Friday 13 August, 2010

A PATH TO FINANCIALFREEDOM

സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കൊരു വഴി

"ഇത്‌ എന്റെ കഥയാണ്‌"
രാത്രി വന്നതും നിലാവ്‌ പരന്നതും' എന്ന കുറിപ്പ്‌ വായിച്ച്‌ ഗള്‍ഫില്‍ നിന്ന്‌ വിളിച്ചവരെല്ലാം പറഞ്ഞത്‌ ഇതാണ്‌. ഒരു മനുഷ്യായുസ്സ്‌ മുഴുവനും മരുഭൂമിയില്‍ കഷ്‌ടപ്പെട്ടിട്ടും ജീവിതത്തില്‍ എങ്ങുമെത്താതെപോയ മൂസഹാജിയുടെ ജീവിതം പകര്‍ത്തുമ്പോള്‍ ലക്ഷോപലക്ഷം പ്രവാസികളുടെ കഥയിതാണെന്ന വിചാരം ഒട്ടുമില്ലായിരുന്നു. ആളുകള്‍ വിളിച്ചു തുടങ്ങിയപ്പോഴും ഒരു വിഭാഗത്തെ മുഴവന്‍ പ്രതിനിധീകരിക്കുന്ന ഒരു കഥാപാത്രത്തെയാണ്‌ മൂസഹാജിയിലൂടെ ഞാന്‍ സൃഷ്‌ടിച്ചിരിക്കുന്നതെന്നു ആത്മനിര്‍വൃതി ലേശവും എനിക്കില്ലായിരുന്നു. എന്നാല്‍ അബൂദാബിയില്‍ നിന്ന്‌ അംജദ്‌ വിളിച്ചപ്പോഴാണ്‌ മൂസഹാജി ഒരാളല്ലെന്ന കാര്യം എനിക്ക്‌ ബോധ്യപ്പെട്ടത്‌. തന്റെ ഒരു കഥ ഓരോ വായനക്കാരന്റെയും കഥയായി മാറുമ്പോള്‍ ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം സ്വാഭാവികമായും സന്തോഷമാണ്‌ ഉണ്ടാവുക. എന്നാല്‍ മൂസഹാജി എന്റെ സര്‍ഗാത്മക ജീവിതത്തില്‍ ഒരു പ്രതിസന്ധിയാണ്‌ സൃഷ്‌ടിച്ചത്‌.
`അടുത്ത തവണ നിങ്ങള്‍ എന്തെഴുതും?'
അംജദ്‌ ചോദിച്ചു.`അതെന്താ അങ്ങനെ ചോദിച്ചത്‌?'``ശരാശരി പ്രവാസിക്ക്‌ മൂസഹാജിക്കപ്പുറം ഒരു കഥയുണ്ടാവുമെന്ന്‌ തോന്നുന്നില്ല. ശരിക്കും ആലോചിച്ചാല്‍ ഒരൊറ്റ കഥ മാത്രമുള്ളവനാണ്‌ പ്രവാസി. ആ കഥ ഏറെക്കുറെ നിങ്ങള്‍ എഴുതിക്കഴിഞ്ഞു. അടുത്ത തവണ നിങ്ങള്‍ എന്തെഴുതും?''അംജദിനോട്‌ സംസാരിച്ച്‌ ഫോണ്‍ വച്ചതിന്‌ ശേഷം ഞാന്‍ ചിന്തിച്ചത്‌ മൂസഹാജിയില്‍ നിന്നും വ്യത്യസ്‌തമായി ഒരു പ്രവാസിജീവിതരേഖക്ക്‌ വേണ്ടിയായിരുന്നു. എനിക്ക്‌ പരിചയമുള്ളതും കേട്ടറിഞ്ഞതുമായ ജീവിതങ്ങളിലൂടെ ഞാന്‍ യാത്ര ചെയ്‌തുകൊണ്ടിരുന്നു. ഈ ഭൂമിയില്‍ നേടിയവരും നഷ്‌ടപ്പെട്ടവരും എന്നുമുണ്ടായിട്ടുണ്ട്‌. പ്രവാസികളും ഈ കാര്യത്തില്‍ വ്യത്യസ്‌തരല്ല. എന്നാല്‍ പ്രവാസികളുടെ യാഥാര്‍ത്ഥ്യം മറ്റൊന്നു കൂടിയാണ്‌; നേടിയവരില്‍ തന്നെ നഷ്‌ടപ്പെട്ടവരുമുള്ള ഒരു പ്രത്യേക വിഭാഗമാണ്‌ പ്രവാസികള്‍. അഥവാ പ്രവാസികളുടെ എല്ലാ നേട്ടങ്ങളും ചില വലിയ നഷ്‌ടങ്ങളോട്‌ കൂട്ടി വായിച്ചാലേ പൂര്‍ണമാവുകയുള്ളൂ. ജീവിതമെന്ന ഏറ്റവും വിലപിടിപ്പുള്ള ഒന്നിനെ നഷ്‌ടപ്പെടുത്തി പ്രവാസികളുണ്ടാക്കിയ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ ഒരു നേട്ടമായി എങ്ങനെ എണ്ണാന്‍ പറ്റും?പ്രവാസികളുടെ കഥകള്‍ പല സാഹചര്യങ്ങളില്‍ നിന്നും തുടങ്ങാന്‍ പറ്റും. എന്നാല്‍ ഓരോ കഥയും പാതിയാവുമ്പോഴേക്കും ഒരേ പ്രശ്‌നങ്ങളിലേക്കും പ്രതിസന്ധിയിലേക്കും കടന്നു ചെല്ലുകയും ആര്‍ക്കും പ്രവചിക്കാവുന്ന ഒരു ക്ലൈമാക്‌സില്‍ എരിഞ്ഞൊടുങ്ങുകയും ചെയ്യുന്നു. ഇതാണ്‌ അംജദ്‌ ചോദിച്ചതിന്റെ പൊരുള്‍. അടുത്ത തവണ നിങ്ങളെന്തെഴുതും?പുതുയായി ഒരു കഥയും കടന്നു വരാത്ത വിധം പ്രവാസിയുടെ ലോകത്ത്‌ എന്നെന്നേക്കുമായി വാതിലുകളും ജാലകങ്ങളും കൊട്ടിയടക്കപ്പെട്ടു കഴിഞ്ഞു. ഇനിയാര്‍ക്കും അത്‌ തുറക്കാനാവില്ലേ?പ്രവാസിയും സാമ്പത്തിക സാക്ഷരതയുംഊക്കന്‍ ആണിയടിച്ച്‌ പൂട്ടിയതാണെങ്കിലും ഏത്‌ ജനലും വാതിലും തുറക്കാന്‍ കഴിയുമെന്ന്‌ മനസ്സിലാക്കുന്ന ഒരു ശുഭാപ്‌തി വിശ്വാസിയാണ്‌ ഈയുള്ളവന്‍; നല്ലൊരു ചുറ്റിക വേണമെന്നു മാത്രം. ഒരാള്‍ പ്രവാസിയായി ജനിക്കുന്നതും ജീവിക്കുന്നതും മരിക്കുന്നതും പണം എന്ന ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടിയാണെന്നത്‌ എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്‌. ഇങ്ങ്‌, നമ്മുടെ പാടത്തും പറമ്പിലുമൊക്കെ പണം കായ്‌ക്കുന്ന മരങ്ങളും കതിരുകളുമുണ്ടായിരുന്നെങ്കില്‍ നമ്മുടെ സ്വപ്‌നങ്ങളിലൊരിടത്തും മരുഭൂമിയുണ്ടാകുമായിരുന്നില്ല. പണത്തിനു മറ്റ്‌ ഉപലക്ഷ്യങ്ങളുണ്ടാവാം. ആവശ്യത്തിനുള്ള പണമുണ്ടാക്കുക എന്നത്‌ വളരെ കഠിനമായ പ്രവൃത്തിയാണോ? ആളുകള്‍ക്കനുസരിച്ചും സാഹചര്യങ്ങള്‍ക്കും സമയത്തിനുമനുസരിച്ചും പണമുണ്ടാക്കുന്നതിന്റെ കാഠിന്യത്തില്‍ വ്യത്യാസമുണ്ടായിരിക്കാം. എന്നാല്‍ പണമുണ്ടാക്കുക എന്നത്‌ ഒരു മനുഷ്യായുസ്സ്‌ മുഴുവന്‍ ബലിയര്‍പ്പിക്കേണ്ട കാര്യമേയല്ല എന്നാണ്‌ ഈയുള്ളവന്‍ മനസ്സിലാക്കിയിട്ടുള്ളത്‌. ഒരു ചില്ലിക്കാശുപോലും കൈയിലില്ലാതെ നട്ടം തിരിഞ്ഞിടത്തു നിന്ന്‌ ഇവിടെ എത്തിനില്‍ക്കുമ്പോള്‍ പണത്തിന്റെ ചില രഹസ്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്‌ക്കാന്‍ എനിക്ക്‌ കഴിയും. ഒരു രൂപപോലും കൈയിലില്ലാത്തവന്‌ അയാളുടെ ഉപജീവനപാതയുടെ തുടക്കത്തില്‍ പണമുണ്ടാക്കുക എന്നത്‌ സ്വല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണ്‌. എന്നാല്‍ ഒരു രൂപ കൈയിലുള്ള ഒരാള്‍ക്ക്‌ കൂടുതല്‍ അദ്ധ്വാനിക്കാതെ തന്നെ ആ ഒരു രൂപ ഉപയോഗിച്ച്‌ മാസം അഞ്ച്‌ പൈസയെങ്കിലും ഉണ്ടാക്കാന്‍ കഴിയും. അങ്ങനെ ഒരു വര്‍ഷം കൊണ്ട്‌ കൈയിലുള്ള ഒരു രൂപ 1.60 ആയി മാറുന്നു. ഒരു രൂപയെ ഒരു വര്‍ഷം കൊണ്ട്‌ 1.60 ആക്കി മാറ്റുന്നത്‌ വളരെ ലളിതമായ ഒരു ഫോര്‍മുലയാണ്‌. എന്നാല്‍ സാമ്പത്തിക സാക്ഷരനായ ഒരാള്‍ക്കേ ഈ ഫോര്‍മുല പ്രാവര്‍ത്തികമാക്കാന്‍ കഴിയൂ. ഒരു ശരാശരി പ്രവാസിക്ക്‌ ഇല്ലാതെ പോകുന്നതും അതാണ്‌.

എങ്ങനെയാണ്‌ സാമ്പത്തിക സാക്ഷരത കൈവരിക്കുക? എന്റെ തന്നെ അനുഭവത്തിലൂടെ ഞാനിത്‌ വ്യക്തമാക്കാം. മാസം 1000 രൂപ ശമ്പളം കിട്ടുന്ന ജോലിയില്‍ നിന്നാണ്‌ എന്റെ തുടക്കം. ആയിരം രൂപയില്‍ അഞ്ഞൂറ്‌ രൂപയും ഞാന്‍ എന്നില്‍ തന്നെ നിക്ഷേപിച്ചു. എന്റെ അഭിരുചിക്കിണങ്ങുന്ന കോഴ്‌സുകള്‍ കണ്ടെത്തി പഠിച്ചു. എന്റെ മേഖലയില്‍ ഒരു വിദഗ്‌ധനാകാന്‍ കഴിയുന്ന ഒരുപാട്‌ പുസ്‌തകങ്ങള്‍ പണം കൊടുത്ത്‌ വാങ്ങിച്ചു പഠിച്ചു. കാലാനുഗതമായ വര്‍ദ്ധനവിലൂടെ നാലു വര്‍ഷം കൊണ്ട്‌ 2200 രൂപ ശമ്പളത്തിലെത്തിയിരുന്ന എന്റെ പഴയ ജോലി ഞാന്‍ വിട്ടു. ഏതെങ്കിലും ഒരു തൊഴില്‍ സ്ഥാപനത്തില്‍ നിത്യത്തൊഴില്‍ ചെയ്യേണ്ട അവസ്ഥയില്‍ നിന്ന്‌ നിശ്ചിത സമയത്തേക്ക്‌ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന പ്രൊഫഷണല്‍ എന്ന നിലയിലേക്ക്‌ അപ്പോഴേക്കും ഞാന്‍ വളര്‍ന്നിരുന്നു. അന്ന്‌ എനിക്ക്‌ കിട്ടിയിരുന്ന തുച്ഛമായ ശമ്പളത്തില്‍ നിന്ന്‌ വലിയൊരു ഭാഗം ഞാന്‍ പഠനത്തിനായി നിക്ഷേപിച്ചില്ലായിരുന്നെങ്കില്‍ ഏതെങ്കിലും അണ്‍എയ്‌ഡഡ്‌ സ്‌കൂളിലെ നാലായിരമോ അയ്യായിരമോ ശമ്പളത്തിനു വേണ്ടി പകല്‍ മുഴുവന്‍ വായിട്ടലയ്‌ക്കുകയും എന്നോ കടന്നുവന്നേക്കാവുന്ന ഭാഗ്യത്തെ സ്വപ്‌നത്തില്‍ താലോലിച്ച്‌ ജീവിതം തള്ളിനീക്കുകയും ചെയ്യുന്ന ഗതികിട്ടാത്തവനായി ഇന്നും ഞാന്‍ തുടരുമായിരുന്നു. പഠനം പണം തരാത്ത ആദ്യനാലു വര്‍ഷം നന്നായി ബുദ്ധിമുട്ടിയെങ്കിലും പിന്നീട്‌ എനിക്ക്‌ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. എപ്പോഴും എന്നെത്തേടി ഒരു അസൈന്‍മെന്റ്‌ വരുന്നു. വേണമെങ്കില്‍ സ്വീകരിക്കാം. അല്ലെങ്കില്‍ ഒഴിവാക്കാം. എന്റെ ഒരു ദിവസം എവിടെ എങ്ങനെയായിരിക്കണമെന്ന്‌ തീരുമാനിക്കാനുള്ള സാമ്പത്തിക സ്വാതന്ത്ര്യം ഇന്നെനിക്കുണ്ട്‌.അനുഭവമാണല്ലോ ഏറ്റവും നല്ല വഴികാട്ടി. നിക്ഷേപിക്കുന്ന കാര്യത്തില്‍ ഞാനിന്നും ഒരു കുറവും വരുത്താറില്ല. ഈ ലേഖനം എഴുതിത്തീര്‍ക്കാന്‍ ഏറ്റവും ചുരുങ്ങിയത്‌ എനിക്ക്‌ അഞ്ചുമണിക്കൂറെങ്കിലും വേണം. സാമ്പത്തികമായി നോക്കുമ്പോള്‍ എന്റെ അഞ്ച്‌ മണിക്കൂറിന്‌ ഒരു ലേഖനമെഴുതിയാല്‍ ലഭിക്കുന്ന റോയല്‍റ്റിയെക്കാള്‍ ഇരട്ടിവിലയുണ്ട്‌. അതുകൊണ്ട്‌ മറ്റു പണികള്‍ മാറ്റിവച്ച്‌ ലേഖനമെഴുതാനിരിക്കുക എന്നത്‌ ഒറ്റനോട്ടത്തില്‍ എന്നെ സംബന്ധിച്ചിടത്തോളം ഒരു നഷ്‌ടക്കച്ചവടമാണ്‌. എന്നിട്ടും ഞാനെഴുതുന്നുവെങ്കില്‍ എന്താണതിനു പിന്നിലെ പ്രചോദനം? ആന്തരികമായ ചില കാരണങ്ങള്‍ ഏതൊരു എഴുത്തുകാരനെയും പോലെ എനിക്കും ബാധകമാണ്‌. എന്നാല്‍ സാമ്പത്തികമായ നിക്ഷേപം കൂടി ഞാന്‍ ഈ ലേഖനമെഴുതുമ്പോള്‍ നടത്തുന്നുണ്ട്‌. ഇത്തരത്തിലുള്ള പത്തോ പന്ത്രണ്ടോ ലേഖനങ്ങള്‍ ചേര്‍ത്താല്‍ ഭാവിയില്‍ ഒരു പുസ്‌തകമാക്കാം. അത്‌ ആളുകള്‍ വാങ്ങുന്നിടത്തോളം കാലം അതില്‍ നിന്നും വരുമാനം വന്നു കൊണ്ടിരിക്കും. അതിന്‌ പ്രത്യേകമായി അദ്ധ്വാനിക്കേണ്ടതില്ല. ഒരു എഴുത്തുകാരന്റെ പുസ്‌തകം അയാള്‍ക്കുമാത്രമല്ല, അയാളുടെ പിന്‍ഗാമികള്‍ക്കും വരുമാനം നല്‍കിയേക്കാം. പഠനം എന്റെ ഒരു ആസ്‌തിയാകുന്നു. ഞാനെഴുതുന്ന ലേഖനങ്ങളും എന്റെ ആസ്‌തിയാകുന്നു. ഏത്‌ കാലത്തും നമുക്ക്‌ വരുമാനം തന്നേക്കാവുന്ന ഒന്നിനെയാണ്‌ ആസ്‌തി എന്നു പറയുന്നത്‌. നാം അദ്ധ്വാനിച്ചു കിട്ടുന്ന പണത്തിന്റെ ഒരു ഭാഗം ആസ്‌തികള്‍ ഉണ്ടാക്കാനായി ഉപയോഗിച്ചാല്‍ കുറച്ചുകഴിയുമ്പോള്‍ പണത്തിനുവേണ്ടി അദ്ധ്വാനിക്കേണ്ട അവസ്ഥയില്‍ നിന്ന്‌ നമുക്ക്‌ പുറത്തു കടക്കാന്‍ കഴിയും. പഠനവും ലേഖനമെഴുത്തും എല്ലാവര്‍ക്കും നേടിയെടുക്കാന്‍ പറ്റുന്ന ആസ്‌തികളല്ല. അതേസമയം സ്വര്‍ണ്ണവും ഭൂമിയുമോ? `സ്വര്‍ണ്ണം ഒരു ആസ്‌തിയാണ്‌. ആഭരണ രൂപത്തിലാവരുതെന്ന്‌ മാത്രം. സ്വര്‍ണ്ണത്തെ പരിചരിക്കാന്‍ പ്രത്യേകിച്ച്‌ ചെലവൊന്നുമില്ല. മാത്രമല്ല ഏതു കാലത്ത്‌ വിറ്റാലും വാങ്ങിയതിനെക്കാള്‍ കൂടുതല്‍ കിട്ടുമെന്നും ഉറപ്പാണ്‌. ഭൂമിയാണ്‌ ഏറ്റവും നല്ല ആസ്‌തി. ഭൂമിയില്‍ നിങ്ങള്‍ക്ക്‌ സ്വര്‍ണം വിളയിച്ചെടുക്കാന്‍ കഴിയും. അതു മാത്രമോ, എപ്പോള്‍ വിറ്റാലും മോഹവില തന്നെ കിട്ടുകയും ചെയ്യും.ഒരു യുവാവ്‌ ഗള്‍ഫില്‍ പന്ത്രണ്ട്‌ വര്‍ഷം അദ്ധ്വാനിച്ച്‌ പത്ത്‌ ലക്ഷം രൂപയുണ്ടാക്കി നാട്ടില്‍ വന്ന്‌ പത്ത്‌ ലക്ഷത്തിന്റെ ഒരു കോണ്‍ക്രീറ്റ്‌ വീടുണ്ടാക്കി. എങ്കില്‍ ആ വീട്‌ ആസ്‌തിയാണോ? അല്ലേ അല്ല. വീട്‌ ഒരു ബാധ്യതയാണ്‌. അത്‌ നിങ്ങള്‍ക്ക്‌ ഒരു വരുമാനവും തരില്ല എന്നു മാത്രമല്ല, അതിനെ മെയിന്റയിന്‍ ചെയ്യാന്‍ നിങ്ങളുടെ പോക്കറ്റില്‍ നിന്ന്‌ ചെലവായി കൊണ്ടിരിക്കുകയും ചെയ്യും. ഇനി ഏതെങ്കിലും കാലത്ത്‌ ആ വീട്‌ വിറ്റാല്‍ പോലും നിര്‍മിക്കാന്‍ വേണ്ടി ചെലവഴിച്ച പണം പോലും നിങ്ങള്‍ക്ക്‌ തിരിച്ചു കിട്ടില്ല. വീടു നിന്നിരുന്ന സ്ഥലത്തിനേ വില കണക്കാക്കൂ. കാര്‍ ഒരു ആസ്‌തിയാണോ ബാധ്യതയാണോ? വീടിനേക്കാള്‍ മഹാ ബാധ്യതയാണ്‌ കാര്‍ എന്നതാണ്‌ വസ്‌തുത. ഓടിക്കേണ്ട കാര്യമില്ല, ഷോറൂമില്‍ നിന്നിറക്കിയാല്‍ മതി അത്‌ `സെക്കന്‍സ്‌ ഹാന്റായി' മാറാന്‍. ഒന്നു രണ്ടുവര്‍ഷം കഴിയുമ്പോഴേക്കും പഴയമോഡലായി. വാങ്ങിയ വിലയുടെ നാല്‍പതു ശതമാനം പിന്നെ വിറ്റാല്‍ കിട്ടില്ല. കാര്‍ ഒരു ആഡംബര വസ്‌തുവായിരിക്കുമ്പോള്‍ അതൊരു ബാധ്യതയാണ്‌.ശരാശരി പ്രവാസി ആസ്‌തികള്‍ ഉണ്ടാക്കുന്നതില്‍ വിമുഖനും ബാധ്യതകള്‍ വാങ്ങിക്കൂട്ടുന്നതില്‍ ആര്‍ത്തികാണിക്കുന്നവനുമാണ്‌. ആസ്‌തികള്‍ വളരെ കുറവും ബാധ്യതകള്‍ കൂടുതലുമാകുമ്പോള്‍ ജീവിതകാലം മുഴുവന്‍ പ്രവാസിയായി തുടരേണ്ടി വരുന്നു. നിശ്ചിത ശമ്പളത്തിനു വേണ്ടി അദ്ധ്വാനിക്കേണ്ടി വരുന്നു. ഒരു ലക്ഷത്തിന്‌ മാസം അയ്യായിരം വീട്ടിലെത്തിക്കുന്ന മോഹനവാഗ്‌ദാനങ്ങളില്‍ അദ്ധ്വാനിച്ചുണ്ടാക്കിയതെല്ലാം പുകയായിപ്പോയ ഹതഭാഗ്യരെ യഥേഷ്‌ടം കാണാം. അതേ സമയം അദ്ധ്വാനിക്കുന്നതില്‍ അല്‍പം മിച്ചം വച്ച്‌ സമാനതല്‍പരരെ കണ്ടെത്തി കൂട്ടുബിസ്സിനസ്സും കൂട്ടുകൃഷിയുമൊക്കെ നടത്തി പ്രവാസത്തില്‍ നിന്ന്‌ മോചനം നേടിയ വിവേകമതികളെയും കാണാന്‍ കഴിയും. പണത്തിന്റെ എബിസിഡി അറിയാത്തവരാണ്‌ ആദ്യത്തെ വിഭാഗമെങ്കില്‍ സാമ്പത്തിക സാക്ഷരത കൈവരിച്ചവരാണ്‌ രണ്ടാമത്തെ ന്യൂനപക്ഷം.ആസ്‌തിയും ബാധ്യതയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി ബാധ്യതകള്‍ പരമാവധി കുറച്ച്‌ ആസ്‌തികള്‍ പരമാവധി കൂട്ടി സ്വന്തം വരുമാനത്തെ സ്വയം വാര്‍ത്തെടുക്കാനുള്ള വിവേകവും തന്റേടവുമാണ്‌ സാമ്പത്തിക സാക്ഷരത. പ്രവാസി ഏറ്റവും ആദ്യം കൈവരിക്കേണ്ടതും ഈയൊരു സാക്ഷരതയാണ്‌. മിച്ചം വയ്‌ക്കാവുന്ന ആദ്യത്തെ നൂറുരൂപയുണ്ടാക്കുക എന്നത്‌ എത്ര എളുപ്പമുള്ള കാര്യമല്ല. ഒരുപാട്‌ സമ്മര്‍ദ്ദങ്ങളെ നമുക്ക്‌ നേരിടേണ്ടി വന്നേക്കാം. എന്നാല്‍ ആ നൂറുരൂപയില്‍ നിന്ന്‌ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കൊരു പാത നമുക്ക്‌ വെട്ടിത്തെളിക്കാന്‍ കഴിയും. സാമ്പത്തിക സ്വാതന്ത്ര്യത്തിനു ശേഷം മാത്രമേ പ്രവാസിക്ക്‌ പുതിയ കഥകള്‍ പറയാനുണ്ടാവൂ.

2 comments:

  1. ibnu bathoothayude yathrakalum...hathayile mullavallikalum valere hrdyamayi.pravasiyude nombharagalum grhathurathovum jeevitha yatharthiyangalum manoharamyi hrdayasprakkay vivarichirikkunnu.gulf risala nalkiya mullavalli chithram layout very beutiful....

    ReplyDelete