Friday, 6 November 2009

ഷോകെയ്‌സിലെ മരപ്പാവകള്‍

ദൈവം അയക്കുന്ന മനോരോഗികള്‍ എനിക്കുള്ള ഭക്ഷണവുമായി എവിടെ നിന്നൊക്കെയോ വന്ന്‌ വാതിലില്‍ മുട്ടുന്നു. ഇപ്പോള്‍ ഒട്ടുമിക്ക ദിവസങ്ങളിലും സ്‌കിസോഫ്രീനിക്കുകളും മാനിയാക്കുകളും സെക്‌ഷ്വല്‍ പെര്‍വര്‍ട്ടുകളും മാത്രമല്ല മുലകുടി മാറിയിട്ട്‌ ഏറെ കാലമായിട്ടില്ലാത്ത കൊച്ചുകിടാങ്ങള്‍ വരെ അനന്തഭാവിയില്‍ ഭീതിപൂണ്ട കണ്ണുകളുമായി എന്നെ തുറിച്ചുനോക്കുന്നു. ജീവിതത്തിന്റെ കാലുഷ്യങ്ങളും കളങ്കങ്ങളും തീണ്ടിയിട്ടില്ലാത്ത വിശുദ്ധബാല്യങ്ങള്‍, വര്‍ണങ്ങള്‍ കൊണ്ട്‌ മഴവില്ലു തീര്‍ക്കേണ്ട കുസൃതിക്കുരുന്നുകള്‍, വിഷാദത്തിന്റെയും വിരക്തിയുടെയും നരച്ച ലോകത്തകപ്പെട്ട്‌ ജീവിതത്തില്‍നിന്നുതന്നെ പിന്‍വാങ്ങുന്ന ഭീതിദമായ കാഴ്‌ച! അതെ, മുമ്പൊന്നുമില്ലാത്തവിധം, മനോജന്യ രോഗങ്ങള്‍ക്ക്‌ ഇരയാകുന്നവരില്‍ വലിയ വിഭാഗം ഇന്ന്‌ കുട്ടികളാണ്‌. എന്താണ്‌ യഥാര്‍ത്ഥത്തില്‍ നമ്മുടെ കുട്ടികള്‍ക്ക്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌?

പത്തു വയസ്സുള്ളൊരു പെണ്‍കുട്ടി. പെട്ടെന്നൊരു ദിവസം അവള്‍ മിണ്ടാട്ടം നിര്‍ത്തി. ആരെന്ത്‌ ചോദിച്ചാലും ഒരു വാക്കും ഉച്ചരിക്കില്ല. സന്തോഷമോ സന്താപമോ ഇഷ്‌ടമോ ദേഷ്യമോ ഒന്നുമില്ല. ഒരു മരപ്പാവ! ഭീതിയിലായ മാതാപിതാക്കള്‍ കുട്ടിയെ ഒരു ഡോക്‌ടറെ കാണിച്ചു. നിരവധി ടെസ്റ്റുകള്‍ നടത്തിനോക്കിയ ഡോക്‌ടര്‍ ഒരു രോഗവുമില്ലെന്ന്‌ വിധിച്ചു. സൈക്യാട്രിസ്റ്റിനെ സമീപിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്‌തു. സൈക്യാട്രിസ്റ്റ്‌ കുറച്ചുനാളേക്കുള്ള മരുന്നുകള്‍ കുറിച്ചുകൊടുത്തു. ഗുളിക വിഴുങ്ങാനല്ലാതെ കുട്ടി വാ തുറന്നില്ല. ഹതാശരായ രക്ഷിതാക്കള്‍ എന്റെ വാതിലിലും മുട്ടി.നല്ല സാമ്പത്തികശേഷിയുള്ളവരായിരുന്നു അവര്‍. മകളുടെ `ബാധ' ഒഴിവായിക്കിട്ടാന്‍ എന്തു ചെയ്യാനും അവര്‍ ഒരുക്കമായിരുന്നു. പണം എന്തിനെയും ചികിത്സിച്ചുമാറ്റാന്‍ കഴിവുള്ള ഒരു ഔഷധമാണെന്ന ധാരണ അവര്‍ക്കുണ്ടായിരുന്നു. മനശ്ശാസ്‌ത്ര ചികിത്സയിലെ ആദ്യഘട്ടമാണ്‌ പ്രീ-ഹിപ്‌നോട്ടിക്‌ ടോക്‌. എനിക്കു മുമ്പില്‍ മരപ്പാവപോലെ ഇരിക്കുന്ന പെണ്‍കുട്ടിയോട്‌ ചിലതു ചോദിക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ ഒരക്ഷരം ഉരിയാടുകയില്ലെന്ന്‌ ബോധ്യപ്പെട്ടു. കാരണമറിഞ്ഞാലേ ഏതു ചികിത്സയും ഫലിക്കൂ. പുറമേക്ക്‌ കാണുന്ന ലക്ഷണങ്ങളല്ല രോഗം. കാരണം തന്നെയാണ്‌ യഥാര്‍ത്ഥ രോഗം. അതിനെയാണ്‌ പിഴുതുമാറ്റേണ്ടത്‌. രക്ഷിതാക്കളോട്‌ ഏറെ സംസാരിച്ചുനോക്കിയെങ്കിലും കുട്ടിയുടെ അവസ്ഥക്ക്‌ നിദാനമായ കാരണത്തെക്കുറിച്ച്‌ അവര്‍ തീര്‍ത്തും അജ്ഞരായിരുന്നു. കേസ്‌ വളരെ സങ്കീര്‍ണമാണെന്നു തോന്നിയ സന്ദര്‍ഭം.പെണ്‍കുട്ടിയെ ഹിപ്‌നോട്ടിക്‌ നിദ്രക്ക്‌ വിധേയമാക്കി ഉപബോധമനസ്സുമായി ആശയവിനിമയം നടത്താനൊരു ശ്രമം നടത്തി. മനസ്സിന്റെ ആഴങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ സംവദിച്ചുതുടങ്ങിയപ്പോള്‍ കുട്ടി പതിയെ പതിയെ സംസാരിക്കാന്‍ തുടങ്ങി:``ക്ലാസില്‍ എന്നും ഒന്നാം സ്ഥാനത്തായിരുന്നു അവള്‍. അധ്യാപകര്‍ അഭിമാനപൂര്‍വം `മിടുക്കി' എന്നും സഹപാഠികള്‍ അസൂയയോടെ `പഠിപ്പിസ്റ്റ്‌' എന്നും വിശേഷിപ്പിക്കുന്നവള്‍. മറ്റുള്ളവരുടെ പ്രതീക്ഷക്കൊത്തുയരുന്ന അവളുടെ പ്രകടനം പക്ഷേ, രക്ഷിതാക്കള്‍ക്ക്‌ തൃപ്‌തികരമായിരുന്നില്ല. അതിരാവിലെ എണ്ണീറ്റാലുടന്‍ തുടങ്ങും അവളുടെ മേലുള്ള സമ്മര്‍ദ്ദങ്ങള്‍. ഒന്നരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ട്യൂഷന്‍. ഭക്ഷണം എന്തെങ്കിലും വായില്‍ തിരുകി, നിര്‍ത്താതെ ഹോണടിക്കുന്ന സ്‌കൂള്‍ ബസ്സിലേക്ക്‌, എടുത്താല്‍ പൊങ്ങാത്ത ബാഗും തൂക്കി ഒരു എടുത്തുചാട്ടം. രാവിലെത്തേതിനെക്കാള്‍ ഭാരമുള്ള ബാഗുമായി ക്ഷീണിച്ചു മടങ്ങിവന്നാല്‍ ചെയ്‌തുതീര്‍ക്കേണ്ട ഹോംവര്‍ക്കുകള്‍ക്കു മുമ്പില്‍ തപസ്സ്‌. കളിക്കാനോ വര്‍ത്തമാനം പറയാനോ ചുമലനക്കി ഒന്നു ദീര്‍ഘനിശ്വാസം വിടാന്‍പോലുമോ അനുവാദമില്ല. ഹോംവര്‍ക്ക്‌ തീര്‍ന്നാല്‍ രാത്രി വൈകുവോളം വായനയും പഠനവുമാണ്‌. ഇതിനിടയില്‍ എന്തെങ്കിലുമൊക്കെ വാരിവലിച്ച്‌ അകത്താക്കും. മരവിച്ച ശരീരവും മനസ്സുമായി ഭീകരസ്വപ്‌നങ്ങള്‍ കണ്ടുറങ്ങും. പരീക്ഷാകാലമാണെങ്കില്‍ ഉറക്കം പോലും നേരാംവണ്ണം കിട്ടില്ല. ഒന്നു കണ്ണുമാളുമ്പോഴേക്കും പാഠപുസ്‌തകത്തിലെ പേജുകള്‍ ഭീമാകാരമായ ചിറകുകള്‍ വിടര്‍ത്തി ക്രൂരമായ കണ്ണുകളുള്ള രൂപങ്ങള്‍ ഇരുളായി പറന്നുവരും. ചെറുപ്പം മുതല്‍ ശീലിച്ച ഈ മരപ്പാവജീവിതം അവള്‍ക്ക്‌ സഹിക്കാം. പക്ഷേ, ഇതിനപ്പുറം രക്ഷിതാക്കളുടെ സമ്മര്‍ദ്ദം ദിനംതോറും വര്‍ദ്ധിച്ചുവന്നാലോ? അതു ചെയ്യരുത്‌, അങ്ങോട്ടു നോക്കരുത്‌, അങ്ങനെയിരിക്കരുത്‌, അവളെ കണ്ട്‌ പഠിക്കണം, അതിനെത്ര, അവനെത്ര തുടങ്ങിയ ചൊറിയുന്ന വാക്കുകളുമായി എപ്പോഴും പിന്നാലെയുണ്ടാവും അവര്‍. എന്തൊക്കെയായാലും അവളുടെതും ഒരു മനുഷ്യജന്മമല്ലേ? തന്നെ വിടാതെ പിന്തുടരുന്ന ഈ ബാധകളോട്‌ സഹിഷ്‌ണുതയോടെ വര്‍ത്തിക്കാന്‍ എത്രകാലം അവള്‍ക്ക്‌ കഴിയും? എല്ലാറ്റിനുമുണ്ട്‌ ഒരു അതിര്‌! ഒഴിയാബാധകളില്‍നിന്ന്‌ രക്ഷപ്പെടാന്‍ അവള്‍ മൂകയായ ഒരു ബാധയെ ഉള്ളില്‍ അവരോധിച്ചു. മനഃപൂര്‍വ്വമല്ല ഇത്‌; സംഭവിച്ചുപോകുന്നതാണ്‌. ജീവിതത്തിന്റെ പെരുത്ത ഭാരം താങ്ങാനാവാതെ, വഴിയില്‍ വച്ചു ജീവിതത്തില്‍ നിന്നു തന്നെ അവള്‍ പിന്‍വാങ്ങി.ആഴ്‌ചതോറും നടത്തിയ ഹിപ്‌നോട്ടിക്‌ സജഷനുകളും രക്ഷിതാക്കളുടെ സമീപനങ്ങളിലുണ്ടായ തിരുത്തലുകളും ചേര്‍ന്നപ്പോള്‍ ആ പെണ്‍കുട്ടി സാധാരണപോലെ വാചാലയും ഉത്സാഹവതിയുമായി ജീവിതത്തിലേക്ക്‌ തിരിച്ചുവന്നു. അവളുടെ മാനത്തും ഏഴുവര്‍ണങ്ങളുള്ള മഴവില്ല്‌ വിരിഞ്ഞു.''ഒരു ദൗത്യം സഫലമായതിന്റെ ഓര്‍മകള്‍ പങ്കുവച്ച സംതൃപ്‌തിയുമായി എസ്‌ എ ജമീല്‍ എന്റെ കണ്ണുകളില്‍ പൂത്തുവിടര്‍ന്നു.

തന്നെ പ്രശസ്‌തനാക്കിയ കത്തുപാട്ടുകള്‍ തന്റെ മികച്ച രചനകളായിരുന്നില്ലെന്നാണ്‌ ജമീലിന്റെ വിലയിരുത്തല്‍. മികച്ച ഏറെ കവിതകള്‍ അതിനു മുമ്പ്‌ എഴുതിയിട്ടുണ്ട്‌. എന്നാല്‍ അവയ്‌ക്കൊന്നും ലഭിക്കാത്ത പ്രചാരവും പ്രശസ്‌തിയും കത്തുപാട്ടുകള്‍ക്ക്‌ ലഭിച്ചു. മറ്റു രചനകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറച്ച്‌ മാപ്പിളപ്പാട്ടുകളേ എഴുതിയിട്ടുള്ളൂ. അതും മാപ്പിളപ്പാട്ടിന്റെ തനത്‌ സ്വഭാവത്തിലുള്ളവയല്ല. എന്നാല്‍ കത്തുപാട്ടുകളോടെ ജമീല്‍ `മാപ്പിളപ്പാട്ടുകാരന്‍' എന്ന ലേബലിലാണ്‌ അറിയപ്പെട്ടത്‌.എഴുപതുകളിലെ മലബാര്‍ ഗള്‍ഫ്‌ കുടിയേറ്റം സൃഷ്‌ടിച്ചത്‌ കാത്തിരിപ്പും വിരഹവുമായിരുന്നു. വിവാഹം കഴിഞ്ഞ്‌ ഒന്നോ രണ്ടോ മാസത്തിനകം നവവധുവിനെ പിരിയേണ്ടിവരുന്ന വരന്‍. മനസ്സുകള്‍ പോയിട്ട്‌ ശരീരങ്ങള്‍ പോലും പരസ്‌പരം അറിയാത്തവര്‍. ഗള്‍ഫ്‌ സിന്‍ഡ്രോം, ഗള്‍ഫ്‌മാനിയ എന്നീ പേരുകളില്‍ മനശ്ശാസ്‌ത്ര ചികിത്സകര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്ന സൈക്കോ സോമാറ്റിക്‌ ഡിസോര്‍ഡറുകള്‍ ബാധിച്ചവരായിരുന്നു മിക്ക ഗള്‍ഫ്‌ ഭാര്യമാരും. തലവേദന, ഊരവേദന, മരവിപ്പ്‌, വിഷാദം തുടങ്ങിയവയായിരുന്നു പ്രധാനലക്ഷണങ്ങള്‍. എത്ര മരുന്ന്‌ കഴിച്ചിട്ടും മാറാത്ത ഈ ലക്ഷണങ്ങളുമായി ഒരുപാട്‌ സ്‌ത്രീകള്‍. മനശ്ശാസ്‌ത്ര വിശകലനങ്ങളിലൂടെ മനസ്സിലാക്കിയ ഇവരുടെ മനോനിലയാണ്‌ കത്തുപാട്ടുകള്‍ക്ക്‌ വിഷയമാകുന്നത്‌.അബ്‌ദുസ്സമദ്‌ സമദാനി എന്റെ കത്തുപാട്ടില്‍ അശ്ലീലമുണ്ടെന്ന്‌ അഭിപ്രായപ്പെടുകയുണ്ടായി. സ്‌ത്രീശരീരത്തെക്കുറിച്ച്‌ പാട്ടില്‍ ഞാന്‍ നടത്തിയ ചില ഉപമകളാണ്‌ അദ്ദേഹത്തെ അത്തരമൊരു അഭിപ്രായത്തിന്‌ പ്രേരിപ്പിച്ചത്‌. യഥാര്‍ത്ഥത്തില്‍ സാധാരണ മനുഷ്യനെ സംബന്ധിച്ചിടത്തോളം ശരീരത്തിന്റെ ആവശ്യമാണ്‌ പ്രണയം. മനശ്ശാസ്‌ത്രത്തില്‍ ചെറിയ ധാരണയെങ്കിലുമുള്ള ഒരാള്‍ക്ക്‌ `മാംസനിബദ്ധമല്ല രാഗം' എന്നത്‌ ശുദ്ധ വിഡ്‌ഢിത്തമാണെന്ന്‌ മനസ്സിലാകും. വിരഹിണിയായ ഒരു യുവതി തന്റെ പ്രിയതമനുവേണ്ടി കാത്തു കാത്തു വയ്‌ക്കുന്ന വിലപിടിപ്പുള്ള വസ്‌തു തന്നെയാണ്‌ അവളുടെ ശരീരം. ചുറ്റുമുള്ള പ്രലോഭനങ്ങളില്‍ നിന്ന്‌ അവളതിനെ കാത്തു സംരക്ഷിക്കുന്നുണ്ടെങ്കില്‍ അത്‌ ത്യാഗം തന്നെയാണ്‌. ഇതാണ്‌ ഞാന്‍ കത്തുപാട്ടിലൂടെ പ്രേഷണം ചെയ്യാന്‍ ശ്രമിച്ചത്‌. ശാരീരികമായ വികാരങ്ങളെ ഉദാത്തീകരിച്ച്‌ `പ്രണയം' എന്നൊക്കെ പേരിട്ട്‌ `ഞങ്ങള്‍ക്കിതൊന്നുമില്ലേ' എന്ന്‌ ഭാവിക്കുകയാണ്‌ നാം. ശരീരവുമായി ബന്ധപ്പെട്ട എന്തിനെയും അശ്ലീലമായി കാണാനുള്ള നമ്മുടെ വൃത്തികെട്ട കണ്ണുകളുടെ പ്രവണതയില്‍ നിന്നാണ്‌ ഇത്തരം അഭിപ്രായം രൂപംകൊണ്ടതെന്ന്‌ അറിയുമ്പോള്‍ ഞാന്‍ നിരാശനാകുന്നു.'' മക്കള്‍ മരപ്പാവകളാവുന്നത്‌കുട്ടികള്‍ക്കല്ല, മനോരോഗത്തിന്റെ ലക്ഷണങ്ങളുമായി അവരെ കൊണ്ടുവരുന്ന സ്വബോധമുള്ളവരെന്നു നടിക്കുന്ന രക്ഷിതാക്കള്‍ക്കാണ്‌ അടിയന്തിര ചികിത്സ ആവശ്യമുള്ളത്‌. മിക്ക രക്ഷിതാക്കളും കുട്ടികള്‍ തങ്ങളുടെ ഏറ്റവും വിലപിടിപ്പുള്ള സമ്പത്താണെന്ന്‌, ഈ പരിഷ്‌കൃതമെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ലോകത്ത്‌ ജീവിക്കുമ്പോഴും തിരിച്ചറിയുന്നില്ല. തങ്ങളുടെ കൈയില്‍ അറിയാതെ വന്നുചേര്‍ന്ന മരക്കഷ്‌ണങ്ങളായിട്ടാണ്‌ അവര്‍ കുട്ടികളെ കാണുന്നത്‌. ഈ മരക്കഷ്‌ണത്തെ തങ്ങളുടെ (സഫലമാകാതെപോയ) കാമനകള്‍, താല്‍പര്യങ്ങള്‍, ആര്‍ത്തികള്‍, ഈഗോ തുടങ്ങിയവയെയൊക്കെ തൃപ്‌തിപ്പെടുത്താന്‍ സാധിക്കുംവിധം ഉളികൊണ്ട്‌ ചെത്തിപ്പരുവപ്പെടുത്തിയെടുക്കുകയാണ്‌ രക്ഷിതാക്കള്‍. തങ്ങളുടെ സ്വീകരണമുറിയിലെ ചില്ലിട്ട ഷോകെയ്‌സില്‍ ഈ മരപ്പാവകളെ നിരത്തിവച്ച്‌ മറ്റുള്ളവര്‍ക്കു മുമ്പില്‍ ഞെളിഞ്ഞു നില്‍ക്കുക എന്ന നികൃഷ്‌ട ലക്ഷ്യമാണ്‌ അവരെ ഭരിക്കുന്നത്‌. ഷോകെയ്‌സില്‍ വയ്‌ക്കാന്‍ രക്ഷിതാക്കള്‍ക്ക്‌ പലരൂപത്തിലും ഭാവത്തിലുമുള്ള മരപ്പാവകളെ ചെത്തിക്കൊടുക്കുന്ന ഉളിയാണ്‌ പുതിയ കാലത്തെ വിദ്യാഭ്യാസം. ആശാരിമാരാണ്‌ അധ്യാപകര്‍. ചില്ലുകൂടുകളിലുള്ളത്‌ ഡോക്‌ടര്‍ മരപ്പാവയോ എഞ്ചിനീയര്‍ മരപ്പാവയോ മറ്റെന്ത്‌ മരപ്പാവയോ ആവാം. എന്തുതന്നെയായാലും അതില്‍ ജീവനില്ല, മനുഷ്യനില്ല. യഥാര്‍ത്ഥ ഗുണമുള്ള ഡോക്‌ടറും എഞ്ചിനീയറും പോലുമില്ല.ഇങ്ങനെ ഓരോരുത്തരും അവരവരുടെ സ്ഥിതിക്കും സാമ്പത്തികശേഷിക്കുമനുസരിച്ച്‌ മരപ്പാവകളെ നിര്‍മിച്ചുകൊണ്ടിരുന്നാല്‍ സമൂഹത്തില്‍ മനുഷ്യന്‍ എന്നു പറയുന്ന മഹത്തായ സാധ്യത നാമാവശേഷമാകുമെന്ന വിവേകം ആര്‍ക്കുമില്ല.പിറന്നുവീഴുന്ന ഓരോ കുട്ടിക്കും അവന്റേതായ വാസനകളും സാധ്യതകളുമുണ്ട്‌. ഇത്‌ തിരിച്ചറിയാനും പരിപോഷിപ്പിച്ചെടുക്കാനും സഹായിക്കുകമാത്രമാണ്‌ രക്ഷിതാക്കളുടെ ഉത്തരവാദിത്വം. അല്ലാതെ സ്വന്തം മോഹങ്ങള്‍ പൂവണിഞ്ഞുകാണാന്‍ മക്കളെ ബലിയാടുകളാക്കുകയല്ല വേണ്ടത്‌.ഒരു വ്യാപാരപ്രമുഖന്‍ തന്റെ മകന്റെ ജീവിതം നശിപ്പിച്ച കഥ കേട്ടോളൂ: മകനെ ഏറ്റവും ഉയര്‍ന്ന തലത്തിലെത്തിക്കാന്‍ വേണ്ടി അയാള്‍ ആദ്യം ചെയ്‌തത്‌ തന്നില്‍നിന്നും മാതാവില്‍ നിന്നും ചെറുപ്പത്തിലേ തന്നെ അവനെ അടര്‍ത്തിയെടുത്ത്‌ ഊട്ടിയിലെ ഒരു അന്താരാഷ്‌ട്രാറസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അടക്കുകയാണ്‌. കുറച്ചുകാലം അവിടെ പഠിച്ച അവന്‍ തീര്‍ത്താല്‍ തീരാത്ത പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ച്‌ അവിടെനിന്ന്‌ പുറത്താക്കപ്പെട്ടു. ബാംഗ്ലൂരിലെ മറ്റൊരു അന്താരാഷ്‌ട്രാ സ്‌കൂളായിരുന്നു അടുത്തഘട്ടം. പൊതുപരീക്ഷയായപ്പോഴേക്കും അവിടെനിന്നും പുറത്താക്കപ്പെട്ടു. പിന്നീട്‌ നാട്ടിലെ മലയാളം മീഡിയം സ്‌കൂളില്‍ എങ്ങനെയെങ്കിലും പരീക്ഷയെഴുതിപ്പിച്ച്‌ പാസ്സാക്കിയെടുക്കാനായി ഈ രക്ഷിതാവിന്റെ ശ്രമം. അതിലും അവന്‍ പരാജയമടഞ്ഞു. ക്രമേണ ഒന്നിനും കൊള്ളാത്തവനും എല്ലായിടത്തും പ്രശ്‌നക്കാരനുമായി അവന്‍ വളര്‍ന്നു. മനശ്ശാസ്‌ത്ര പരിഹാരം തേടിയപ്പോഴാണ്‌ രക്ഷിതാവിന്‌ കാര്യം ബോധ്യപ്പെട്ടത്‌. യഥാര്‍ത്ഥത്തില്‍ അവന്‍ പോവേണ്ട വഴിയിലൂടെയല്ല രക്ഷിതാവ്‌ അവനെ തെളിച്ചത്‌. തന്റെ വഴി അവനില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. പണം കൊണ്ടൊന്നും പ്രത്യേകിച്ചൊരു കാര്യവുമില്ലെന്ന്‌ രക്ഷിതാവ്‌ മനസ്സിലാക്കിയ സന്ദര്‍ഭമാണത്‌. അതേസമയം സ്വന്തം പേരുപോലും നേരാംവണ്ണം എഴുതാനറിയാത്ത ദരിദ്രശിരോമണിയായ ഒരാളുടെ മകന്‍ ആരാലും നിര്‍ബന്ധിക്കപ്പെടാതെ വഴിവിളക്കിന്റെ വെട്ടത്തിലിരുന്ന്‌ പഠിച്ച്‌ ഓരോ ക്ലാസിലും ഒന്നാമനാകുകയും മെഡിസിന്‍ബിരുദം കഴിഞ്ഞ്‌ ഡോക്‌ടറായി പ്രാക്‌ടീസ്‌ ചെയ്യുകയും ചെയ്യുന്നു.അവനെക്കണ്ട്‌ പഠിക്കണം``അവനാ ആണ്‍കുട്ടി. സംസ്ഥാന യുവജനോത്സവത്തില്‍ അവനല്ലേ കലാപ്രതിഭ. ഇനി പഠിക്കുന്ന കാര്യത്തിലോ? എല്ലാ വിഷയത്തിലും എപ്ലസ്‌. എന്തിനധികം? ഇങ്ങനെ ഒന്നുണ്ടായാല്‍ പോരേ? ആ ലീനേടെ ഒരു ഭാഗ്യം.''ഉദ്യോഗസ്ഥകളായ ദമ്പതിമാരെ നിരീക്ഷിച്ചിട്ടുണ്ടോ? അവരുടെ സംഭാഷണങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രദ്ധിച്ചാല്‍ ഈ തോതിലുള്ള പല ഡയലോഗുകള്‍ കേള്‍ക്കാം; സ്വന്തം മകന്റെയും മകളുടെയും മുമ്പില്‍ വച്ച്‌. ഇതൊക്കെ കേട്ടിട്ടെങ്കിലും അവന്‍/ള്‍ നാല്‌ മെഡലും അഞ്ചാറ്‌ എ പ്ലസും വാങ്ങിവരട്ടെ എന്ന ഉദ്ദേശ്യത്തോടെയാണ്‌ രക്ഷിതാക്കള്‍ ഈ താരതമ്യവിദ്യ പുറത്തെടുക്കുന്നതെങ്കിലും ഫലം നേരെ തിരിച്ചാണ്‌. താരതമ്യം കേട്ട്‌ ഒരു കുട്ടി മറ്റെ കുട്ടിയോട്‌ അസൂയാലുവാകുക മാത്രമല്ല, ചിലപ്പോള്‍ ആത്മവിശ്വാസം നഷ്‌ടപ്പെട്ട്‌ ജീവിതത്തില്‍നിന്നു തന്നെ ഒളിച്ചോടുന്നു. പഠനത്തിലെന്നല്ല, കലാപരിപാടികളില്‍ വരെ മക്കളെ പോരിനു വിട്ട്‌ അഭിമാനത്തിനു വേണ്ടി മനസ്സാ പടവെട്ടുന്ന അച്ഛനമ്മമാരുണ്ട്‌. മക്കള്‍ പരീക്ഷയില്‍ തോറ്റതിന്‌ അമ്മ ആത്മഹത്യചെയ്യുന്ന ദയനീയമായ അവസ്ഥ. രക്ഷിതാക്കളുടെ താരതമ്യം ഒന്നുകൊണ്ടുമാത്രം മികച്ച സാധ്യതകളുണ്ടായിരുന്ന പലരും എവിടെയുമെത്താതെ വ്യര്‍ത്ഥരായി മാറിയിട്ടുണ്ട്‌. `ഓരോ കുട്ടിയും വ്യതിരിക്തനാണ്‌ (ൗിശൂൗല). അവനായി ഈ ലോകത്ത്‌ അവന്‍ തന്നെയേയുള്ളൂ' എന്ന സത്യം ഒരു തിരിച്ചറിവാക്കിയാല്‍ ഒരാളെ മറ്റൊരാളോട്‌ താരതമ്യം ചെയ്യുന്നത്‌ ഒഴിവാക്കാനാവും.അടിച്ചേല്‍പ്പിക്കുന്ന അച്ചടക്കംമതകാര്യങ്ങളും കര്‍മങ്ങളുമൊക്കെ കര്‍ശനമായി ജീവിതത്തില്‍ പാലിച്ചുപോരുന്ന ഒരാള്‍ തന്റെ മകനും അങ്ങനെയായിക്കാണാന്‍ ആഗ്രഹിച്ചു. എന്നാല്‍ അയാള്‍ വലിയൊരു വിവേകശൂന്യത കാണിച്ചു. രാവിലെ വടിയുമെടുത്ത്‌ ചെന്നാണ്‌ അയാള്‍ മകനെ സുബഹ്‌ നിസ്‌കരിക്കാന്‍ വിളിച്ചുണര്‍ത്തുക. ഉറക്കത്തില്‍ നിന്നെണീക്കാന്‍ തെല്ലൊരു മടികാണിച്ചാല്‍ മതി, ചന്തി തിണര്‍ക്കും. പിതാവ്‌ പറയുന്നതൊക്കെ പേടിയോടെ അനുസരിക്കുമെങ്കിലും മകന്റെ ഉപബോധമനസ്സില്‍ സ്വന്തം പിതാവ്‌ ആജന്മശത്രുവായി. പിതാവിനോടുള്ള ശത്രുത മതകര്‍മങ്ങളോടു കൂടിയുള്ള ശത്രുതയായി പരിണമിച്ചു. അങ്ങനെ അയാളുടെ മകന്‍ വളര്‍ന്നു വലുതായപ്പോള്‍ കടുത്ത മതനിഷേധിയായി മാറി എന്നു പറഞ്ഞാല്‍ മതിയല്ലോ.അടിച്ചേല്‍പ്പിക്കപ്പെടുന്നതെന്തും താല്‍ക്കാലികമാണ്‌. തരംകിട്ടിയാല്‍ ആരും അത്‌ വലിച്ചെറിയുക തന്നെ ചെയ്യും. വിവേകപൂര്‍വം കുട്ടികളെ ബോധ്യപ്പെടുത്താനാണ്‌ രക്ഷിതാവ്‌ ശ്രമിക്കേണ്ടത്‌.പൊള്ളയായ പ്രണയംകാത്തുകാത്തിരുന്ന കാമുകി മറ്റൊരാളെ കല്യാണം കഴിച്ച്‌ കടന്നുകളഞ്ഞപ്പോള്‍ മനംപൊട്ടി ആത്മഹത്യക്ക്‌ ശ്രമിച്ച ഒരു യുവാവ്‌ ഒരിക്കല്‍ എന്റെ മുന്നില്‍വന്നു. ലോകത്ത്‌ തന്റെ കാമുകിയെക്കാള്‍ സുന്ദരിയായ എത്രയോ പെണ്ണുങ്ങളുണ്ടെന്നും ആഗ്രഹവും ആവശ്യവുമുണ്ടെങ്കില്‍ അവരിലൊരാളെ പങ്കാളിയാക്കുകയെന്നത്‌ വളരെ എളുപ്പമായ കാര്യമാണെന്നും അതിന്‌ ജീവനൊടുക്കേണ്ട കാര്യമില്ലെന്നും ഞാനവനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. സുന്ദരവിഡ്‌ഢിയായ അവന്‍ പക്ഷേ, എന്നോട്‌ പറഞ്ഞത്‌ ഇങ്ങനെയാണ്‌ : ``സാറിനറിയില്ല ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴം.''ഈ വിഡ്‌ഢിത്തം അവന്‍ സ്വയം രൂപപ്പെടുത്തിയതല്ല. കാലങ്ങളായി നമ്മളീ വിഡ്‌ഢിത്തം പല രൂപത്തില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ്‌. കാല്‌പനികത, ഉദാത്ത പ്രണയം എന്നൊക്കെ പറഞ്ഞ്‌ നാം ആഘോഷിക്കുന്ന ഒരു കവിയുണ്ടല്ലോ; ചങ്ങമ്പുഴ. യൂണിവേഴ്‌സിറ്റികളില്‍ പാഠപുസ്‌തകമായി പഠിപ്പിക്കുന്ന അയാളുടെ `രമണന്‍' എന്ന കാവ്യത്തിന്റെ ഉള്‍ക്കാമ്പ്‌ ശുദ്ധവിഡ്‌ഢിത്തമല്ലാതെ മറ്റെന്താണ്‌? രമണനും ചന്ദ്രികയും പ്രേമിക്കുന്നു. കുറച്ചു ചെല്ലുമ്പോള്‍ ചന്ദ്രിക മറ്റൊരാള്‍ക്കൊപ്പം പോകാന്‍ നിര്‍ബന്ധിതയാകുന്നു. അതോടെ എല്ലാം തകര്‍ന്ന്‌ രമണന്‍ ആത്മഹത്യ ചെയ്യുന്നു. പ്രണയദുരന്തത്തിലും ആത്മഹത്യയിലും മനംനൊന്താണത്രെ ചങ്ങമ്പുഴ രമണന്‍ കുത്തിക്കുറിച്ചത്‌. സ്‌ത്രീയും പുരുഷനും തമ്മിലുള്ള തികച്ചും ജീവശാസ്‌ത്രപരമായ ലൈംഗിക ആകര്‍ഷണത്തെ പ്രണയം എന്നൊക്കെ പേരിട്ട്‌ നമ്മുടെ യുവതയെ കാലങ്ങളായി മനോരോഗികളാക്കിക്കൊണ്ടിരിക്കുകയാണിവര്‍. ഇതല്ലാതൊരു വിഷയം നമ്മുടെ പാട്ടുകളും സാഹിത്യവും സിനിമകളുമൊക്കെ ചര്‍ച്ച ചെയ്‌തിട്ടുണ്ടോ? ഇപ്പോഴും ചര്‍ച്ചചെയ്യുന്നുണ്ടോ? രമണനില്‍ നിന്ന്‌ ചാനലുകളിലെ റിയാലിറ്റി ഷോകളില്‍ എത്തിനില്‍ക്കുമ്പോഴും ലൈംഗികത എന്ന ലളിതമായ ജീവല്‍പ്രവര്‍ത്തനത്തെ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ്‌ അസാധാരണമായ അലങ്കാരങ്ങള്‍ ചാര്‍ത്തി `ഇതാ പ്രണയം യഥേഷ്‌ടം രുചിച്ചു കൊള്ളൂ' എന്നു പറഞ്ഞ്‌ മതിഭ്രമിപ്പിക്കുകയല്ലേ നാം? പിന്നെ എങ്ങനെ നമ്മുടെ കുട്ടികള്‍ യാഥാര്‍ത്ഥ്യബോധമുള്ളവരാകും? എങ്ങനെയവര്‍ ആത്മഹത്യ ചെയ്യാതിരിക്കും?കൗമാരത്തില്‍ ജീവശാസ്‌ത്രപരമായ ചില മാറ്റങ്ങള്‍ കുട്ടികള്‍ക്കുണ്ടാവും. അതനുസരിച്ച്‌ വൈകാരികതലത്തിലും മാറ്റങ്ങള്‍ രൂപപ്പെടും. വിപരീതലിംഗത്തില്‍ പെട്ടവരിലേക്ക്‌ അടുക്കാനുള്ള പ്രവണതയുണ്ടാവും. പ്രണയമല്ല, അവസരം വരുമ്പോള്‍ വിവാഹിതരായി ലൈംഗികബന്ധം പുലര്‍ത്തുകയാണ്‌ ഇതിനുള്ള പ്രതിവിധി. മറ്റെല്ലാം ആരോ നമ്മില്‍ കുത്തിവച്ച മതിഭ്രമങ്ങളാണ്‌.ആത്മഹത്യ മാത്രമല്ല പീഡനം; വേശ്യാവൃത്തി, പെണ്‍വാണിഭം, മയക്കുമരുന്ന്‌ തുടങ്ങി നമ്മള്‍ക്ക്‌ ചിന്തിക്കാനാവുന്നതിനപ്പുറമുള്ള കുറ്റകൃത്യങ്ങള്‍വരെ ലൈംഗികതയുമായി ബന്ധപ്പെട്ട്‌ സമൂഹത്തില്‍ അരാജകത്വം സൃഷ്‌ടിച്ചുകൊണ്ടിരിക്കുകയാണ്‌. കൗമാരക്കാരും യുവാക്കളും ഇത്തരം അരാജകത്വത്തിന്റെ പിടിയില്‍ പെട്ടെന്നമരുന്നു. ലൈംഗികത തികച്ചും സ്വാഭാവികമായ ഒരു ജീവല്‍പ്രവര്‍ത്തനമാണെന്ന തിരിച്ചറിവുണ്ടായാലേ അവരെ ഇതില്‍ നിന്നു രക്ഷിക്കാനാവൂ. ലൈംഗികതയെക്കുറിച്ച്‌ മക്കളോട്‌ തുറന്നു സംസാരിക്കാനും അവര്‍ക്ക്‌ മാര്‍ഗനിര്‍ദേശം നല്‍കുവാനും രക്ഷിതാക്കള്‍ക്ക്‌ സാധിക്കണം. അതിന്‌ ലൈംഗികത എന്താണെന്ന്‌ ആദ്യം രക്ഷിതാക്കള്‍ മനസ്സിലാക്കിയേ പറ്റൂ.പറഞ്ഞാല്‍ തീരാത്തത്ര പറയാനുണ്ട്‌ എസ്‌ എ ജമീല്‍ എന്ന അന്വേഷകന്‌. അറുപതുകളിലൂടെ കടന്നുപോകുമ്പോഴും മനസ്സ്‌ യുവത്വത്തിന്റെ ചിറകുകള്‍ വിരിച്ച്‌ ആകാശത്തിന്റെ അനന്തത തേടുകയാണ്‌. ഒരിക്കലും തൊടാനാവില്ലെന്ന്‌ തിരിച്ചറിയുമ്പോഴും ആ ആകാശം ജമീലിനെ മാടിവിളിച്ചുകൊണ്ടിരിക്കുന്നു

ക്ലോണ്‍ ചെയ്യപ്പെടുന്ന മനസ്സുകള്‍

ആഗോളീകരണം ക്ലോണ്‍ ചെയ്യപ്പെടുന്ന  മനസ്സുകള്‍
                        കെ എം മുസ്‌തഫ്‌ 





   ഏറെക്കാലത്തിനു ശേഷമാണ്‌ ഉസ്‌താദിനെ നഗരത്തില്‍വച്ചു കണ്ടുമുട്ടുന്നത്‌. കാലം കോലമാകെ മാറ്റിയിട്ടുണ്ടെങ്കിലും തിരിച്ചറിയാന്‍ പാകത്തില്‍ എന്തോ ചിലത്‌ ബാക്കിവച്ചിരിക്കണം. അല്ലെങ്കിലും ഒരു വിദ്യാര്‍ത്ഥിക്കും ഒരു അധ്യാപകനെയും ഒരിക്കലും മറക്കാനാവില്ല. വിസ്‌മൃതിയിലാണ്ടുപോവാത്തതും എന്നാല്‍ വിവരിക്കാനാവാത്തതുമായ എന്തോ ഒന്ന്‌ ഓരോഅധ്യാപകനും ഓരോ വിദ്യാര്‍ത്ഥിയിലേക്കും കൈമാറ്റം ചെയ്യുന്നുണ്ട്‌. 

   ഏറെക്കാലത്തിനുശേഷം ഉസ്‌താദിന്റെ കൈപിടിച്ച്‌ ഓര്‍മ്മ പുതുക്കുമ്പോള്‍ ഉസ്‌താദ്‌ പകര്‍ന്നുതന്ന ആ ചൈതന്യം കോമോശംവന്നുപോയത്‌ അദ്ദേഹം എന്റെ കണ്ണുകളില്‍നിന്ന്‌ വായിച്ചെടുക്കുമോ എന്ന വേവലാതിയിലായിരുന്നു ഞാന്‍.വാക്കുകള്‍ ഭംഗിയായി കോര്‍ത്തുവച്ചാല്‍ അതൊരു മനോഹരമായ ചിത്രമുണ്ടാവുമെന്നും അതിലേക്ക്‌ വികാരങ്ങള്‍ കൂടി കടത്തിവിട്ടാല്‍ ചിത്രത്തിന്‌ ജീവന്‍ വയ്‌ക്കുമെന്നുമുള്ള എഴുത്തിന്റെ അദ്യപാഠം ഞാന്‍ അറിയാതെ പഠിച്ചത്‌ ഈ ഉസ്‌താദില്‍നിന്നാണ്‌. പ്രവാചകന്മാരുടെ ജീവിതകഥകള്‍ അദ്ദേഹം പറയുമ്പോള്‍ അത്‌ അപ്പോള്‍ കണ്‍മുമ്പില്‍ നടക്കുന്നതുപോലെയായിരുന്നു ഞങ്ങള്‍ക്കനുഭവപ്പെട്ടിരുന്നത്‌. അങ്ങനെ മഹാന്മാരുടെ മഹനീയജീവിതം വരച്ചുതരുന്ന ഉസ്‌താദ്‌ ഞങ്ങളുടെ മനസ്സിലെ ഏറ്റവുംവലിയ മഹാനായി. വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും കാണുമ്പോഴും മനസ്സിലെ ആ മഹാന്റെ മുമ്പില്‍ തല അറിയാതെ കുനിഞ്ഞുപോകുന്നു.ഉസ്‌താദ്‌ എന്നെ അടിമുടി വീക്ഷിച്ചു. എന്നാല്‍ അദ്ദേഹത്തിന്‌ തിരിച്ചറിയാനുള്ള ഒന്നും ബാക്കിവയ്‌ക്കാതെ കാലം എന്നില്‍ ഇടപെട്ടിരിക്കുന്നു. പേരും വീട്ടുപേരും പിതാവിന്റെ പേരുമൊക്കെ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്‌ മനസ്സിലായി. സംഭാഷണം ഒരു പുനഃസമാഗമത്തിന്റെ വൈകാരികതലത്തില്‍ നിന്നു പെട്ടെന്നുതന്നെ ഔപചാരികമായ വാക്കുകളിലേക്ക്‌ ചുരുങ്ങി. മറ്റാരെയും പോലെ എന്റെ ജോലിയെക്കുറിച്ചും അതില്‍നിന്നു കിട്ടുന്ന വരുമാനത്തെക്കുറിച്ചും മാത്രമാണ്‌ ഉസ്‌താദിനും ചോദിക്കാനുണ്ടായിരുന്നത്‌.  
`അപ്പോള്‍ അത്യാവശ്യം നല്ല സെറ്റപ്പിലാണല്ലേ' 
എന്നൊരു വിലയിരുത്തലും അതിനിടയില്‍ ഉസ്‌താദില്‍ നിന്നുണ്ടായി. ഞാന്‍ അദ്ദേഹത്തെ ഒരു ചായക്ക്‌ ക്ഷണിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ എനിക്ക്‌ ഒട്ടും പിടികിട്ടിയതേയില്ല.
``ഒരു ചായകുടിച്ചാ അതിപ്പൊ തീരും. തീരാത്ത എന്തെങ്കിലും നോക്കിക്കൂടെ ഞമ്മക്ക്‌''
ഉസ്‌താദ്‌ എന്താ ഉദ്ദേശിക്കുന്നതെന്ന്‌ എനിക്ക്‌ മനസ്സിലായില്ല.''
``അതൊക്കെ പിന്നെപ്പറയാം. മൊബൈലില്ലേ അനക്ക്‌.. ഇപ്പൊ ഞാന്‍ കുറച്ച്‌ തരക്കിലാ. ഒന്നു രണ്ട്‌ആള്‍ക്കാരെ കാണാന്‍ണ്ടേയ്‌...''
    മൊബൈല്‍നമ്പര്‍ കൊടുത്ത്‌ സലാം പറഞ്ഞ്‌ പിരിയുമ്പോള്‍ ഉസ്‌താദ്‌ വിളിക്കുമെന്നോ വീണ്ടും കാണുമെന്നോ ഞാന്‍ നിനച്ചതേയില്ല. എന്നാല്‍ രണ്ടുനാള്‍ കഴിഞ്ഞപ്പോള്‍ ഉസ്‌താദ്‌ എന്നെ വിളിച്ചു; അത്യാവശ്യമായി കാണണമെന്ന്‌. ചില സുപ്രധാന കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന്‌.ഞാന്‍ ആകെ അദ്‌ഭുതസ്‌തബ്‌ധനായിപ്പോയി. ഇരുപതു കൊല്ലമായി യാതൊരു ബന്ധവുമില്ലാത്ത ഒരു അധ്യാപകനെ യാദൃഛികമായി വഴിയില്‍വച്ച്‌ കണ്ടുമുട്ടുന്നു. പരിചയം പുതുക്കുന്നു. അദ്ദേഹത്തിനെന്നോട്‌ എന്തു സുപ്രധാന കാര്യമാണ്‌ സംസാരിക്കാനുള്ളത്‌? ഒരു പക്ഷേ മകളെ കെട്ടിച്ചയക്കുന്നതിന്‌ എന്തെങ്കിലും സാമ്പത്തികസഹായം, അല്ലെങ്കില്‍ സ്ഥലം വാങ്ങുന്നതിനോ വീട്‌ വയ്‌ക്കുന്നതിനോ. അങ്ങനെയൊക്കെയാണ്‌ എന്റെ കണക്കുകൂട്ടലുകള്‍ പോയത്‌.ഞാന്‍ ജോലിസ്ഥലത്താണെന്നും ഒരാഴ്‌ച കഴിഞ്ഞേ തിരികെ വരികയുള്ളു എന്നും എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ ഫോണിലൂടെ പറഞ്ഞാല്‍ ഏര്‍പ്പാടാക്കാമെന്നും ഞാന്‍ പറഞ്ഞു. ഉസ്‌താദ്‌ പക്ഷേ അക്ഷമനായിരുന്നു.
``അതൊന്നുമല്ലെടോ കാര്യം. ഇത്‌ നിനക്കുകൂടി പ്രയോജനമുള്ള കാര്യമാണ്‌. കൊല്ലങ്ങള്‍ക്കു ശേഷം നമ്മള്‍ കണ്ടുമുട്ടിയത്‌ അന്റെ വഴിത്തിരിവിനാണെന്ന്‌ കൂട്ടിക്കൊ. ഞങ്ങളിപ്പോള്‍തന്നെ നിന്റെ ഓഫീസില്‌ വരാം "
  ജീവിതം ഒരുപാട്‌ വഴിത്തിരിവുകളാണ്‌. അതിനിടയില്‍ മറ്റെന്ത്‌ അപ്രതീക്ഷിതമായ വഴിത്തിരിവുമായാണ്‌ ഉസ്‌താദ്‌ വരുന്നതെന്ന്‌ ചിന്തിക്കുന്നതിനിടയില്‍ എന്റെ ക്യാമ്പസില്‍ ഒരു കാര്‍ വന്നുനിന്നു. അതില്‍ നിന്ന്‌ ഉസ്‌താദും അടിമുടി ഇംഗ്ലീഷുകാരനെപ്പോലെ തോന്നിക്കുന്ന ഒരു ചെറുപ്പക്കാരനും പുറത്തിറങ്ങി. അത്യാകാംക്ഷയോടെ ഞാന്‍ അവരെ സ്വീകരിച്ചിരുത്തി. ചെറുപ്പക്കാരന്‍ ഇംഗ്ലീഷ്‌ കലര്‍ന്ന മലയാളത്തിലും ഉസ്‌താദ്‌ പച്ചമലയാളത്തിലും എന്നോട്‌ സംസാരിച്ചു തുടങ്ങി. തുടങ്ങിയപ്പോഴെ ഞാന്‍ അപകടം മണത്തു. മൗനത്തിന്റെ മഹാകവചമണിഞ്ഞ്‌ ഞാന്‍ പ്രതിരോധത്തിലേക്ക്‌ നൂണ്ടു. അവസാനം അവര്‍ എനിക്ക്‌ മുമ്പില്‍ ഒരു പ്രൊജക്‌ട്‌ റിപ്പോര്‍ട്ട്‌ തുറന്നു. വായിച്ചും കേട്ടും തലവേദനയായി മാറിയ പദങ്ങള്‍. അഗോളവല്‍ക്കരണം തുറന്നു തരുന്ന അനന്ത സാധ്യതള്‍. നോട്ടുകെട്ടുകള്‍ അടുക്കിവച്ച്‌ മനസ്സില്‍ പടുത്തുയര്‍ത്തിയ ഹിമാലയങ്ങള്‍.എന്റെ മനസ്സില്‍ ഒരു വിലാപമുയര്‍ന്നു.
``ഉസ്‌താദേ നിങ്ങളും..?''
എന്റെ നോട്ടത്തില്‍ നിന്ന്‌ ആ ചോദ്യം ഉസ്‌താദിന്‌ മനസ്സിലായിരിക്കണം. അദ്ദേഹം പറഞ്ഞു:
``എല്ലാരും ലോകം വെട്ടിപ്പിടിക്കുമ്പോള്‍ നമ്മള്‍ മാത്രം ഒന്നും ചെയ്‌തില്ലെങ്കില്‍...''
`ചെയ്‌തില്ലെങ്കില്‍....?'
ഞാന്‍ ഉസ്‌താദിന്റെ കണ്ണുകളിലേക്ക്‌ നോക്കി.പ്രവാചകന്മാരുടെ കഥകള്‍ പറയുമ്പോള്‍ തുളുമ്പാറുള്ള ആ കണ്ണുകളില്‍ നിന്ന്‌ ആര്‍ദ്രതയുടെ അവസാനതുള്ളിയും കാലം കവര്‍ന്നെടുത്തിരിക്കുന്നു. അവിടെ കൊടുംവേനല്‍ മാത്രം!
                                                                          ***

       എന്താണ്‌ നിങ്ങളുടെ ജീവിതലക്ഷ്യം?ഭാവിയില്‍ ഏതു മേഖലയാണ്‌ നിങ്ങള്‍ തിരഞ്ഞെടുക്കുക?
ഒരു കരിയര്‍ ഗൈഡന്‍സ്‌ ശില്‍പശാലയുടെ അവസാന സെഷനില്‍ എന്റെ മുമ്പിലിരിക്കുന്ന കൗമാരക്കാരോട്‌ ഞാന്‍ ചോദിച്ചു.
അഭിരുചികള്‍ക്കും നൈപുണികള്‍ക്കും ഇണങ്ങുന്ന മേഖല തിരഞ്ഞെടുക്കുമ്പോഴേ തൊഴിലില്‍ സംതൃപ്‌തിയുണ്ടാകൂ എന്നും പഴയ സാധനങ്ങള്‍ പെറുക്കുന്നതു മുതല്‍ ഐഎഎസ്‌ വരെ ഏത്‌ തൊഴിലിലും വിജയിക്കാന്‍ കഴിയുമെന്നും വസ്‌തുതകളിലൂടെയും ഉദാഹരണങ്ങളിലൂടെയും അതിനുമുമ്പുള്ള സെഷനുകളില്‍ ഞാന്‍ കുട്ടികള്‍ക്ക്‌ വ്യക്തമാക്കിക്കൊടുത്തിരുന്നു. മാത്രമല്ല ഓരോ മേഖലയിലും ശോഭിക്കാന്‍ എന്തെല്ലാം നൈപുണികള്‍ ഉണ്ടായിരിക്കണമെന്നും ഞാന്‍ പറഞ്ഞു കൊടുത്തിരുന്നു. എന്നാല്‍ എന്റെ അതുവരെയുള്ള ക്ലാസിനെയെല്ലാം നിരര്‍ത്ഥകമാക്കിക്കൊണ്ട്‌ ആ ക്ലാസിലുണ്ടായിരുന്ന നാല്‍പതു പേരില്‍ മുപ്പത്തിയൊമ്പതു പേരും പറഞ്ഞത്‌ ഒരേ ഉത്തരമാണ്‌.അവര്‍ക്കെല്ലാം ഭാവിയില്‍ ബിസിനസ്സുകാരാവാനാണ്‌ താല്‍പര്യം. അതും ഐഐഎമ്മില്‍ നിന്നു എംബിഎ എടുത്ത ബിസിനസ്സുകാര്‍.ഞാന്‍ ആകെ ആശയക്കുഴപ്പത്തിലായി. എന്തുകൊണ്ട്‌ ഈ കുട്ടികളെല്ലാം തന്നെ ബിസിനസ്സ്‌ തിരഞ്ഞെടുക്കുന്നു? ഇവരെല്ലാം ബിസിനസ്സില്‍ അഭിരുചിയുള്ളവരാണോ? ഈ ലോകത്ത്‌ ഇവര്‍ക്ക്‌ പറ്റുന്ന മറ്റൊരു തൊഴിലുമില്ലേ?ഞാന്‍ എന്റെ സംശയം തുറന്നു ചോദിച്ചു.കുട്ടികള്‍ ഒന്നടങ്കം പറഞ്ഞു:`
`ഇക്കാലത്ത്‌ ബിസിനസ്സിലൂടെ മാത്രമെ  കൂടുതല്‍ സമ്പാദിക്കാനാവൂ.''
എന്തു മറുപടി പറയണമെന്നറിയാതെ ഞാന്‍ ആ കുട്ടികള്‍ക്കു മുമ്പില്‍ കുറച്ചുനേരം നിശ്ശബ്‌ദനായി നിന്നുപോയി. എന്താണ്‌ നമ്മുടെ കുട്ടികള്‍ക്ക്‌ സംഭവിച്ചു കൊണ്ടിരിക്കുന്നത്‌? ആഗോളീകരണവും അതിന്റെ സാമ്പത്തിക തത്വശാസ്‌ത്രവും നമ്മുടെ കുഞ്ഞുങ്ങളെപ്പോലും കീഴടക്കുകയാണ്‌. ശാരീരികമായി മാത്രമല്ല മാനസികമായും ഭൗതികമായും വ്യത്യസ്‌തരാണ്‌ മനുഷ്യര്‍. വ്യത്യസ്‌തമായ അഭിരുചികളും നൈപുണികളും ചിന്തകളും താല്‍പര്യങ്ങളുമുള്ളവര്‍. എന്നാല്‍ ആഗോളീകരണം ഈ വ്യത്യാസങ്ങളെയെല്ലാം അപ്രസക്തമാക്കുകയാണ്‌. ശരീരത്തിനെ ക്ലോണ്‍ ചെയ്യുന്നതിനു പകരം മനസ്സിനെ ക്ലോണ്‍ ചെയ്‌ത്‌ `പണം' എന്ന ഒരൊറ്റ ലക്ഷ്യം മാത്രമുള്ള ജന്മങ്ങളെ സൃഷ്‌ടിച്ചെടുക്കുകയാണ്‌ ആഗോളീകരണം. പണമുണ്ടാക്കുന്നതിന്‌ മാത്രമായി ജനിച്ചു ജീവിക്കുന്ന ക്ലോണുകള്‍ ലോകത്തിന്റെ നാനാഭാഗത്തും വ്യാപിച്ചുകഴിഞ്ഞു. കമ്യൂണിസ്റ്റ്‌ചൈന പോലും ഈ ക്ലോണുകള്‍ കൊണ്ട്‌ നിറഞ്ഞിരിക്കുമ്പോള്‍ നമ്മുടെ കുട്ടികളും മറ്റൊന്നാവാന്‍ വഴിയില്ല.ഒരു കുട്ടികൂടി ഇനിയും ഉത്തരം പറയാനുണ്ട്‌ എന്നത്‌ എനിക്ക്‌ ഒരല്‍പം പ്രതീക്ഷ തന്നു. ക്ലോണുകള്‍ മാത്രമുള്ള ലോകത്ത്‌ ഒരു മനുഷ്യജീവിയെങ്കിലും ഇല്ലാതിരിക്കുമോ?അതൊരു പെണ്‍കുട്ടിയായിരുന്നു. ഞാനവളോട്‌ തിരക്കി:
``ഇവരെല്ലാം ഭാവിയിലെ ബിസിനസ്സുകാരാണ്‌. കുട്ടി എന്താവും?``
"എനിക്ക്‌ ഒരു അധ്യാപികയാവണം''
``വെരിഗുഡ്‌''
ഒരു കൗമാരക്കാരിയുടെ, അവള്‍ക്കു തന്നെ ഉറപ്പില്ലാത്ത ഒരു ലക്ഷ്യമാണ്‌ അതെന്ന്‌ അറിയാമായിരുന്നിട്ടും ഏതോ വ്യത്യസ്‌തവും മഹത്തരവുമായ ലക്ഷ്യമാണ്‌ ആ കുട്ടി തിരഞ്ഞെടുത്തിരിക്കുന്നതെന്നപോലെയാണ്‌ എനിക്കപ്പോള്‍ തോന്നിയത്‌. ക്ലോണുകള്‍ക്കിടയില്‍ ഇതാ ഒരു മനുഷ്യക്കുട്ടി എന്ന്‌ പറഞ്ഞ്‌ അവളെ എടുത്തുയര്‍ത്തണമെന്ന്‌ എനിക്ക്‌ ആഗ്രഹമുണ്ടായിരുന്നു. അത്‌ അടക്കിവച്ചുകൊണ്ട്‌ ഞാനവളോട്‌ വിശദീകരണങ്ങള്‍ ആരാഞ്ഞു.`
`എന്തുകൊണ്ട്‌ കുട്ടി ഒരു അധ്യാപികയാവാന്‍ ആഗ്രഹിക്കുന്നു?'' 
യാതൊരു ശങ്കയുമില്ലാതെ അവള്‍ മറുപടി പറഞ്ഞു:
``സാറേ... അധ്യാപികയായാല്‍ ഇഷ്‌ടം പോലെ ഫ്രീ സമയം കിട്ടും. ഈ ഒഴിവു സമയം ബിസിനസ്സിന്‌ വിനിയോഗിച്ചാല്‍ ഇഷ്‌ടംപോലെ കാശുണ്ടാക്കാല്ലോ എന്റെ മമ്മി ഇപ്പൊ അതാ ചെയ്യണത്‌.
                                                                          * * *

  പഴയകാലത്തെ ഒരു ഇടതുപക്ഷ സുഹൃത്ത്‌ ഈയിടെ കണ്ടപ്പോള്‍ ചോദിച്ചു:
``മതമൗലികവാദികളുടെ പ്രസിദ്ധീകരണങ്ങളിലൊക്കെ ഇപ്പോള്‍ എഴുതിക്കാണാറുണ്ടല്ലോ?''
ഞാന്‍ അവനോട്‌ പറഞ്ഞു:
`ലോകത്തെവിടെയും ഇന്ന്‌ മതമൗലികവാദമില്ല. ഉണ്ടെങ്കില്‍ അത്‌ പണമൗലികവാദത്തിനുള്ള ഒരു മറമാത്രമാണ്‌.''
  അതെ, ആഗോളീകരണം ലോകത്ത്‌ പടര്‍ത്തിക്കൊണ്ടിരിക്കുന്നത്‌ പണമൗലികവാദവും പണ ഭീകരതയുമാണ്‌. സ്വന്തം മനസ്സിന്റെ ചപ്പുചവറുകള്‍ ചികഞ്ഞു നോക്കുക; അവിടെ ഏത്‌ സമയവും പൊട്ടിത്തെറിക്കാന്‍ പാകത്തില്‍ ഒരു ബോംബ്‌ നിങ്ങള്‍ കണ്ടെത്തുക തന്നെ ചെയ്യും. അറിയുക അത്‌ ആഗോളീകരണം നിങ്ങളറിയാതെ നിങ്ങള്‍ക്കുള്ളില്‍വച്ച സര്‍വ്വനാശകാരിയായ ബോംബാണ്‌.

എവിടെയോ മനുഷ്യനുണ്ട്‌

എവിടെയോ മനുഷ്യനുണ്ട്‌!
കെഎം മുസ്‌തഫ്‌
മനുഷ്യനെ കണ്ടെത്താനുള്ള അന്വേഷണങ്ങളാണ്‌ ഒരു എഴുത്തുകാരന്റെ ജീവിതത്തെ ചലനാത്മകമാക്കുന്നത്‌. ഭൂമിയിലെവിടെയോ മനുഷ്യനും ജീവിതവുമുണ്ടെന്ന പ്രബലമായ വിചാരവും അത്‌ കണ്ടെത്താനുള്ള തീക്ഷ്‌ണമായ അഭിവാഞ്‌ഛയുമാണ്‌ ഏതൊരു എഴുത്തുകാരന്റെയും ഊര്‍ജം. ഈ ഊര്‍ജം നഷ്‌ടപ്പെട്ടുപോയ നാളുകളിലായിരുന്നു കുറച്ചേറെയായി ഞാന്‍.`എന്തുകൊണ്ട്‌ എഴുതുന്നില്ല' എന്ന്‌ വായനക്കാര്‍ ചോദിച്ചു. `എന്ത്‌ എഴുതും' എന്ന്‌ ഞാന്‍ എന്നോടുതന്നെ ചോദിച്ചു. ഞാന്‍ തിരക്കിലാണെന്ന്‌ സ്വയം വിശ്വസിപ്പിച്ചു. തിരക്കിട്ട്‌ പണിയെടുത്തു. എന്നാല്‍ തിരക്കിനിടയില്‍ തിരിഞ്ഞു നോക്കിയ നിമിഷങ്ങളില്‍ ഞാന്‍ തീര്‍ത്തും നിരാശനായി. തിരക്കുകള്‍ വിലപ്പെട്ട ചിലതെല്ലാം കവര്‍ന്നെടുത്തതല്ലാതെ ജീവിതത്തിന്‌ പുതുതായി ഒന്നും സംഭാവനചെയ്‌തില്ല. ജീവിതം ഇന്നലെത്തേതിന്റെ ആവര്‍ത്തനമാണെങ്കില്‍ നാം ജീവിക്കുന്നില്ല എന്നാണര്‍ത്ഥം. പ്രകൃതിയില്‍ കടന്നുവരുന്ന ഓരോ നിമിഷവും കടന്നുപോയതില്‍നിന്ന്‌ തികച്ചും വിഭിന്നമാണെന്നാണ്‌ സൂക്ഷ്‌മദൃക്കുകള്‍ പറഞ്ഞിട്ടുള്ളത്‌. എന്നാല്‍ എനിക്കുമുമ്പില്‍ കുറച്ചുകാലമായി എല്ലാ ദിവസവും ഒരേപോലെയാണ്‌:ഒരേ റെയില്‍വെസ്റ്റേഷന്‍.ഒരേ ആള്‍ക്കൂട്ടംഒരേ തിക്കിത്തിരക്കുകള്‍ഒരേ ഭാവവും ഒരേ മുഖച്ഛായയുമുള്ള മനുഷ്യര്‍ഒരേ ലക്ഷ്യത്തിലേക്ക്‌ നീങ്ങുന്നവര്‍ഒരേ ഫയലുകള്‍ഒരേ പ്രശ്‌നങ്ങള്‍ഒരേ ഒത്തുതീര്‍പ്പുകള്‍...എന്റെ ലോകം ഒരൊറ്റ കോശത്തില്‍നിന്നു മുറിച്ചെടുത്ത അനേകം ക്ലോണുകള്‍കൊണ്ട്‌ നിറഞ്ഞുകവിയുമ്പോള്‍ ഒരു മനുഷ്യനെത്തേടിയുള്ള എന്റെ യാത്രകളെല്ലാം വഴിയിലവസാനിക്കുകയായിരുന്നു. അതോ ക്ലോണുകള്‍ പെരുകിയ ലോകത്ത്‌ ഞാനും ഒരു ക്ലോണായി മാറുകയായിരുന്നോ?ഒരു മനുഷ്യനു മാത്രമേ മറ്റൊരു മനുഷ്യനെ തിരിച്ചറിയാനാവൂ. ഒരു ക്ലോണിന്‌ അത്‌ അസാധ്യമാണ്‌. ഏറെക്കാലമായിട്ടും ഒരു മനുഷ്യനെ കണ്ടെത്താനാവാത്ത എഴുത്തുകാരന്‌ ക്ലോണുകളില്‍ നിന്നു വിഭിന്നമായി എന്ത്‌ അസ്‌തിത്വമാണുള്ളത്‌?വികാരങ്ങളും വിചാരങ്ങളും ക്ലിപ്‌തമായ ചില ലക്ഷ്യങ്ങളില്‍ കേന്ദ്രീകരിക്കപ്പെട്ട, മുന്‍കൂട്ടി വരച്ചുവച്ച ഒരു വൃത്തത്തിനുള്ളില്‍മാത്രം സദാ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു ക്ലോണായി ഈ എഴുത്തുകാരനും പരിണമിച്ചുകൊണ്ടിരിക്കുകയാണ്‌ എന്ന തിരിച്ചറിവുണ്ടായ ദിവസം ഞാന്‍ എന്റെ എല്ലാ തിരക്കുകളോടും വിടപറഞ്ഞു. ഒരിടത്തേക്കുമല്ലാതെ ഒരു ദിവസം റെയില്‍വേസ്റ്റേഷനിലെത്തി. തെക്കുനിന്നും ഒരു പാസഞ്ചര്‍ വണ്ടി കിതച്ചുവന്നു. ആള്‍ക്കൂട്ടം തേനീച്ചക്കൂട്ടിലെന്നപോലെ ഓരോ കംപാര്‍ട്ട്‌മെന്റിലും നുരച്ചു. ടിക്കറ്റുപോലും എടുക്കാതെ മുന്നില്‍കണ്ട വിടവിലേക്ക്‌ ഞാനും തിരുകിക്കയറി. പൊടുന്നനെ വാരിയെല്ലിലൂടെ ഒരു മിന്നല്‍ കടന്നുപോയി; ഒരു പിടച്ചില്‍. പിന്നെയറിഞ്ഞു, വാരിയുടെ ഏതോ കശേരുവില്‍ ആരോ കൊളുത്തി വലിക്കുന്നതുപോലെ അസഹനീയമായ വേദന. അത്‌ ശരീരത്തിന്റെ ഒരു വശം മുഴുവന്‍ പടര്‍ന്നുകയറി. മരണത്തിന്റെ തൊട്ടുമുമ്പ്‌ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനു പോലും ഒരുതുള്ളി കുടിനീരാണ്‌ വിലയേറിയ വസ്‌തു എന്നതുപോലെ ചന്തിവയ്‌ക്കാന്‍ ഒരിഞ്ചുസ്ഥലം മാത്രമായിരുന്നു എന്റെ അപ്പോഴത്തെ ജീവിതലക്ഷ്യം. അതിനുവേണ്ടി മാത്രമായിരുന്നു ഞാനപ്പോള്‍ ജീവിച്ചിരുന്നത്‌.കംപാര്‍ട്ടുമെന്റില്‍ ഇരിക്കാന്‍പോയിട്ട്‌ ശ്വാസം വിടാനുള്ള സ്ഥലമില്ല. ഓരോരുത്തരും ശ്വസിക്കുന്നത്‌ മറ്റൊരാളുടെ മുഖത്തേക്കാണ്‌. ശരീരമൊന്നനക്കാന്‍പോലും കഴിയാതെ പരസ്‌പരമുരഞ്ഞരഞ്ഞ കംപാര്‍ട്ടുമെന്റിനുള്ളില്‍ ഒരു പുഴുത്ത ആവി വ്യാപിച്ചു. കുഴമ്പ്‌പരുവത്തിലായ ആളുകള്‍ക്കിടയില്‍ ഒരൊറ്റ സീറ്റിന്റെ അരികുപോലും കാണാനുണ്ടായിരുന്നില്ല.അടുത്ത സ്റ്റേഷനില്‍ എങ്ങനെയെങ്കിലും പുറത്തുചാടിയില്ലെങ്കില്‍ ജീവന്‍പോലും അപകടത്തിലായേക്കുമെന്ന ഭീതി എന്റെ നെഞ്ചില്‍ ആളി. വേദന അസ്ഥികളിലൂടെ വളഞ്ഞുപുളഞ്ഞു സഞ്ചരിക്കുമ്പോള്‍ തീവണ്ടിക്ക്‌ ഒട്ടും വേഗതയില്ലെന്നു തോന്നി. ഒച്ചിനെപ്പോലെ കടന്നുപോകുന്ന നിമിഷങ്ങളില്‍ വേദന പെരുത്തു. ഒടുവില്‍ ഇനിയൊരു നിമിഷംപോലും മുന്നോട്ടു പോകാനാവാത്തവിധം അത്‌ കൊടുമുടിയിലെത്തി.പൊടുന്നനെയാണതു സംഭവിച്ചത്‌; നുരയ്‌ക്കുന്ന മനുഷ്യാവയവങ്ങള്‍ക്കിടയില്‍നിന്ന്‌ ഒരു കൈ എന്നെ പിടിച്ചുവലിച്ചു. അതൊരു ശോഷിച്ച കൈയായിരുന്നു. ഞാന്‍ അതിന്റെ ഉടമസ്ഥനെ നോക്കി. ആര്‍ദ്രതയൂറുന്ന രണ്ടുകണ്ണുകള്‍ എന്നെ നോക്കി പുഞ്ചിരിക്കുന്നു. അതൊരു വൃദ്ധനായിരുന്നു.അയാള്‍ എഴുന്നേറ്റ്‌ എന്നെ സീറ്റിലേക്കിരുത്തി. ഒരു ജന്മത്തിന്റെ മുഴുവന്‍ നന്ദിയോടെയും ഞാനയാളെ നോക്കി. അയാള്‍ പുഞ്ചിരിതൂകുക മാത്രം ചെയ്‌തു.വാര്‍ദ്ധക്യത്താല്‍ ശോഷിച്ച ആ ശരീരം തിരക്കില്‍ ആടിയുലയുന്നത്‌ വിഷമത്തോടെ നോക്കിനില്‍ക്കാന്‍ മാത്രമേ എനിക്കു കഴിഞ്ഞുള്ളൂ. ആരും ആരെയും ശ്രദ്ധിക്കാത്ത, കാല്‍വയ്‌ക്കാന്‍ ഒരിഞ്ചുസ്ഥലത്തിനുവേണ്ടി ഓരോരുത്തരും പൊരുതുന്ന ഈ കംപാര്‍ട്ടുമെന്റിനുള്ളില്‍ നിന്ന്‌ ഒരു അത്യാവശ്യക്കാരന്റെ ഉള്ളിലുയരുന്ന നിലവിളി അയാള്‍ എങ്ങനെ കേട്ടുവെന്ന്‌ എനിക്ക്‌ അറിയില്ലായിരുന്നു. എന്റെ ശ്രദ്ധ തെന്നിപ്പോയ ഏതോ നിമിഷത്തില്‍ ഏതോ സ്റ്റേഷനില്‍ അയാള്‍ ഇറങ്ങിയിരിക്കണം. പിന്നെ അയാളെ കണ്ടതേയില്ല.ക്ലോണ്‍ ജീവിതത്തിന്റെ പരിമിതവൃത്തത്തില്‍ നിന്നു പുറത്തുകടക്കാന്‍ മാത്രമല്ല, ഭൂമിയിലെവിടെയൊക്കെയോ മനുഷ്യര്‍ ജീവിക്കുന്നു എന്ന വിചാരം തിരിച്ചുപിടിക്കാനും ഈ ടിക്കറ്റെടുക്കാത്ത യാത്ര എന്നെ സഹായിച്ചു

ഒരു അച്ഛന്‍ മകനെ വളര്‍ത്തുന്നു

                                               ഒരു പിതാവ്‌ മകനെ വളര്‍ത്തുന്നു
                                                     കെ എം മുസ്‌തഫ്‌


ആറ്റുനോറ്റുണ്ടായ മകന്‍ വീട്ടിലുണ്ടാക്കുന്ന ഉപദ്രവങ്ങള്‍ കൊണ്ട്‌ പൊറുതിമുട്ടി, പ്രവാസിയായ ഒരു പിതാവ്‌ മണലാരണ്യത്തില്‍ നിന്ന്‌ രണ്ടാം തവണയും വിളിച്ചപ്പോഴാണ്‌ അബ്‌ദുല്ലഹാജി എന്ന വലിയ മനുഷ്യന്‍ മനസ്സിലേക്ക്‌ വീണ്ടും കടന്നുവരുന്നത്‌.കുടുംബവൃത്തങ്ങളിലും കൂട്ടുകാര്‍ക്കിടയിലും സ്‌കൂളിലുമെല്ലാം `നല്ലകുട്ടി' എന്ന പേര്‍ കേള്‍പ്പിക്കുന്ന പത്തു വയസ്സുകാരന്‍ സ്വന്തം മാതാവിനെയും അനിയത്തിയെയും വൃദ്ധയായ വല്യുമ്മയെപ്പോലും ദിവസവും വായില്‍ തോന്നിയ ചീത്തപറയുകയും ചിലപ്പോഴൊക്കെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്നു എന്നതായിരുന്നു മരുഭൂമിയില്‍ മക്കള്‍ക്കുവേണ്ടി വിയര്‍പ്പ്‌ ചിന്തുന്ന ആ പിതാവിന്റെ പരാതി. ഹിസ്റ്റീരിക്‌ അല്ലെങ്കില്‍ ഹൈപ്പര്‍ ആക്‌ടീവ്‌ എന്നു തോന്നിച്ച ഈ ബാലന്റെ പ്രശ്‌നത്തിന്‌ എന്തെങ്കിലും പരിഹാരം കാണാനാവുമോ എന്ന ഉദ്ദേശ്യത്തോടെ ആ പിതാവിന്റെ താല്‍പര്യപ്രകാരം ഞാനവരുടെ വീട്‌ സന്ദര്‍ശിച്ചു. ചെറുക്കനോടും അവന്റെ മാതാവിനോടും വല്യുമ്മയോടും ദീര്‍ഘനേരം സംസാരിച്ചതില്‍ നിന്ന്‌ എക്‌സ്‌ട്രാ സ്‌മാര്‍ട്ടും ബുദ്ധിമാനുമായ ആ പയ്യന്‌ ഹിസ്റ്റീരിയയോ അഉഒഉ യോ ഇല്ലെന്നും കാരണവരുടെ ഭാഷയില്‍ പറഞ്ഞാല്‍ ചുട്ട അടികിട്ടേണ്ട സയത്ത്‌ കിട്ടാതെപോയതിന്റെ കുറവാണെന്നും എനിക്ക്‌ ബോധ്യമായി.സാമ്പത്തികമായി വളരെ ഉയര്‍ന്ന കുടുംബമായിരുന്നു അത്‌. നാട്ടിലും വിദേശത്തും ബിസിനസ്സുണ്ട്‌ പിതാവിന്‌. അതുകൊണ്ടുതന്നെ അയാള്‍ നാട്ടിലും വീട്ടിലുമില്ലാത്ത അവസ്ഥയിലാണ്‌. നാട്ടില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചാല്‍ പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടാണെന്ന നിഗമനത്തില്‍ വീട്ടിലിരിക്കാവുന്ന അവസ്ഥയിലും അയാള്‍ വിദേശത്ത്‌ കഷ്‌ടപ്പെടുന്നു. അയാളെ സംബന്ധിച്ചിടത്തോളം ഇതുവരെയുള്ള സമ്പത്തിക സ്ഥിതി ഇനിയും നിലനിര്‍ത്തുക എന്നത്‌ സാമൂഹിക പദവിയിലധിഷ്‌ഠിതമായ ഒരു അനിവാര്യതയാണ്‌. ചെറുക്കന്റെ മാതാവും സാധാരണക്കാരിയല്ല. ഹൈസ്‌കൂള്‍ അധ്യാപികയാണവര്‍. മറ്റുള്ളവരുടെ കുട്ടികളെ മുഴുവന്‍ നന്നാക്കാനുള്ള മഹാദൗത്യത്തിനിടയില്‍ സ്വന്തം കുട്ടികളുടെ കാര്യം മറന്നുപോകുന്നു എന്നത്‌ അധ്യാപകര്‍ക്ക്‌ പൊതുവെയുള്ള ഒരു പ്രശ്‌നമാണ്‌. എന്റെയൊരു മൂത്തമ്മയുടെ മകളുണ്ട്‌; ടീച്ചറാണ്‌. റസിയടീച്ചര്‍ എന്ന്‌ കേട്ടാല്‍ മതി, കുട്ടികള്‍ അറിയാതെ അടിവസ്‌ത്രത്തില്‍ മുത്രമിറ്റിച്ചു പോവും; അത്രക്കുണ്ട്‌ പേടി. നുള്ളിയും പിച്ചിയും കണ്ണുരുട്ടിയും ചന്തിക്കിട്ട്‌ പെടച്ചും ഒരുപാട്‌ കുട്ടികളെ കരകയറ്റിയിട്ടുണ്ട്‌ റസിയ; ഒരു അലോപ്പതി ഡോക്‌ടറുടെ മന്ദബുദ്ധിയായ മകനെ വരെ. പക്ഷേ മറ്റുള്ളവരുടെ മക്കളുടെ കാര്യത്തില്‍ കാണിച്ച ശുഷ്‌കാന്തിയുടെ ഒരംശം പോലും സ്വന്തം മകന്റെ കാര്യത്തില്‍ കാണിക്കാന്‍ റസിയ വിട്ടുപോയി. പയ്യന്‍ മഹാവികൃതി എന്നുപറഞ്ഞാല്‍ പോരാ, വികൃതിക്ക്‌ കൈയും കാലും കൊടുത്ത്‌ പടച്ചവന്‍ ദുന്‍യാവിലേക്ക്‌ പറഞ്ഞുവിട്ടവന്‍. ചെറിയവനെന്നോ വലിയവനെന്നോ വ്യത്യാസമില്ലാതെ ആരെയും ഇടിക്കും. കൈയില്‍ കിട്ടിയ സാധനങ്ങളെല്ലാം നശിപ്പിക്കും. വേദനിപ്പിച്ചുകൊണ്ടാണ്‌ അവന്‍ മറ്റുള്ളവരോട്‌ സ്‌നേഹം പ്രകടിപ്പിക്കുക. ചെറുക്കന്റെ ഈ പീഡനങ്ങള്‍ക്ക്‌ ഒരുപാടു തവണ ഇരയായ ഒരു ഹതഭാഗ്യനാണ്‌ ഞാന്‍. റസിയ പിണങ്ങുമോ എന്നു കരുതി ഉള്ളിലിരമ്പുന്ന ക്രോധം മുഴുവന്‍ അണകെട്ടി നിര്‍ത്തി നിശ്ശബ്‌ദമായി സഹിച്ചിട്ടുണ്ട്‌ പലതവണ. പക്ഷേ ഒരിക്കലെനിക്ക്‌ പിടിവിട്ടുപോയി, അന്ന്‌ പയ്യനെന്നെ സ്വാഗതം ചെയ്‌തത്‌ മുഖത്തേക്ക്‌ തുപ്പിക്കൊണ്ടാണ്‌. ആ നിമിഷം എന്താണ്‌ സംഭവിച്ചതെന്ന്‌ എനിക്കു തന്നെ അറിയില്ല. പയ്യന്‍ ലോകം മുഴുവന്‍ കേള്‍ക്കുമാറുച്ചത്തില്‍ വാവിട്ട്‌ കരയുന്നു. അവന്റെ മുഖം ചുവന്നു തിണര്‍ത്തിരിക്കുന്നു. റസിയയെ താല്‍ക്കാലികമായി പിണക്കേണ്ടി വന്നെങ്കിലും അതുകൊണ്ടെനിക്കൊരു കാര്യമുണ്ടായി. ചെറുക്കന്‍ പിന്നെ എന്റെയടുത്തേക്ക്‌ വരാറില്ല.സമാനമായ അവസ്ഥതന്നെയായിരുന്നു പ്രവാസിയുടെ മകന്റെയും. വിവാഹം കഴിഞ്ഞ്‌ അഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ അവര്‍ക്ക്‌ ആദ്യത്തെ കുഞ്ഞ്‌ പിറക്കുന്നത്‌. വൈകിവന്ന സൗഭാഗ്യത്തിന്‌ ആവശ്യത്തില്‍ കൂടുതല്‍ ശ്രദ്ധയും പരിചരണവും അവര്‍ നല്‍കി. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ആഗ്രഹിക്കുന്നതെല്ലാം അവന്റെ മുമ്പിലെത്തി. ഒന്നിനും വാശിപിടിച്ചു കരയേണ്ട ആവശ്യംപോലും അവനു വന്നില്ല. ഏതൊരു കുട്ടിയെയും പോലെ കൗതുകങ്ങളുടെ ലോകത്തായിരുന്നു അവനും. എന്നാല്‍ ആഗ്രഹിച്ചതെല്ലാം ഞൊടിയിടകൊണ്ട്‌ സ്വന്തമാക്കാന്‍ കഴിയുന്ന ലോകത്ത്‌ അവന്റെ കൗതുകങ്ങള്‍ ആകാശംമുട്ടെ വളര്‍ന്നു. രക്ഷിതാക്കള്‍ക്ക്‌ താങ്ങാനാവാത്തവിധം അവന്റെ സ്വപ്‌നങ്ങള്‍ക്ക്‌ ചെലവുകൂടി. ഒരു പത്തുവയസ്സുകാരന്‍ തനിക്ക്‌ സ്വന്തമായി ഒരു കാര്‍ വേണമെന്ന്‌ വാശിപിടിച്ചാല്‍ ഏത്‌ രക്ഷിതാവിനാണ്‌ പെട്ടെന്നത്‌ സാധിപ്പിച്ചുകൊടുക്കാന്‍ കഴിയുക! ആഗ്രഹങ്ങള്‍ക്ക്‌ കുട്ടിത്തം നഷ്‌ടപ്പെട്ട മകന്‍ വലിയവലിയ ആഗ്രഹങ്ങളുടെ ലോകത്ത്‌ ഇച്ഛാഭംഗവുമായി കഴിഞ്ഞു. മറ്റുള്ളവരില്‍നിന്നുള്ള ഒരു നിഷേധവാക്കും അവന്‌ സഹിക്കാനാവുമായിരുന്നില്ല. കൊച്ചുകൊച്ചു കാര്യങ്ങള്‍ക്കു പോലും അവന്‍ പ്രകോപിതനായി. ദേഷ്യം വരുമ്പോള്‍ കൈയില്‍ കിട്ടിയതെടുത്ത്‌ അവന്‍ മറ്റുള്ളവരെ പ്രഹരിച്ചു. അല്ലെങ്കില്‍ വീട്ടുസാധനങ്ങള്‍ തല്ലിയുടച്ചു. ചെറിയവരെന്നോ വലിയവരെന്നോ വ്യത്യാസമില്ലാതെ വായില്‍ തോന്നിയ വാക്കുകള്‍കൊണ്ട്‌ മറ്റുള്ളവരെ അഭിഷേകം ചെയ്‌തു. മാതാവടക്കം വീട്ടിലെ ഓരോ അംഗത്തിനും ഉള്‍ക്കിടിലമുണ്ടാക്കുന്ന സ്വേച്ഛാധിപതിയും പ്രവചനാതീതനുമായ ഒരു രാജാവായി അവന്‍ ആ വീട്ടില്‍ വാണു. മന്ത്രവാദം മുതല്‍ സൈക്യാട്രിക്‌ മരുന്നുകള്‍ വരെ ആ രക്ഷിതാക്കള്‍ പരീക്ഷിച്ചുനോക്കിയെങ്കിലും ഒരു ഫലവുമുണ്ടായില്ല.കുട്ടികളുടെ ക്ഷേമത്തിനും മാനസികാരോഗ്യത്തിനും വേണ്ടിയുള്ള പരിപാടികള്‍ പലതും ഫലം കാണാതെ പോകുന്നതിന്‌ പ്രധാന കാരണം അവന്‍ ജീവിക്കുന്ന സാഹചര്യങ്ങളെ തിരുത്താന്‍ കഴിയാതെ പോകുന്നതു കൊണ്ടാണ്‌. കുട്ടികളുടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം തേടിവരുന്ന രക്ഷിതാക്കളും അധ്യാപകരും സ്‌കൂള്‍ അധികൃതരുമൊക്കെ തന്നെയായിരിക്കും മിക്കപ്പോഴും പ്രശ്‌നകാരണങ്ങള്‍. തങ്ങള്‍ക്കല്ല, കുട്ടിക്കാണ്‌ പ്രശ്‌നം എന്ന്‌ വിശ്വസിച്ചുവച്ചിരിക്കുന്ന ഈ രക്ഷിതാക്കളെയും അധ്യാപകരെയുമൊക്കെ മാറ്റിയെടുക്കുക എന്നത്‌ അതിനെക്കാള്‍ വലിയ പ്രശ്‌നമാണു താനും. കുട്ടികളുടെ മാനസികാരോഗ്യരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ഒരാള്‍ നിസ്സഹായനാകുന്ന സന്ദര്‍ഭമാണിത്‌.പ്രശ്‌നകാരിയായ സാഹചര്യങ്ങളെ മാറ്റിയെടുക്കാതെ പ്രസ്‌തുത ബാലന്‍ സൃഷ്‌ടിക്കുന്ന ഉപദ്രവങ്ങള്‍ക്ക്‌ അവനില്‍തന്നെ ഒരു പരിഹാരം കണ്ടെത്തുക അസാധ്യമായിരുന്നു. എങ്കിലും വന്ന സ്ഥിതിക്ക്‌ എന്തെങ്കിലുമൊക്കെ ആവട്ടെ എന്നു കരുതി പെരുമാറ്റ നവീകരണ ചികിത്സയുടെ ചില രീതികള്‍ ഞാന്‍ ആ ബാലനില്‍ പ്രയോഗിച്ചുനോക്കി. `സ്‌കിന്നര്‍' എന്നു പേരുള്ള ഒരു ബിഹേവിയറിസ്റ്റ്‌ കണ്ടുപിടിച്ച രീതി: ഓരോ നല്ല പെരുമാറ്റത്തിനും പ്ലസ്‌ സ്‌കോറും ഓരോ ചീത്ത സ്വഭാവത്തിനും മൈനസ്‌ സ്‌കോറും നല്‍കി ഓരോ ആഴ്‌ചയും കിട്ടുന്ന ആകെ സ്‌കോര്‍ കണക്കാക്കി സമ്മാനമോ ശിക്ഷയോ നല്‍കുന്ന ഒരു പരിപാടി. ചീത്ത സ്വഭാവങ്ങളെ പടിപടിയായി പുറംതള്ളുകയും നല്ല സ്വഭാവങ്ങളെ പതുക്കെ കണ്ടീഷന്‍ ചെയ്‌തെടുക്കുകയുമാണ്‌ ഈ രീതിയുടെ ലക്ഷ്യം. ആഴ്‌ചയുടെ അവസാനം കിട്ടാന്‍ പോകുന്ന സമ്മാനം ഒരാളെ പ്രചോദിപ്പിച്ചെങ്കില്‍ മാത്രമേ ഈ രീതി വിജയിക്കുകയുള്ളൂ. പ്രസ്‌തുത ബാലന്റെ കാര്യത്തിലുള്ള പ്രശ്‌നവും അതുതന്നെയായിരുന്നു. തീക്ഷ്‌ണമായി ആഗ്രഹിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു സമ്മാനവും അവന്റെ ജീവിതത്തിലില്ലായിരുന്നു. എല്ലാം അവന്‍ അതിനുമുമ്പേ നേടിയിരുന്നു. ശിക്ഷിക്കാന്‍ അധികാരമുള്ള ഒരാളും അവനില്ലായിരുന്നു. അതുകൊണ്ട്‌ ആ ഭയവും അപ്രസക്തം.കമ്പ്യൂട്ടര്‍ ഗെയിമിനോടും നെറ്റ്‌വര്‍ക്ക്‌ മാര്‍ക്കറ്റിംഗിനോടും സാമ്യമുള്ള ഈ ചികിത്സാരീതിയിലുള്ള കൗതുകം കൊണ്ടാവാം പയ്യന്‍ മൂന്നാലു ദിവസം യാതൊരു ചീത്തസ്വഭാവവും പ്രകടിപ്പിച്ചില്ല. എന്നാല്‍ അഞ്ചാംനാള്‍ ചുമരില്‍ ഒട്ടിച്ചുവച്ചിരുന്ന പെരുമാറ്റ നവീകരണ ചാര്‍ട്ട്‌ വലിച്ചുകീറി അവന്‍ പഴയ സ്വഭാവത്തിലേക്ക്‌ തിരിച്ചുപോയി.ഹതാശനായ ആ പിതാവ്‌ വീണ്ടും എന്നെ വിളിച്ചു. ഇനിയെന്ത്‌ ചികിത്സയാണ്‌ അവന്‌ നല്‍കുക എന്നറിയാതെ ആകെ വിഷമത്തിലാണയാള്‍. ടെക്‌നിക്കുകള്‍ കൊണ്ട്‌ മാറ്റിയെടുക്കാവുന്നതല്ല മകന്റെ പ്രശ്‌നമെന്നും എനിക്ക്‌ കാര്യമായൊന്നും ചെയ്യാനില്ലെന്നും അയാളെ അറിയിച്ചു.``പിന്നെ ഞാനെന്തു ചെയ്യും?'' അയാള്‍ നിസ്സഹായനായി ചോദിച്ചു.``നിങ്ങള്‍ എന്തു ചെയ്യും എന്നല്ല. നിങ്ങള്‍ക്കും നിങ്ങളുടെ ഭാര്യക്കും മാത്രമേ അവനെ രക്ഷിക്കാനാവൂ''``എങ്ങനെ?''``നിങ്ങളുടെ മകന്‍ നിങ്ങളുടെ വീട്ടിലെ രാജാവാണ്‌. അറിഞ്ഞോ അറിയാതെയോ ചെറുപ്പം തൊട്ടേ നിങ്ങളവന്റെ തലയില്‍ ഒരു കിരീടം വച്ചു കൊടുത്തിട്ടുണ്ട്‌. അത്‌ തിരിച്ചുവാങ്ങണം. എന്തും നേടി മാത്രമേ അവന്‌ പരിചയമുള്ളൂ; അതും നിസ്സാരമായി. അങ്ങനെയല്ലാത്ത ഒരു ലോകമുണ്ടെന്ന്‌ അവന്‌ നിങ്ങള്‍ കാണിച്ചു കൊടുക്കണം. മക്കളെ വളര്‍ത്തുന്നതില്‍ മാതൃകയാക്കാവുന്ന ഒരു പിതാവിനെ ഞാന്‍ നിങ്ങള്‍ക്ക്‌ പരിചയപ്പെടുത്തിത്തരാം.''``ആരാണയാള്‍?''``അബ്‌ദുല്ലഹാജി''അതെ, ഞാന്‍ കണ്ട ഏറ്റവും മഹാനായ പിതാവാണ്‌ അബ്‌ദുല്ലഹാജി. മക്കളെ വളര്‍ത്തുന്നതിന്റെ മന:ശാസ്‌ത്രം ആറാം ക്ലാസ്‌ വിദ്യാഭ്യാസം മാത്രമുള്ള അദ്ദേഹത്തിന്‌ വ്യക്തമായി അറിയാമായിരുന്നു. സന്താനപരിപാലന(ജമൃലിശേിഴ)ത്തെക്കുറിച്ച്‌ പുസ്‌തകമെഴുതിയവര്‍ പോലും സ്വന്തം മക്കളെ അബ്‌ദുല്ലഹാജിയോളം ശാസ്‌ത്രീയമായി വളര്‍ത്തിയിട്ടുണ്ടാവില്ല. എന്താണ്‌ അബ്‌ദുല്ല ഹാജിയുടെ രീതി?എന്റെ സുഹൃത്തിന്‌ ടൗണില്‍ ഗ്ലാസും പ്ലൈവുഡുമൊക്കെ വില്‍ക്കുന്ന ഒരു കടയുണ്ട്‌. ഒരു ദിവസം ഞാനവനെ കാണാനായി കടയില്‍ ചെന്നപ്പോള്‍ മധ്യവയസ്‌കനായ ഒരാള്‍ ഒരു കൊച്ചുബാലനെയും കൂട്ടി അങ്ങോട്ടു കടന്നുവന്നു.``ഇവന്‌ ഇവിടെ ഒരു പണികൊടുക്കുമോ?'' ബാലനെ ചൂണ്ടി ആഗതന്‍ ചോദിച്ചു.``കൊടുക്കാം. പക്ഷേ ഇവന്‌ എന്ത്‌ പണിയറിയാം?''സുഹൃത്ത്‌ യാതൊരു ശങ്കയുമില്ലാതെ ചോദിച്ചു.എന്റെ മനസ്സില്‍ പൊടുന്നനെ ഒരു സ്‌പാര്‍ക്കുണ്ടായി.ബാലവേല. ഇയാള്‍ ബാലവേലക്ക്‌ കുട്ടികളെ എത്തിക്കുന്ന ഒരു ചരടായിരിക്കണം. എന്റെ സുഹൃത്ത്‌ ഇയാളുടെ ഒരു കസ്റ്റമറായിരിക്കണം. ഒരു ലേഖനമെഴുതാനുള്ള വിഷയമായി.``ഇതൊരു ഗ്ലാസ്‌ കടയാണ്‌. നിനക്ക്‌ ഗ്ലാസ്‌ മുറിക്കാനറിയുമോ?''ബാലന്‍ ആശങ്കയുള്ള മുഖഭാവവുമായി അറിയില്ലെന്ന്‌ തലയാട്ടി.``പോട്ടെ, നിനക്ക്‌ ഒരു ഗ്ലാസ്‌ പൊട്ടാതെ വാഹനത്തിലേക്ക്‌ എടുത്തുവയ്‌ക്കാനറിയുമോ?''ബാലന്‍ ഉത്തരമില്ലാതെ നിശ്ശബ്‌ദം നിന്നു.എന്റെ മനുഷ്യബോധം ഉണര്‍ന്നു.``ദാവൂദേ, ഇത്‌ ശരിയല്ല. ഇയാളെ പിടിച്ച്‌ പോലീസിലേല്‍പ്പിക്കുകയാണ്‌ വേണ്ടത്‌.''സുഹൃത്ത്‌ ചുണ്ടത്ത്‌ വിരല്‍വച്ച്‌ എന്നോട്‌ നിശ്ശബ്‌ദനായിരിക്കാന്‍ ആംഗ്യം കാണിച്ചു.``ഇവന്‌ ഒരു പണിയും അറിയില്ല. അതുകൊണ്ട്‌ ഒരാഴ്‌ച പണി പഠിക്കുന്നതുവരെ കൂലിയൊന്നുമുണ്ടാവില്ല. ഭക്ഷണം മാത്രമേ കിട്ടൂ. അടുത്ത ആഴ്‌ച മുതല്‍ മുപ്പത്‌രൂപ ദിവസം കൂലി ലഭിക്കും. അതും രാവിലെ 9 മണി മുതല്‍ വൈകീട്ട്‌ 5 വരെ കൃത്യമായി കടയില്‍ നിന്നാല്‍ മാത്രം. എന്താ സമ്മതമാണോ?''സുഹൃത്ത്‌ ആഗതനെ നോക്കി. ആഗതന്‍ ബാലനെയും. യാതൊരു മടിയും കൂടാതെ ബാലന്‍ സമ്മതമാണ്‌ എന്ന അര്‍ത്ഥത്തില്‍ തലയാട്ടി.സുഹൃത്തിന്റെയും ആഗതന്റെയും മുഖത്ത്‌ ഒരു ചിരി വിടര്‍ന്നുനിന്നു.``എന്നാല്‍ ഇന്നുതന്നെ ജോയിന്‍ ചെയ്യാം.'' സുഹൃത്ത്‌ ഒരു രജിസ്റ്ററെടുത്ത്‌ ബാലന്റെ പേരും വിലാസവുമൊക്കെ കുറിച്ചെടുത്തു. ജോയിന്‍ ചെയ്‌തതായി അവനെക്കൊണ്ട്‌ ഒപ്പുവെപ്പിച്ചു.``അപ്പോള്‍ നമുക്ക്‌ പണി തുടങ്ങാം.''സുഹൃത്ത്‌ ബാലനു നേരെ തിരിഞ്ഞു:``നിന്റെ എത്രാമത്തെ ജോലിയാണിത്‌?''``അഞ്ചാമത്തെ.'' ബാലന്‍ പറഞ്ഞതുകേട്ട്‌ ഞാന്‍ ഞെട്ടിപ്പോയി. പത്തു വയസ്സിനിടയില്‍ ഇവന്‍ നാലു ജോലികള്‍ മാറിമാറി ചെയ്‌തെന്നോ! എത്ര ക്രൂരമായാണ്‌ കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുന്നത്‌.സുഹൃത്ത്‌ കുറെ പൊട്ടിയ ഗ്ലാസുകഷ്‌ണങ്ങള്‍ക്കിടയിലേക്ക്‌ ബാലനെ നയിച്ചു. അത്‌ വാരി ഒരു ഭാഗത്ത്‌ അടുക്കിവയ്‌ക്കുകയായിരുന്നു അവന്റെ ആദ്യത്തെ ദൗത്യം. ആദ്യത്തെ ശ്രമത്തില്‍ തന്നെ അവന്റെ കൈമുറിഞ്ഞ്‌ ചോരപൊടിഞ്ഞു. യാതൊരു വിഷമവും പ്രകടിപ്പിക്കാതെ അവനത്‌ വായിലിട്ട്‌ ഉറുഞ്ചിക്കളഞ്ഞു.കടയുടെ ഒരു മൂലയില്‍ സുഹൃത്തും ആഗതനും എന്തൊക്കെയോ കുശുകുശുക്കുന്നു. കമ്മീഷന്‍ വിലപേശി വാങ്ങുകയാവുമെന്ന്‌ ഞാന്‍ ഊഹിച്ചു. വികാരനിര്‍ഭരനായി ഞാനവരുടെ അടുത്തേക്ക്‌ ചെന്നു. എങ്ങനെയെങ്കിലും ആ കുട്ടിയെ രക്ഷിക്കണമെന്നായിരുന്നു എന്റെ അപ്പോഴത്തെ ചിന്ത മുഴുവന്‍.``ദാവൂദേ, നീയിത്ര ചീപ്പാണെന്ന്‌ ഞാന്‍ വിചാരിച്ചില്ല.'' ഞാന്‍ സുഹൃത്തിനെ നോക്കി പൊട്ടിത്തെറിച്ചു.``എന്താടാ കാര്യം?''``ഇതിനെക്കാള്‍ വലിയ എന്ത്‌ കാര്യമാണെടാ. എന്തു വന്നാലും ഞാനിത്‌ പുറംലോകത്തെ അറിയിക്കും.''കാര്യം പന്തിയല്ലെന്ന്‌ മനസ്സിലാക്കിയ ആഗതന്‍ പെട്ടെന്ന്‌ സുഹൃത്തിനും എനിക്കും കൈതന്ന്‌ പോകാനൊരുങ്ങി.``എടോ, തന്നെയും ഞാന്‍ വെറുതെവിടില്ല.''ഞാന്‍ അയാള്‍ക്കു നേരെ തിരിഞ്ഞു. അതു കേള്‍ക്കാത്ത ഭാവത്തില്‍ പുഞ്ചിരിതൂകിക്കൊണ്ട്‌ അയാള്‍ ധൃതിയില്‍ നടന്നകന്നു.ആള്‍ കണ്‍വെട്ടത്തുനിന്നു മറഞ്ഞതും സുഹൃത്ത്‌ ശാന്തമായി എന്നോട്‌ ചോദിച്ചു:``ആ പോയ മനുഷ്യന്‍ ആരാണെന്ന്‌ നിനക്കറിയാമോ?''``കുട്ടികളെ വിറ്റു പോക്കറ്റ്‌ വീര്‍പ്പിക്കുന്ന ഏതോ ചെകുത്താന്‍.''``അല്ല, ഈ നാട്ടിലെ ഏറ്റവും വലിയ ബിസിനസ്സുകാരനാണദ്ദേഹം. കോടീശ്വരന്‍. അബ്‌ദുല്ലഹാജി''``കുട്ടികളെ വിറ്റ്‌ കോടീശ്വരനും കൊക്കോടീശ്വരനുമായില്ലെങ്കിലേ അദ്‌ഭുതമുള്ളു.''``നീയദ്ദേഹത്തെ തെറ്റിദ്ധരിച്ചിരിക്കുകയാണ്‌. ഇന്ന്‌ ഈ നാട്ടില്‍ നയാപൈസയുടെ വഞ്ചന നടത്താതെ ബിസിനസ്സ്‌ ചെയ്യുന്ന ഒരാളുണ്ടെങ്കില്‍ അത്‌ അബ്‌ദുല്ല ഹാജി മാത്രമാണ്‌. ഇനി ആ നില്‍ക്കുന്ന ചെറുക്കന്‍ ആരാണെന്നറിയണോ? അത്‌ അദ്ദേഹത്തിന്റെ ഏറ്റവും ഇളയമകനാണ്‌.''എനിക്ക്‌ കാര്യമൊന്നും മനസ്സിലായില്ല. കോടീശ്വരനായ ഒരാള്‍ എട്ടുംപൊട്ടും തിരിയാത്ത സ്വന്തം മകനെ ഒരു കടയില്‍ തുച്ഛമായ ശമ്പളത്തിന്‌ ജോലിക്ക്‌ നിര്‍ത്തുകയോ?``അതാണ്‌ അബ്‌ദുല്ലഹാജി മക്കളെ വളര്‍ത്തുന്ന രീതി. ഇതിന്റെ മൂത്തത്‌ ഒരാണും രണ്ടു പെണ്ണുമുണ്ട്‌. നീ കാണേണ്ടതാണ്‌. മനുഷ്യന്റെ മക്കള്‍ എന്ന വിശേഷണം പൂര്‍ണമായും അര്‍ഹിക്കുന്ന മൂന്നു മക്കളെ ഞാന്‍ ആ വീട്ടില്‍ മാത്രമേ കണ്ടിട്ടുള്ളു.''ഞാന്‍ വിസ്‌മയഭരിതനായി നില്‍ക്കുമ്പോള്‍ സുഹൃത്ത്‌ തുടര്‍ന്നു:``ക്രിക്കറ്റ്‌ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ ചെറുക്കന്റെ പന്തുകൊണ്ട്‌ അയല്‍വാസിയുടെ ജനലിന്റെ ഗ്ലാസൊന്ന്‌ പൊട്ടി. അറിയാതെ പറ്റിപ്പോയതായതു കൊണ്ടും പ്രതി അബ്‌ദുല്ലഹാജിയുടെ പുത്രനായതു കൊണ്ടും അയല്‍വാസിക്കതൊരു പ്രശ്‌നമേയല്ല. പക്ഷേ അബ്‌ദുള്ളഹാജിക്കത്‌ ഗുരുതരമായ പ്രശ്‌നമാണ്‌. അയല്‍വാസി വേണ്ടെന്ന്‌ തീര്‍ത്തുപറഞ്ഞിട്ടും ഹാജി സ്വന്തം ചെലവില്‍ ഗ്ലാസ്‌ മാറ്റിക്കൊടുത്തു. അതിന്‌ ചെലവായ തുക അബ്‌ദുല്ലഹാജിക്ക്‌ മകന്‍ തിരിച്ചുനല്‍കണം. അതും ഒരു ഗ്ലാസ്‌കടയില്‍ ജോലിക്ക്‌ നിന്നുകൊണ്ട്‌. എത്രപേരുടെ അദ്ധ്വാനത്തിലൂടെയും ശ്രദ്ധയിലൂടെയുമാണ്‌ ഒരു ഗ്ലാസ്‌ പീസ്‌ പരിപാലിക്കപ്പെട്ടുപോകുന്നതെന്ന്‌ അനുഭവത്തിലൂടെ മനസ്സിലാക്കിവരാനാണ്‌ ഹാജി മകനെ ഇവിടെ നിര്‍ത്തിയിരിക്കുന്നത്‌. മകനില്‍നിന്നു വന്നുപോയ തെറ്റിന്‌ പിതാവ്‌ പിഴയൊടുക്കിയാല്‍ ആ തെറ്റ്‌ അവന്‍ നിസ്സാരമായി കാണുമെന്നും വീണ്ടും ആവര്‍ത്തിച്ചേക്കുമെന്നുമാണ്‌ ഹാജിയുടെ നിരീക്ഷണം. യഥാര്‍ത്ഥ അനുഭവത്തിലൂടെ മാത്രമേ ഒരാള്‍ക്ക്‌ ഏതൊന്നിന്റെയും വില മനസ്സിലാക്കാന്‍ കഴിയൂ എന്നതാണ്‌ അദ്ദേഹത്തിന്റെ മതം.''ഇങ്ങനെയും ഒരു പിതാവ്‌ ഈ ഉലകത്തിലുണ്ടെന്ന്‌ അദ്‌ഭുതംകൂറി നില്‍ക്കെ സുഹൃത്ത്‌ പറഞ്ഞു:``ഇനി ഇതു കൂടി കേട്ടോളു: സ്‌കൂളില്‍ നിന്ന്‌ പതിനഞ്ചു ദിവസത്തെ ലീവെടുപ്പിച്ചാണ്‌ മകനെ ഹാജി ഇവിടെ നിര്‍ത്തിയിരിക്കുന്നത്‌. മകന്‌ പാഠങ്ങള്‍ കിട്ടാതെപോകുമോ എന്ന ആശങ്കയൊന്നും അദ്ദേഹത്തിനില്ല. അതിനെക്കാള്‍ വലിയ പാഠങ്ങള്‍ ഇതൊക്കെയാണെന്നാണ്‌ ആ മനുഷ്യന്റെ വീക്ഷണം.''``എനിക്ക്‌ തെറ്റുപറ്റി. മഹാത്മാഗാന്ധിയെക്കാളും നെഹ്‌റുവിനെക്കാളും മഹാനായ ഒരു പിതാവിനെയാണ്‌ ഞാന്‍ തെറ്റിദ്ധരിച്ചത്‌.''``തീര്‍ന്നില്ല.'' സുഹൃത്ത്‌ പറഞ്ഞു.``എനിക്കിവിടെ പത്തു വയസ്സുകാരനായ ഒരു ബാലന്‍ ജോലിക്കു നില്‍ക്കുന്നതു കൊണ്ട്‌ പ്രത്യേകിച്ച്‌ കാര്യമൊന്നുമില്ലെന്ന്‌ നിനക്കറിയാലോ. ഹാജിക്കും അതറിയാം. അതുകൊണ്ട്‌ ഈ ബാലന്‌ കൊടുക്കാനുള്ള കൂലിയും ഭക്ഷണച്ചെലവുമെല്ലാം ഹാജി തന്നെയാണ്‌ തരുന്നത്‌. മകനെ മനുഷ്യനാക്കി വളര്‍ത്താന്‍ പിതാവ്‌ അഭിനയിക്കുന്ന നാടകം. പക്ഷേ മകന്‍ ഒരിക്കലും അതറിയില്ലെന്നു മാത്രം!''

അന്യന്റെ വിയര്‍പ്പിന്റെ വില

                                          അന്യന്റെ വിയര്‍പ്പിന്റെ വില
                                                      - കെഎം മുസ്‌തഫ്‌


                വീട്‌ ഒരു ഡോര്‍മെറ്ററിയായി മാറിയിട്ട്‌ കുറച്ചു മാസങ്ങളായിരുന്നു. രാവിലെ ആളുകള്‍ ഉണരും മുമ്പ്‌ ഇറങ്ങുന്നു. രാത്രി എല്ലാവരും ഉറങ്ങിയതിനുശേഷം തിരിച്ചെത്തുന്നു. വീട്ടിലിരിക്കുമ്പോള്‍ പോലും ഓണ്‍ഡ്യൂട്ടി. ജീവിതവണ്ടി വിശ്രമമില്ലാതെ ഇങ്ങനെ ഓടിക്കൊണ്ടിരിക്കുമ്പോഴാണ്‌ അര്‍ജന്റ്‌ ആന്റ്‌ ഇംപോര്‍ട്ടന്റ്‌ ആയി ഒന്നും ചെയ്യാനില്ലാത്ത ഒരു ദിവസം കടന്നുവരുന്നത്‌. വീണുകിട്ടിയ ഈ സൗഭാഗ്യം ജീവിതപങ്കാളിക്കും മകനുമൊപ്പം ചെലവഴിക്കാമെന്നു നിനച്ച്‌ മകനെ മടിയിലെടുത്തതേയുള്ളൂ, മൊബൈല്‍ഫോണ്‍ ഒരു കട്ടുറുമ്പിന്റെ കുശുമ്പോടെ ക്രൂരമായി ശബ്‌ദിച്ചു. 
              അങ്ങേതലക്കല്‍ അപരിചിതനായ ഒരാള്‍; മിസ്റ്റര്‍ `എക്‌സ്‌'.
          ``ഞാന്‍ റിലയന്‍സില്‍ സിഇഒ ആയി വര്‍ക്ക്‌ ചെയ്യുകയായിരുന്നു. അതിനിടയിലാണ്‌ ഗ്ലോബല്‍വിഷനോടുകൂടിയ ഒരു ബഹുമുഖ പദ്ധതിയുടെ മാനേജറാകാന്‍ ക്ഷണംലഭിക്കുന്നത്‌. പദ്ധതിയെക്കുറിച്ച്‌ പഠിച്ചപ്പോള്‍ വന്‍സാധ്യതകളുണ്ടെന്ന്‌ ബോധ്യപ്പെട്ടതിനാല്‍ ജോലി രാജിവച്ച്‌ ഞാന്‍ ആ ക്ഷണം സ്വീകരിച്ചു.''
           ``വെരിഗുഡ്‌''. 
അത്ര താല്‍പര്യമില്ലാത്ത കാര്യങ്ങളായതിനാലും വീണുകിട്ടിയ ഒഴിവുദിനം ഇയാള്‍ കവര്‍ന്നെടുത്തേക്കുമോ എന്ന ആശങ്കയുണ്ടായതിനാലും തീര്‍ത്തും യാന്ത്രികമായി ഞാന്‍ ഒരു ഇടപെടല്‍ നടത്തിനോക്കി. ആള്‍ കാര്യത്തിലേക്ക്‌ വരണമല്ലോ.``വാള്‍മാര്‍ട്ടും സ്‌പെന്‍സറുമൊക്കെ ആഗോളവല്‍ക്കരണത്തിലൂടെ നമ്മുടെ ബിസിനസ്സിനെ തകര്‍ക്കുമ്പോള്‍ നാം പ്രതിരോധത്തിലൂന്നിയതു കൊണ്ട്‌ പ്രത്യേകിച്ചെന്താണ്‌ കാര്യം? ഒരു കാര്യവുമില്ല. മറിച്ച്‌, അവരോട്‌ മത്സരിക്കാന്‍ തക്ക ശേഷിയുള്ള പദ്ധതികള്‍, അവരുടെ നാട്ടില്‍ നമ്മുടെ ഉല്‍പ്പന്നങ്ങള്‍ക്ക്‌ മാര്‍ക്കറ്റുണ്ടാക്കാന്‍ പ്രാപ്‌തമായ പദ്ധതികള്‍ നമ്മള്‍ ശാസ്‌ത്രീയമായി രൂപകല്‍പന ചെയ്യുകയാണ്‌ വേണ്ടത്‌.'' 
ഈയിടെ ബിസിനസ്സ്‌ എന്നു കേള്‍ക്കുമ്പോഴേ തലവേദനവരുന്ന ഒരാളാണ്‌ ഞാന്‍. അതുകൊണ്ട്‌ ഈ സംഭാഷണം ഇങ്ങനെ തുടര്‍ന്നുപോയാല്‍ ആവശ്യമില്ലാത്ത ഒരു തലവേദന തികച്ചും ഫ്രീയായി വാങ്ങുന്നതിന്‌ തുല്യമാവും എന്ന്‌ എനിക്കു തോന്നി. കാര്യത്തിലേക്കു കടക്കാന്‍ അയാള്‍ ഇനിയും തയാറാവാത്ത സ്ഥിതിക്ക്‌ നമ്മള്‍തന്നെ കടക്കുകയാവും രണ്ടുപേര്‍ക്കും നല്ലത്‌.``നിങ്ങള്‍ പറയുന്നതൊക്കെ ശരിയായിരിക്കാം. പക്ഷേ നിങ്ങളെന്തിനാണ്‌ എന്നെ വിളിച്ചതെന്ന്‌ എനിക്കിപ്പോഴും മനസ്സിലായില്ല.''``അന്താരാഷ്‌ട്ര നിലവാരമുള്ള ഉല്‍പ്പന്നങ്ങളും ആശയങ്ങളും രൂപകല്‍പന ചെയ്‌ത്‌ മാര്‍ക്കറ്റു ചെയ്യാനാണ്‌ ഞങ്ങള്‍ പദ്ധതിയിടുന്നത്‌. കേരളത്തിലും ഇന്ത്യയിലും മാത്രമല്ല യുനൈറ്റഡ്‌സ്റ്റേറ്റ്‌സില്‍വരെ ഞങ്ങള്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ പോകുന്നു.''``വെരിഗുഡ്‌. പക്ഷേ എന്താണ്‌ ഇതിലെന്റെ റോള്‍?''``ഞങ്ങള്‍ക്കൊരു ബ്രോഷര്‍ വേണം; അതും വളരെ പെട്ടെന്ന്‌. പദ്ധതിയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. ഒരു ബ്രോഷര്‍ മാത്രമേ ബാക്കിയുള്ളൂ.''``ക്ഷമിക്കണം സുഹൃത്തേ, കുറെ കാലമായി ഞാന്‍ കോപ്പിറൈറ്റിംഗ്‌ നിര്‍ത്തിയിട്ട്‌. മാത്രമല്ല, ഈയിടെയായി സര്‍ഗാത്മകരചനകള്‍ക്കുപോലും സമയം കിട്ടാത്തത്ര തിരക്കിലാണ്‌ ഞാന്‍.'' ഞാന്‍ എന്റെ അവസ്ഥ പറഞ്ഞു.``ഞങ്ങളുടേത്‌ അന്താരാഷ്‌ട്രസാധ്യതകളുള്ള ഒരു വന്‍പദ്ധതിയാണ്‌. കുപ്പിവെള്ളം മുതല്‍ കണ്‍സ്‌ട്രക്‌ഷനും റിയല്‍എസ്റ്റേറ്റും വരെ ഞങ്ങളുടെ പദ്ധതിയിലുണ്ട്‌. നിങ്ങളെപ്പോലെ കഴിവുള്ള പ്രൊഫഷനല്‍ റൈറ്റേഴ്‌സിനെക്കൊണ്ട്‌ എഴുതിപ്പിച്ചാലേ ഞങ്ങളുടെ ബ്രോഷര്‍ വ്യത്യസ്‌തമാകൂ. ഈ ബ്രോഷറാണ്‌ ഇന്‍വെസ്റ്റേഴ്‌സിനെ ആകര്‍ഷിക്കാനുള്ള ഞങ്ങളുടെ ഉപകരണവും.''അയാള്‍ ഉപയോഗിക്കുന്ന മാനേജ്‌മെന്റ്‌ കൗശലം മനസ്സിലാക്കാനുള്ള മനഃശാസ്‌ത്രബോധം എനിക്കുണ്ടായിരുന്നു.``സോറി, നമുക്ക്‌ മറ്റാരെയെങ്കിലും തരപ്പെടുത്താം.''``അതല്ല, താങ്കള്‍ തന്നെ ചെയ്‌താലേ അത്‌ ശരിയാവൂ.'' ``എന്നെ നിങ്ങള്‍ക്കെങ്ങനെ അറിയാം.''``അതൊക്കെ അറിഞ്ഞതിനുശേഷമാണ്‌ ഞാന്‍ താങ്കളെ വിളിക്കുന്നത്‌. മിസ്റ്റര്‍ എംഎന്‍ ആണ്‌ താങ്കളെ ഞങ്ങള്‍ക്കുവേണ്ടി നിര്‍ദ്ദേശിച്ചത്‌.''ഇപ്പോള്‍ ഒഴിവുകഴിവുപറയാനാവാത്ത വിധം ഞാന്‍ ബന്ധിതനായിരുന്നു. മിസ്റ്റര്‍ എംഎന്‍ എന്റെ നല്ലൊരു അഭ്യുദയകാംക്ഷിയാണ്‌. ശമ്പളം കടം പറയുന്ന ഒരു ഓഫീസിലായിരുന്നു പണ്ടെനിക്ക്‌ ജോലി. നിവൃത്തിയില്ലാത്തതുകൊണ്ടാണ്‌ സ്ഥാപനത്തിന്‌ അങ്ങനെ ചെയ്യേണ്ടിവരുന്നതെന്ന്‌ അറിയാമായിരുന്നതു കൊണ്ട്‌ ഞാനതിനോട്‌ സഹകരിച്ചുപോന്നു. എന്നാല്‍ സാമ്പത്തികമായി ഞാനാകെ തളര്‍ന്നു. വലിയൊരു പൊസിഷനില്‍ ജോലി ചെയ്യുമ്പോഴും പോക്കറ്റില്‍ ഒരു ചായകുടിക്കാന്‍ കാശില്ലാത്ത അവസ്ഥ. ഈ സമയത്ത്‌ എംഎന്‍ പലപ്പോഴും എന്റെ സഹായത്തിനെത്തിയിട്ടുണ്ട്‌. അദ്ദേഹം നടത്തിയിരുന്ന അഡ്‌വര്‍ടൈസിംഗ്‌ കമ്പനിയില്‍ കോപ്പിറൈറ്റിംഗിന്‌ എനിക്ക്‌ അവസരം തന്നു. അക്കാലത്ത്‌ ഒരു പരസ്യമെഴുത്തുകാരന്‍ മാത്രമാണോ എന്ന്‌ സംശയിക്കുംവിധം ധാരാളം പരസ്യങ്ങള്‍ ഞാന്‍ എഴുതിയുണ്ടാക്കിയിരുന്നു.കടന്നുവരുന്ന വഴികള്‍ മറന്നുപോയേക്കാമെങ്കിലും വഴിയില്‍ ഒരു കൈത്താങ്ങുതന്ന മനുഷ്യരെ മറക്കാനാവില്ലല്ലോ. മിസ്റ്റര്‍ `എക്‌സ്‌' ഫോണ്‍ മിസ്റ്റര്‍ എംഎന്നിന്‌ കൈമാറിയപ്പോള്‍ ഒരിക്കല്‍ വിരാമമിട്ട ആ പരിപാടിക്കുവേണ്ടി എനിക്ക്‌ വീണ്ടും പേന കൈയിലെടുക്കേണ്ടിവന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായി രണ്ട്‌ ബ്രോഷറുകളാണ്‌ അവര്‍ക്കു വേണ്ടത്‌. അവരുടെ എല്ലാ പദ്ധതികളും എഴുതിവരുമ്പോഴേക്കും അന്‍പതോളം പേജ്‌ വരും. ചുരുങ്ങിയത്‌ പത്തു ദിവസമെങ്കിലും അതിന്മേല്‍ അടയിരിക്കണം. ഒരു പുസ്‌തകമെഴുത്തിന്റെ അദ്ധ്വാനം. അതിന്‌ ആനുപാതികമായ ഒരു തുക ഞാന്‍ മിസ്റ്റര്‍ `എക്‌സി'നോട്‌ കൂലിയായി പറഞ്ഞു. അത്‌ വളരെ കുറവാണല്ലോ എന്ന രീതിയിലാണ്‌ അയാള്‍ സംസാരിച്ചത്‌.മകനെ ഭാര്യയുടെ പക്കല്‍ കൊടുത്ത്‌ ഞാനപ്പോള്‍തന്നെ പണിതുടങ്ങി. ഒറ്റയിരുപ്പില്‍ മൂന്നാല്‌ പേജെഴുതി. പിറ്റേന്ന്‌ ഓഫീസിലേക്ക്‌ പോകാനിറങ്ങുമ്പോള്‍ വീണ്ടും മിസ്റ്റര്‍ എക്‌സിന്റെ കോള്‍. എവിടെവരെയായി? വളരെ പെട്ടെന്ന്‌ വേണം എന്ന രീതിയില്‍ അയാള്‍ എന്നെ പ്രചോദിപ്പിച്ചു. ഓഫീസ്‌വിട്ട്‌ ക്ഷീണിതനായി വീട്ടിലെത്തുന്ന ഞാന്‍ പാതിരാവരെ ഉറക്കമിളച്ചിരുന്ന്‌ ഒരു ആഗോള ബിസിനസ്സ്‌പദ്ധതിയുടെ സാധ്യതകളെക്കുറിച്ച്‌ തലപുണ്ണാക്കി. ഒരു ലേഖനമെഴുതുന്നതിനെക്കാള്‍ സൂക്ഷ്‌മത ആവശ്യപ്പെടുന്ന പണിയാണ്‌ പരസ്യമെഴുത്ത്‌. ലേഖനം ഒരാള്‍ സാധാരണഗതിയില്‍ ഒരിക്കലേ വായിക്കൂ. പരസ്യം അങ്ങനെയല്ല. അതുകൊണ്ടുതന്നെ അനുയോജ്യമായ ഒരു തലവാചകത്തിനുവേണ്ടി മാത്രം മണിക്കൂറുകള്‍ ഞാന്‍ തപസ്സിരുന്നു. പിറ്റേന്നും പിറ്റേന്നും പിറ്റേന്നും മിസ്റ്റര്‍ എക്‌സ്‌ വിളിച്ചു. അയാള്‍ക്ക്‌ എത്രയും പെട്ടെന്ന്‌ സാധനമൊന്ന്‌ കൈയില്‍ കിട്ടിയാല്‍ മതിയായിരുന്നു. ഈ ബിസിനസ്സ്‌ മുഴുവനും ഞാനുണ്ടാക്കിക്കൊണ്ടിരിക്കുന്ന ഈ ബ്രോഷറിലാണെന്ന്‌ അയാളുടെ വേവലാതി കണ്ടപ്പോള്‍ എനിക്ക്‌ തോന്നി. രാത്രി ഒറ്റക്കുകിടന്ന്‌ എന്റെ ഭാര്യ പിണങ്ങി. അവള്‍ എന്റെ കടലാസുകള്‍ വലിച്ചെറിഞ്ഞു. ഏതായാലും അഞ്ചുദിവസം കൊണ്ട്‌ മലയാളത്തിലുള്ള ബ്രോഷര്‍ ഞാനുണ്ടാക്കി. വിശേഷപ്പെട്ട ആ സാധനം കൊണ്ടുപോകാനായി മാത്രം ദൂരെനിന്ന്‌ രണ്ടുപേര്‍ എന്റെ വീട്ടില്‍ വന്നു. സാധനം ഭദ്രമായി ഏല്‍പിച്ച്‌ കൈ കൊടുക്കുമ്പോള്‍ അഞ്ചുദിവസം ഉറക്കമിളച്ചതിനുള്ള ഒരു കവര്‍ കൈയില്‍ തടയുമെന്നും ഭാര്യക്ക്‌ വസ്‌ത്രമോ മറ്റെന്തെങ്കിലുമോ വാങ്ങിച്ചു കൊടുത്ത്‌ പിണക്കം തീര്‍ക്കാമെന്നും ഞാന്‍ മനപ്പായസമുണ്ടു. എന്നാല്‍ രണ്ടാളും കൃത്യമായ ഒരു ചിരി പാസ്സാക്കി വണ്ടി സ്റ്റാര്‍ട്ടു ചെയ്‌തു പറന്നുപോകുന്നതും നോക്കി ഉറക്കംതൂങ്ങുന്ന കണ്ണുകളുമായി ഹതാശനായി നില്‍ക്കാനായിരുന്നു എന്റെ നിയോഗം.ഞാന്‍ മിസ്റ്റര്‍ `എക്‌സി'നെ വിളിച്ചു.സാധനം ഒരു കവിതപോലെ മനോഹരമായിട്ടുണ്ടെന്നും ചില മിനുക്കുപണികള്‍ കൂടി നടത്തിത്തരണമെന്നും മിസ്റ്റര്‍ `എക്‌സ്‌'പറഞ്ഞു. അയാള്‍ പറഞ്ഞ പ്രകാരം തൊട്ടടുത്ത ഒഴിവുദിവസം സ്വന്തം പോക്കറ്റില്‍നിന്ന്‌ ബസ്‌കൂലി മുടക്കി ഞാനവരുടെ ഓഫീസിലെത്തി. രാവിലെ മുതല്‍ വൈകുന്നേരംവരെ കുത്തിയിരുന്ന്‌ മിനുക്കുപണികളും ചെയ്‌തുകൊടുത്തു. ഈ സമയമത്രയും ജനറല്‍ മാനേജറുടെ കസേരയിലിരുന്ന്‌ ഉറക്കംതൂങ്ങുകയായിരുന്നു മിസ്റ്റര്‍ `എക്‌സ്‌.' ആഗോളബിസിനസ്സില്‍ മത്സരിക്കാനിറങ്ങിയ ആളുടെ തല താങ്ങില്ലാതെ ആടുന്നതു കണ്ട്‌ എനിക്ക്‌ സഹതാപം തോന്നി. അയാളെ തട്ടിയുണര്‍ത്തി പോകുകയാണെന്ന്‌ പറഞ്ഞ്‌ കൈകൊടുക്കുമ്പോഴും ഒരു കവര്‍ എന്റെ കൈയില്‍ തടയുമെന്ന്‌ വീണ്ടും ഞാന്‍ ആശിച്ചു. എന്നാല്‍ വ്യക്തിത്വവികസനക്ലാസില്‍ നിന്നു പരിശീലിച്ചെടുത്ത ഒരു ജീവനില്ലാത്ത ചിരിയല്ലാതെ എനിക്ക്‌ മറ്റൊന്നും കിട്ടിയില്ല. മൂന്നാലു ദിവസം ഞാന്‍ കാത്തിരുന്നു. മിസ്റ്റര്‍ എക്‌സ്‌ വിളിച്ചതേയില്ല. ബ്രോഷര്‍ എഴുതുന്നതു വരെ ആവശ്യം അയാളുടേതായിരുന്നു. എഴുതുന്നതിനുമുമ്പ്‌ തന്നെ കൂലി വാങ്ങിവയ്‌ക്കാതിരുന്നത്‌ എന്റെ പിഴ. അതുകൊണ്ട്‌ ഇനിയത്‌ വാങ്ങിയെടുക്കുക എന്നത്‌ എന്റെ ആവശ്യമായിത്തീരുന്നു. എന്തൊരുവിധി! ഞാന്‍ മിസ്റ്റര്‍ എക്‌സിനെ വിളിച്ചു. കൂലി ഇതുവരെ കിട്ടിയില്ലെന്നറിയിച്ചു.അയാള്‍ കൈമലര്‍ത്തി: ``ഞാന്‍ പദ്ധതി വിട്ടു.''``ഇത്രയേറെ സാധ്യതകളുള്ള ഒരു ബിസിനസ്സ്‌ ഇത്രവേഗം കൈയൊഴിഞ്ഞെന്നോ?'' എനിക്ക്‌ വിശ്വസിക്കാനായില്ല.അയാള്‍ വിഷയം മാറ്റി.``താങ്കള്‍ക്ക്‌ പദ്ധതിയുടെ എംഡിയുടെ നമ്പര്‍ തരാം; മിസ്റ്റര്‍ `വൈ.' അദ്ദേഹത്തെ വിളിച്ചാല്‍ നിങ്ങളുടെ റെമ്യൂനറേഷന്‍ കിട്ടും.''ഞാന്‍ മിസ്റ്റര്‍ `വൈ'യെ വിളിച്ചു. ഞാന്‍ മിനുക്കുപണിക്ക്‌ ചെന്നപ്പോള്‍ അവിടെയുണ്ടായിരുന്ന ആളാണ്‌. സമൂഹത്തില്‍ സ്ഥാനമാനമുള്ള ആള്‍. ബഹുമാന്യന്‍. കാര്യം പറഞ്ഞപ്പോള്‍ താങ്കളുടെ കാര്യം ഞങ്ങളുടെ പരിഗണനയിലുണ്ടെന്ന മറുപടി.ആളുകള്‍ എന്താണിങ്ങനെയെന്ന്‌ എനിക്ക്‌ ഒരുപിടിയും കിട്ടിയില്ല. ചെയ്‌ത ജോലിക്കുള്ള കൂലി ആരുടെയും ഔദാര്യമല്ല; അവകാശമാണ്‌. സാമാന്യ ലോകവിവരമുള്ള ഒരാള്‍ക്കും ഇതറിയാം. എന്നിട്ടും സമൂഹത്തില്‍ ബഹുമാന്യനായ ഒരു വ്യക്തി താങ്കളുടെ കൂലി ഞങ്ങളുടെ പരിഗണനയിലുണ്ടെന്ന്‌ പറയുമ്പോള്‍ ഞാനെന്താണ്‌ മനസ്സിലാക്കേണ്ടത്‌?പണത്തിന്‌ തല്‍ക്കാലം ബുദ്ധിമുട്ടുണ്ടായിരിക്കുമെന്ന്‌ കരുതി ഞാന്‍ ഒരാഴ്‌ച കൂടി ക്ഷമിച്ചു. പക്ഷേ മിസ്റ്റര്‍ `വൈ'യുടെ ഓഫീസില്‍ നിന്ന്‌ ആരും എന്നെ വിളിച്ചില്ല. ഞാന്‍ മിസ്റ്റര്‍ `വൈ' യെ വീണ്ടും വിളിച്ചു. അയാള്‍ ഫോണെടുത്തില്ല. ദിവസവും ഞാനയാള്‍ക്കുവേണ്ടി റിങ്‌ ചെയ്‌ത്‌ കാത്തിരുന്നു; നൊ റെസ്‌പോണ്‍സ്‌. ഒടുവില്‍ മറ്റൊരാളുടെ നമ്പറില്‍നിന്ന്‌ ഞാനയാള്‍ക്ക്‌ വിളിച്ചു. ഇത്തവണ അയാള്‍ ഫോണെടുത്തു. ചെറിയൊരു ആക്‌സിഡന്റ്‌ പറ്റി ഹോസ്‌പിറ്റലിലാണെന്നായിരുന്നു മറുപടി. ആക്‌സിഡന്റ്‌ ചെറുതാണെങ്കിലും വലുതാണെങ്കിലും സന്ദര്‍ഭത്തിന്റെ ഗൗരവം മനസ്സിലാക്കി ഞാനെന്റെ കൂലിയുടെ കാര്യം പറഞ്ഞു. ഒരാഴ്‌ച കഴിഞ്ഞു വീണ്ടും ഞാനയാളെ വിളിച്ചു. അയാള്‍ ഫോണെടുത്തില്ല. വീണ്ടും വീണ്ടും പല ദിവസങ്ങളില്‍ പലതവണകളായി വിളിച്ചെങ്കിലും അയാള്‍ ഫോണ്‍ എടുത്തതേയില്ല. ഒടുവില്‍ എനിക്കൊരു കാര്യം മനസ്സിലായി. ഉറക്കമിളച്ചെഴുതിയ അഞ്ചു രാത്രികള്‍ എനിക്ക്‌ നഷ്‌ടമായിരിക്കുന്നു. ആ സമയം ക്രിയാത്മകമായ അഞ്ചോ ആറോ ലേഖനങ്ങളെഴുതിയിരുന്നെങ്കില്‍ എനിക്ക്‌ ആറ്‌ വായനക്കാരെയെങ്കിലും കൂടുതല്‍ കിട്ടുമായിരുന്നു. എന്റെ നമ്പറില്‍നിന്നുള്ള ഒരു കാളും അറ്റന്റ്‌ ചെയ്യാത്ത മിസ്റ്റര്‍ `വൈ' യുടെ മൊബൈലിലേക്ക്‌ ഇങ്ങനെയൊരു സന്ദേശമയക്കുക മാത്രമേ എനിക്ക്‌ ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ:`ഞാനെഴുതിത്തന്ന ബ്രോഷര്‍ നിങ്ങള്‍ ഉപയോഗിച്ചോ എന്നെനിക്കറിയില്ല. എന്നാല്‍ എന്റെ വിലപ്പെട്ട അഞ്ചു രാത്രികള്‍ നിങ്ങള്‍ കവര്‍ന്നെടുത്തിരിക്കുന്നു. ആഗോള കച്ചവടത്തിനു വേണ്ടി നിക്ഷേപങ്ങള്‍ സ്വരൂപിക്കുന്ന നിങ്ങള്‍ക്ക്‌ ഒരാളുടെ അദ്ധ്വാനത്തിന്റെ വിലപോലും കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ മറ്റുള്ളവരുടെ വിലപ്പെട്ട സമ്പത്തെങ്ങനെ കൈകാര്യംചെയ്യാന്‍ കഴിയും? താങ്കളുടെ ഭാവിയെന്തെന്നു പ്രവചിക്കാന്‍ ഇത്‌ ധാരാളം!'***നഷ്‌ടപ്പെട്ട അഞ്ചു രാവുകള്‍ മറന്നു തുടങ്ങിയ സമയത്താണ്‌ സഹപ്രവര്‍ത്തകനൊപ്പം ഞാന്‍ ജോലിയുടെ ഭാഗമായ ഫീല്‍ഡ്‌ സര്‍വേക്കിറങ്ങിയത്‌. ഉച്ചഭക്ഷണത്തിനായി സാമാന്യം നല്ലൊരു ഹോട്ടലില്‍ ഞങ്ങള്‍ കയറി. അത്‌ ഒരു വെള്ളിയാഴ്‌ചയായിരുന്നു. വെയ്‌റ്റര്‍ വന്നപ്പോള്‍ സഹപ്രവര്‍ത്തകന്‍ പറഞ്ഞു: ഇന്ന്‌ വെള്ളിയാഴ്‌ചയല്ലേ, ബിരിയാണിയാക്കാം.ബിരിയാണിയെങ്കില്‍ ബിരിയാണി എന്നു പറഞ്ഞ്‌ ഞങ്ങള്‍ രണ്ട്‌ ഫുള്‍ ചിക്കന്‍ ബിരിയാണി നന്നായി തട്ടി. എഴുപത്‌രൂപയായിരുന്നു ഒരു ബിരിയാണിയുടെ വില. രണ്ടുപേര്‍ക്കും കൂടി നൂറ്റിനാല്‍പത്‌.വെയ്‌റ്റര്‍ക്ക്‌ പത്തുരൂപ ടിപ്‌സ്‌ കൊടുക്കാന്‍ ഞാന്‍ വിസമ്മതിച്ചപ്പോള്‍ സഹപ്രവര്‍ത്തകന്‍ പറഞ്ഞു:``തന്റെ കാശല്ലല്ലോ... പിന്നെ താനെന്തിനാ ഇങ്ങനെ പിശുക്കുന്നത്‌? നാളെ ഓഫീസില്‍ നിന്ന്‌ വൗച്ചറെഴുതി വാങ്ങിക്കാനുള്ളതല്ലേ!''അന്നു രാത്രി എനിക്ക്‌ വല്ലാത്തൊരു മനംപിരട്ടല്‍. സുലൈമാനിയില്‍ നാരങ്ങ പിഴിഞ്ഞ്‌ കഴിച്ചുനോക്കി. മനംപിരട്ടല്‍ കൂടിയതല്ലാതെ യാതൊരു ഭേദവും കണ്ടില്ല. പൊടുന്നനെ എന്റെ മനസ്സില്‍ ഒരു ആളലുണ്ടായി. എന്റെ സ്വന്തം പണമായിരുന്നെങ്കില്‍ ഞാനിന്ന്‌ ഉച്ചക്ക്‌ ബിരിയാണി കഴിക്കുമായിരുന്നോ? മനസ്സാക്ഷി മറുപടി പറഞ്ഞു: ഒരിക്കലുമില്ല. നീയിന്ന്‌ പതിനഞ്ചു രൂപയുടെ സാദാ ഊണായിരിക്കും കഴിച്ചിരിക്കുക. അപ്പോള്‍ യാതൊരു പിശുക്കുമില്ലാതെ വെറുതെ ഞാന്‍ ചെലവഴിച്ചിരിക്കുന്നത്‌ മറ്റൊരാളുടെ സമ്പത്താണ്‌. അയാളുടെ വിയര്‍പ്പാണ്‌. ആ തിരിച്ചറിവില്‍, നാളെ വൗച്ചറെഴുതുമ്പോള്‍ ഭക്ഷണത്തിന്റെ കണക്ക്‌ കാണിക്കില്ലെന്ന്‌ ഞാന്‍ തീരുമാനിച്ചു. അതു പറയാന്‍ സഹപ്രവര്‍ത്തകനെ വിളിച്ചപ്പോള്‍ അവന്റെ ശ്രീമതിയാണ്‌ ഫോണെടുത്തത്‌.``ചേട്ടന്‍ വയറുവേദനയായി കിടക്ക്വാ. എന്തെങ്കിലും പറയാനുണ്ടോ?''എനിക്ക്‌ സംഗതി അവിശ്വസനീയമായി തോന്നി. ഞാന്‍ പറഞ്ഞു: ``ദൈവം പഴയപോലെ അടുത്ത ജന്മത്തിലേക്ക്‌ മാറ്റിവയ്‌ക്കാറില്ലെന്നും എല്ലാം ഇവിടെ വച്ചുതന്നെ തന്നിട്ടേ തിരിച്ചു വിളിക്കൂ എന്നും പറഞ്ഞേക്കുക.''വീക്ഷണങ്ങള്‍ പങ്കുവയ്‌ക്കുക.

INVASION IN KITCHEN

അടുക്കളയിലെ അധിനിവേശം      
Cultural Invasion. Photo:K.M.Musthaf

         വൈകിയെത്തുന്ന രാത്രികളിലൊന്നില്‍ ഉണ്ണാനിരിക്കുമ്പോള്‍ എന്റെ മനസ്സില്‍ പൊടുന്നനെ ഒരു സംശയമുണര്‍ന്നു:  
       
       `എന്റെ വീട്ടിലെ രുചിയില്‍ ഈയിടെ എന്തോ ഒരു മാറ്റമില്ലേ? ഒരു നല്ല മാറ്റം?'  

        അന്നം മണത്തുനോക്കാന്‍ പാടില്ലെന്നാണ്‌ പഴമക്കാര്‍ പറയാറ്‌. എന്നാല്‍ മണത്തുനോക്കാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന്‌ എനിക്കു മുന്നിലിരിക്കുന്ന ഭക്ഷണത്തിലുണ്ടായിരുന്നു. ആ മണം എന്റെ മൂക്കിലൂടെ കടന്നു നാക്കിന്‍തുമ്പിലെത്തി കൊതിയുടെ അനേകം രസമുകുളങ്ങള്‍ മുളപ്പിക്കുകയാണ്‌. 

       എന്റെ ഭാര്യ ഒരു നല്ല പാചകക്കാരിയല്ല. ചില വിഭവങ്ങളുണ്ടാക്കുന്നതില്‍ മാത്രമാണ്‌ ഉമ്മക്ക്‌ പ്രാവീണ്യം. പുതുതായി ആരും വീട്ടില്‍ വന്നതായി കേട്ടിട്ടില്ല. പിന്നെയെങ്ങനെ ഈ മാറ്റം? 

        ``നീയിപ്പൊ പാചകപുസ്‌തകങ്ങളാണോ വായിക്കുന്നത്‌?''

          കൈകഴുകി സുഖദമായ ഒരു ഏമ്പക്കവും വിട്ട്‌ ഉമ്മറത്തിരിക്കുമ്പോള്‍ ഞാന്‍ ഭാര്യയോട്‌ ചോദിച്ചു.

         ``പാചകം പോയിട്ട്‌ പി എസ്‌ സിക്ക്‌ പഠിക്കാന്‍ നേരംല്ല. എന്താ ചോദിച്ചത്‌?''

         ``ഏയ്‌ വെറുതെ ചോദിച്ചതാ, ഇപ്പൊ ഇവിടെ ആരാ പാചകം ചെയ്യുന്നത്‌?''

          ``കൂടുതലും ഉമ്മയാ..'' 

          അവള്‍ പറഞ്ഞു.

          മരുമക്കള്‍ വീട്ടില്‍ വരുമ്പോഴാണ്‌ അമ്മായിമ്മമാര്‍ കൂടുതല്‍ നല്ല പാചകക്കാരികളാവുന്നത്‌. ഇതൊരു അമ്മായിയമ്മ മനശ്ശാസ്‌ത്രമാണ്‌. എന്റെ വീട്ടിലും ഇത്തരം മനശ്ശാസ്‌ത്രപ്രക്രിയകള്‍ അരങ്ങേറുന്നുണ്ടെന്ന പുതിയ നിഗമനത്തിലാണ്‌ ഞാനന്ന്‌ ഉറങ്ങാന്‍ കിടന്നത്‌.

         പിറ്റേന്ന്‌ ഒരു അവധിദിവസത്തിന്റെ ആലസ്യത്തില്‍ വൈകിയാണ്‌ ഉണര്‍ന്നത്‌. ഭാര്യ കൊണ്ടുവന്നുവച്ച ആവിപറക്കുന്ന ചായ ഒരിരുക്ക്‌ കുടിച്ചപ്പോള്‍ തലേന്നുണ്ടായ അതേ സംശയം വീണ്ടും തലപൊക്കി. ഈ ചായക്കുമില്ലേ ഒരു പ്രത്യേക രുചി? ഞാന്‍ മൂക്കു വിടര്‍ത്തി. വീണ്ടും വീണ്ടും മണക്കാന്‍ പ്രേരിപ്പിക്കുന്ന ഗന്ധം!ഞാന്‍ ഭാര്യയെ വിളിച്ചു.

        ``ഈ ചായ ഏതാ?''

         ``ഞാന്‍ കൊണ്ടുവന്നു വച്ചതാ.'

          പെണ്ണുങ്ങള്‍ ഇങ്ങനെയാണ്‌. കേള്‍ക്കുന്ന മാത്രയില്‍ പ്രതികരിച്ചുകളയും; ഒട്ടും ചിന്തിക്കാതെ. വിപണിയുടെ തന്ത്രങ്ങള്‍ പെണ്ണുങ്ങളില്‍ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്‌ ഈ സ്‌ത്രീമനശ്ശാസ്‌ത്രത്തെ അടിസ്ഥാനമാക്കിയാണ്‌.

       ``അതല്ല ചോദിച്ചത്‌. ഈ ചായയുടെ ബ്രാന്‍ഡേതാണെന്നാണ്‌?'' 

         അവള്‍ ബ്രാന്‍ഡു പറഞ്ഞപ്പോള്‍ ഞാനാകെ തരിച്ചുപോയി. തികച്ചും വിദേശിയായ ആ സാധനത്തിന്റെ ഏറ്റവും ചെറിയ പാക്കറ്റുവാങ്ങാന്‍ എന്റെ ഒരു ദിവസത്തെ ശമ്പളം മതിയാവില്ല.

        ``ആരാണിതു വാങ്ങിച്ചത്‌?''

        ``ആ, അത്‌ ഉമ്മക്കാരോ ഫ്രീ കൊടുത്തതാ.''

        ``ഫ്രീയോ? ഉമ്മക്കാര്‌ ഫ്രീ കൊടുക്കാനാ?''

         ``ആ, എനിക്കറിയില്ല. ഉമ്മാന്റെ കൂടെ വര്‍ക്ക്‌ ചെയ്യുന്ന ആരോ. വേറെയും കുറെ സാധനങ്ങളുണ്ട്‌.''

         എനിക്ക്‌ ഒന്നും മനസ്സിലായില്ല. 
         
         പതിവായി എത്താറുണ്ടെങ്കിലും വീട്ടിലെ കാര്യങ്ങളൊന്നും ഞാനറിയുന്നില്ലേ എന്നൊരു ചിന്ത ആദ്യമായി എനിക്കുണ്ടായി. വീട്ടുകാര്യങ്ങള്‍ മിക്കവാറും പണ്ടുമുതലേ ഉമ്മയുടെ നിയന്ത്രണത്തിലാണ്‌. പണത്തില്‍ മാത്രമേ എന്റെ പങ്കുള്ളൂ. വെറുതെ ഒരു ടെന്‍ഷന്‍ കൂടി തലയിലേറ്റേണ്ട എന്നതായിരുന്നു എന്റെ സമീപനം.ഉണ്ടാക്കിവയ്‌ക്കുന്ന ഭക്ഷണം മൂക്കറ്റം തട്ടുകയല്ലാതെ അത്‌ എങ്ങനെ ഉണ്ടാക്കുന്നു എന്നതിനെക്കുറിച്ചോ അതിനെന്ത്‌ ചെലവ്‌ വരും എന്നതിനെക്കുറിച്ചോ ചിന്തിക്കേണ്ട ഒരു സാഹചര്യം ഇത്ര കാലമായിട്ടും ഉണ്ടായിട്ടില്ല. അടുക്കള എനിക്ക്‌ അജ്ഞാതമായ ഇടമായിരുന്നു. പെണ്ണുങ്ങള്‍ക്കു മാത്രമല്ല ആണുങ്ങള്‍ക്കും അടുക്കളയില്‍ പ്രവേശിക്കാം എന്ന തത്വശാസ്‌ത്രമൊക്കെ മനസ്സിലുണ്ടെങ്കിലും സൗകര്യപൂര്‍വം വിസ്‌മരിക്കുകയാണ്‌ പതിവ്‌.എന്നാല്‍ ഇപ്പോള്‍ ആദ്യമായി അടുക്കളയിലൊന്ന്‌ കയറിയാലെന്താ എന്നൊരു ചിന്ത എന്നെ പിടികൂടി. എന്നു മാത്രമല്ല മറ്റെന്തിലേക്കെങ്കിലും ശ്രദ്ധ തിരിയുംമുമ്പ്‌ ഞാനവിടെ പ്രവേശിക്കുകയും ചെയ്‌തു. 

         അരമണിക്കൂര്‍ അവിടെ ചെലവഴിച്ചപ്പോഴേക്കും ഞാന്‍ തീര്‍ത്തും ഹതാശനായി. എന്റെ രാഷ്‌ട്രീയബോധത്തെ ക്രൂരമായി പരിഹസിക്കുന്ന ഭീകരമായ കാഴ്‌ചയാണ്‌ എനിക്കവിടെ കാണാന്‍ കഴിഞ്ഞത്‌.ലോകത്ത്‌ നടക്കുന്ന കടന്നുകയറ്റങ്ങളെക്കുറിച്ച്‌ ലോകബുദ്ധിജീവികളെഴുതുന്ന ലേഖനങ്ങള്‍ വായിച്ച്‌ അതിനെതിരെ വ്യക്തമായ ഒരു രാഷ്‌ട്രീയബോധവും മാനസികമായ പ്രതിരോധവും രൂപപ്പെടുത്തിയിട്ടുണ്ട്‌ ഞാന്‍. എന്നാല്‍ ഉമ്മറത്തിരുന്ന്‌ രാഷ്‌ട്രീയബോധം രൂപപ്പെടുത്തുന്നതിനിടയില്‍ ഞാനറിയാതെ അധിനിവേശം എന്റെ അടുക്കളയില്‍ പണിതുടങ്ങിയിരുന്നു.അടുക്കളയിലെ അലമാരയില്‍ നിരത്തിവച്ചിരിക്കുന്ന പാക്കറ്റുകളിലെ ബ്രാന്‍ഡ്‌ നെയിമുകള്‍ വായിക്കെ ഞാന്‍ ഉമ്മയോട്‌ ചോദിച്ചു:

         ``ഈ സാധനങ്ങളൊക്കെ എങ്ങനെ നമ്മുടെ ബജറ്റിലൊതുങ്ങുന്നു?''

          ``അതറിയാന്‍ നിനക്കെവിടെ സമയം?''

           ഉമ്മ എടുത്തടിച്ചതുപോലെ ചോദിച്ചു. 

         ``ഏതുനേരോം പുസ്‌തകത്തിന്റെ ഉള്ളിലല്ലേ.. ഇതില്‌ ഓരോരുത്തര്‌ ഫ്രീയായി തന്നതും ഞാന്‍ കാശ്‌ കൊടുത്ത്‌ വാങ്ങിയതുമൊക്കെയുണ്ട്‌. നാക്കിന്‌ രുചിയുള്ളത്‌ വല്ലതും കഴിക്കണമെങ്കില്‍ നല്ല സാധനം വാങ്ങണം.'' 

           വീടിന്റെ ഉമ്മറത്തു വച്ച്‌ അധിനിവേശത്തെ തടയാന്‍ ശക്തമായ ഒരു ചിന്താമണ്‌ഡലം ഞാന്‍ വാര്‍ത്തെടുത്തിരുന്നു. എന്നാല്‍ ഈ ചിന്താമണ്ഡലം വാര്‍ത്തെടുക്കാന്‍ ഞാന്‍ വിനിയോഗിച്ച സമയത്തിന്റെ നൂറിലൊരംശം കൊണ്ട്‌ അധിനിവേശം പിന്നാമ്പുറത്തുകൂടെ എന്റെ വീടിന്റെ അടുക്കളയില്‍ കയറി ആക്രമണം തുടങ്ങിയിരുന്നു എന്ന സത്യത്തിനു മുന്നില്‍ ഞാന്‍ തളര്‍ന്നുപോയി. യഥാര്‍ത്ഥത്തില്‍ എന്റെ കണ്ണുവേണ്ടിയിരുന്നത്‌ ഉമ്മറത്തല്ല. അടുക്കളയിലായിരുന്നു. അതാണ്‌ ഒരു വീടിന്റെ ഹൃദയം. അവിടെ നിന്നാണ്‌ എല്ലാ ധമനികളിലേക്കും രക്തമെത്തുന്നത്‌. കടന്നുകയറ്റത്തിന്‌ ചോരയെക്കാള്‍ മികച്ച മാധ്യമമില്ല.
          ഞാനോര്‍ക്കുകയായിരുന്നു; പണ്ടൊക്കെ ഉമ്മ, ഞങ്ങളുടെ തൊടിയിലെ ചേനയും മുരിങ്ങയിലയും കാച്ചിലും പപ്പായയുമൊക്കെകൊണ്ട്‌ രുചികരമായ വിഭവങ്ങളുണ്ടാക്കുമായിരുന്നു. ഉമ്മയുടെ ഈ താത്‌പര്യംകണ്ട്‌ കണ്ടത്തില്‍ ഞാന്‍ ചീരവിത്ത്‌ പാകി മുളപ്പിച്ചിരുന്നു. എന്നാല്‍ കുറച്ചുകാലമായി അത്തരം വിഭവങ്ങളൊന്നും തീന്‍മേശയില്‍ കാണാറേയില്ല. ഉമ്മക്കിപ്പോള്‍ അതൊന്നും പറ്റാതായോ? 

        ``ഉമ്മാ... ഉമ്മാന്റെ ചേമ്പുംതാള്‍ എന്തുരസമായിരുന്നു. അതൊക്കെപ്പൊ എവിടെ?''

         ``ആര്‍ക്കാവ്‌ടെ ചേമ്പും ചേനയുമൊക്കെ നട്ടു നനയ്‌ക്കാന്‍ നേരം... അതൊക്കെണ്ടാക്ക്‌ണ നേരംകൊണ്ട്‌ നാലുമുക്കാല്‌ണ്ടാക്ക്യാ പീടീല്‍ കിട്ടാത്ത സാധനംണ്ടോ..?'' 

          ഉമ്മ പറഞ്ഞു.

          ഞാന്‍ തൊടിയിലേക്കിറങ്ങി. ആരും ഒന്നും ചെയ്യാതെ തന്നെ പൊട്ടിമുളച്ച്‌ പടര്‍ന്നിരുന്ന ചേമ്പിന്റെയും ചേനയുടെയുമൊന്നും മുളപോലും കാണാനില്ല. തടിയില്‍ പൊത്ത്‌ബാധിച്ച മുരിങ്ങാമരം മരണാസന്നനിലയിലാണ്‌. പുഴുക്കളരിച്ച്‌ കറിവേപ്പ്‌മരം ഉണങ്ങിപ്പോയിരിക്കുന്നു. പപ്പായമരം ചൊറിബാധിച്ച്‌ മുരടിച്ചുപോയിരിക്കുന്നു.എനിക്ക്‌ വല്ലാത്ത സങ്കടംതോന്നി. ഒരു വര്‍ഷംമുഴുവനും അങ്ങാടി പൂട്ടിക്കിടന്നാലും മുന്നുനേരം സുഭിക്ഷമായും ആരോഗ്യകരമായും ഭക്ഷിക്കാന്‍ കഴിയുംവിധം സ്വയംപര്യാപ്‌തമായിരുന്നു എന്റെ മണ്ണ്‌.

Believe in me,I am you!:Photo:K.M.Musthaf
          ആരാണ്‌ എന്റെ തൊടിയിലെ പച്ചപ്പുകളെയെല്ലാം കരിച്ചുകളഞ്ഞത്‌? 

          എന്റെ ഉമ്മയോ? 

          ഭാര്യയോ?

          അതോ കാലങ്ങളായി തൊടിയുടെ അവസ്ഥയെന്തെന്ന്‌ ചിന്തിക്കാതെ ഒരു ബുദ്ധിജീവിയുടെ നാട്യത്തില്‍ ഉമ്മറത്തിരുന്ന്‌ പുസ്‌തകങ്ങള്‍ കരണ്ടുതിന്നുകയും മറ്റുള്ളവരെ നന്നാക്കാന്‍വേണ്ടി ലേഖനമെഴുതുകയും ചെയ്‌ത ഞാനോ?

         ചിന്തിച്ചിരിക്കാന്‍ എനിക്ക്‌ സമയമില്ലായിരുന്നു. അധിനിവേശം എന്റെ അടുക്കളയിലാണ്‌. പെട്ടെന്ന്‌ പ്രതിരോധിച്ചില്ലെങ്കില്‍ അതെന്റെ കുടുംബത്തിന്റെ നാഡിഞരമ്പുകളിലെല്ലാം കടന്നുകയറും.പിറ്റേന്നുമുതല്‍ ഉണര്‍ന്നെണീറ്റ ഉടന്‍ ഒരു തൂമ്പയുമെടുത്ത്‌ ഞാനെന്റെ തൊടിയിലിറങ്ങി. വര്‍ഷങ്ങളായി തൂമ്പ കണ്ടിട്ടില്ലാത്ത മണ്ണിന്റെ കാഠിന്യത്തില്‍ പുതിയൊരാവേശത്തോടെ കൊത്തി. അവിടെ ചേമ്പും ചേനയും കാച്ചിലും വാഴയും നട്ടു. പുതിയ രണ്ടു പപ്പായ മരങ്ങള്‍ പിടിപ്പിച്ചു. കറിവേപ്പു മരത്തിനു ചുറ്റും മണ്ണിട്ട്‌ തടമെടുത്തു. ടെറസിലേക്ക്‌ പടര്‍ന്നുകയറാന്‍ പാകത്തില്‍ ഒരു കോവക്കാവള്ളി പിടിപ്പിച്ചു. അടുക്കളച്ചെളിയില്‍ മുളക്‌ വിത്തുകളും ചീരവിത്തുകളും പാകി.വൈകുന്നേരം ഓഫീസില്‍ നിന്ന്‌ കൃത്യസമയത്തിറങ്ങി. ബുദ്ധിജീവി ചര്‍ച്ചകള്‍ക്കും വായനശാലയിലെ അലസവായനക്കുമുള്ള ടെംപ്‌റ്റേഷന്‍ പിടിച്ചുകെട്ടി നേരെ വീട്ടിലെത്തി. തൊടിയിലേക്കിറങ്ങി നട്ടതെല്ലാം നനച്ചു. രണ്ടുമാസമായപ്പോഴേക്കും എന്റെ തൊടിയുടെ മുഖച്ഛായ തന്നെ മാറി. അവിടെ സ്വയംപര്യാപ്‌തതയുടെ പച്ചപ്പ്‌ പടര്‍ന്നുപന്തലിച്ചു. വായിച്ച പുസ്‌തകങ്ങളെക്കാള്‍, എഴുതിയ ലേഖനങ്ങളെക്കാള്‍ സംതൃപ്‌തമായിരുന്നു എനിക്കാ കാഴ്‌ച.

        2008 ള്‍  വീടുവിറ്റ്‌ പുതിയ താമസസ്ഥലത്തേക്ക്‌ മാറുമ്പോള്‍ പുതിയ ഉടമസ്ഥന്‍ ചോദിച്ചു:

       ``ഇതെല്ലാം നട്ടുപിടിപ്പിച്ച്‌ പിന്നെ എന്തേ വില്‍ക്കുന്നത്‌?''

         ഞാന്‍ അയാളോട്‌ പറഞ്ഞു: 

        ``നട്ടുനനയ്‌ക്കല്‍ ഒരു രാഷ്‌ട്രീയ പ്രവര്‍ത്തനമാണ്‌. ഏതൊരാള്‍ക്കും ചെയ്യാന്‍ കഴിയുന്നതും ഏറെ മാനങ്ങളുള്ളതുമായ ഒരു രാഷ്‌ട്രീയ പ്രവര്‍ത്തനം. നമ്മുടെ അടുക്കളയിലേക്കുള്ള കടന്നുകയറ്റങ്ങളെ ചെറുക്കാന്‍ അതിനു കഴിയും.'' 
Invasion Kills Nature. Photo:K.M.Musthaf
അടുക്കളയിലെ അധിനിവേശ രാഷ്‌ട്രീയം
         ഒരു വ്യക്തിയോ സമൂഹമോ രാഷ്‌ട്രമോ സംസ്‌കാരമോ തങ്ങളുടെ സ്വാര്‍ത്ഥമായ അജണ്ടകള്‍ നടപ്പിലാക്കുന്നതിനുവേണ്ടി മറ്റൊരു വ്യക്തിയുടെയോ സമൂഹത്തിന്റെയോ രാഷ്‌ട്രത്തിന്റെയോ സംസ്‌കാരത്തിന്റെയോ നിലനില്‍പ്പിനെ ചോദ്യംചെയ്യുകയും നശിപ്പിച്ചുകളയുകയും ചെയ്യുന്നതിനെയാണ്‌ അധിനിവേശം എന്നു പറയുന്നത്‌. കാരണവന്മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരാള്‍ മറ്റൊരാളുടെമേല്‍ നടത്തുന്ന കുതിരകയറ്റം. ഭൂവിഭാഗങ്ങളുടെ കോളനി വല്‍ക്കരണമായിരുന്നു പണ്ട്‌ അതിന്റെ അജണ്ട. ഇന്നത്‌ രൂപംമാറി ആഗോളമുതലാളിത്തത്തിന്റെ വിപണിവല്‍ക്കരണമായി മാറിയിരിക്കുന്നു. അതായത്‌ ഓരോ പ്രദേശത്തെയും വിഭവങ്ങളെ കയ്യടക്കാനുള്ള കടന്നുകയറ്റമായിരുന്നു കോളനിവല്‍ക്കരണമെങ്കില്‍ ,മുതലാളിത്തത്തിന്റെ മിച്ച ഉല്‍പ്പന്നങ്ങള്‍ എളുപ്പം വിറ്റഴിക്കാന്‍ കഴിയുന്ന ചന്തകളാക്കി ഓരോ പ്രദേശത്തെയും മാറ്റിയെടുക്കലാണ്‌ വിപണിവല്‍ക്കരണം. സമൂഹത്തിന്റെ സ്വയം പര്യാപ്‌തതയെ വേരോടെ നശിപ്പിക്കലാണ്‌ അധിനിവേശത്തിനുള്ള എറ്റവും മികച്ച ഉപായം. 

         റഷ്യയില്‍ സാമ്രാജ്യത്വം ഈ തന്ത്രമാണത്രെ ഉപയോഗിച്ചത്‌. ആട്ടിറച്ചി റഷ്യയിലെ മുഖ്യ ആഹാരങ്ങളിലൊന്നാണ്‌. ഒരു സംഘം ആളുകള്‍ചേര്‍ന്ന്‌ സഹകരണാടിസ്ഥാനത്തില്‍ ആടുകളെ വളര്‍ത്തിയാണ്‌ ഇവിടെ ആട്ടിറച്ചി വിതരണം സാധ്യമാക്കിയിരുന്നത്‌. അതായത്‌ തങ്ങള്‍ക്ക്‌ ആവശ്യമുള്ള ഭക്ഷണം തങ്ങള്‍തന്നെ നിര്‍മിച്ച്‌ തങ്ങള്‍തന്നെ ഉപയോഗിക്കുന്ന രീതി. ഈ രീതിയില്‍ വിപണിയും അതിന്റെ കച്ചവടതന്ത്രങ്ങളും അപ്രസക്തമാണ്‌. ഈ സമൂഹത്തിന്റെ സ്വയം പര്യാപ്‌തതയെ തകര്‍ത്തുകൊണ്ടുമാത്രമേ തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കാന്‍ കഴിയൂ എന്ന്‌ മനസ്സിലാക്കിയ സാമ്രാജ്യത്വം ഈ കര്‍ഷകര്‍ക്ക്‌ ഫ്രീയായി ആട്ടിറച്ചി വിതരണം ചെയ്യാന്‍ തുടങ്ങി. ദിവസവും ഫ്രീയായി ആട്ടിറച്ചി ലഭിക്കുമ്പോള്‍ ആരാണ്‌ ആടുകളെ വളര്‍ത്താന്‍ മെനക്കെടുക? ക്രമേണ ആടിനെ വളര്‍ത്തുന്ന സംസ്‌കാരംതന്നെ ആ സമൂഹം മറന്നു. പാക്കറ്റില്‍ ലഭിക്കുന്ന ആട്ടിറച്ചി അവരുടെ വായയുടെ രുചിയെ കണ്ടീഷന്‍ചെയ്‌തു. അതായി അവരുടെ മുഖ്യആഹാരം. അപ്പോഴാണ്‌ സാമ്രാജ്യത്വം അതിന്റെ യഥാര്‍ത്ഥമുഖം പുറത്തെടുക്കുന്നത്‌. അതുവരെ ഫ്രീയായി കൊടുത്തിരുന്ന ഇറച്ചിക്ക്‌ അവര്‍ വിലയിട്ടു. തങ്ങളുടെ പഴയ സംസ്‌കാരത്തിലേക്ക്‌ തിരിച്ചുപോകാന്‍ കഴിയാത്ത വിധം കര്‍ഷകര്‍ അപ്പോഴേക്കും ഉപഭോഗ സംസ്‌കാരത്തിന്‌ അടിമകളായിരുന്നു.

Rhythm of a mystic: Photo:K.M.Musthaf
      

ചെക്ക്‌ :
അധിനിവേശത്തിന്റെ അടയാളങ്ങള്‍ നിങ്ങളുടെ അടുക്കളയിലും കാണാനുണ്ടോ? ഒരു തൂമ്പയെടുത്ത്‌ ഇപ്പോള്‍ തന്നെ തൊടിയിലേക്കിറങ്ങുക.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക‌

ആഗോള താപനതിനെതിരെ ഒരു അരക്കിറുക്കന്റെ ബദല്‍


Bala Thiruthi,Kadalundi,Malappuram,Kerala.Photography:K.M.Musthaf 


    നട്ടുച്ച!


    കൊല്ലന്റെ ആലയിലെ തീച്ചൂളപോലെ ഭൂമി വെന്തുരുകുന്നു. മുകളില്‍ നിന്നല്ല, അടിയില്‍ നിന്നാണ്‌ ചൂട്‌ ഉയരുന്നതെന്ന്‌ തോന്നുന്നു. റബ്ബര്‍ ചെരുപ്പിന്റെ പ്രതിരോധത്തെ തകര്‍ത്ത്‌ ഉടലിന്റെ ഓരോ അണുവിലൂടെയും ചൂട്‌ അരിച്ചുകയറുന്നു. കൊടുംവെയിലില്‍ ഉരുകിത്തീരുമോ എന്ന ഭയംകൊണ്ടാവാം റെയില്‍വെസ്റ്റേഷന്റെ പരിസരത്തൊന്നും ആളുകളേയില്ല. എവിടെനിന്നോ വന്ന്‌ വണ്ടിയിറങ്ങിയ ഒരു നാടോടിസ്‌ത്രീ, മലവിസര്‍ജ്ജനം നടത്തിയ കുഞ്ഞിന്റെ ചന്തി വെളിമ്പറമ്പില്‍ കൂട്ടിയിട്ട പ്ലാസ്റ്റിക്‌കവറെടുത്ത്‌ തുടയ്‌ക്കുന്നു. ഒരു കിലോമീറ്റര്‍ പടിഞ്ഞാറോട്ടു പോയാല്‍ കടലാണ്‌. എന്നിട്ടും ജലം എന്നത്‌ ഇവിടെ കിട്ടാക്കനിയാണ്‌. ഒരു തുള്ളി ബാക്കിവയ്‌ക്കാതെ വേനല്‍ എല്ലാം കുടിച്ചുവറ്റിക്കുമ്പോള്‍ സര്‍വത്രകിട്ടാവുന്ന ഒരു ബദല്‍ പ്ലാസ്റ്റിക്‌ കവറുകള്‍ മാത്രമേയുള്ളൂ. മണ്ണിലേക്ക്‌ യാതൊരു നിയന്ത്രണവുമില്ലാതെ വലിച്ചെറിയുന്ന പ്ലാസ്റ്റിക്‌ കവറുകള്‍ക്ക്‌ ഇങ്ങനെയെങ്കിലും ഒരുപയോഗമുണ്ടെന്ന്‌ ആ നാടോടി സ്‌ത്രീ പഠിപ്പിച്ചുതരികയായിരുന്നു.


    റെയില്‍പാളത്തിലൂടെ ഒരാള്‍ തെക്കോട്ട്‌ നടക്കുന്നു. കിളിരംകൂടിയ ഒരാള്‍. നീണ്ട താടി. മുഷിഞ്ഞ മുണ്ടും നീളന്‍ കുപ്പായവും. തോളില്‍ ഒരു മാറാപ്പ്‌. സൂക്ഷിച്ചുനോക്കിയപ്പോള്‍ അയാള്‍ നഗ്നപാദനാണെന്ന്‌ മനസ്സിലായി. ചൂടും തണുപ്പും തിരിച്ചറിയാനാവാത്തവിധം സമനില തെറ്റിയവനായിരിക്കണം. അല്ലെങ്കില്‍ മണ്ണുപോലും ആളിക്കത്തുന്ന ഈ നട്ടുച്ചക്ക്‌ പാളത്തിലെ കരിങ്കല്‍കഷ്‌ണങ്ങള്‍ക്കു മുകളിലൂടെ നഗ്നപാദനായി നടക്കാന്‍ ആര്‍ക്കാണ്‌ സാധിക്കുക. തെക്കുനിന്നൊരു വണ്ടിവരാനുണ്ടെന്ന കാര്യം അയാളറിഞ്ഞിരിക്കുമോ ആവോ?


    സമനിലയില്‍ കഴിയുന്നതിനെക്കാള്‍ എത്രയോ സുഖമാണ്‌ സമനില തെറ്റിയാലെന്ന്‌ ഒരുപാട്‌ ഭ്രാന്തന്മാരുമായി അടുത്തിടപഴകിയതില്‍നിന്നു മനസ്സിലാക്കിയിരുന്നു. സമനിലയില്‍ കഴിയുന്നവര്‍ മദ്യവും മയക്കുമരുന്നുമൊക്കെ ഉപയോഗിച്ച്‌ സമനില തെറ്റിക്കുന്നതും അതൊരു സുഖമായതുകൊണ്ടാണ്‌. 


    ഒരാളുടെ സ്വകാര്യസുഖങ്ങളില്‍ ഒരു കട്ടുറുമ്പാവേണ്ടെന്നു കരുതി വണ്ടിവരാനുണ്ടെന്ന വേവലാതി കളഞ്ഞ്‌ ആ `ഭ്രാന്തനെ' വിട്ട്‌ ഞാന്‍ എന്നിലേക്ക്‌ മടങ്ങി.കുട്ടിക്കാലത്ത്‌ പലതവണ ഞാനീ പരിസരത്ത്‌ വന്നിട്ടുണ്ട്‌. അതിര്‍വരമ്പുകളെ മുറിച്ചു കടക്കാന്‍ കൊതിക്കുന്ന എന്നിലെ കുരുന്നു യാത്രികനെ ഈ പ്രദേശം എന്നും മാടിവിളിച്ചിരുന്നു. തീവണ്ടി, കുട്ടിക്കാലത്തു മാത്രമല്ല ഇന്നും എനിക്കൊരു അബോധമായ താളമാണ്‌; ഹൃദയത്തിന്റെ മിടിപ്പുകള്‍ പോലെ. കടല്‍ എന്നെ ഉണര്‍ത്തുന്ന സംഗീതമാണ്‌. ഇവിടെ നിന്നുകൊണ്ട്‌ കടന്നുപോകുന്ന ഓരോ തീവണ്ടിയിലെയും യാത്രക്കാര്‍ക്ക്‌ ഞാന്‍ റ്റാറ്റ കൊടുത്തിട്ടുണ്ട്‌. അകലെ ആകാശത്തെ സ്‌പര്‍ശിക്കുന്ന ബോട്ടുകളെ നോക്കി ദിവസം മുഴുവന്‍ കടല്‍തീരത്തിരുന്നിട്ടുണ്ട്‌. അന്ന്‌ ഇവിടെ തീര്‍ത്തും വിജനമായിരുന്നു. ഒരു കൂരപോലുമുണ്ടായിരുന്നില്ല. പാളത്തിന്നരികിലൂടെ ഒരു നീര്‍ച്ചാല്‍ കളകളമൊഴുകിയിരുന്നു. അതില്‍ നിറയെ കുരുന്നു മത്സ്യങ്ങളുണ്ടായിരുന്നു. ഉടുമുണ്ടഴിച്ച്‌ മത്സ്യങ്ങളെ വാറ്റിപ്പിടിക്കലായിരുന്നു ഞങ്ങള്‍ കുട്ടികളുടെ പ്രധാന വിനോദം.വര്‍ഷങ്ങള്‍ക്കുശേഷം ഇവിടെ വീണ്ടും കാലുകുത്തുമ്പോള്‍ എന്നില്‍ വന്ന മാറ്റങ്ങളെക്കാള്‍ എത്രയോ മടങ്ങാണ്‌ ഈ പ്രദേശത്തിനുണ്ടായിട്ടുള്ളതെന്ന്‌ ഞാനറിയുന്നു. ചുറ്റും കോണ്‍ക്രീറ്റ്‌ വീടുകളാണ്‌.  തുമ്പികള്‍ ഉമ്മ വെച്ച് കളിച്ചിരുന്ന തുമ്പപ്പൂക്കളും കിളികള്‍ കൂടുകൂട്ടിയിരുന്ന വള്ളിപ്പടര്‍പ്പുകളുമൊന്നും കാണാനേയില്ല. അതിലൂടെ ഒരു നീര്‍ച്ചാലൊഴുകിയിരുന്നു എന്നതിന്‌ നേര്‍ത്ത തെളിവു പോലും അവശേഷിപ്പിക്കാതെ ആരോ ആ തെളിനീരുറവ ശസ്‌ത്രക്രിയചെയ്‌ത്‌ മാറ്റിയിരുന്നു. അവിടെയിപ്പോള്‍ പ്ലാസ്റ്റിക്‌കവറുകള്‍ പരന്നുകിടക്കുന്നതു കണ്ടപ്പോള്‍ എന്റെ നെഞ്ചില്‍ ഒരു വിങ്ങല്‍. വികസനം  കൂറ്റന്‍ എടുപ്പുകളിലും ഫാക്‌ടറികളിലും മാത്രം കാണുന്ന മനുഷ്യന്‍ എത്ര ഭാവനാ ശൂന്യനാണ്‌. ജീവന്റെ അടിസ്ഥാനമായ നീര്‍കണം പോലും വികസനത്തിനു വേണ്ടി എസ്‌കവേറ്ററിനു കൊലയ്‌ക്കു നല്‍കുമ്പോള്‍ നാം നമ്മെത്തന്നെയാണ്‌ കൊലയ്‌ക്കു കൊടുക്കുന്നതെന്ന്‌ എന്തേ മനസ്സിലാക്കുന്നില്ല?


 ``പാസഞ്ചേഴ്‌സ്‌, യുവര്‍ അറ്റന്‍ഷന്‍ പ്ലീസ്‌...''
റെയില്‍വെസ്റ്റേഷനില്‍നിന്ന്‌ അനൗണ്‍സ്‌ മുഴങ്ങുന്നു.
ഞാന്‍ പാളത്തിലേക്ക്‌ നോക്കി. ആ മനുഷ്യന്‍ അതേ ഗതിയില്‍ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്‌. എനിക്ക്‌ തെല്ല്‌ അസ്വസ്ഥത തോന്നി. ഭ്രാന്തനും ഒരു വിലപ്പെട്ട ജീവിതമുണ്ട്‌. കണ്ണെത്താവുന്ന ദൂരത്താണ്‌ അയാളെങ്കിലും വിളിച്ചാല്‍ വിളിയെത്തുമോ എന്നുറപ്പില്ല. എങ്കിലും ശബ്‌ദം പരമാവധിയെടുത്ത്‌ ഞാന്‍ വിളിച്ചു:
     ഹേ മനുഷ്യാ.. 
കേള്‍ക്കാത്തതുകൊണ്ടോ എന്തോ അയാള്‍ തിരിഞ്ഞുനോക്കിയില്ല. ശബ്‌ദം ഒന്നുകൂടി ആഞ്ഞെടുത്ത്‌ ഞാന്‍ വിളിച്ചുനോക്കി. ഇല്ല, അയാള്‍ കേട്ട ലക്ഷണമില്ല. എന്നാല്‍ മാറാപ്പില്‍ നിന്ന്‌ എന്തോ എടുത്ത്‌ അയാള്‍ പാളത്തിന്റെ ഒരു വശത്തേക്ക്‌ എറിയുന്നതു കണ്ടു. എന്റെ നെഞ്ചില്‍ പൊടുന്നനെ ഒരു ഭീതി പിടഞ്ഞു. പാളത്തിനു മുകളില്‍ കോണ്‍ക്രീറ്റ്‌ പോസ്‌റ്റ്‌ കൊണ്ടുവന്നിട്ട്‌ തീവണ്ടി മറിച്ചിടാന്‍ ശ്രമിച്ചെന്ന സംശയത്തിന്റെ പേരില്‍ ഒരാള്‍  ഇവിടെ   പിടിയിലായതു പത്രത്തില്‍ വായിച്ചിരുന്നു.അരക്കിറുക്കനെപ്പോലെ തോന്നിക്കുന്ന ഈ മനുഷ്യന്‍ വലിച്ചെറിയുന്നത്‌ ബോംബാവുമോ? അങ്ങനെയെങ്കില്‍...


     അയാള്‍ വീണ്ടും വീണ്ടും റെയിലിന്റെ രണ്ടു വശങ്ങളിലേക്കുമായി എന്തോ വലിച്ചെറിയുക തന്നെയാണ്‌. എന്റെ രക്തം  തിളച്ചു. പാഞ്ഞുചെന്ന്‌ അയാളെ അടിച്ച്‌ താഴെ തെറിപ്പിക്കണമെന്ന ചിന്തയാണ്‌ ആദ്യം വന്നതെങ്കിലും ബോംബെങ്ങാനും പൊട്ടിയാല്‍ എന്റെ കഥയും തീരുമല്ലോ എന്ന മറുചിന്ത കാലുകളില്‍ അദൃശ്യമായ ചങ്ങലയണിയിച്ചു. ഭീതികൊണ്ടെനിക്ക്‌ അനങ്ങാനേ കഴിഞ്ഞില്ല. പൊടുന്നനെ സ്റ്റേഷന്‍ വിട്ട്‌ തീവണ്ടി വരുന്ന ശബ്‌ദംകേട്ടു. അടുത്തെത്തുന്തോറും അത്‌ പെരുമ്പറപോലെയായി. എന്റെയുള്ളില്‍ ഒരായിരം ബോംബുകള്‍ ഒരുമിച്ചു പൊട്ടി. കണ്ണും കാതുമടച്ച്‌ ഞാന്‍ തരിച്ചുനിന്നു.


    ശബ്‌ദമെല്ലാം പൂര്‍ണമായും അകന്നതിനു ശേഷമാണു ഞാന്‍ കണ്ണുതുറന്നത്‌. പാളം നിശ്ചലമായി നീണ്ടുകിടക്കുന്നു. തീവണ്ടി കടന്നുപോയിരിക്കുന്നു. ഒന്നും സംഭവിച്ചിട്ടില്ല.ദൂരെ, ഒരു പൊട്ടുപോലെ അയാള്‍ നടന്നു നീങ്ങുന്നതു കണ്ടു. ഇപ്പോഴും പാളത്തിന്റെ ഇരുവശങ്ങളിലേക്കും അയാള്‍ എന്തോ വലിച്ചെറിയുന്നുണ്ടെന്ന്‌ അയാളുടെ ശരീരചലനങ്ങള്‍ സൂചിപ്പിച്ചിരുന്നു.ഇപ്പോള്‍ ഭീതി പൂര്‍ണമായും എന്നെ വിട്ടുമാറിയിരിക്കുന്നു. അയാളെ ലക്ഷ്യമാക്കി കരിങ്കല്‍ പരപ്പിലൂടെ ഞാന്‍ പാഞ്ഞു. കിതപ്പുകൊണ്ട്‌ അധികദൂരം എനിക്കോടാന്‍ കഴിഞ്ഞില്ല. ഓടിയും നടന്നും നിന്നുമൊക്കെ ഒരുവിധം ഞാന്‍ അയാള്‍ക്കടുത്തെത്തി. അയാള്‍ തന്റേതായ ഏകാകിതയില്‍ നടന്നുകൊണ്ടിരിക്കുകയാണ്‌. 
``ഹേ മനുഷ്യാ.. നില്‍ക്കൂ..''
``ക്യാ...' 
അയാള്‍ പൊടുന്നെ തിരിഞ്ഞുനോക്കിക്കൊണ്ട്‌ ചോദിച്ചു. ആള്‍ ഹിന്ദിക്കാരനാണെന്ന്‌ മനസ്സിലായി. 
``തും യഹാം ക്യാ കര്‍ രഹെ ഹൊ?'' ഞാന്‍ ചോദിച്ചു.
അയാള്‍ എന്നെ ഒന്നുനോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
വീണ്ടും അയാള്‍ നടത്തം തുടര്‍ന്നു.ഞാന്‍ അയാളെത്തന്നെ നിരീക്ഷിച്ചുകൊണ്ട്‌ പിന്നാലെ നടന്നു. 


      സന്തുലിതമായ വേഗതയിലാണ്‌ അയാള്‍ നടക്കുന്നത്‌. ഒരു നിശ്ചിത ദൂരത്തെത്തുമ്പോള്‍ തന്റെ  മാറാപ്പില്‍ കയ്യിടുന്നു. എന്തോ പുറത്തെടുത്ത്‌ ഒരു കൃത്യമായ അകലത്തിലേക്ക്‌ വലിച്ചെറിയുന്നു. ഈ പ്രക്രിയ ഒരു വിരാമവുമില്ലാതെ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഞാന്‍ വായിച്ചിട്ടുള്ള അബ്‌നോര്‍മര്‍ സൈക്കോളജിയുടെ പുസ്‌തകങ്ങളിലൊന്നും കണ്ടിട്ടില്ലാത്തെ പുതിയൊരുതരം വട്ട്‌! എനിക്ക്‌ ആകാംക്ഷ അടക്കാനായില്ല.ഒരു സ്വദേശിയുടെ ധാര്‍ഷ്‌ട്യത്തോടെ ആ പരദേശിയെ ഞാന്‍ തടഞ്ഞുനിര്‍ത്തി. അയാളുടെ മാറാപ്പ്‌ ബലമായി പിടിച്ചുവാങ്ങി. അയാന്‍ ശാന്തനായി എനിക്കു വഴങ്ങിത്തന്നു. ഞാന്‍ അയാളുടെ മാറാപ്പ്‌ തുറന്നു. അതില്‍ നിറയെ മണ്ണുരുളകളായിരുന്നു. 
   ``ക്യാ ഹെ യെഹ്‌?'' 
ഞാന്‍ ഒരു പോലീസുകാരന്റെ അധികാരസ്വരത്തില്‍ തന്നെയാണ്‌ ചോദിച്ചത്‌. പക്ഷേ അയാള്‍ മറുപടി പറയാതെ ശാന്തനായി നിലകൊണ്ടു.ഞാന്‍ മണ്ണുരുളകളില്‍ ചിലതെടുത്ത്‌ പൊട്ടിച്ചു നോക്കി. അദ്‌ഭുതവും അതിലേറെ ആഹ്ലാദവും കൊണ്ട്‌ എന്റെ നെഞ്ച്‌ നിറഞ്ഞുകവിഞ്ഞു. മണ്ണുരുളകള്‍ക്കുള്ളിലെല്ലാം ജീവന്റെ ആദിരൂപങ്ങളായിരുന്നു.
   ``യെ സബ്‌ പോടോം കെ ബീജ്‌ ഹെ സാബ്‌'' 
അയാള്‍ ആദ്യമായി എന്നോട്‌ ഉരിയാടിയത്‌ അപ്പോഴാണ്‌.അതെ, അയാളുടെ മാറാപ്പില്‍ നിറയെ വന്‍മരങ്ങളുടെ വിത്തുകളായിരുന്നു. ചീനി, ആല്‍, പുളി തുടങ്ങി എനിക്ക്‌ പരിചിതവും അല്ലാത്തതുമായ അനേകം വംശബീജങ്ങള്‍.ഞാന്‍ അയാളെ ആദരപൂര്‍വം കൈപിടിച്ച്‌ ഒരു മരത്തണലിലേക്ക്‌ നയിച്ചു. പ്രത്യേക രീതിയില്‍ പണിതുണ്ടാക്കിയ ഒരു മണ്‍കൂജയില്‍ നിന്ന്‌ അയാള്‍ എന്റെ കൈക്കുമ്പിളിലേക്ക്‌ ഇത്തിരി ദാഹജലം പകര്‍ന്നു. ഞാനത്‌ ആസ്വദിച്ചു കുടിക്കുമ്പോള്‍ പ്രാദേശികച്ചുവയുള്ള ഹിന്ദിയില്‍ അയാള്‍ ചോദിച്ചു:
    `ഫുക്കുവോക്കയെ അറിയുമോ?''
    ``വായിച്ചിട്ടുണ്ട്‌. ഭൂമിയിലെവിടെയും ഏതു വിത്തും പ്രത്യേക കൃഷിസ്ഥലമൊരുക്കുകയോ വളമിടുകയോ ചെയ്യാതെ പാകാമെന്നും ഓരോ മണ്ണും അതിന്‌ ഉള്‍ക്കൊള്ളാവുന്നതിനെ മാത്രം മുളപ്പിക്കുകയും വളര്‍ത്തി വലുതാക്കുകയും ചെയ്യുമെന്നും കണ്ടെത്തിയ വിപ്ലവകാരിയായ കൃഷിക്കാരന്‍, കാര്‍ഷിക ശാസ്‌ത്രജ്ഞന്‍. താങ്കള്‍ ഫുക്കുവോക്കയുടെ പ്രചാരകനാണോ?
 ``അല്ല, ഭൂമിയില്‍ വന്‍വൃക്ഷങ്ങള്‍ പുന:സ്ഥാപിക്കാന്‍ എന്നാല്‍ കഴിയുന്നത്‌ ചെയ്യുന്ന ഒരാളാണ്‌ ഞാന്‍. വിത്തുകള്‍ കേടാകാതിരിക്കാന്‍ മണ്ണില്‍ പൊതിഞ്ഞു വലിച്ചെറിയും. ഫുക്കുവോക്കയുടെ രീതി കടമെടുത്തു എന്നുമാത്രം.'' അയാള്‍ പറഞ്ഞു. 
``എന്താണ്‌ നിങ്ങളുടെ ജോലി?''
``ഞാന്‍ ഒരു കര്‍ഷകനായിരുന്നു. എന്നാല്‍ 2006ലെ ആ കൊടുംവേനലിനുശേഷം എനിക്കിതു മാത്രമാണ്‌ പണി. തീവണ്ടിയില്‍ ഇന്ത്യയിലുടനീളം സഞ്ചരിച്ച്‌ കാണുന്നിടത്തെല്ലാം വിത്തുകള്‍ പാകുക. ഏത്‌ എവിടെ മുളച്ചു പൊന്തുമെന്നതിനെക്കുറിച്ച്‌ ഞാന്‍ ചിന്തിക്കാറേയില്ല.''
    `എന്താണ്‌ ഇങ്ങനെയൊരു ദൗത്യം തിരഞ്ഞെടുക്കാന്‍ കാരണം?'' 
They don't know what they do! Photo:Mins
      അയാള്‍ തന്റെ കഥ പറഞ്ഞു:
ഗുജറാത്തിലെ അഹമ്മദാബാദിനടുത്ത ഒരു ഗ്രാമത്തിലാണ്‌ അയാള്‍ ജീവിച്ചിരുന്നത്‌. ഇന്ത്യയിലെ ഏറ്റവും വികസിതമെന്ന്‌ കൊട്ടിഘോഷിക്കപ്പെട്ട സംസ്ഥാനം. പക്ഷേ പാരിസ്ഥിതികമായ സന്തുലനാവസ്ഥയാകെ തകിടം മറിഞ്ഞിരിക്കുന്നു. ഒരു ആവാസവ്യവസ്ഥയെ അപ്പാടെ തകര്‍ക്കുന്ന രീതി .ഗ്രാമത്തില്‍ കണ്ണും മൂക്കുമില്ലാത്ത വ്യവസായവല്‍ക്കരണമാണ്‌ നടമാടുന്നത്‌. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്‌സൈഡ്‌, ക്ലോറോഫ്‌ളൂറോ കാര്‍ബണ്‍, കാര്‍ബണ്‍ മോണോക്‌സൈഡ്‌ തുടങ്ങിയ വാതകങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്നു. ഹരിതസുന്ദരമായിരുന്ന തന്റെ ഗ്രാമം വളരെ വേഗം ഒരു മരുഭൂമിയായി പരിണമിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ ആ മനുഷ്യന്‍ ഹൃദയഭേദകമായ സ്വരത്തില്‍ പറഞ്ഞു.


       2006ലെ വേനല്‍ക്കാലത്താണ്‌ അയാളുടെ ജീവിതത്തില്‍ ഒരിക്കലും നികത്താനാകാത്ത ദുരന്തം കടന്നുവരുന്നത്‌. അയാളുടെ രോഗിയായ പുത്രന്‍ സൂര്യാഘാതമേറ്റ്‌ ജലാംശമെല്ലാം വറ്റിവരണ്ട്‌ പിടഞ്ഞുതീര്‍ന്നു. അയാളുടെ ജീവിതത്തിലെ എക്കാലത്തെയും സമ്പാദ്യമായിരുന്നു ആ മകന്‍. അധികാരത്തോട്‌ യുദ്ധംചെയ്യാന്‍ ആവതില്ലാത്ത ആ മനുഷ്യന്റെ ജീവിതം പിന്നീട്‌ യാത്ര മാത്രമായി. താളംതെറ്റിയ പ്രകൃതി കൊടുംവേനലായും അതിശൈത്യമായും മലവെള്ളപ്പൊക്കമായും താണ്‌ഡവമാടുന്നതിന്‌ ഇന്ത്യയിലുടനീളം അയാള്‍ ദൃക്‌സാക്ഷിയായി. പ്രകൃതിയെ സന്തുലനാവസ്ഥയില്‍ പുനഃസ്ഥാപിക്കാന്‍ ഒരു കൃഷിക്കാരനായിരുന്ന അയാള്‍ക്ക്‌ അറിയാവുന്നത്‌ ഇതുമാത്രമാണ്‌:


Rain at  Tirurangadi,Malappuram,Kerala.Photography:K.M.Musthaf
    വിത്തു വിതറുക.ഭൂമി കനിഞ്ഞ്‌ ഒരു മുള പൊന്തും,അത്‌ വളര്‍ന്ന്‌ ഒരു തണലാകും‍.  


ചെക്ക്‌
ഈ ചൂടത്ത്‌ എങ്ങനെ ഉറങ്ങുന്നു? എണീറ്റ്‌ പറമ്പിലേക്കോ തെരുവിലേക്കോ ഇറങ്ങുക. ഒഴിഞ്ഞസ്ഥലങ്ങള്‍ ഇഷ്‌ടം പോലെയുണ്ട്‌. ഒരു തൈ നടുക. അതിനു കഴിയില്ലെങ്കില്‍ ഒരു വിത്തെങ്കിലും പാകുക.