനസ്സിലാകുന്നു. എന്റെ പക്ഷം ഇതാണ്: പറഞ്ഞാലും പറഞ്ഞില്ലെങ്കിലും
കുട്ടികളുടെ മുന്നില്‍ നില്‍ക്കുമ്പോഴെല്ലാം ആ മാന്ത്രികമായ വാചകം
നിങ്ങളുടെ മനസ്സിലുണ്ടാവണം. അതിലൂടെ മാത്രമേ ആത്യന്തികമായ ചിലത്
നിങ്ങള്‍ക്കവരിലേക്ക് വിനിമയം ചെയ്യാനാവൂ.
love
you
ആഗോളീകരണാനന്തര ലോകത്ത് ഏറ്റവും ക്ഷാമമുള്ളതും അതിനുതന്നെ.
വളരെ നീണ്ട ലേഖനമാണെങ്കിലും ഒരു വീർപ്പിനു വായിച്ചു.
ReplyDeleteഏറ്റവും മഹത്തായ 'ജോലി'കളെന്ന് പറയുന്നത് അധ്യാപകവൃത്തിയും,വൈദ്യവൃത്തിയുമാണ്.പക്ഷേ ഇപ്പോൾ അതിലും പുഴുക്കുത്തുകൾ മാത്രമേയുള്ളു.
നല്ലെഴുത്തിനാശംസകൾ!!!
ആത്മസംതൃപ്തി ആഗ്രഹിച്ച് ജോലി ചെയ്യുന്നവർ സാമൂഹ്യബോധമുളളവരായിരിയ്ക്കും. അല്ലാത്തവർക്ക് വെറും വയറ്റുപ്പിഴപ്പുമാത്രം....!
ReplyDelete