കല എന്ന ആത്മീയാനുഭവം
Meditating through Pipe:View from Parappanangadi.Photo:K.M.Musthaf |
കരിങ്കല്ലില്‍ താപസന്റെ ഏകാഗ്രതയോടെ ഒരു കന്യകയെ കൊത്തിയെടുക്കുന്ന ശില്‍പിയുടെ ആത്യന്തികമായ ലക്ഷ്യം എന്തായിരിക്കും? താന്‍ കണ്ട സൌന്ദര്യത്തെ ഒരു ശിലയില്‍ അതേപടി പകര്‍ത്തുകയാവുമോ? കുറച്ചുകൂടി വിശാലമായി, പ്രകൃതിയില്‍ തന്റെ കണ്ണുകള്‍ ദര്‍ശിച്ച സൌന്ദര്യത്തെ ഒരു ശിലയിലേക്ക് ആവാഹിക്കുകയാവുമോ? തന്റെ ഉള്ളിലെ സൌന്ദര്യത്തെ ശില്‍പം എന്ന മാധ്യമത്തിലൂടെ പ്രകാശിപ്പിക്കുകയാവുമോ? ഒരു ശില്‍പിയെ ശില്പമെന്ന സൃഷ്ടിയുടെ കൊടുംവേദനയിലേക്ക് തള്ളിവിടുന്ന ആന്തരിക ചോദന ഇവയിലേതുമാകാം എന്നാണ് കലാകാരന്മാരുടെ അനുഭവങ്ങളില്‍നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്. കല സാമൂഹിക ഇടപെടലോ സ്വത്വ നിര്‍മ്മിതിയോ ആത്മപ്രകാശനമോ എന്നത് ‘കലാകാരന്‍’ എന്ന ‘വ്യക്തി’ ക്കനുസരിച്ച് വ്യത്യസ്തമായിരിക്കും. എന്നാല്‍ ഇവയ്ക്കപ്പുറം മറ്റെന്തെങ്കിലും ലക്ഷ്യം കലാകാരന്‍ കലയിലൂടെ അന്വേഷിക്കുന്നുണ്ടോ? പ്രകൃതി, സമൂഹം, വ്യക്തി എന്നിവരില്‍ മാത്രമായി കേന്ദ്രീകരിക്കപ്പെടാത്തതും അതിവിശാലവും അനിര്‍വചനീയവുമായ ഒരു തലത്തിലേക്ക് സൃഷ്ടിവേളയിലെ സര്‍ഗാത്മകവ്യാധിയില്‍ ഒരു കലാകാരന്‍ നടന്നടുക്കുന്നുണ്ടോ? പ്രവാസത്തിന്റെ വെന്തു നീറുന്ന ജീവിതത്തില്‍നിന്ന് ചലച്ചിത്രകലയുടെ വെള്ളിവെളിച്ചത്തിലേക്ക് യാദൃച്ഛികമായി കടന്നുവന്ന പി.ടി.കുഞ്ഞുമുഹമ്മദുമായുള്ള സംഭാഷണം കലയുടെ അഥവാ ജീവിതത്തിന്റെ ആത്മീയാനുഭവത്തിലേക്ക് ഒരു കിളിവാതില്‍ തുറന്നു തന്നു.
ചലച്ചിത്രം എന്ന മാധ്യമത്തിലൂടെ എന്താണ് താങ്കള്‍ അന്വേഷിക്കുന്നത്?
ബോധപൂര്‍വ്വം ഞാന്‍ ഒന്നും അന്വേഷിക്കുന്നില്ല. ചലച്ചിത്രത്തില്‍ മാത്രമല്ല ജീവിതത്തിലും. ഏതെങ്കിലും പ്രത്യേകദര്‍ശനത്തിലോ തത്വസംഹിതയിലോ പാണ്ഡിത്യമോ അടിസ്ഥാന വിവരം പോലുമോ എനിക്കില്ല. ഇത്രയും നേരം എന്നോട് സംസാരിച്ചതില്‍ നിന്ന് എന്റെ അജ്ഞത മുസ്‌തഫിന് ബോധ്യമായിട്ടുണ്ടാകും. ഞാന്‍ ജീവിതം അന്വേഷിക്കുന്നു എന്നതിനേക്കാള്‍ ജീവിതം എന്നെ അന്വേഷിക്കുന്നു എന്നതാവും ശരി. നമുക്ക് അപരിചിതമായ വഴികളിലൂടെ ജീവിതം നമ്മെ കൈപിടിച്ച് കൂട്ടിക്കൊണ്ടുപോകുന്നു. എന്റെ സിനിമകളും ജീവിതം പോലെ, സംഭവിച്ചു പോകുന്നതാണ്.
ജീവിതം യാദൃച്ഛികമായ ഒരു കണ്ടുമുട്ടലായിരുന്നു അല്ലേ?
തീര്‍ച്ചയായും, ജീവിതത്തിലൊരിക്കലും ഞാന്‍ കണക്കുകള്‍ സൂക്ഷിച്ചിട്ടില്ല. കണക്കുകൂട്ടിയുള്ള ജീവിതം യുക്തിഭദ്രമാണെന്ന അഭിപ്രായവും എനിക്കില്ല. പഠിക്കുന്ന കാലത്ത് പ്രവാസിയാകുമെന്ന് ഞാന്‍ നിനച്ചതേയല്ല. എന്നാല്‍ എപ്പോഴോ പൊള്ളുന്ന വേനലിലേക്ക് മരുഭൂമി എന്നെ മാടിവിളിച്ചു. മരുഭൂമി എനിക്ക് മറ്റൊരു ജീവിതം കാണിച്ചുതന്നു. അതെന്നെ ഞാനായി രൂപപ്പെടുത്തുകയായിരുന്നു. പ്രവാസം പിടയ്ക്കുന്ന ഒരു ഓര്‍മ്മയാക്കി ഈ മണ്ണില്‍ തിരിച്ചു കാല്‍വെക്കുമ്പോഴും ഇനി എങ്ങോട്ടു പോകുമെന്ന ചിന്ത എനിക്ക് അശേഷമില്ലായിരുന്നു. നാല്‍പ്പത്തിരണ്ടാം വയസിലാണ് ഒരു സിനിമ ചെയ്യുക എന്ന ആശയം എനിക്കുണ്ടാകുന്നത്. നിനച്ചിരിക്കാത്ത നേരത്തുണ്ടായ ഒരു വെളിപാട് തന്നെയായിരുന്നു അതും. ഒരു ജനപ്രതിനിധിയാവുക എന്നത് എന്റെ വിദൂര സ്വപ്നങ്ങളില്‍പോലും കടന്നുവരാത്ത ഒന്നായിരുന്നു. പിറകെ പാഞ്ഞു നടന്നാല്‍ മാത്രം കിട്ടുന്നതാണ് സ്ഥാനമാനങ്ങളെന്ന വിധി എന്റെ കാര്യത്തില്‍ ശരിയല്ല. എം.എല്‍.എ സ്ഥാനം ഞാനറിയാതെ എന്നെത്തേടി വരികയായിരുന്നു.
പ്രവാസി, ചലച്ചിത്രകാരന്‍, ജനപ്രതിനിധി, മാധ്യമപ്രവര്‍ത്തകന്‍...... ഈ പ്രയാണം എങ്ങോട്ടാണ്?
അറിയില്ല. ജീവിതത്തിലെ സുഖസൌകര്യങ്ങളും സ്ഥാനമാനങ്ങളും പൂര്‍ണ്ണമായും പരിത്യജിക്കാന്‍ കഴിയുംവിധം എന്റെ മനസ്സ് പാകപ്പെട്ടിട്ടില്ല. അതിലിപ്പോഴും സ്വാര്‍ത്ഥതയുടെ അംശങ്ങളുണ്ട്. എങ്കിലും ഭൌതിക വ്യവഹാരങ്ങളുടെ കണ്ണികള്‍ എന്നിലെവിടെയോ, ഒന്നൊന്നായി പൊട്ടിപ്പോകുന്നത് ഞാനറിയുന്നുണ്ട്. എല്ലാം കൂടുതല്‍ വിശാലമായ ഏതോ തലത്തിലേക്കുള്ള വഴികളായി എനിക്ക് തോന്നുന്നു. വഴിയില്‍ തങ്ങാന്‍ എനിക്കാവില്ല. ഒന്നിലും അള്ളിപ്പിടിച്ചിരിക്കാനും.
പ്രവാസം നല്‍കിയ അനുഭവങ്ങളെക്കുറിച്ച് പലകുറി താങ്കള്‍ പറഞ്ഞിട്ടുണ്ട്. എന്താണ് ചലച്ചിത്രം നല്‍കുന്ന അനുഭവം?
ചലച്ചിത്രം ഒരു പരകായ പ്രവേശമാണ്. അവിടെ ചലച്ചിത്രകാരനില്ല. സ്‌ക്രിപ്റ്റ് ചെയ്യുമ്പോഴാണ് എനിക്കീ അനുഭവം ഏറ്റവും നന്നായി ഉണ്ടായിട്ടുള്ളത്. എഴുതാനിരുന്നാല്‍ അവിടെ പിന്നെ പി.ടി.കുഞ്ഞുമുഹമ്മദ് ഇല്ല. ശാരീരികമായും മാനസികമായും. പല ശരീരങ്ങളിലൂടെയും പല മനസ്സുകളിലൂടെയും കൂടുവിട്ട് കൂടുമാറിയുള്ള ജീവിതം. ഒടുവില്‍ പേമാരിക്കും കൊടുങ്കാറ്റിനും ശേഷമുള്ള നിശ്ശബ്ദത പോലെ എല്ലാം ശാന്തം. സ്വസ്ഥം... അതൊരു അനിര്‍വചനീയമായ അനുഭൂതിയാണ്.
ഈയൊരു വിവരണാതീതമായ അനുഭൂതി തന്നെയല്ലേ ഫിലിം മേക്കിംഗിലൂടെ താങ്കള്‍ അന്വേഷിക്കുന്നതും.?
ആയിരിക്കാം. ആരാധനകളും പ്രാര്‍ത്ഥനയും മാത്രമല്ല ധ്യാനം. ഏതൊരു കര്‍മ്മത്തിലും കലയുണ്ട്. ഏതൊരു കലയ്ക്കും ധ്യാനത്തിന്റെ തലത്തിലേക്ക് ഉയരാന്‍ കഴിയും.
കലാകാരന്‍ ജനപ്രതിനിധിയായപ്പോഴുണ്ടായ അനുഭവം എന്തായിരുന്നു.?
രാഷ്‌ട്രീയം അധികാരത്തിന്റെ മാനിഫെസ്‌റ്റേഷന്‍ തന്നെയാണ്. അധികാരമാവട്ടെ ഏതൊരു സാധാരണ മനുഷ്യനെയും ഉന്മത്തനാക്കും. എം.എല്‍.എ. ആയതിന് ശേഷം ആദ്യ കുറച്ചുനാളുകളില്‍ അധികാരത്തിന്റെ ലഹരി എന്നെയും മത്തുപിടിപ്പിച്ചിരുന്നു. എവിടേയും ആള്‍ക്കൂട്ടം എന്നെ പൊതിഞ്ഞു. കസേരകള്‍ എനിക്കു വേണ്ടി ഒഴിയപ്പെട്ടു. ആളുകള്‍ എനിക്കു മുമ്പില്‍ നമ്രശിരസ്‌ക്കരായി നിന്നു. എന്ത് വില കൊടുത്തും ഈ അധികാരം നിലനിര്‍ത്തേണ്ടതാണെന്നും എനിക്ക് തോന്നി. എന്നാല്‍ കൃത്രിമമായ വാക്കുകളിലും അഭിനയങ്ങളിലും എനിക്ക് എന്നെതന്നെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ക്രമേണ ഞാന്‍ തിരിച്ചറിഞ്ഞു. എനിക്ക് എന്നെ വീണ്ടെടുക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ട് ജനപ്രതിനിധിയായിരിക്കുമ്പോള്‍ തന്നെ തികച്ചും സാധാരണക്കാരനായിരിക്കാന്‍ ഞാന്‍ ശ്രമിച്ചു. മുമ്പെന്നത്തേയും പോലെ മറ്റുള്ളവര്‍ക്കിടയില്‍ അവരിലൊരാളായി തുടര്‍ന്നു.
ഇടതുപക്ഷ രാഷ്‌ട്രീയത്തെക്കുറിച്ച്?
ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ഇടതുപക്ഷമല്ലാതെ മറ്റൊരു പ്രതീക്ഷ ബാക്കിയില്ല.
പ്രവാസം ഒരു കലാകാരനിലെ സാധ്യതകളെ പുറത്തുകൊണ്ടുവരാന്‍ സഹായകമാണെന്ന് തോന്നിയിട്ടുണ്ടോ?
പ്രവാസം ഒരു യാത്രയല്ല. യാത്രയില്‍ ഒരു പക്ഷെ നമുക്ക് നമ്മെത്തന്നെ കണ്ടെത്താന്‍ സാധിച്ചെന്നിരിക്കും. പ്രവാസം പക്ഷെ, പലായനമാണ്. നിലനില്‍പ്പിന് വേണ്ടിയുള്ള സമരമാണ് ഒരു പ്രവാസിയുടെ ജീവിതം. ഇതിനിടയില്‍ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാന്‍ സാഹചര്യം അയാളെ അനുവദിക്കില്ല.
അടുത്ത സിനിമ അബ്‌ദുറഹ്‌മാന്‍ സാഹിബിനെക്കുറിച്ചാണെന്ന് കേട്ടിരുന്നു. ഒരു ചരിത്രനായകനെ വിഷയമാക്കാനുള്ള പ്രചോദനം?
ഞാന്‍ ഒരു നല്ല വായനക്കാരനല്ല. എങ്കിലും ഇടയ്‌ക്കൊക്കെ പുസ്‌തകം കയ്യിലെടുക്കാറുണ്ട്. ഒരു ഫിക്ഷന്‍ വായിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം ചരിത്രവും ചിന്തയുമൊക്കെയാണ്. ഇതിനിടയിലെപ്പോഴൊ കടന്നുവന്നതാണ് മുഹമ്മദ് അബ്‌ദുറഹ്‌മാന്‍ സാഹിബ്. ഏറ്റവും കൂടുതല്‍ കവിതക്ക് പാത്രമായ ചരിത്രനായകന്‍ മഹാത്മജിയോ ഭഗത്‌സിംഗോ അല്ല, മുഹമ്മദ് അബ്‌ദുറഹ്‌മാന്‍ ആണ്. അദ്ദേഹം ജീവിതത്തില്‍ ഒരു ദുരന്ത നായകനായിരുന്നു. പ്രൌഢമായ പുലിത്തോലില്‍ കിടന്നുറങ്ങുമ്പോഴും ദാരിദ്യം കാര്‍ന്നു തിന്നുകയായിരുന്നു അദ്ദേഹത്തെ. പലരും നമ്മള്‍ കാണുന്നതുപോലെയല്ല. പുറമെ പൊട്ടിച്ചിരിക്കുമ്പോഴും ഉള്ളില്‍ ആര്‍ത്തിരമ്പുന്ന ഒരു ഹൃദയം കൊണ്ടുനടക്കുന്നവരുണ്ട്.
സിനിമ ഡോക്യു ഫിൿഷനാണോ?
ഫിൿഷന്‍ തന്നെയാണ്. മുഹമ്മദ് അബ്‌ദുറഹ്‌മാന്‍ സാഹിബും അദ്ദേഹത്തിന്റെ ഭാര്യ കുഞ്ഞിബീപാത്തുവും തമ്മിലുണ്ടാകുന്ന ചുരുങ്ങിയ കാലത്തെ പ്രണയത്തിന്റെ വ്യത്യസ്‌ത തലങ്ങളിലൂടെയാണ് ഈ സിനിമയുടെ പ്രയാണം.
The mystic love.Photo:K.M.Musthaf |
പ്രണയത്തിന് ശരീരത്തിനും മനസിനുമപ്പുറം ആത്മീയമായ ചില തലങ്ങളുണ്ട്. അബ്‌ദുറഹ്‌മാന്‍ സാഹിബും ബീപാത്തുവും തമ്മിലുണ്ടായിരുന്ന പ്രണയം ആഴത്തില്‍ ആത്മീയ ഉറവകളുള്ളതായിരുന്നു. പ്രണയം ഗാഢമാകുമ്പോള്‍ ‘ഞാന്‍’ എന്ന സ്വാര്‍ത്ഥബോധം തുടച്ചുമാറ്റപ്പെടുന്നു. മനുഷ്യന്‍ തെളിഞ്ഞ കണ്ണാടിയായി മാറുന്നു. മനുഷ്യന്റെ അടിസ്ഥാന ഭാവം വൈരാഗ്യമാണെന്ന് ആരാണ് പറഞ്ഞത് ? അല്ലേയല്ല. ഏതൊരു മനുഷ്യനിലും പ്രണയം നിറഞ്ഞു തുളുമ്പുന്ന ഒരു സൂഫിയുണ്ട്. ആരും അതറിയാന്‍ ശ്രമിക്കുന്നില്ലെന്ന് മാത്രം. സ്നേഹത്തിന്റെ തെളിനീരുറവയായിരുന്ന എന്റെ ഉമ്മയാണ് എന്നെയിത് പഠിപ്പിച്ചത്. ഒരു ദിവസത്തില്‍ കൂടുതല്‍ ഒരാളോടും എനിക്ക് ശത്രുതയില്‍ കഴിയാനാവില്ല. ഫൈറ്റ് ചെയ്യുന്നത് പോലും സ്‌ട്രെയ്‌റ്റ് ആയിരിക്കണമെന്നതാണ് എന്റെ മതം...
അഭിനേതാക്കളെ കണ്ടെത്തിയോ?
അഭിനേതാക്കളെ മുന്‍കൂട്ടി നിശ്ചയിച്ചല്ല ഞാന്‍ സിനിമ ചെയ്യുന്നത്. അഭിനേതാക്കള്‍ ഒരു നിയോഗം പോലെ കടന്നുവരുന്നതാണ്. പരദേശിയിലേക്ക് മോഹന്‍ലാല്‍ എന്ന നടന്‍ യാദൃച്ഛികമായി കടന്നുവരികയും ആ സിനിമ ഒരു അനുഭവമാക്കി മാറ്റുകയും ചെയ്‌തു.
പുതിയ മലയാളി ജീവിതത്തിന് പുറത്തായതാണോ മലയാളത്തില്‍ ജീവിതഗന്ധിയായ സിനിമകള്‍ വരാത്തതിന് കാരണം?
ജീവിതം ഇവിടെയെല്ലാമുണ്ട്. ചലച്ചിത്ര മേഖലയിലുള്ള ചില മുന്‍വിധികളാണ് നല്ല സിനിമകള്‍ക്ക് വിഘാതമായി നില്‍ക്കുന്നത്. ആളുകള്‍ ഇതേ കാണൂ എന്ന മുന്‍വിധിയില്‍നിന്നും ചില ചേരുവകള്‍ കൂട്ടിയോജിപ്പിച്ച കൊമേഴ്‌സ്യല്‍ ഫോര്‍മുലയിലുള്ള സിനിമകള്‍ ഉണ്ടാകുന്നു. ഇതേ പോലെ അവാര്‍ഡിന് പരിഗണിക്കപ്പെടേണ്ട സിനിമകള്‍ ഇങ്ങനെയായിരിക്കണമെന്ന മുന്‍വിധിയില്‍ നിന്നും മറ്റു ചില ചേരുവകള്‍ കൂട്ടിത്തുന്നിയ ആര്‍ട്ട് ഫോര്‍മുലയിലുള്ള സിനിമകളും പുറത്തുവരുന്നു. ഇതിനിടയില്‍ മലയാള സിനിമക്ക് ജീവിതത്തിന്റെ മണം നഷ്ടപ്പെടുന്നു.
എന്താണ് കലാകാരന്റെ വിധി?
യഥാര്‍ത്ഥ കലാകാരന്‍ ഒരിക്കലും ജനിക്കുന്നില്ല എന്നാണ് എന്റെ അഭിപ്രായം. സൃഷ്‌ടി ഏത് കാലത്തും അപൂര്‍ണ്ണമാണ്. എന്റെ കല, അത് ഡോക്യുമെന്റ് ചെയ്യപ്പെടുന്നുണ്ടെങ്കില്‍ ചരിത്രത്തിന്റെ ഭാഗമായേക്കാം. എന്നാല്‍ ചരിത്രം വിസ്‌മൃതിയിലാണ്ടു പോകുന്നതോടെ എന്റെ കലയും അപ്രസക്തമാകും. അതുകൊണ്ട് കലാകാരനും മരണമുണ്ട് എന്നാണ് എന്റെ പക്ഷം. പ്രപഞ്ചം ഒരു വിസ്‌മയമാണ്. ആ വിസ്‌മയത്തിന്റെ ഭാഗമായിത്തീരുകയാണ് ഒരു കലാസൃഷ്‌ടിയിലൂടെ കലാകാരന്റെ നിയോഗം.
No comments:
Post a Comment