Friday, 6 November 2009

ക്ലോണ്‍ ചെയ്യപ്പെടുന്ന മനസ്സുകള്‍

ആഗോളീകരണം ക്ലോണ്‍ ചെയ്യപ്പെടുന്ന  മനസ്സുകള്‍
                        കെ എം മുസ്‌തഫ്‌ 





   ഏറെക്കാലത്തിനു ശേഷമാണ്‌ ഉസ്‌താദിനെ നഗരത്തില്‍വച്ചു കണ്ടുമുട്ടുന്നത്‌. കാലം കോലമാകെ മാറ്റിയിട്ടുണ്ടെങ്കിലും തിരിച്ചറിയാന്‍ പാകത്തില്‍ എന്തോ ചിലത്‌ ബാക്കിവച്ചിരിക്കണം. അല്ലെങ്കിലും ഒരു വിദ്യാര്‍ത്ഥിക്കും ഒരു അധ്യാപകനെയും ഒരിക്കലും മറക്കാനാവില്ല. വിസ്‌മൃതിയിലാണ്ടുപോവാത്തതും എന്നാല്‍ വിവരിക്കാനാവാത്തതുമായ എന്തോ ഒന്ന്‌ ഓരോഅധ്യാപകനും ഓരോ വിദ്യാര്‍ത്ഥിയിലേക്കും കൈമാറ്റം ചെയ്യുന്നുണ്ട്‌. 

   ഏറെക്കാലത്തിനുശേഷം ഉസ്‌താദിന്റെ കൈപിടിച്ച്‌ ഓര്‍മ്മ പുതുക്കുമ്പോള്‍ ഉസ്‌താദ്‌ പകര്‍ന്നുതന്ന ആ ചൈതന്യം കോമോശംവന്നുപോയത്‌ അദ്ദേഹം എന്റെ കണ്ണുകളില്‍നിന്ന്‌ വായിച്ചെടുക്കുമോ എന്ന വേവലാതിയിലായിരുന്നു ഞാന്‍.വാക്കുകള്‍ ഭംഗിയായി കോര്‍ത്തുവച്ചാല്‍ അതൊരു മനോഹരമായ ചിത്രമുണ്ടാവുമെന്നും അതിലേക്ക്‌ വികാരങ്ങള്‍ കൂടി കടത്തിവിട്ടാല്‍ ചിത്രത്തിന്‌ ജീവന്‍ വയ്‌ക്കുമെന്നുമുള്ള എഴുത്തിന്റെ അദ്യപാഠം ഞാന്‍ അറിയാതെ പഠിച്ചത്‌ ഈ ഉസ്‌താദില്‍നിന്നാണ്‌. പ്രവാചകന്മാരുടെ ജീവിതകഥകള്‍ അദ്ദേഹം പറയുമ്പോള്‍ അത്‌ അപ്പോള്‍ കണ്‍മുമ്പില്‍ നടക്കുന്നതുപോലെയായിരുന്നു ഞങ്ങള്‍ക്കനുഭവപ്പെട്ടിരുന്നത്‌. അങ്ങനെ മഹാന്മാരുടെ മഹനീയജീവിതം വരച്ചുതരുന്ന ഉസ്‌താദ്‌ ഞങ്ങളുടെ മനസ്സിലെ ഏറ്റവുംവലിയ മഹാനായി. വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും കാണുമ്പോഴും മനസ്സിലെ ആ മഹാന്റെ മുമ്പില്‍ തല അറിയാതെ കുനിഞ്ഞുപോകുന്നു.ഉസ്‌താദ്‌ എന്നെ അടിമുടി വീക്ഷിച്ചു. എന്നാല്‍ അദ്ദേഹത്തിന്‌ തിരിച്ചറിയാനുള്ള ഒന്നും ബാക്കിവയ്‌ക്കാതെ കാലം എന്നില്‍ ഇടപെട്ടിരിക്കുന്നു. പേരും വീട്ടുപേരും പിതാവിന്റെ പേരുമൊക്കെ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്‌ മനസ്സിലായി. സംഭാഷണം ഒരു പുനഃസമാഗമത്തിന്റെ വൈകാരികതലത്തില്‍ നിന്നു പെട്ടെന്നുതന്നെ ഔപചാരികമായ വാക്കുകളിലേക്ക്‌ ചുരുങ്ങി. മറ്റാരെയും പോലെ എന്റെ ജോലിയെക്കുറിച്ചും അതില്‍നിന്നു കിട്ടുന്ന വരുമാനത്തെക്കുറിച്ചും മാത്രമാണ്‌ ഉസ്‌താദിനും ചോദിക്കാനുണ്ടായിരുന്നത്‌.  
`അപ്പോള്‍ അത്യാവശ്യം നല്ല സെറ്റപ്പിലാണല്ലേ' 
എന്നൊരു വിലയിരുത്തലും അതിനിടയില്‍ ഉസ്‌താദില്‍ നിന്നുണ്ടായി. ഞാന്‍ അദ്ദേഹത്തെ ഒരു ചായക്ക്‌ ക്ഷണിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ എനിക്ക്‌ ഒട്ടും പിടികിട്ടിയതേയില്ല.
``ഒരു ചായകുടിച്ചാ അതിപ്പൊ തീരും. തീരാത്ത എന്തെങ്കിലും നോക്കിക്കൂടെ ഞമ്മക്ക്‌''
ഉസ്‌താദ്‌ എന്താ ഉദ്ദേശിക്കുന്നതെന്ന്‌ എനിക്ക്‌ മനസ്സിലായില്ല.''
``അതൊക്കെ പിന്നെപ്പറയാം. മൊബൈലില്ലേ അനക്ക്‌.. ഇപ്പൊ ഞാന്‍ കുറച്ച്‌ തരക്കിലാ. ഒന്നു രണ്ട്‌ആള്‍ക്കാരെ കാണാന്‍ണ്ടേയ്‌...''
    മൊബൈല്‍നമ്പര്‍ കൊടുത്ത്‌ സലാം പറഞ്ഞ്‌ പിരിയുമ്പോള്‍ ഉസ്‌താദ്‌ വിളിക്കുമെന്നോ വീണ്ടും കാണുമെന്നോ ഞാന്‍ നിനച്ചതേയില്ല. എന്നാല്‍ രണ്ടുനാള്‍ കഴിഞ്ഞപ്പോള്‍ ഉസ്‌താദ്‌ എന്നെ വിളിച്ചു; അത്യാവശ്യമായി കാണണമെന്ന്‌. ചില സുപ്രധാന കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന്‌.ഞാന്‍ ആകെ അദ്‌ഭുതസ്‌തബ്‌ധനായിപ്പോയി. ഇരുപതു കൊല്ലമായി യാതൊരു ബന്ധവുമില്ലാത്ത ഒരു അധ്യാപകനെ യാദൃഛികമായി വഴിയില്‍വച്ച്‌ കണ്ടുമുട്ടുന്നു. പരിചയം പുതുക്കുന്നു. അദ്ദേഹത്തിനെന്നോട്‌ എന്തു സുപ്രധാന കാര്യമാണ്‌ സംസാരിക്കാനുള്ളത്‌? ഒരു പക്ഷേ മകളെ കെട്ടിച്ചയക്കുന്നതിന്‌ എന്തെങ്കിലും സാമ്പത്തികസഹായം, അല്ലെങ്കില്‍ സ്ഥലം വാങ്ങുന്നതിനോ വീട്‌ വയ്‌ക്കുന്നതിനോ. അങ്ങനെയൊക്കെയാണ്‌ എന്റെ കണക്കുകൂട്ടലുകള്‍ പോയത്‌.ഞാന്‍ ജോലിസ്ഥലത്താണെന്നും ഒരാഴ്‌ച കഴിഞ്ഞേ തിരികെ വരികയുള്ളു എന്നും എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ ഫോണിലൂടെ പറഞ്ഞാല്‍ ഏര്‍പ്പാടാക്കാമെന്നും ഞാന്‍ പറഞ്ഞു. ഉസ്‌താദ്‌ പക്ഷേ അക്ഷമനായിരുന്നു.
``അതൊന്നുമല്ലെടോ കാര്യം. ഇത്‌ നിനക്കുകൂടി പ്രയോജനമുള്ള കാര്യമാണ്‌. കൊല്ലങ്ങള്‍ക്കു ശേഷം നമ്മള്‍ കണ്ടുമുട്ടിയത്‌ അന്റെ വഴിത്തിരിവിനാണെന്ന്‌ കൂട്ടിക്കൊ. ഞങ്ങളിപ്പോള്‍തന്നെ നിന്റെ ഓഫീസില്‌ വരാം "
  ജീവിതം ഒരുപാട്‌ വഴിത്തിരിവുകളാണ്‌. അതിനിടയില്‍ മറ്റെന്ത്‌ അപ്രതീക്ഷിതമായ വഴിത്തിരിവുമായാണ്‌ ഉസ്‌താദ്‌ വരുന്നതെന്ന്‌ ചിന്തിക്കുന്നതിനിടയില്‍ എന്റെ ക്യാമ്പസില്‍ ഒരു കാര്‍ വന്നുനിന്നു. അതില്‍ നിന്ന്‌ ഉസ്‌താദും അടിമുടി ഇംഗ്ലീഷുകാരനെപ്പോലെ തോന്നിക്കുന്ന ഒരു ചെറുപ്പക്കാരനും പുറത്തിറങ്ങി. അത്യാകാംക്ഷയോടെ ഞാന്‍ അവരെ സ്വീകരിച്ചിരുത്തി. ചെറുപ്പക്കാരന്‍ ഇംഗ്ലീഷ്‌ കലര്‍ന്ന മലയാളത്തിലും ഉസ്‌താദ്‌ പച്ചമലയാളത്തിലും എന്നോട്‌ സംസാരിച്ചു തുടങ്ങി. തുടങ്ങിയപ്പോഴെ ഞാന്‍ അപകടം മണത്തു. മൗനത്തിന്റെ മഹാകവചമണിഞ്ഞ്‌ ഞാന്‍ പ്രതിരോധത്തിലേക്ക്‌ നൂണ്ടു. അവസാനം അവര്‍ എനിക്ക്‌ മുമ്പില്‍ ഒരു പ്രൊജക്‌ട്‌ റിപ്പോര്‍ട്ട്‌ തുറന്നു. വായിച്ചും കേട്ടും തലവേദനയായി മാറിയ പദങ്ങള്‍. അഗോളവല്‍ക്കരണം തുറന്നു തരുന്ന അനന്ത സാധ്യതള്‍. നോട്ടുകെട്ടുകള്‍ അടുക്കിവച്ച്‌ മനസ്സില്‍ പടുത്തുയര്‍ത്തിയ ഹിമാലയങ്ങള്‍.എന്റെ മനസ്സില്‍ ഒരു വിലാപമുയര്‍ന്നു.
``ഉസ്‌താദേ നിങ്ങളും..?''
എന്റെ നോട്ടത്തില്‍ നിന്ന്‌ ആ ചോദ്യം ഉസ്‌താദിന്‌ മനസ്സിലായിരിക്കണം. അദ്ദേഹം പറഞ്ഞു:
``എല്ലാരും ലോകം വെട്ടിപ്പിടിക്കുമ്പോള്‍ നമ്മള്‍ മാത്രം ഒന്നും ചെയ്‌തില്ലെങ്കില്‍...''
`ചെയ്‌തില്ലെങ്കില്‍....?'
ഞാന്‍ ഉസ്‌താദിന്റെ കണ്ണുകളിലേക്ക്‌ നോക്കി.പ്രവാചകന്മാരുടെ കഥകള്‍ പറയുമ്പോള്‍ തുളുമ്പാറുള്ള ആ കണ്ണുകളില്‍ നിന്ന്‌ ആര്‍ദ്രതയുടെ അവസാനതുള്ളിയും കാലം കവര്‍ന്നെടുത്തിരിക്കുന്നു. അവിടെ കൊടുംവേനല്‍ മാത്രം!
                                                                          ***

       എന്താണ്‌ നിങ്ങളുടെ ജീവിതലക്ഷ്യം?ഭാവിയില്‍ ഏതു മേഖലയാണ്‌ നിങ്ങള്‍ തിരഞ്ഞെടുക്കുക?
ഒരു കരിയര്‍ ഗൈഡന്‍സ്‌ ശില്‍പശാലയുടെ അവസാന സെഷനില്‍ എന്റെ മുമ്പിലിരിക്കുന്ന കൗമാരക്കാരോട്‌ ഞാന്‍ ചോദിച്ചു.
അഭിരുചികള്‍ക്കും നൈപുണികള്‍ക്കും ഇണങ്ങുന്ന മേഖല തിരഞ്ഞെടുക്കുമ്പോഴേ തൊഴിലില്‍ സംതൃപ്‌തിയുണ്ടാകൂ എന്നും പഴയ സാധനങ്ങള്‍ പെറുക്കുന്നതു മുതല്‍ ഐഎഎസ്‌ വരെ ഏത്‌ തൊഴിലിലും വിജയിക്കാന്‍ കഴിയുമെന്നും വസ്‌തുതകളിലൂടെയും ഉദാഹരണങ്ങളിലൂടെയും അതിനുമുമ്പുള്ള സെഷനുകളില്‍ ഞാന്‍ കുട്ടികള്‍ക്ക്‌ വ്യക്തമാക്കിക്കൊടുത്തിരുന്നു. മാത്രമല്ല ഓരോ മേഖലയിലും ശോഭിക്കാന്‍ എന്തെല്ലാം നൈപുണികള്‍ ഉണ്ടായിരിക്കണമെന്നും ഞാന്‍ പറഞ്ഞു കൊടുത്തിരുന്നു. എന്നാല്‍ എന്റെ അതുവരെയുള്ള ക്ലാസിനെയെല്ലാം നിരര്‍ത്ഥകമാക്കിക്കൊണ്ട്‌ ആ ക്ലാസിലുണ്ടായിരുന്ന നാല്‍പതു പേരില്‍ മുപ്പത്തിയൊമ്പതു പേരും പറഞ്ഞത്‌ ഒരേ ഉത്തരമാണ്‌.അവര്‍ക്കെല്ലാം ഭാവിയില്‍ ബിസിനസ്സുകാരാവാനാണ്‌ താല്‍പര്യം. അതും ഐഐഎമ്മില്‍ നിന്നു എംബിഎ എടുത്ത ബിസിനസ്സുകാര്‍.ഞാന്‍ ആകെ ആശയക്കുഴപ്പത്തിലായി. എന്തുകൊണ്ട്‌ ഈ കുട്ടികളെല്ലാം തന്നെ ബിസിനസ്സ്‌ തിരഞ്ഞെടുക്കുന്നു? ഇവരെല്ലാം ബിസിനസ്സില്‍ അഭിരുചിയുള്ളവരാണോ? ഈ ലോകത്ത്‌ ഇവര്‍ക്ക്‌ പറ്റുന്ന മറ്റൊരു തൊഴിലുമില്ലേ?ഞാന്‍ എന്റെ സംശയം തുറന്നു ചോദിച്ചു.കുട്ടികള്‍ ഒന്നടങ്കം പറഞ്ഞു:`
`ഇക്കാലത്ത്‌ ബിസിനസ്സിലൂടെ മാത്രമെ  കൂടുതല്‍ സമ്പാദിക്കാനാവൂ.''
എന്തു മറുപടി പറയണമെന്നറിയാതെ ഞാന്‍ ആ കുട്ടികള്‍ക്കു മുമ്പില്‍ കുറച്ചുനേരം നിശ്ശബ്‌ദനായി നിന്നുപോയി. എന്താണ്‌ നമ്മുടെ കുട്ടികള്‍ക്ക്‌ സംഭവിച്ചു കൊണ്ടിരിക്കുന്നത്‌? ആഗോളീകരണവും അതിന്റെ സാമ്പത്തിക തത്വശാസ്‌ത്രവും നമ്മുടെ കുഞ്ഞുങ്ങളെപ്പോലും കീഴടക്കുകയാണ്‌. ശാരീരികമായി മാത്രമല്ല മാനസികമായും ഭൗതികമായും വ്യത്യസ്‌തരാണ്‌ മനുഷ്യര്‍. വ്യത്യസ്‌തമായ അഭിരുചികളും നൈപുണികളും ചിന്തകളും താല്‍പര്യങ്ങളുമുള്ളവര്‍. എന്നാല്‍ ആഗോളീകരണം ഈ വ്യത്യാസങ്ങളെയെല്ലാം അപ്രസക്തമാക്കുകയാണ്‌. ശരീരത്തിനെ ക്ലോണ്‍ ചെയ്യുന്നതിനു പകരം മനസ്സിനെ ക്ലോണ്‍ ചെയ്‌ത്‌ `പണം' എന്ന ഒരൊറ്റ ലക്ഷ്യം മാത്രമുള്ള ജന്മങ്ങളെ സൃഷ്‌ടിച്ചെടുക്കുകയാണ്‌ ആഗോളീകരണം. പണമുണ്ടാക്കുന്നതിന്‌ മാത്രമായി ജനിച്ചു ജീവിക്കുന്ന ക്ലോണുകള്‍ ലോകത്തിന്റെ നാനാഭാഗത്തും വ്യാപിച്ചുകഴിഞ്ഞു. കമ്യൂണിസ്റ്റ്‌ചൈന പോലും ഈ ക്ലോണുകള്‍ കൊണ്ട്‌ നിറഞ്ഞിരിക്കുമ്പോള്‍ നമ്മുടെ കുട്ടികളും മറ്റൊന്നാവാന്‍ വഴിയില്ല.ഒരു കുട്ടികൂടി ഇനിയും ഉത്തരം പറയാനുണ്ട്‌ എന്നത്‌ എനിക്ക്‌ ഒരല്‍പം പ്രതീക്ഷ തന്നു. ക്ലോണുകള്‍ മാത്രമുള്ള ലോകത്ത്‌ ഒരു മനുഷ്യജീവിയെങ്കിലും ഇല്ലാതിരിക്കുമോ?അതൊരു പെണ്‍കുട്ടിയായിരുന്നു. ഞാനവളോട്‌ തിരക്കി:
``ഇവരെല്ലാം ഭാവിയിലെ ബിസിനസ്സുകാരാണ്‌. കുട്ടി എന്താവും?``
"എനിക്ക്‌ ഒരു അധ്യാപികയാവണം''
``വെരിഗുഡ്‌''
ഒരു കൗമാരക്കാരിയുടെ, അവള്‍ക്കു തന്നെ ഉറപ്പില്ലാത്ത ഒരു ലക്ഷ്യമാണ്‌ അതെന്ന്‌ അറിയാമായിരുന്നിട്ടും ഏതോ വ്യത്യസ്‌തവും മഹത്തരവുമായ ലക്ഷ്യമാണ്‌ ആ കുട്ടി തിരഞ്ഞെടുത്തിരിക്കുന്നതെന്നപോലെയാണ്‌ എനിക്കപ്പോള്‍ തോന്നിയത്‌. ക്ലോണുകള്‍ക്കിടയില്‍ ഇതാ ഒരു മനുഷ്യക്കുട്ടി എന്ന്‌ പറഞ്ഞ്‌ അവളെ എടുത്തുയര്‍ത്തണമെന്ന്‌ എനിക്ക്‌ ആഗ്രഹമുണ്ടായിരുന്നു. അത്‌ അടക്കിവച്ചുകൊണ്ട്‌ ഞാനവളോട്‌ വിശദീകരണങ്ങള്‍ ആരാഞ്ഞു.`
`എന്തുകൊണ്ട്‌ കുട്ടി ഒരു അധ്യാപികയാവാന്‍ ആഗ്രഹിക്കുന്നു?'' 
യാതൊരു ശങ്കയുമില്ലാതെ അവള്‍ മറുപടി പറഞ്ഞു:
``സാറേ... അധ്യാപികയായാല്‍ ഇഷ്‌ടം പോലെ ഫ്രീ സമയം കിട്ടും. ഈ ഒഴിവു സമയം ബിസിനസ്സിന്‌ വിനിയോഗിച്ചാല്‍ ഇഷ്‌ടംപോലെ കാശുണ്ടാക്കാല്ലോ എന്റെ മമ്മി ഇപ്പൊ അതാ ചെയ്യണത്‌.
                                                                          * * *

  പഴയകാലത്തെ ഒരു ഇടതുപക്ഷ സുഹൃത്ത്‌ ഈയിടെ കണ്ടപ്പോള്‍ ചോദിച്ചു:
``മതമൗലികവാദികളുടെ പ്രസിദ്ധീകരണങ്ങളിലൊക്കെ ഇപ്പോള്‍ എഴുതിക്കാണാറുണ്ടല്ലോ?''
ഞാന്‍ അവനോട്‌ പറഞ്ഞു:
`ലോകത്തെവിടെയും ഇന്ന്‌ മതമൗലികവാദമില്ല. ഉണ്ടെങ്കില്‍ അത്‌ പണമൗലികവാദത്തിനുള്ള ഒരു മറമാത്രമാണ്‌.''
  അതെ, ആഗോളീകരണം ലോകത്ത്‌ പടര്‍ത്തിക്കൊണ്ടിരിക്കുന്നത്‌ പണമൗലികവാദവും പണ ഭീകരതയുമാണ്‌. സ്വന്തം മനസ്സിന്റെ ചപ്പുചവറുകള്‍ ചികഞ്ഞു നോക്കുക; അവിടെ ഏത്‌ സമയവും പൊട്ടിത്തെറിക്കാന്‍ പാകത്തില്‍ ഒരു ബോംബ്‌ നിങ്ങള്‍ കണ്ടെത്തുക തന്നെ ചെയ്യും. അറിയുക അത്‌ ആഗോളീകരണം നിങ്ങളറിയാതെ നിങ്ങള്‍ക്കുള്ളില്‍വച്ച സര്‍വ്വനാശകാരിയായ ബോംബാണ്‌.

3 comments:

  1. km mustaf
    hai
    lekhanam vayichu.usthadil ninnu thudanghi
    adyapikayil avasanichu.evideyum panam adipathyam sthapichirikkunnu.
    azeezz.thalappara
    pallithodi[mini mahal
    near akbar travls. moonniyur

    ReplyDelete
  2. vichithram,vakkukal nannayi korthuvachu athil alpam[dharalam]vikararangal koodi cherthappol varthamana lokathinte nagna chithram thayyar> ismail ahsani pulingal mds vennackode 9747681161

    ReplyDelete