പേരു വെട്ടിമാറ്റപ്പെട്ടവര്‍
FACE TO FACE:P.T.Kunhu Muhammed and K.M.Musthaf
പ്രവാസത്തിന്റെ വേവും നോവുമാണ് താങ്കള്‍ പലപ്പോഴും സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളുടെ മുഖ്യ വിഷയമായി തെരഞ്ഞെടുത്തിട്ടുള്ളത്. പ്രവാസം ഒരു സര്‍ഗ്ഗാത്മക അനുഭവമായി മാറിയതെങ്ങനെയാണ് ?
ഞാന്‍ ഒരു പ്രവാസിയായിരുന്നു. പ്രവാസജീവിതമാണ് എന്നെ മാറ്റിമറിച്ചത്. ഞാന്‍ ഒരു കളിമണ്ണാണെങ്കില്‍ എന്നെ മൌള്‍ഡ് ചെയ്‌ത അച്ചാണ് പ്രവാസം. പ്രവാസത്തിന്റെ പരുപരുത്ത പാതകള്‍, അതിന്റെ ഭയവിഹ്വലതകള്‍, ഉത്കണ്ഠകള്‍, ഭീകരമായ യാഥാര്‍ത്ഥ്യങ്ങള്‍ ഇവയെല്ലാം ഒരു സംഭരണിയിലെന്നപോലെ എന്നില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇതാണ് പിന്നീട് സിനിമാസംവിധായകനായപ്പോഴും രാഷ്‌ട്രീയക്കാരനായപ്പോഴും മീഡിയാ പ്രവര്‍ത്തകനായപ്പോഴുമെല്ലാം പുറത്തേക്ക് വന്നത്.
എത്രകാലം താങ്കള്‍ പ്രവാസിയായിരുന്നിട്ടുണ്ട്?
പത്തുപന്ത്രണ്ട് വര്‍ഷക്കാലം. എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട കുറേ വര്‍ഷങ്ങള്‍. വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ എനിക്ക് ജീവിതത്തെക്കുറിച്ച് വ്യക്തമായ ആസൂത്രണങ്ങളൊന്നുമില്ലായിരുന്നു. ഇപ്പോഴും ഞാന്‍ ആസൂത്രണങ്ങളില്‍ വിശ്വസിക്കാത്ത ഒരാളാണ്. തൊഴില്‍ കണ്ടെത്തി ഒരു ജീവിതമാരംഭിക്കുക എന്ന സ്വപ്‌നത്തോടെയാണ് ഞാന്‍ അബുദാബിയിലെത്തുന്നത്.
ഏതുതരം ജോലിയാണ് താങ്കള്‍ക്കവിടെ ലഭിച്ചത് ?
എല്ലാതരം ജോലികളും ഞാന്‍ ചെയ്‌തിട്ടുണ്ട്. ഹോട്ടലിലെ റിസപ്‌ഷനിസ്‌റ്റായും കമ്പനിയില്‍ ക്ളാര്‍ക്കായും ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ ജീവനക്കാരനായും ഫ്രഞ്ച് കമ്പനിയിലുമൊക്കെ ഞാന്‍ ജോലിനോക്കിയിട്ടുണ്ട്.
എന്താണ് പ്രവാസം താങ്കളിലുണ്ടാക്കിയ മാറ്റം?
എല്ലാതരം ആളുകളുമായി സഹവസിക്കാന്‍ പ്രവാസം എനിക്ക് അവസരം നല്‍കി. വ്യത്യസ്‌ത പശ്ചാത്തലങ്ങളില്‍ നിന്നും ദേശങ്ങളില്‍നിന്നും വരുന്ന മനുഷ്യരാണെങ്കിലും എല്ലാപ്രവാസികള്‍ക്കും ഒരേ മുഖച്ഛായയാണെന്ന് എനിക്ക് തോന്നി. ഒടുവില്‍ അവരില്‍ ഓരോരുത്തരും ഞാന്‍ തന്നെയാണെന്ന ഒരു താദാത്മ്യബോധത്തിലേക്ക് ഞാനെത്തിച്ചേര്‍ന്നു. അതോടെ മനുഷ്യര്‍ തമ്മില്‍ യാതൊരു വിഭജനവുമില്ലെന്ന ഒരുള്‍ക്കാഴ്ച എനിക്കുണ്ടായി. തട്ടുകടയും ഫൈവ്‌സ്‌റ്റാര്‍ ഹോട്ടലും തമ്മില്‍ ഒരു വ്യത്യാസവും കാണാത്ത ഒരാളാണ് ഞാനിന്ന്. എവിടെ കയറാനും മടിയില്ലാത്ത ഒരാള്‍. ഇത് പ്രവാസമുണ്ടാക്കിയ മാറ്റമാണ്.
പിന്നീട് ഗള്‍ഫ് ഉപേക്ഷിക്കുകയായിരുന്നോ?
അതെ, അന്യനാട്ടില്‍ ഒരു സ്വാസ്ഥ്യവും കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. എനിക്ക് അവരുടെ ഭാഷയുമായോ സംസ്‌ക്കാരവുമായോ ഒരു തരത്തിലും അലിഞ്ഞുചേരാന്‍ സാധിക്കുമായിരുന്നില്ല. ഈ മണ്ണും മരങ്ങളും കാറ്റും വെളിച്ചവുമായിരുന്നു എന്റെ മനസ്സുനിറയെ.
എന്തൊക്കെയാണ് ഗള്‍ഫ് നാടുകളില്‍ മലയാളി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍?
ഇന്ത്യക്കാര്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസത്തില്‍ തന്നെ അടിസ്ഥാനപരമായി ചില പ്രശ്നങ്ങളുണ്ടെന്ന് നിരീക്ഷിക്കുന്ന ഒരാളാണ് ഞാന്‍. നമുക്ക് ലഭിക്കുന്ന വിദ്യാഭ്യാസം നമ്മെ ഒരു തരം അടിമത്തത്തിലേക്കാണ് നയിക്കുന്നത്. നമ്മുടെ മണ്ണും സംസ്‌ക്കാരവും ഭാഷയുമെല്ലാം മൂന്നാംകിടയാണെന്നാണ് നാം പഠിപ്പിക്കപ്പെടുന്നത്. ലോകത്തുണ്ടായ ശാസ്‌ത്രീയ ചിന്തകളും കണ്ടുപിടുത്തങ്ങളും പടിഞ്ഞാറിന്റെ സംഭാവനയാണെന്നാണ് പഠിപ്പിച്ചിരിക്കുന്നത്. ലോകസാഹിത്യം വിദേശിയുടേതാണെന്നാണ് വിശ്വസിപ്പിച്ചിരിക്കുന്നത്. ഇങ്ങനെയൊക്കെ പഠിച്ചും വിശ്വസിച്ചും വരുന്ന ഒരാള്‍ താന്‍ മോശക്കാരനാണെന്ന ഒരു തരം കോംപ്ലൿസുമായിട്ടാണ് വിദേശത്ത് തൊഴില്‍ തേടിയെത്തുന്നത്. അവന്‍ സിനിമാക്കാരനോ രാഷ്‌ട്രീയക്കാരനോ പണ്ഡിതനോ ആവട്ടെ അവനില്‍ ഒരു അടിമ ഒളിഞ്ഞു കിടപ്പുണ്ട്. ഈ അടിമയാണ് നമ്മുടെ പൌരന്‍. പ്രവാസം യാതൊരു വിലപേശലുമില്ലാത്ത ജീവിതമാണ്. വിലപേശാത്ത അടിമയെ ഇറുക്കുമതി ചെയ്യുകയാണ് വിദേശികള്‍. നാം മുമ്പ് ഇവിടെ തമിഴ്‌നാട്ടുകാരെ പണിക്ക് കൊണ്ടുവന്നതുപോലെ.
അടിമത്തം രക്തത്തില്‍ അലിഞ്ഞുചേര്‍ന്നവര്‍, അല്ലേ...
അതെ, വിദേശത്ത് ജോലി ചെയ്യുമ്പോള്‍ അവന്റയീ അടിമത്തബോധം കൂടുകയേയുള്ളൂ. എല്ലാതരത്തിലും ആത്മവിശ്വാസം നഷ്ടപ്പെട്ടവനായിരിക്കും അവന്‍.
വിരഹം പ്രവാസിയെ സംബന്ധിച്ചിടത്തോളം എത്രത്തോളം തീക്ഷ്ണമാണ് ?
പ്രവാസി ഒരു യന്ത്രമാണ്. ഓരോ ദിവസവും മുമ്പത്തെ ദിവസത്തിന്റെ ആവര്‍ത്തനം മാത്രം. ഒരു യന്ത്രത്തിന് എങ്ങനെ വിരഹത്തെ അനുഭവിക്കാനാവും? ഒന്നിനും ഒരു ഉറപ്പുമില്ലാത്തവനാണ് പ്രവാസി. ആവശ്യത്തില്‍ കൂടുതല്‍ ഭക്ഷണം കിട്ടുന്നു എന്നതു മാത്രമാണ് അവനുള്ള ഏക ഉറപ്പ്. ആവശ്യത്തില്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നിടത്ത് യാതൊരു ചിന്തയുമുണ്ടാവില്ലെന്നാണ് ചിന്തകര്‍ പറയുന്നത്. ഒരു മുറിയില്‍ ഇരുപതോളം ആളുകള്‍ തിങ്ങിവിങ്ങിത്താമസിക്കുന്നിടത്ത് വിരഹത്തെ തീക്ഷ്ണമായി അറിയാനുള്ള സ്വകാര്യതയെവിടെ?
എന്താണ് പ്രവാസത്തിനെത്തുന്ന സ്‌ത്രീകളുടെ അവസ്ഥ?
പ്രവാസത്തിന്റെ ദുരന്തം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് സ്‌ത്രീകളാണ്. ഒരു സ്‌ത്രീയെ സ്‌ത്രീയാക്കുന്ന എല്ലാഘടകങ്ങളും അവള്‍ക്ക് ബലികഴിക്കേണ്ടിവരുന്നു. ഒരു വയസ്സ് പ്രായമുള്ളപ്പോള്‍ തന്റെ കുഞ്ഞിനെ ഒറ്റക്കിട്ടുപോന്ന് ഒമ്പത് വര്‍ഷമായി പ്രവാസം തുടരുന്ന ഒരു സ്‌ത്രീയെ എനിക്കറിയാം. ഇങ്ങനെ പത്തും പന്ത്രണ്ടും വര്‍ഷങ്ങളായി നാട്ടില്‍ പോകാന്‍ പോലും കഴിയാത്ത അനേകം സ്‌ത്രീകളുണ്ട്.
നാട്ടിലായിരിക്കുമ്പോള്‍ ഒരു ജോലിയും ചെയ്യാത്ത മലയാളികള്‍ വിദേശത്തായിരിക്കുമ്പോള്‍ എന്ത് ജോലിയും ചെയ്യാന്‍ മടിയില്ലാത്തവരാണെന്ന് പറയാറുണ്ട്...
സ്വദേശത്തും വിദേശത്തും ഒരേ കൂലിയാണെങ്കില്‍ കൂടി വിദേശത്തെ ജോലിക്കായിരിക്കും മലയാളി മുന്‍ഗണന കൊടുക്കുക. വിദേശജോലിക്കാരന്റെ സാമൂഹിക പദവി സ്വദേശിയേക്കാള്‍ കൂടുതലാണ് എന്നതാണ് ഇതിനു പിന്നിലെ മനശാസ്‌ത്രം. സ്വദേശത്ത് കൂലിപ്പണി എന്നറിയപ്പെടുന്നതിക്കോള്‍ വിദേശത്ത് തൂപ്പുജോലിയാണെങ്കിലും ഒരു കമ്പനിയുടെ അഡ്രസ്സില്‍ അറിയപ്പെടുന്നത് നാട്ടിലെ വിവാഹക്കമ്പോളത്തിലും മറ്റും ഒരാളുടെ പദവി ഉയര്‍ത്തുന്നു.
പ്രവാസിയായിരുന്നപ്പോള്‍ ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്‌തമായി എന്താണ് താങ്കള്‍ക്കിപ്പോള്‍ അനുഭവിക്കാനാവുന്നത്?
ജീവിതം തന്നെ. ഒന്നും ചെയ്യാതെ ഇവിടെയിങ്ങനെ ഇരിക്കുകയാണെങ്കില്‍ പോലും എവിടെയോ ജീവിതമുണ്ടെന്ന ഒരു തോന്നല്‍. ആ തോന്നലിലാണ് ജീവിതത്തിന്റെ താളം. ഒരു പ്രവാസിക്ക് കിട്ടാതെ പോകുന്നതും അതുതന്നെയാണ്.
പ്രവാസം എന്നൊരു ‘കണ്ടുപിടുത്തം’ ഇല്ലാതിരുന്നെങ്കില്‍ മലയാളിയുടെ അവസ്ഥ എന്താകുമായിരുന്നു?
വളരെ പരിതാപകരമാകുമായിരുന്നു. നാം തമിഴരെപ്പോലെയോ ബീഹാറികളെപ്പോലെയോ ആകുമായിരുന്നു. പ്രത്യേകിച്ചും മുസ്ലിംകളുടെ സാമൂഹികപദവിയില്‍ പ്രവാസം ഒട്ടേറെ മാറ്റമുണ്ടാക്കിയിട്ടുണ്ട്. ഇവിടത്തെ നായര്‍ ക്രൈസ്‌തവ സമുദായങ്ങളോടൊപ്പം ഓടിയെത്താന്‍ പ്രവാസം മുസ്ലിംങ്ങളെ സഹായിച്ചു. പക്ഷേ ഇതെല്ലാം ജീവിതം ഹോമിച്ചാണെന്ന് മാത്രം.
നമ്മുടെ സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നവരാണ് പ്രവാസികള്‍. എന്നിട്ടും റേഷന്‍കാര്‍ഡില്‍ നിന്നും വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്നുമൊക്കെ അവരുടെ പേര് വെട്ടിമാറ്റപ്പെടുന്നു. സ്വദേശത്തും വിദേശത്തും വേരുകള്‍ നഷ്ടപ്പെട്ടവരായി ജീവിക്കാനാണോ പ്രവാസികളുടെ വിധി?
സ്വദേശത്തെ വേരുകള്‍ക്ക് വെള്ളവും വളവും നല്‍കാന്‍ വേണ്ടിയാണ് ഒരു പ്രവാസി പരദേശിയായി അലയുന്നത്. എന്നാല്‍ പ്രവാസികളെ രണ്ടാംകിട പൌരന്മാരായി മാത്രമേ നാം പരിഗണിക്കുന്നുള്ളൂ. മറ്റുള്ളവര്‍ക്ക് വെളിച്ചം നല്‍കാന്‍ ഉരുകിത്തീരുന്ന മെഴുകുതിരികളാണവര്‍. യഥാര്‍ത്ഥത്തില്‍ വോട്ടുചെയ്യാന്‍ ഏറ്റവും അവകാശമുള്ളവര്‍ ഇവരാണ്. അതുകൊണ്ട് നാട്ടിലുള്ള സമയങ്ങളിലെങ്കിലും വോട്ടേഴ്‌സ് ലിസ്റിലും റേഷന്‍കാര്‍ഡിലും പേര് നിലനിര്‍ത്താന്‍ അവര്‍ക്ക് സൌകര്യമൊരുക്കേണ്ടതുണ്ട്.
എം.എല്‍.എ.ആയിരുന്നപ്പോള്‍ പ്രവാസികളുടെ ക്ഷേമത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോ?
സിനിമാ സംവിധായകനും എം.എല്‍.എ.യും ആകും മുമ്പ് ഞാനൊരു പ്രവാസിയായിരുന്നു. പ്രവാസിയുടെ പ്രശ്‌നങ്ങളും പ്രതിസന്ധികളും ഞാന്‍ നേരിട്ടനുഭവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എം.എല്‍.എ.എന്നതിനേക്കാള്‍ തുല്യദുഖം അനുഭവിച്ചിട്ടുള്ള ഒരു വ്യക്തി എന്നനിലയില്‍ പ്രവാസികളുടെ ജീവിതത്തില്‍ ഇടപെടാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും തന്നെ ബോധപൂര്‍വ്വമോ ആസൂത്രിതമോ ആയ പ്രവര്‍ത്തനങ്ങളായിരുന്നില്ല. മുറിവേറ്റ് ചോര പൊടിയുന്ന ഒരു പ്രവാസമനസ്സ് എനിക്കുണ്ടായിരിക്കണം. മറ്റൊരു പ്രവാസിയുടെ സങ്കടം കേള്‍ക്കുമ്പോള്‍, അയാളെ സഹായിക്കുമ്പോള്‍ ഞാന്‍ എന്റെ മുറിവില്‍തന്നെ മരുന്നുപുരുട്ടുകയാണ് ചെയ്യുന്നത്. എന്നില്‍ തന്നെയുള്ള ഒരു പരിഹാരക്രിയ. ഒരു സ്വയം ബോധ്യപ്പെടല്‍.
എന്തോ, ആളുകള്‍ എന്നെത്തേടി വന്നുകൊണ്ടിരിക്കുന്നു. ഞാന്‍ ചെന്നുപെടുന്നിടത്തെല്ലാം എപ്പോഴും ഒരു പ്രവാസിയെ കണ്ടുമുട്ടാറുണ്ട്. സഹായമിരക്കാനല്ല പലരും എന്നോട് സംസാരിക്കുന്നത്. സങ്കടങ്ങള്‍ പങ്കുവെക്കാന്‍ മാത്രമായി പലരും എന്റെ വീട്ടില്‍ വരുന്നു. അവര്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. അവരില്‍ ഒരാളെപ്പോലെ അവരെന്നെക്കാണുന്നു. സത്യത്തില്‍ ഒരു ആത്മ സുഹൃത്തിന്റെയോ മനശ്ശാസ്‌ത്ര കൌണ്‍സിലറുടെയോ റോളാണ് എനിക്കവര്‍ കല്പിച്ചുതരുന്നത്.
ട്രെയിനില്‍ വെച്ചും ഹോട്ടലില്‍ വെച്ചും വഴിയോരത്തുവെച്ചുമെല്ലാം പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം തേടാനും എനിക്ക് അവസരമുണ്ടായിട്ടുണ്ട്. ഒരു ട്രെയിന്‍ യാത്രയ്‌ക്കിടെ കണ്ടുമുട്ടിയ ഒരു അമ്മ, പാസ്‌പോര്‍ട്ട് ലഭിക്കാത്തതുമൂലം കുഞ്ഞുമകളെ കൂടെകൊണ്ടുപോകാന്‍ കഴിയാത്തതിന്റെ സങ്കടം പങ്കുവെക്കുകയുണ്ടായി. ഞാനപ്പോള്‍ തന്നെ ചില അധികാരികളുമായി ബന്ധപ്പെട്ടു. ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ മകള്‍ക്ക് പാസ്‌പോര്‍ട്ട് കിട്ടിയ സന്തോഷത്തില്‍ ആ സ്‌ത്രീ വിളിച്ചു. ഒന്നും പ്രതീക്ഷിച്ചല്ല പറഞ്ഞതെന്നും അവിചാരിതമായി കണ്ടുമുട്ടിയപ്പോള്‍ പറഞ്ഞുപോയതാണെന്നും അവര്‍ പറയുന്നുണ്ടായിരുന്നു.
മറ്റൊരിക്കല്‍ എന്റെ സുഹൃത്തും അഭ്യൂദയകാംക്ഷിയുമായ ഏനിക്കുട്ടിസാഹിബുമൊന്നിച്ച് കോഴിക്കോട്ട് ഒരു പരിപാടിയില്‍ സംബന്ധിച്ച് തിരിച്ചുവരികയായിരുന്നു ഞാന്‍. കോട്ടക്കല്‍ ചങ്കുവെട്ടിയിലെത്തിയപ്പോള്‍ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി. ഭക്ഷണം കഴിക്കുന്നതിനിടയില്‍ എന്നെ കണ്ട് ഒരു ചെറുപ്പക്കാരന്‍ അടുത്തുവന്നു. മുഖം കണ്ടാലറിയാം അയാള്‍ സങ്കടക്കയത്തിലാണെന്ന്. കാര്യം തിരക്കിയപ്പോള്‍ അയാള്‍ തന്റെ കഥ പറഞ്ഞു. രണ്ടുകൊല്ലത്തെ കോണ്‍ട്രാക്റ്റില്‍ ഒരാള്‍ അയാളെ മലേഷ്യയിലേക്ക് കൊണ്ടുപോയതാണ്. എന്നാല്‍ ഒരു കൊല്ലമായപ്പോഴേക്കും ഒരു കാരണവുമില്ലാതെ അവര്‍ അയാളെ പിരിച്ചുവിട്ടു. മാത്രമല്ല ശമ്പളയിനത്തില്‍ നാല്പതിനായിരം രൂപയോളം അയാള്‍ക്കവിടെ നിന്ന് കിട്ടാനുമുണ്ട്. ചെറുപ്പക്കാരന്റെ വിഷമം എനിക്ക് ബോധ്യമായി. മലേഷ്യയില്‍ ഒട്ടേറെ ബന്ധങ്ങളുള്ള ആളായിരുന്നു ഏനിക്കുട്ടിസാഹിബ്. ചെറുപ്പക്കാരന്റെ തൊഴിലുടമയെ അദ്ദേഹത്തിന് നേരിട്ടറിയാമായിരുന്നു. ഉടനെ അദ്ദേഹം മലേഷ്യയിലേക്കു വിളിച്ചു. കാര്യങ്ങള്‍ വിശദമായി അന്വേഷിച്ചപ്പോള്‍ പ്രസ്‌തുത ചെറുപ്പക്കാരന്റെ സ്വഭാവം അത്ര മെച്ചമല്ലാതിരുന്നതുകൊണ്ടാണ് പിരിച്ചുവിട്ടത് എന്ന വിവരമാണ് കിട്ടിയത്. പ്രവാസകാലത്ത് അയാള്‍ ആകെ തകര്‍ന്ന ഒരു മാനസികാവസ്ഥയിലായിരുന്നെന്ന കാര്യം അറിയുന്നത് അപ്പോഴാണ്. അയാളുടെ പിതാവ് ജയിലിലായിരുന്നു. ജ്യേഷ്ഠന്‍ മരണപ്പെട്ടിരുന്നു. നാട്ടിലെ ദുരന്തങ്ങളുടെ ഓര്‍മ്മകള്‍ നെഞ്ചില്‍ തളംകെട്ടിനില്‍ക്കുമ്പോള്‍ അയാള്‍ക്കെങ്ങനെയാണ് മറ്റുള്ളവരോട് ആകര്‍ഷകമായി പെരുമാറാനാവുക.? ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ചിടത്തോളം മുഖം മനസ്സിന്റെ കണ്ണാടി തന്നെയാണ്. പ്രവാസിയാകട്ടെ തന്റെ മനസ്സ് ഒളിപ്പിക്കാന്‍ ശ്രമിക്കുന്തോറും പരാജയപ്പെടുന്നവനാണ്.
ഏതായാലും ചെറുപ്പക്കാരന്റെ അവസ്ഥ ഓണറെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതോടെ അയാളുടെ ശമ്പളവും മറ്റും കിട്ടി. ഇതുപോലെ എനിക്ക് പ്രവാസികളുടെ ജീവിത്തില്‍ ഇടപെടാന്‍ കഴിയുന്നുണ്ടെങ്കില്‍ അതൊരു നിയോഗം പോലെ സംഭവിച്ചുപോകുന്നതാണ്. എന്റെ ജീവിതം പോലെ, എനിക്കതില്‍ യാതൊരു നിയന്ത്രണവുമില്ല.
ഒരു നിയോഗം പോലെ കടന്നുവരുന്ന ഇടപെടലുകള്‍ക്കിടയില്‍ നിസ്സഹായനെന്ന് തോന്നിയ സന്ദര്‍ഭങ്ങളുണ്ടാകുമല്ലോ?
ഉണ്ടായിട്ടുണ്ട്. ആത്മവിമര്‍ശനം നടത്തുന്ന ഒരാളാണുഞാന്‍. മറ്റുള്ളവരുടെ ജീവിതത്തില്‍ ഇടപെടുമ്പോള്‍ എനിക്ക് എന്നെത്തന്നെ ബോധ്യപ്പെടുത്താന്‍ കഴിയാതെ പോകുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാവാറുണ്ട്. എനിക്ക് ചെയ്യാന്‍ കഴിയുമായിരുന്ന പലതും ഞാന്‍ ചെയ്തില്ല എന്നൊരു ഖേദം നെഞ്ചില്‍ വിങ്ങലായി ബാക്കിയാവാറുണ്ട്.
ഒരിക്കല്‍ ഒരാള്‍ മസ്‌ക്കറ്റില്‍ നിന്നു വിളിച്ചു. രക്തം ഛര്‍ദ്ദിച്ച് അവശനിലയിലാണ് അയാള്‍. എങ്ങനെയെങ്കിലും അയാള്‍ക്ക് നാട്ടിലെത്തണം. പക്ഷേ പാസ്‌പോര്‍ട്ടുമില്ല, വിസയുമില്ല. ഞാന്‍ എനിക്കു ബന്ധമുള്ള ചിലരെ വിളിച്ച് അയാളുടെ നമ്പര്‍ കൊടുക്കുകയും അയാള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ കുറച്ചുനാള്‍ കഴിഞ്ഞ് അയാള്‍ മരിച്ചെന്നറിഞ്ഞു. നിസ്സഹായനായ അയാള്‍ക്കുവേണ്ടി അതില്‍ കൂടുതലെന്തോ എനിക്ക് ചെയ്യാനുണ്ടായിരുന്നെന്നും ഞാനതു ചെയ്യാന്‍ ശ്രമിച്ചില്ലെന്നുമുള്ളൊരു കുറ്റബോധം എന്നെ പിന്നീട് വേട്ടയാടിക്കൊണ്ടിരുന്നു.
ജീവിതം ബലികഴിച്ച് പ്രവാസിയുണ്ടാക്കുന്ന പണം കോണ്‍ക്രീറ്റ് വീടു വയ്ക്കാനും പെണ്‍മക്കളെ സ്‌ത്രീധനം കൊടുത്ത് കെട്ടിച്ചയക്കാനും മാത്രമായി ചെലവഴിക്കപ്പെടുന്നു എന്ന കാര്യം കൂടി പരിഗണിക്കുമ്പോള്‍ പ്രവാസിയുടെ ദുരന്തം ഇരട്ടിക്കുകയാണ്. പ്രവാസിയുടെ പണം ഉത്പാദനക്ഷമമായ മേഖലകളില്‍ നിക്ഷേപിക്കാന്‍ സര്‍ക്കാരില്‍നിന്നും സാമൂഹിക സംഘടനകളില്‍ നിന്നുമെല്ലാം ചില ശ്രമങ്ങളുണ്ടാവേണ്ടതല്ലേ?
നോക്കൂ, ലോകത്തിലെ ഏറ്റവും വലിയ വീടുകള്‍ കേരളീയരുടേതാണ്. മറ്റെവിടെയും നമുക്കിത്ര കൂറ്റന്‍ വീടുകള്‍ കാണാനാവില്ല. വീടു വയ്ക്കാനും അതുപരിപാലിക്കാനും മാത്രമായി വീണുകിട്ടിയ ഒരു ജന്മം മുഴുവന്‍ ചെലവഴിക്കുന്ന ഒരു ജനതയെ മറ്റെവിടെ കണ്ടെത്താന്‍ കഴിയും? വളരെ സങ്കീര്‍ണ്ണമാണ് നമ്മുടെ വിവാഹങ്ങളും അനുബന്ധ ചടങ്ങുകളും. പ്രവാസികള്‍ക്ക് തങ്ങളുടെ ജന്മത്തിന്റെ വില എത്രയെന്ന് മനസ്സിലാക്കാന്‍ കഴിയാത്തിടത്തോളം കാലം ഈ അവസ്ഥ തുടരുകയേ ഉള്ളൂ. പ്രവാസികള്‍ക്കുവേണ്ടി സര്‍ക്കാര്‍ തലത്തില്‍ നിന്നോ സാമൂഹിക സംഘടനകളുടെ ഭാഗത്തുനിന്നോ ശരിയായ ആസൂത്രണത്തോടുകൂടിയ പദ്ധതികളൊന്നുംതന്നെ ഉണ്ടായിട്ടില്ല എന്നത് ഖേദകരമാണ്. പ്രവാസികളെ ബോധവത്കരിക്കാനും അവര്‍ക്കുവേണ്ടി പദ്ധതികള്‍ ആവിഷ്ക്കരിക്കാനുമുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ സര്‍ക്കാറിന്റെയും സാമൂഹിക സംഘടനകളുടെയും ഭാഗത്തുനിന്നുണ്ടായെങ്കിലേ ഒരു പ്രവാസി ജീവിതകാലം മുഴുവന്‍ പ്രവാസിയാകുക എന്ന ദുരന്തത്തില്‍ നിന്ന് മോചിതനാവൂ.